ആദ്യപാഠങ്ങൾ ഇവിടെയുണ്ട്,
പാഠം 1. റാകിപ്പറക്കട്ടെ,
പാഠം 2. സ്ക്കൂൾ അഡ്മിഷൻ
പാഠം 3 : മിസ്സിസ്സ് രാജീ രാജ്
ഇനി പുതിയ പാഠം തുടങ്ങാം...
പാഠം. 4. ശാസ്ത്രപുരോഗതി
സ്ക്കൂളിലെ പൂന്തോട്ടത്തിലിരുന്ന് ബോറൻ കരടി മാസ്റ്റർ കരയാൻ തുടങ്ങി. കരടിമാഷ് കരയുന്നതു കണ്ടപ്പോൾ ചുറ്റും നിന്ന വിദ്യാർത്ഥികളും കരയാൻ തുടങ്ങി. കരയുന്നതിനിടയിലും അദ്ദേഹം ബക്കറ്റിലെ വെള്ളം കോരിയെടുത്ത് മണ്ണിൽ ഒഴിച്ചുകൊണ്ടിരിക്കുന്നുണ്ട്. അങ്ങനെ ഒഴിച്ചുകൊണ്ടിരിക്കുന്ന വെള്ളത്തോടോപ്പം അദ്ധ്യാപകന്റെയും വിദ്യാർത്ഥികളുടെയും കണ്ണുനീർ കൂടി ചേർന്നപ്പോൾ പൂന്തോട്ടത്തിലെ മണ്ണ് ആകെ നനഞ്ഞ് കുതിർന്നിരിക്കയാണ്.
നട്ടുച്ചസമയത്ത് കൂട്ടക്കരച്ചിൽ കേട്ട് പരിഭ്രമിച്ച് വാച്ച്‌മാൻ കൊമ്പൻനായ തോട്ടത്തിലേക്ക് ഓടിയെത്തി. ‘ആരെങ്കിലും മരിച്ചുപോയോ? എന്തൊരു കരച്ചിലാണ്’; അവനാകെ സംശയമായി.
“എന്താ,,, എന്താ മാഷെ? എന്ത് പറ്റി?”
നായ കുട്ടികളെ തള്ളിമാറ്റി അദ്ധ്യാപകനെ സമീപിച്ച് കൈപിടിച്ച് ചോദിച്ചു,
“മാഷെ, മാഷെന്തിനാ കരയുന്നത്? കാര്യം പറ,,,”
പക്ഷെ കരച്ചിലിന്റെ വോളിയം കൂടിയതല്ലാതെ കുറഞ്ഞില്ല.
“മാഷ് കരയാതിരിക്ക്; എന്തായാലും നമുക്ക് ശരിപ്പെടുത്താം. ഇതാ ഈ കൊമ്പനാ പറയുന്നത്; മരിച്ച്‌പോയ എന്റച്ഛൻ ചെമ്പനാണെ സത്യം”
പെട്ടെന്ന് ബോറൻ അത്ഭുതത്തോടെ കൊമ്പനെ നോക്കി; പിന്നെ കണ്ണുകൾ തുടച്ചപ്പോൾ കൊമ്പൻ ചോദിച്ചു,
“എന്താ മാഷെ എന്താ കാര്യം?”
“എന്ത് പറയാനാ മോനെ; അടുത്ത പിരീഡ് എട്ടാംക്ലാസ്സിൽ ജീവശാസ്ത്രമാ പഠിപ്പിക്കേണ്ടത്. അതിൽ മാങ്ങയുടെ ഒരു പാഠമുണ്ട്; ജീവനുള്ള ഒരു മാങ്ങ മുറിച്ച് കുട്ടികളെ കാണിച്ച് പഠിപ്പിക്കണം. ഞാൻ കാടായ കാടൊക്കെ തപ്പിനോക്കിയപ്പോൾ മാവുമില്ല, മാങ്ങയുമില്ല; നീ പറ, ഞാനെങ്ങനെ പഠിപ്പിക്കും?”
“ഓ, ഇതാണോ കാര്യം? അതിന് മാഷെന്തിനാ തോട്ടത്തിൽ കുത്തിയിരുന്ന് കരയുന്നത്?”
“അത്, എന്റെ സങ്കടം കണ്ടപ്പൊ ആ തൊരപ്പന്റെ മോനൊരു മാങ്ങയണ്ടി കൊണ്ടത്തന്നു. അത് ഞാനിവിടെ കുഴിച്ചിട്ടിരിക്കയാ. അടുത്ത പിരീഡാകുമ്പോഴേക്കും വേഗം മുളച്ച് വളർന്ന് മാങ്ങയുണ്ടായിട്ട് വേണം എനിക്ക് പഠിപ്പിക്കാൻ. എന്നാലും എന്നോടിത് ചെയ്തല്ലൊ; ഈ കാടായ കാട്ടിലെ മാവായ മാവൊക്കെ മുറിച്ച് തീർത്തില്ലെ?,, ങ്,,ഹെ,,”
പെട്ടെന്ന് കൊമ്പൻനായക്ക് ഒരു സൂത്രം തോന്നി; അവൻ പറഞ്ഞു,
“മാഷെ ഈ മാങ്ങയുടെ ചിത്രം കാണിച്ചുകൊടുത്ത് പഠിപ്പിച്ചാൽ പോരെ?”
“ഓ, അത് ശരിയാണല്ലൊ; എടാ കൊമ്പാ ഇതെന്താ ആദ്യമേ നമുക്ക് തോന്നാത്തത്? നീ മിടുക്കനാണ്; വാ വാ എല്ലാവരും ക്ലാസ്സില് വന്നോ,,, എന്റെ കൈയിൽ ഇഷ്ടംപോലെ മാങ്ങയുടെ ചിത്രം ഉണ്ട്”
അദ്ധ്യാപകന്റെ പിന്നാലെ വിദ്യാർത്ഥികളും ക്ലാസ്സിലേക്ക് ഓടിക്കയറി. ആദ്യം എത്തിയവർ പിന്നിലിരുന്നു. ഒടുവിൽ എത്തിയവർക്ക് പിൻബെഞ്ചിൽ സ്ഥലമില്ലാത്തതിനാൽ മുൻബെഞ്ചിലിരുന്നു.
“സ്റ്റാന്റപ്പ്, പ്രാർത്ഥന”
കുട്ടികൾ എഴുന്നേറ്റ് കൈ ഉയർത്തി പാടാൻ തുടങ്ങി.
“ഒന്നായ ഈ ലോകത്തെ പലതായിക്കണ്ടു
വീണ്ടും ഒന്നായിത്തീർന്നു, പിന്നെയും
പലതായിക്കണ്ടതുകൊണ്ടുള്ള നൊമ്പരം
പുനരാരോടും പറയാവതല്ല ശാസ്ത്രമേ,,”
“യെസ് സിറ്റ്‌ഡൌൺ,, ഈ ലോകം ഒന്നാണെന്ന് പറഞ്ഞ ശാസ്ത്രജ്ഞന്മാർ അടുത്ത നിമിഷം അനേകമാണെന്ന് പ്രഖ്യാപിച്ച് നമ്മളെ ആശ്ചര്യപ്പെടുത്തുകയാണ്. എന്നാൽ നമുക്കറിയാം ഈ ലോകം ഒന്ന് മാത്രമാണെന്ന്,
ഇനി എല്ലാവരും ശാസ്ത്രപുസ്തകമെടുത്ത് പതിമൂന്നാം പേജ് തുറന്ന് വായിച്ചാട്ടെ”
“സാറെ ഇതിൽ പതിമൂന്നാം പേജില്ല”, അലമ്പൻ കീരി വിളിച്ചുകൂവി.
“പതിമൂന്നില്ലെങ്കിൽ ഇരുപത്തിമൂന്ന് തുറക്ക്”,
കരടിസാർ ശിഷ്യരോടായി പറഞ്ഞു.
“സർ ഒരു അറിയിപ്പ്”,
പ്യൂൺ തുരപ്പൻ പെരിച്ചാഴി നോട്ടീസും കൊണ്ട് ക്ലാസ്സിനകത്ത് വന്നു. കരടി മാസ്റ്റർ അത് വായിച്ചു,
“ഇന്നുമുതൽ എല്ലാ പാഠപുസ്തകത്തിന്റെയും അവസാനത്തെ പാഠം ആദ്യം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യണമെന്ന് എല്ലാ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും അറിയിക്കുന്നു”
മാസ്റ്റർ വായിച്ച നോട്ടിസുമായി തുരപ്പൻ അടുത്ത ക്ലാസ്സിനെ ലക്ഷ്യമാക്കി നടന്നു. കരടിമാസ്റ്റർ ക്ലാസ്സ് തുടങ്ങി,
“ഇനി എല്ലാവരും പാഠപുസ്തകത്തിന്റെ ഒടുവിലത്തെ പാഠം തുറന്നാട്ടെ, അദ്ധ്യായം 17 സ്തനങ്ങൾ”
“മാഷേ പുസ്തകത്തിൽ സസ്തനങ്ങൾ എന്നാണ്” വിദ്യാർത്ഥികളെല്ലാം ഒന്നിച്ച് വിളിച്ചുകൂവി.
“ആരെടാ മാഷ് പറഞ്ഞത് തിരുത്തിപ്പറയുന്നത്? അദ്ധ്യാപകൻ പറയുന്നത് മാത്രമാണ് ശരി, സസ്തനങ്ങൾ. പുസ്തകം തുറക്ക്; അവസാനത്തെ അദ്ധ്യായം സ്തനങ്ങൾ”
“മാഷേ മാഷ്,,,”
“മിണ്ടാതിരിക്കെടാ,,,”
“സാർ നോട്ടീസ്,,,”,
പ്യൂൺ വീണ്ടും ക്ലാസ്സിലേക്ക് വന്ന് കൈയിലുള്ള നോട്ടീസ് സാറിന് നൽകി.
“നേരത്തേയുള്ള ഓർഡർ റദ്ദ് ചെയ്തിരിക്കുന്നു എന്നും എല്ലാവരും ഒന്നാമത്തെ പാഠം ആദ്യം പഠിക്കണമെന്നും അറിയിക്കുന്നു”
കരടിമാഷ് നോട്ടീസ് വായിച്ച് തുരപ്പനു കൊടുത്തതിനുശേഷം കുട്ടികളോടായി പറഞ്ഞു,
“ഇനി എല്ലാവരും ഒടുവിലത്ത പാഠം അടച്ചു വെച്ച്, ഒന്നാമത്തെ പാഠം തുറക്കുക”
“മാഷെ ഒന്നാമത്തെ പാഠം നമ്മൾ പഠിച്ചതാണ്”
“അതൊന്നും പറയാൻ പാടില്ല, പഠിച്ചതുതന്നെ വീണ്ടും പഠിക്കുക. ഒന്നാം പാഠം ‘കാട്’ തുറക്കുക”
“മാഷെ ഈ കാട്ടില് മാങ്ങകളുണ്ടോ?”
അമ്മുതത്തക്ക് സംശയമായി.
“എന്നാൽ ഇന്ന് നമുക്ക് മാങ്ങകളെപറ്റി പഠിക്കാം. കുട്ടികളേ നിങ്ങൾ മാങ്ങ കണ്ടിട്ടുണ്ടോ? മാങ്ങ മരമായ മാവുകളിലാണ് മാങ്ങയുണ്ടാവുന്നത്. ഒരു കാലത്ത് നിറയെ മാങ്ങകൾ കായ്ച്ചു നിൽക്കുന്ന മാങ്ങമരങ്ങളെക്കൊണ്ട് നമ്മുടെ കാട് നിറഞ്ഞിരുന്നു. പണ്ട് കാലത്ത് ജീവിച്ചിരുന്ന അനേകം ജന്തുക്കളുടെ അവശിഷ്ടങ്ങൾ മണ്ണിനടിയിൽ നിന്ന് കുഴിച്ചെടുക്കുമ്പോൾ ധാരാളം മാവിന്റെയും മാങ്ങയുടെയും ഭാഗങ്ങൾ കൂടി ലഭിച്ചിട്ടുണ്ട്. ഈ മാങ്ങാമരമായ മാവ്”
“സാർ നോട്ടീസ്”
തുരപ്പൻ വീണ്ടും ക്ലാസ്സിലേക്ക് വന്നപ്പോൾ കുട്ടികൾ ചിരിക്കുന്നതിനിടയിൽ കരടിമാഷ് നോട്ടീസ് വായന തുടർന്നു,
“അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഇഷ്ടപ്രകാരം ഏത് പാഠവും ആദ്യമായി ക്ലാസ്സിൽ പഠിപ്പിക്കാമെന്ന് ഇതിനാൽ അറിയിക്കുന്നു”
ബോറൻ കരടി മാഷിന് വളരെ സന്തോഷമായി, അദ്ദേഹം തുടർന്നു,
“ശരി, നിങ്ങളെന്താ പഠിച്ചത്? പണ്ട്കാലത്തുള്ള ജീവികളെപറ്റിയല്ലെ? നമ്മുടെ ഈ ഭൂമിയിൽ ഒരു കാലത്ത് രണ്ട്കാലിൽ മാത്രം നടക്കുന്ന ഒരു വർഗ്ഗം ഉണ്ടായിരുന്നു, മനുഷ്യൻ. അവൻ എല്ലാ ജീവികളെയും കൊന്നൊടുക്കിയ കാലം ഉണ്ടായിരുന്നു, ഒടുവിൽ,,,”
“ഒടുവിൽ എന്ത് പറ്റി മാഷെ?”
ഒടുവിൽ അവർ അന്യോന്യം വഴക്കടിച്ച് കൊല്ലാൻ തുടങ്ങി, അങ്ങനെ അന്യോന്യം കൊന്ന് മനുഷ്യവർഗ്ഗം ഇല്ലാതായി. അവർ ജീവിച്ചിരുന്നപ്പോൾ നിർമ്മിച്ച പലതും നമുക്ക് കാടിനു വെളിയിൽ പോയാൽ കാണാൻ കഴിയും”
“സാർ”
തുരപ്പൻ വീണ്ടും വന്നപ്പോൾ ഇത്തവണ കുട്ടികൾ മാത്രമല്ല, ബോറൻ കരടി മാസ്റ്ററും ചിരിക്കാൻ തുടങ്ങി,
“ആദ്യത്തെ അക്കം ഒന്ന് ആയതിനാൽ എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒന്നാമത്തെ പാഠം ആദ്യമായി പഠിക്കണമെന്ന് ഇതിനാൽ അറിയിക്കുന്നു”
അവർ ഒന്നാമത്തെ പാഠം തുറക്കുന്നതിന് മുൻപ് ബെല്ലടിച്ചു, അതോടെ കുട്ടികൾ ഉച്ചഭക്ഷണം കഴിക്കാൻ മത്സരിച്ച് ഓട്ടമായി.
(തുടരും)
(തുടരും)