Tuesday, October 8, 2019
Thursday, January 31, 2019
കുട്ടൻ പല്ലിയുടെ കാഴ്ചകൾ
പുലരുന്നതിനുമുൻപ് ഉണരുന്ന വീട്ടമ്മ
അടുക്കളയിൽ വന്നിട്ട് റഫ്രിജറേറ്റർ തുറന്നപ്പോൾ തലേദിവസം അതിനകത്ത് കുടുങ്ങിയ കുട്ടൻപല്ലി
പെട്ടെന്ന് വെളിയിലിറങ്ങി. ചുറ്റുപാടും പരന്ന വൈദ്യുത ബൾബിന്റെ തീവ്രമായ വെളിച്ചം കണ്ണിൽ
പതിച്ചതോടെ അവൻ അടുക്കളയിൽ അങ്ങോട്ടും ഇങ്ങോട്ടുമായി ഓടാൻ തുടങ്ങി. നിർത്താതെ ഓടുന്ന
കുട്ടനെ കണ്ടപ്പോൾ മറ്റു പല്ലികൾക്കെല്ലാം ആശ്ചര്യമായി. അവർ ചോദിച്ചു,
“എന്ത് പറ്റി കുട്ടാ? നീയെന്തിനാ വാലിന് തീപ്പിടിച്ചതുപോലെ
ഓടുന്നത്?”
ചോദ്യം കേട്ടപ്പോഴാണ് കുട്ടൻപല്ലി വാലിന്റെ കാര്യം
ഓർത്തത്. തന്റെ അതിമനോഹരമായ വാൽ എവിടെയോവെച്ച് നഷ്ടപ്പെട്ടിരിക്കുന്നു,,
അവനാകെ സങ്കടത്തിലായെങ്കിലും ചിന്തിച്ചത് മറ്റൊന്നാണ്,,,
വാല് പോയാലും ജീവൻ പോയില്ലല്ലൊ,,,
കൂട്ടുകാർ പറയുന്നതൊന്നും ശ്രദ്ധിക്കാതെ കുട്ടൻപല്ലി ഓട്ടം തുടരുകയാണ്. അവൻ
തെക്കോട്ടോടി വടക്കോട്ടോടി കിഴക്കോട്ടോടി പടിഞ്ഞാറോട്ടും ഓടി. ഓടിയോടി തളർന്ന് അടുക്കളവാതിലിന്റെ
കതകിനുപിന്നിൽ കിടന്നെങ്കിലും കൈയ്യും കാലും തലയും വിറക്കുകയാണ്. ആ നേരത്ത് അവന്റെ
കൂട്ടുകാരെല്ലാം അടുത്തുവന്നു. അക്കൂട്ടത്തിൽ പല്ലികൾ മാത്രമല്ല, പാറ്റകളും ചിലന്തികളും
ഉറുമ്പുകളും ഒക്കെയുണ്ട്. എല്ലാവരേയും നോക്കിയശേഷം കുട്ടൻ പറഞ്ഞു,
“ഞാൻ കണ്ടൂ”
“നീയെന്താണ് കണ്ടത്?”
“ഞാൻ കണ്ടു,, ഞാൻ മാത്രമാണ് കണ്ടത്,,”
“എന്റെ കുട്ടാ,, നീ കണ്ടത്, എന്താണെന്ന് പറയൂ,,”
“അയ്യോ, എന്റെ കൂട്ടുകാരെ ഇന്നലെ രാത്രിയിലാ ഞാനതിൽ
കുടുങ്ങിയത്”
“ഫ്രിഡ്ജിലോ? എന്നിട്ട്?”
“എന്നിട്ട് അതിന്റെ വാതിലടഞ്ഞപ്പോൾ,, എന്റമ്മോ,,,
ആകെയൊരു കൂരിരുട്ട്”
“കൂരിരുട്ടോ?”
“അതേ,, ശരിക്കും അന്ധകാരം,, അമാവാസി നാളിലെ നട്ടപ്പാതിരനേരം
പോലുള്ള അന്ധകാരം,,”
“എന്നിട്ടോ?”
“അല്പനേരം കഴിഞ്ഞപ്പോൾ ആ ഇരുട്ടിൽ കുറച്ചൊക്കെ എനിക്ക്
കാണാമെന്നായി. നോക്കിയപ്പോൾ,,”
“നോക്കിയപ്പോൾ?”
“അതിനകത്ത് എന്തെല്ലാം സാധനങ്ങളാണപ്പാ,,, കത്രിക്ക,
മുരിങ്ങ, വെള്ളരി, താലോരി, വെണ്ടക്ക, ചീര, പയറ്, തക്കാളി, കയ്പക്ക, ക്യാരറ്റ്, ബീറ്റ്‌റൂട്ട്
എന്നിവ ഒരു വശത്ത്,, പിന്നെ,,,”
“പിന്നെ?”
“ആപ്പിൾ, ഓറഞ്ച്, മാമ്പഴം, വാഴപ്പഴം, ചക്കപ്പഴം
തുടങ്ങിയ പഴങ്ങൾ ഒരു ഭാഗത്ത്”
“പിന്നെ?”
“പിന്നെയുള്ളത്,,, അലുവ, കെയ്ക്ക്, ബിസ്‌ക്കറ്റ്,
മഞ്ച്, കിന്റർജോയ്, കിണ്ണത്തപ്പം, കലത്തപ്പം, ഉണ്ണിയപ്പം അങ്ങിനെ അനവധി പലഹാരങ്ങൾ”
“തീർന്നോ?”
“തീരാനോ? ഇതൊക്കെ ഒരു മൂലയിൽ,, വാതിൽ തൊറന്നാൽ കാണുന്നിടത്ത്
ചോറ്, കറികൾ, പായസം, ഉപ്പുമാവ്, അച്ചാർ, അവിയൽ, ഉപ്പേരി അങ്ങിനെയൊരു വക”
“എന്നിട്ട് കുട്ടാ നിനക്കതൊക്കെ തിന്നാൻ കഴിഞ്ഞോ?”
“അതൊക്കെ തിന്നിട്ട് വയറു ചീത്തയാക്കാനൊന്നും ഞാനില്ല.
എനിക്കിവിടത്തെ പാറ്റയെയും ഈച്ചയെയും കൊതുകിനെയും ഒക്കെ ഫ്രഷായിട്ട് തിന്നാൽ മതി”
“പിന്നെ നീയെന്തിനാടാ കരഞ്ഞുവിളിച്ച് ഓടിയത്?”
“അത്,, ഞാനതിന്റെ ഉള്ളിലെ അറയിലൊരു ഭയങ്കര കാഴ്ച
കണ്ടു”
“ഭയങ്കര കാഴ്ചയോ? അതെന്താണ്?”
“രണ്ട് കോഴികളെ തോലുപൊളിച്ചശേഷം അലങ്കരിച്ച് കിടത്തിയിരിക്കുന്നു,,”
“രണ്ട് കോഴികളോ?”
“അല്ല,,, രണ്ട് കോഴീന്റെ ശവം”
“ശവമോ?”
“ഒരു ശവപ്പെട്ടിക്കുള്ളിലാണ് കയറിയതെന്ന് അറിഞ്ഞപ്പോൾ
ഞാനാകെ പേടിച്ചുവിറച്ചുകൊണ്ട് ഒരു മൂലയിൽ ചുരുണ്ടുകൂടിയപ്പോഴാണ് വാതിൽ തുറന്നത്. ആ
നേരത്ത് ഓടിയിതാ,, ഇതാ ഇപ്പോഴും എന്റെ വിറയൽ മാറിയിട്ടില്ല. എന്നാലും എനിക്കാകെയൊരു
സംശയം,,”
“എന്ത് സംശയം?”
“ജീവനുള്ള കോഴി കിടക്കുന്നത് വൃത്തിയില്ലാത്ത കൂട്ടിൽ,,,
എന്നിട്ടത് ശവമായാൽ കിടത്തുന്നത് എല്ലാ സൌകര്യവുമുള്ള പെട്ടിയിൽ. എനിക്ക് ചോദിക്കാനുള്ളത്,,,
ചത്ത കോഴിക്കെന്തിനാ ഇത്രയും വലിയ എയർകണ്ടീഷൻ ചെയ്ത
ശവപ്പെട്ടി?”
*******
പിൻകുറിപ്പ്: കേരള ബുക്ക് ട്രസ്റ്റ് പ്രസിദ്ധികരിക്കുന്ന എന്റെ ബാലസാഹിത്യം,,, ‘ചിപ്പിയമ്മയും കുഞ്ഞുങ്ങളും’ എന്ന കഥാസമാഹാരത്തിൽ ഉൾപ്പെടുത്തിയ കഥ,
Subscribe to:
Posts (Atom)
