Thursday, November 14, 2013

ശ്ശ്,,ശ്ശ്,, മിണ്ടരുത്,,,

  
                   ബ്ലോഗ് എഴുതാൻ തുടങ്ങിയ കാലത്ത് ജീവിത അനുഭവങ്ങൾ ധാരാളം എഴുതിയിട്ടുണ്ട്; സ്ക്കൂൾ വിശേഷങ്ങളും യാത്രാ വിശേഷങ്ങളും. അങ്ങനെ 2009ൽ ഞാനെഴുതിയ യാത്രാവിശേഷം, ‘യാത്രക്കാരുടെ ശ്രദ്ധക്ക്’ അതേപടി ഇവിടെ പകർത്തുന്നു,,,
********************
ഓര്‍മ്മിക്കാൻ ഒരു ബസ്‌യാത്ര 
              വര്‍ഷങ്ങൾക്കുമുന്‍പ് നടന്ന ഒരു ബസ്സ്‌യാത്രയിലേ സംഭവം . ആഴ്ചയിൽ ആറു ദിവസം ജോലി ചെയ്യണം.,,, സര്‍ക്കാർ ജോലി.,,, നിത്യേന നാല് മണിക്കൂർ യാത്ര ചെയ്യണം.പയ്യന്നൂർ മുതൽ കണ്ണൂര് വരെയുള്ള യാത്രക്കിടയിലാണ് സംഭവം. 
             ഒരു വൈകുന്നേരം അഞ്ച് മണി സമയം. രാവിലെ മുതൽ കുട്ടികളോടും ഫയലുകളോടും പോരടിച്ച ശേഷം ആദ്യം കിട്ടിയ ബസ്സിൽ കണ്ണൂരിൽ വരാനായി സീറ്റ് പിടിച്ചിരിക്കയാണ് ഞങ്ങൾ കുറേ വനിതകൾ. ഇതിൽ അദ്ധ്യാപികമാരും ക്ലാര്‍ക്കുമാരും ഉണ്ട്. ഡ്രൈവറുടെ പിന്നിൽ നാലാമത്തെ സീറ്റിൽ ഞാനും എന്റെ സഹപ്രവര്‍ത്തകയും ഇരിക്കുന്നു. മൂന്നാമത്തെ സീറ്റിന്റെ അറ്റത്ത് എന്റെ സുഹൃത്തായ ഒരു ടീച്ചർ ഇരിക്കുന്നു. ബസ്സിൽ വലിയ തിരക്കില്ല. മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും മാത്രമാണ് നില്‍ക്കുന്നവർ.
               തളിപ്പറമ്പിൽ എത്തിയപ്പോഴാണ് അയാൾ ബസ്സിൽ കയറിയത്. ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞ പ്രായം. സീനിയർ സിറ്റിസൺ തന്നെ...പക്ഷെ ലേഡീസ്‌സീറ്റ് മാത്രമാണ് അക്കാലത്ത് റിസര്‍വേഷൻ. വികലാംഗരോ, സീനിയർ സിറ്റിസണോ ഇരിപ്പിടം ആവശ്യപ്പെടുകയാണെങ്കിൽ ഉദാരമതികളായ യാത്രക്കാർ എഴുന്നേറ്റ് ബഹുമാനിച്ച് സ്വന്തം ഇരിപ്പിടം നൽകുന്നതാണ് അന്നത്തെ പതിവ്.

             നമ്മുടെ കഥാനായകനായ മാന്യൻ നേരെ മൂന്നാമത്തെ സീറ്റിനു സമീപം വന്ന് നില്‍പ്പാണ്. നാലാം നമ്പർ സീറ്റിലിരിക്കുന്ന ഞങ്ങൾ അയാളെ നന്നായി ഒന്നു നോക്കി; നല്ല ഉയരം,, ബസ്സിന്റെ മേല്‍ത്തട്ടിന്റെ അത്ര വരും, അതോടൊപ്പം വണ്ണവും,,,,കറുത്ത പാന്റും വെള്ള ഷര്‍ട്ടും,,,,വലതു കൈയില്‍ പുസ്തകം,പേപ്പർ ഇവ ഉൾ‌ക്കൊള്ളാവുന്ന ഫയൽ. ഏതോ ഒരു ഓഫീസിലെ ജോലികഴിഞ്ഞുള്ള വരവ് ആയിരിക്കാം. ബസ്സിന്റെ ആട്ടവും കുലുക്കവും അവഗണിച്ച് അയാൾ നേരെ മുന്നോട്ടു നോക്കി നില്‍പ്പാണ്.

            അങ്ങനെ അയാളെ നിരീക്ഷിച്ചുവരുമ്പോഴാണ് ഒരു കാര്യം എന്റെ ശ്രദ്ധയിൽ‌പ്പെട്ടത്,,,ആ മാന്യന്റെ ഫയലുപിടിച്ച വലതുകൈയുടെ സ്വതന്ത്രമായ രണ്ട് വിരലുകൾ മൂന്നാമത്തെ സീറ്റിലിരിക്കുന്ന ടീച്ചറുടെ ചുമലിൽ തൊടുന്നു. ,,,ക്രമേണ ഞാനോന്നുമറിഞ്ഞില്ല എന്ന ഭാവത്തിൽ, ബസ്സിന്റെ ആട്ടത്തിനനുസരിച്ച് ഇടക്കിടെ തടവലായി മാറി. വെറും രണ്ടു വിരലല്ലേ, എന്നാലും റ്റീച്ചറെ അറിയിക്കെണ്ടേ,,,
പിന്നിലിരിക്കുന്ന ഞാൻ അവളെ വിളിച്ചു;
“എടോ.നിനക്കു ചൊറിയുന്നുണ്ടോ?, നിന്റെ ഇടതു ചുമലിൽ അടുത്ത് നില്‍ക്കുന്ന ആള്‍ ചൊറിഞ്ഞ് തരുന്നുണ്ട്”.
ഇതു പറഞ്ഞപ്പോഴേക്കും ടീച്ചർ തിരിഞ്ഞുനോക്കി. അതോടെ ചൊറിയുന്ന വിരലുകൾ പതുക്കെ പിൻ‌വലിഞ്ഞ്, അഞ്ച് വിരലുകളും ചേര്‍ത്ത് ഫയലിനെ മുറുകെ പിടിച്ചു.
ടീച്ചർ ആ മാന്യന്റെ ഫയല്‍ നോക്കി ബസ്സിലുള്ളവർ കേൾ‌ക്കെ ഉച്ചത്തിൽ വായിച്ചു,
“പ്രിന്‍സിപ്പാൾ …….....”
ബയോഡാറ്റ ബാക്കി കൂടി വായിച്ച ശേഷം തിരിഞ്ഞ് ഞങ്ങളോടായി പറഞ്ഞു,
“അല്ലാ നിങ്ങള്‍ക്ക് മനസ്സിലായോ, ഈയാള്‍ റിട്ടെയർ ചെയ്തശേഷം വയസ്സുകാലത്ത് ഏതോ പാരലൽ കോളേജിലെ പ്രിന്‍സിപ്പാളായതാ, ഏതായാലും ചൊറിയട്ടെ”

                     പിന്നെ സംഭവങ്ങൾ സ്ലോമോഷനിൽ നൊൺ‌സ്റ്റോപ്പായി നടന്നു, ബസ്സിനകത്തുകൂടി നടന്നുനടന്ന് മുന്നോട്ടു നീങ്ങിയ ആ ആള്‍ അടുത്ത സ്റ്റൊപ്പിൽ ബസ്സ് നിര്‍ത്തിയ ഉടനെ മുന്നിലെ വാതിൽ തുറന്ന് തിരിഞ്ഞുനോക്കാതെ ഇറങ്ങിനടന്നു.

പിൻ‌കുറിപ്പ്:
1. ബസ്സ് യാത്രയിൽ പീഠനങ്ങൾ നടക്കുന്നുണ്ടെങ്കിൽ പ്രതികരിക്കുന്ന ഒരു വിഭാഗം അന്നും ഇന്നും യാത്ര ചെയ്യാറുണ്ട്.
2. പ്രതികരിക്കുമ്പോൾ ഒറ്റപ്പെട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കുക.
3. ചൊറിച്ചിൽ തുടങ്ങുമ്പോള്‍തന്നെ പ്രതികരിക്കണം.
4. ചൊറിയുന്നത് എത്ര ഉന്നതനായാലും മുളയിലേ കരിച്ചു കളയണം.
5. ശാരീരിക ഉപദ്രവങ്ങള്‍ക്കെതിരായ പ്രതികരണം ജന്മനാ ലഭിക്കുകയില്ല. അത് തുടക്കത്തിലേ പരിശീലനം കൊണ്ട് നേടിയെടുക്കണം.
6. മാന്യതയില്ലാത്ത പെരുമാറ്റം കാണിക്കുന്ന വ്യക്തി ബന്ധുവാണോ, മാന്യനാണോ എന്ന് നോക്കാതെ വേണം പ്രതികരിക്കാൻ.
***************************

                  ‘ബസ്‌യാത്ര ചെയ്തവരിൽ ഏറ്റവും കൂടുതൽ സമയം ബസ്സിനകത്തിരുന്നത് ഞാനയിരിക്കും’ എന്ന് ഞാൻ വിശ്വസിക്കുന്നു. ബസ്‌യാത്ര വിഷമം‌പിടിച്ച പരിപാടിയാണെന്ന അഭിപ്രായം എനിക്കില്ല. കാരണം ഓരോ യാത്രയും ഞാൻ ആസ്വദിക്കുകയാണ്. ഓരോ ദിവസവും കാണുന്ന ദൃശ്യങ്ങളെല്ലാം മാറിക്കൊണ്ടിരിക്കയാണ്. ഒരു ദീർഘദൂരയാത്രക്കാരന് എത്രയെത്ര മാറ്റങ്ങളാണ് കണ്ട് ആസ്വദിക്കാനുള്ളത്! അതിനിടയിൽ എത്രയെത്ര ഞരമ്പ്‌രോഗങ്ങൾക്കാണ് എനിക്ക് സാക്ഷിയാവാൻ കഴിഞ്ഞത്. ഇന്നത്തെ പത്രവാർത്തകൾ കണക്കാക്കിയാൽ എത്രയോ തവണ പരാതി കൊടുക്കാനുള്ള സംഭവങ്ങൾ പലതും ഉണ്ടായിരുന്നു.
 അങ്ങനെ എനിക്കുണ്ടായ രണ്ട് അനുഭവങ്ങൾ ഇവിടെ പകർത്താം,

വർഷങ്ങൾക്കുമുൻപ്, ഒരു തിങ്കളാഴ്ച,,,
                 സ്ക്കൂളിൽ എത്തിച്ചേരാനായി കണ്ണൂർ ബസ്‌സ്റ്റാന്റിൽ (പഴയ മുൻസിപാൽ ബസ്‌സ്റ്റാന്റ്) പയ്യന്നൂർ ബസ്സ് പ്രതീക്ഷിച്ച് ഞാൻ നിൽക്കുകയാണ്. രാവിലെ പത്ത്‌മണി കഴിഞ്ഞ സമയമായതിനാൽ യാത്രക്കാർ കുറവാണ്. ഷിഫ്റ്റ്‌സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമായതിനാൽ 12.30 കഴിഞ്ഞ് ആരംഭിക്കുന്ന രണ്ടാം ഷിഫിറ്റിലെ ഹൈസ്ക്കൂൾ കുട്ടികളെ പഠിപ്പിക്കേണ്ടതുകൊണ്ട് അതിരാവിലെയുള്ള തിരക്കിനിടയിൽ എനിക്ക് യാത്ര ചെയ്യേണ്ടതില്ല. ഇന്നത്തെപോലെ പലഭാഗത്തേക്ക് പോവുന്ന ബസ്സുകൾ അന്ന് ഇഷ്ടം‌പോലെ ഉണ്ടായിരുന്നില്ല. എങ്കിലും ഒരേ സമയത്തെയും ഒരേ ബസ്സിലേയും യാത്രക്കാർ തമ്മിൽ പരസ്പരബന്ധം പുലർത്തിയിരുന്ന കാലമായതിനാൽ തിരക്കിനിടയിലും അർദ്ധാസനം നൽകിയിട്ട് യാത്ര സുഗമമാക്കാൻ കഴിഞ്ഞിരുന്ന കാലം.
                                                          
                  അങ്ങനെ ബസ്സിനെയും പ്രതീക്ഷിച്ച് ഞാനും മറ്റൊരു യാത്രക്കാരിയും സംസാരിക്കുകയാണ്. അവർ എവിടത്തുകാരിയെന്നോ പേരെന്താണെന്നോ എനിക്കറിയില്ലെങ്കിലും നമുക്കിടയിൽ സംഭാഷണവിഷയമുണ്ട്; ബസ്‌യാത്ര. അങ്ങനെ അഭിമുഖമായി നിന്ന് സംസാരിക്കുന്നതിനിടയിൽ അൻപതുവയസ്സിനുമുകളിൽ പ്രായം‌തോന്നുന്ന രണ്ടു പുരുഷന്മാർ നടന്നുവന്ന് അവളെയും കടന്ന് മുന്നോട്ടുപോയി. സ്ലോമോഷനായിട്ടുള്ള ആ പോക്കിൽ ഒരുത്തൻ ഇടതുകൈ നിവർത്തി വീശിയിട്ട് അവളുടെ മുൻ‌വശത്ത് വയറ്റത്ത് നന്നായൊന്ന് അമർത്തിതടവി. പെട്ടെന്നുള്ള സംഭവത്തിൽ ഞെട്ടിയ ചെറുപ്പക്കാരി ‘അല്ല, ഇയ്യാളെന്താ ചെയ്യുന്നത്?’ എന്ന് പറഞ്ഞെങ്കിലും അത് കേൾക്കാതെ ഒന്നും സംഭവിക്കാത്തമട്ടിൽ അന്താരാക്ഷ്ട്രകാര്യങ്ങൾ ചർച്ച ചെയ്യുന്ന മട്ടിൽ രണ്ടുപേരും നടന്ന് മുന്നോട്ടുപോയി.
                  അവൾ പറഞ്ഞ പരാതി ഞാൻമാത്രം കേട്ടു, ചാനലുകാരെയോ പത്രക്കാരെയോ വിളിച്ച് കരഞ്ഞുപറയാൻ അവൾക്ക് പറ്റിയില്ല. പോലീസിനെ വിളിച്ച് പരാതികൊടുക്കാനും കഴിഞ്ഞില്ല. അഥവാ കൊടുത്താലോ?,,, അങ്ങനെയുള്ള പീഢനവാർത്തകളും സംഭവങ്ങളും കേൾക്കാത്തതും അറിയാത്തതുമായ ആ കാലത്ത് പോലീസും കോടതിയും ഇക്കാര്യത്തിൽ എന്ത് ചെയ്യുമെന്ന് അറിയില്ല.
                  എന്നാൽ അന്നുമുതൽ ഒരുകാര്യം ഞാൻ തിരിച്ചറിഞ്ഞു, ‘പെണ്ണായാൽ പിന്നിലും ഒരു കണ്ണ് വേണം’; എവിടെനിന്ന് എപ്പോഴാണ് അവന്റെ വൃത്തികെട്ട കൈ നീളുന്നത് എന്ന് പറയാനാവില്ല. കൂടാതെ ബസ്‌സ്റ്റാന്റിലോ മറ്റുസ്ഥലങ്ങളിലോ ഒറ്റയ്ക്ക് നിൽക്കുമ്പോൾ പിന്നിലെന്താണ് എന്ന് ശ്രദ്ധിക്കാനും തുടങ്ങി.

ആദ്യത്തെ സംഭവം കഴിഞ്ഞ് പത്ത് വർഷത്തിനുശേഷം,
                  പഠിപ്പിക്കുന്ന വിദ്യാലയം തൊട്ടടുത്ത പഞ്ചായത്തിൽ, പഠനസമയം പത്ത് മുതൽ നാല് മണിവരെ. ബസ് യാത്ര വെറും പത്ത് മിനിട്ടാണെങ്കിലും ബസ്സിൽ തിരക്കോട് തിരക്ക്. നാലുമണിയായി ബെല്ലടിച്ചാൽ പത്ത് മിനിട്ട് നടന്ന് റോഡിലെത്തി ആദ്യം കാണുന്ന ബസ്സിൽ കയറിപറ്റുന്നതാണ് ശീലം. ബസ്സിലാണെങ്കിൽ പലപ്പോഴും അകത്തുകയറാൻ പറ്റാത്ത അത്രക്ക് ആളുകൾ ഉണ്ടെങ്കിലും കണ്ടക്റ്റരും കിളിയും ചേർന്ന് കയറാൻ വരുന്നവരെയെല്ലാം ഉള്ളിലെക്ക് തിരുകി കയറ്റി വാതിലടക്കും.

അങ്ങനെ ഒരുദിവസം,,,,
                   തിരക്കിലൂടെ കയറിപറ്റിയ ബസ്സിൽ നിന്ന് ഞാൻ തിരക്കിട്ട് ഇറങ്ങുകയാണ്. ഇറങ്ങേണ്ടത് വീടിനടുത്തുള്ള കൊച്ചുപട്ടണത്തിലായതിനാൽ ബസ്സിലുള്ള പകുതിയോളം ആളുകൾ അവിടെഇറങ്ങും, പകരം അത്രയും ആളുകൾ അകത്ത് കയറുകയും ചെയ്യും. അങ്ങനെ തിക്കിതിരക്കി ഇറങ്ങുന്നതിനിടയിൽ ആളുകൾക്കിടയിലൂടെ ഏതോ ഒരുകൈ നീണ്ടുവന്ന് എന്റെ കാലിൽ നന്നായൊന്ന് നുള്ളി. വേദനിച്ച ഞാൻ ചുറ്റുംനോക്കുമ്പോൾ വീണ്ടും അതേ സ്ഥാനത്ത് ഒരു നുള്ള്. ‘അയ്യോ ഇതെന്താണ്’, എന്ന് പറയാൻ തോന്നിയെങ്കിലും വാക്കുകൾ വെളിയിൽ വരുന്നതിനു മുൻപ് യാത്രക്കാരുടെ തള്ളലിൽ കുടുങ്ങിയ ഞാൻ ബസ്സിൽ നിന്ന് തനിയെ വെളിയിലായി.
             സംഗതി നടത്തിയ ആ കറുത്തകൈ ആരുടേതെന്ന് എനിക്കിന്നും അറിയില്ല. ആ ഞരമ്പുരോഗി തിരക്കിലൂടെ കൈകടത്തി നുള്ളുന്നതിനിടയിൽ ആരെയാണ് നുള്ളുന്നത് എന്ന് അറിയാനിടയില്ല. പിന്നെന്തിന് അവനങ്ങിനെ ചെയ്തു? ഇത്തരം കൈക്രീയ അവൻ ആദ്യമായി ചെയ്യുന്നതായിരിക്കില്ല. അതാണ് അവന്റെ വൈകൃതം. 

              മറ്റുള്ളവരുടെ ദേഹത്ത് അനുവാദമില്ലാതെ തൊട്ടുകളിക്കുന്നത് ശിക്ഷാർഹമാണെന്ന് കോടതി പറയുന്നുണ്ട്. അനുവാദമുണ്ടെങ്കിലും പൊതുസ്ഥലത്ത് പാലിക്കേണ്ട നിയമങ്ങളൊക്കെയുണ്ട്. അങ്ങനെ പറയുമ്പോൾ ഇന്നത്തെ ഓരോ ബസ്സിലും നടക്കുന്ന ‘പീഢനങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്യാനും സാക്ഷിയാവാനും പീഢനക്കാരെ അറസ്റ്റ് ചെയ്യാനുമായി’ മൊബൈൽ പീഢനസ്ക്വാഡ് രൂപികരിക്കുന്നതാണ് ഉത്തമം. മനസ്സമാദാനത്തോടെ യാത്രചെയ്യാം ഒപ്പം ഏതാനും പേർക്ക് തൊഴിലാവുകയും ചെയ്യും.

യാത്രക്കിടയിലെ രസകരമായ പ്രതികരണവും അനുഭവവും വായിക്കാൻ  ‘യാത്രക്കിടയിൽ കണ്ടതും കേട്ടതും’ 

Tuesday, July 23, 2013

കുറിക്കണ്ണൻ കാട്ടുപുള്ള്... White throated ground thrush

‘കുറിക്കണ്ണൻ കാട്ടുപുള്ള്’ രണ്ട് വർഷം മുൻപ് എടുത്ത ഫോട്ടോ
                ഏതാനും വർഷമായി തണുപ്പ്കാലത്തിന്റെ ആരംഭംകുറിച്ചുകൊണ്ട് വീട്ടുപറമ്പിൽ വന്നെത്താറുള്ള മണ്ണിന്റെയും കരിയിലകളുടെയും നിറങ്ങൾകൊണ്ട് അലങ്കരിക്കപ്പെട്ട ഏകാകിയായ കൊച്ചുപക്ഷി കുറിക്കണ്ണൻ കാട്ടുപുള്ള്. അതായത് White throated ground thrush (Zoothera citrina cyanotus) എന്ന് അറിയപ്പെടുന്ന ഈ പക്ഷിയെ ആദ്യമായി കണ്ടപ്പോൾ ‘കാവി’ Indian Pitta ആണെന്ന് എനിക്കൊരു സംശയം. എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ച് ശബ്ദം തിരിച്ചറിഞ്ഞപ്പോഴാണ് അത് കുറിക്കണ്ണൻ കാട്ടുപുള്ളാണെന്ന് ഉറപ്പിച്ചത്. 
               കരിയിലക്കിളിയെപോലെ മണ്ണിൽ ചാടിനടന്ന് അടുക്കള അവശിഷ്ടങ്ങളും മണ്ണിലെ പുഴുക്കളെയും ചെറു ഷട്പദങ്ങളെയും കൊത്തിത്തിന്നാറുള്ള പക്ഷി പലപ്പോഴും ഏകാകിയായിരുന്നു. എന്നാൽ രണ്ട് വർഷമായി മഴക്കാലം തുടങ്ങുമ്പോൾ ഇണയോടൊത്ത് നടക്കുന്നത് കണ്ടെത്തി. കഴിഞ്ഞ മഴക്കാലത്ത് കൂടൊരുക്കാൻ മണ്ണിലെ വേരുകൾ കൊക്കിലൊതുക്കി തേക് മരത്തിൽ കയറുന്നതും പിന്നീടൊരുനാൾ മുതിർന്ന രണ്ട് കുഞ്ഞുങ്ങളോടൊത്ത് വീട്ടുപറമ്പിൽ നടക്കുന്നതും കാണാൻ കഴിഞ്ഞു. എങ്കിലും കൂട് മാത്രം കണ്ടെത്താൻ കഴിഞ്ഞില്ല; ഫോട്ടോ എടുക്കാനും കഴിഞ്ഞില്ല.

കുറിക്കണ്ണൻ കൂട്‌വെച്ച ക്രോട്ടൻ ചെടി
                  പതിവുപോലെ ഈ വർഷവും ശൈത്യകാലത്ത് അവൾ (അവനോ?) വന്നു. മാസങ്ങൾ കഴിഞ്ഞപ്പോൾ ജൂൺ മാസത്തിൽ തന്നെ മഴപെയ്തു, പിന്നീടത് പെരുമഴയായി. അപ്പോഴാണ് കുറിക്കണ്ണനെ കണ്ടത്, കൊക്കിൽ കരിയിലകളും ഉണങ്ങിയ വേരിൻ തുണ്ടുകളുമായി. വീടിന് തൊട്ടടുത്ത് ചെടികൾക്ക് ജലസേചനത്തിനും നടത്താനും കാല് കഴുകാനും‌വേണ്ടി നിർമ്മിച്ച പൈപ്പിനുസമീപം ഏതാണ്ട് രണ്ടരമീറ്റർ ഉയരമുള്ള ക്രോട്ടൺ –Codiaeum variegatum- ചെടിയുടെ കവരയിൽ കൂടൊരുക്കാനുള്ള തയ്യാറെടുപ്പാണ്.
                അകലെനിന്ന് മാത്രമാണ് പക്ഷിയെയും കൂട് നിർമ്മാണത്തെയും നിരീക്ഷിച്ചത്. കാരണം തൊട്ടടുത്ത പ്ലാവിനുമുകളിൽ ഒരുജോടി കാക്കകൾ കൂട് വെച്ചിട്ടുണ്ട്. ക്യാമറയുമായി വെളിയിലിറങ്ങുന്ന നിമിഷം നാട്ടിലുള്ള കാക്കകളെല്ലം എന്നെ നിരീക്ഷിക്കുക പതിവാണ്.                      പക്ഷിക്കൂടിന്റെ ഫോട്ടോ എടുത്ത് അത് എഡിറ്റ് ചെയ്യുന്നതിന് മുൻപ്‌തന്നെ എന്റെ പിന്നാലെ വരുന്ന കാക്കകൾ മുട്ടയും കുഞ്ഞിനെയും അകത്താകി കൂട് കാലിയാക്കുന്നത് പതിവായിരുന്നു. അതുകൊണ്ട് കൂടിന്റെ അടുത്ത് പോയി ഫോട്ടോ എടുത്തത് മൂന്നോ നാലോ തവണ മാത്രമാണ്. 
കൂടൊരുക്കാൻ നാരുകളുടെ കൂട്ടത്തിൽ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളും;
കൂടിനകത്ത് പന്നൽ‌ചെടിയുടെ ഇലകൾകൊണ്ട് അലങ്കരിച്ചത് കൂട് തിരിച്ചറിയാതിരിക്കാനാണ്. ജീർണ്ണിക്കുന്ന ഇലകളും മണ്ണ് പുരണ്ട പ്ലാസ്റ്റിക്ക് നാരുകളും തൂങ്ങിനിൽക്കുന്ന കൂട് വെളിയിൽ നിന്ന് നോക്കിയാൽ ഭംഗി കുറവാണ്.
ഒരുദിവസം കൂട്ടിലിരിക്കുന്ന പക്ഷിയുടെ ഫൊട്ടോ എടുക്കാനൊരു ശ്രമം നടത്തിയപ്പോൾ അത് പറന്നകന്നു
നോക്കിയപ്പോൾ ഒരു മുട്ടയുടെ ഫോട്ടോ
മര്യാദക്കൊന്ന് മുട്ടയിടാനും ഈ ടീച്ചർ സമ്മതിക്കില്ലല്ലൊ. ദേഷ്യപ്പെട്ട് അവളെന്നെ നോക്കി
പിന്നീടൊരു ദിവസം ക്യാമറയിൽ പതിഞ്ഞത് മൂന്ന് മുട്ടകളുടെ ചിത്രം 
മുട്ടകൾ വ്യക്തമായി കാണാം, വളരെ ചെറുതാണ്, ഏതാണ്ട് ഒരു സെന്റീമീറ്റർ നീളം
ദിവസങ്ങൾ കഴിഞ്ഞു, ദെ കുഞ്ഞ് പിറന്നു
മൂന്ന് കുഞ്ഞുങ്ങൾ
കുഞ്ഞുങ്ങൾ വലുതായി
കൂട്ടിൽ നിന്ന് ആദ്യമായി കുഞ്ഞ് വെളിയിലേക്കിറങ്ങി പറക്കാൻ തുടങ്ങുന്നത് അതിരാവിലെ ആയിരിക്കും. അങ്ങനെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് മുറ്റത്ത് വിറകുകൾക്കിടയിൽ കറുത്ത നിറത്തിൽ ഒരു കുഞ്ഞിനെമാത്രം കണ്ടത്. 
എന്നെക്കണ്ട് ഭയപ്പെട്ടിരിക്കയാണ്
പറന്നകലുന്നു
ഒളിച്ചിക്കാനൊരു ശ്രമം
ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോഴെല്ലാം പേടിച്ചകുഞ്ഞ് പറന്ന് പറന്ന് തൊട്ടടുത്ത കുറ്റിച്ചെടികൾക്കിടയിൽ ഒളിച്ചു. അത് കണ്ട് പറന്നെത്തിയ അമ്മക്കിളിയും അച്ഛൻ‌കിളിയും ചേർന്ന് ഭക്ഷണം കൊടുത്തശേഷം അല്പം അകലെ പോയിരുന്ന് ശബ്ദം ഉണ്ടാക്കി
കിളിപോയ കൂട്
ക്രോട്ടൺ ചെടിയിൽ എന്നെക്കാളും ഉയരത്തിലുള്ള കവരയിൽ നിർമ്മിച്ച കൂട്ടിനകം എനിക്ക് നേരിട്ട് കാണാൻ ഒരിക്കൽ‌പോലും കഴിഞ്ഞിട്ടില്ല. ക്യാമറ മുകളിലേക്ക് ഉയർത്തിപിടിച്ച് മാത്രമാണ് കൂട്ടിനകം മുട്ട, കുഞ്ഞുങ്ങൾ എന്നിവയുടെ ഫോട്ടോകൾ എല്ലാം എടുത്തത്.
രണ്ട് മണിക്കൂറിന് ശേഷം മാതാപിതാക്കളോടൊപ്പം പക്ഷിക്കുഞ്ഞുങ്ങൾ എന്റെ വീട്ടുപരിസരത്തിൽനിന്നും അകലേക്ക് പോയെന്ന് അറിയാൻ കഴിഞ്ഞു

Saturday, March 2, 2013

നവശ്രിയുടെ സംഘനൃത്തം 3

കൊച്ചുമകൾ നവശ്രിയുടെ സംഘനൃത്തം കാണുക

Monday, December 31, 2012

ദുരന്തവർഷമേ വിട


                   ലോകാവസാനം നടക്കുമെന്ന് പറഞ്ഞ്, ലോകത്തെ ഭയപ്പെടുത്തിയിട്ട് കടന്നുവന്ന 2012 അവസാനിക്കാത്ത ദുരന്തങ്ങൾ പെയ്തിറങ്ങിയിട്ടാണ് യാത്രയാവുന്നത്. ഒട്ടേറെ പ്രതീക്ഷകളോടെ 2012 നെ സ്വീകരിച്ച ഞങ്ങൾക്ക് ഒടുവിൽ ബാക്കിവെച്ചത് എണ്ണിയാലൊടുങ്ങാത്ത ദുരന്തസ്മരണകൾ മാത്രം. മനുഷ്യൻ മനുഷ്യനെ ഭയക്കുന്ന ഒന്ന് വെളിയിലിറങ്ങാൻ ഭയപ്പെടുന്ന ഒരു ലോകത്തെ സൃഷ്ടിച്ചുകൊണ്ടാണ് ഒരു വർഷം കടന്നുപോവുന്നത്.
                      2012 ഏല്പിച്ച മുറിവുകൾക്ക് സാന്ത്വനമേകാൻ കൊതിച്ചുകൊണ്ട്, പുത്തൻ പ്രതീക്ഷകളോടെ ഞങ്ങൾ പുതുവർഷത്തെ കൈനീട്ടി സ്വാഗതം ചെയ്യുകയാണ്. 2013 എല്ലാവർക്കും സന്തോഷവും സമാധാനവും നൽകുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. 

Saturday, September 15, 2012

മാതൃഭൂമിയിലെ ചോക്കുപൊടിയിൽ വീണ്ടും

മാതൃഭൂമി ചോക്കുപൊടിയിൽ എന്റെ അനുഭവം രണ്ടാമതും വന്നു.
9.9.2012 ന് പ്രസിദ്ധീകരിച്ച മാതൃഭൂമിയിലെ ‘ചോക്കുപൊടി‘ പേജിൽ എന്റെ അദ്ധ്യാപന അനുഭവം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാം തവണയാണ് ചോക്കുപൊടിയിൽ എന്റെ അനുഭവം അച്ചടിച്ചു വരുന്നത്. എന്റെ അനുഭവം മറ്റുള്ളവരോട് പങ്കുവെക്കുന്നതോടൊപ്പം മാതൃഭൂമിക്കും ഈ സൂത്രം എനിക്ക് പറഞ്ഞുതന്ന ‘കുമാരസംഭവം’ കുമാരനോടും നന്ദി അറിയിക്കുന്നു.
ചോക്കുപൊടി പേജ് മുകളിൽ കൊടുത്തിട്ടുണ്ട്, അത് വലുതാക്കി വായിക്കാം. എന്റെ ഈ അനുഭവം അല്പം കൂടി വലിയ ലേഖനം ആയിരുന്നു. അത് ചുരുക്കിയിട്ടാണ് മാതൃഭൂമിക്ക് അയച്ചുകൊടുത്തത്. എന്നാൽ അവരത് വീണ്ടും ചുരുക്കിയിട്ട് അല്പം എഡിറ്റ് ചെയ്തു; അനുഭവത്തിന്റെ പൂർണ്ണരൂപം കാണാൻ താഴെയുള്ള ലിങ്ക് തുറന്ന് മിനിലോകത്തിൽ വായിക്കുക,
നമ്പർ സെവന്റീൻ

Monday, August 27, 2012

കണ്ണൂർ വിഷനിലെ നർമകൂട്ടായ്മയിൽ ഞാൻ

            ആകാശവാണിയിൽ ഞാൻ പറഞ്ഞ സ്വന്തം കഥ ‘ഓഡിയോ’ പോസ്റ്റ് ചെയ്യാൻ ശ്രമിച്ച് തോറ്റതിനാൽ ടെലിവിഷനിലുള്ള എന്റെ പ്രകടനം പോസ്റ്റ് ചെയ്യുന്നു. കണ്ണൂർ വിഷനിൽ ഏതാനും മാസം മുൻപ് അവതരിപ്പിച്ചതിന്റെ അവസാനഭാഗമാണ്. ഒന്നും രണ്ടും ഭാഗങ്ങൾ നീളം കൂടിപ്പോയി എന്ന് പറഞ്ഞ് യൂ ട്യൂബ് ഡിലീറ്റ് ചെയ്തതിനാൽ മൂന്നാം ഭാഗം പോസ്റ്റ് ചെയ്യുന്നു. ക്ലിക്ക് ചെയ്ത് വീഡിയോ കാണുക,,,

Monday, June 25, 2012

നവശ്രിയുടെ സംഘനൃത്തം 2



നവശ്രിയും കൂട്ടുകാരും ചേർന്ന് വീണ്ടുമൊരു സംഘനൃത്തം