Monday, November 14, 2011

പാഠം 17 : റാകിപ്പറക്കട്ടെ

പരീക്ഷ,,,
പരീക്ഷയെന്ന് കേട്ടാൽ ഉറക്കത്തിൽ‌പോലും ഞെട്ടിയുണരുന്ന വിദ്യാർത്ഥികൾ ഒരു കാലത്ത് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം മാറി,, വിദ്യാർത്ഥികളുടെ പേടിസ്വപ്നമായിരുന്ന പഴയ പരീക്ഷകളുടെ കാലം കഴിഞ്ഞു.
                         ഇന്ന് പരീക്ഷയെന്ന് കേട്ടാൽ കുട്ടികൾക്ക് ഉത്സാഹമാണ്. പുതിയരീതിയിലുള്ള പരീക്ഷ വന്നതുകൊണ്ടുള്ള ഒരു നേട്ടം! മുൻപൊക്കെ പരീക്ഷ അടുത്താൽ ഊണും ഉറക്കവും കളഞ്ഞ് വിദ്യാർത്ഥികൾ പഠിക്കാറുണ്ട്. ആ പതിവുകൾക്കെല്ലാം മാറ്റം വന്നിരിക്കയാണ്.
                         പഠിക്കാതെ, പ്രാർത്ഥന കൂടാതെ, കോപ്പിയടിക്കാതെ, നടക്കുന്ന പുത്തൻ പരീക്ഷകളുടെ ഒടുവിലത്തെ ദിനം വന്നെത്തി. അദ്ധ്യാപകർ അതിരാവിലെ തന്നെ സ്ക്കൂളിൽ വന്ന് ചോദ്യക്കടലാസ് തുറന്ന്, ഉത്തരങ്ങൾ എഴുതി ഓരോ വിദ്യാർത്ഥിക്കും നൽകുന്നു. വിദ്യാർത്ഥികൾ അവന്റെ ഉത്തരക്കടലാസിൽ സ്വന്തം പേര് എഴുതിയിട്ട് തിരിച്ചേൽ‌പ്പിക്കുന്നു,,, എല്ലാവർക്കും വിജയം ഉറപ്പ്.
                          മാക്രി മെമ്മോറിയൽ ഹൈസ്ക്കൂളിൽ വാർഷികപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന ഒന്നാം ക്ലാസ്സുകാർ കരയും. ഒന്നിന് താഴെ ക്ലാസ്സുകളില്ലാത്തതിനാൽ അവർക്ക് തുടർന്ന് പഠിക്കാനാവില്ലല്ലൊ; അവർ സ്ക്കൂൾ വിടുകയാണ്. തോൽക്കാൻ വേണ്ടി അവർ ചെയ്ത കഠിനശ്രമങ്ങളെല്ലാം വെറുതെയായിരിക്കയാണ്.

                           ഒടുവിലത്തെ ദിവസം പരീക്ഷ ആരംഭിക്കാനായി മണിയടിച്ചപ്പോൾ ഒരു പ്രത്യേക സംഭവം അദ്ധ്യാപകരുടെ ശ്രദ്ധയിൽ‌പെട്ടു; സ്ക്കൂളിൽ പക്ഷികളായ വിദ്യാർത്ഥികളൊന്നും വന്നുകാണുന്നില്ല. പകുതിയോളം വിദ്യാർത്ഥികൾ പലതരം പക്ഷികളായതിനാൽ അവരുടെയെല്ലാം ഇരിപ്പിടം ഒഴിഞ്ഞ് കാണപ്പെട്ടു; കാര്യമറിയാതെ ഹെഡ്‌മാസ്റ്റർ മഞ്ഞക്കൊമ്പനാനയും സഹപ്രവർത്തകരും പരിഭ്രമിച്ച് ഓടി നടക്കുകയാണ്.
ഒടുവിൽ അവർ വന്നു,, എല്ലാ പക്ഷികളും ഒന്നിച്ച്,
അവരെ കണ്ട് അദ്ധ്യാപകർ ഓടിയടുത്തു, “ഇങ്ങനെ വൈകാൻ എന്ത് പറ്റി?”
“സാർ ഞങ്ങൾ,,,”
എല്ലാവരും ഒന്നിച്ച പറയാൻ ശ്രമിച്ചപ്പോൾ ഹെഡ്‌മാസ്റ്റർക്ക് ദേഷ്യം വന്നു,
“ഒരാൾ മാത്രം പറയുക, അല്ലെങ്കിൽ എല്ലാവരെയും ഡിസ്‌മിസ് ചെയ്യും, പറഞ്ഞേക്കാം”
കൂട്ടത്തിൽ കുഞ്ഞിയായ മഞ്ഞതേൻ‌കിളി ഹെഡ്‌മാസ്റ്ററുടെ കൊമ്പിൽ കയറിയിരുന്ന് അന്നത്തെ പത്രമെടുത്ത് തുറന്ന് അതിനുള്ളിലെ വാർത്ത ചൂണ്ടിക്കാട്ടി.
ഹെഡ്‌മാസ്റ്റർ ആ വാർത്ത ഉച്ചത്തിൽ വായിച്ചു,
“മാക്രി മുതലാളിയുടെ ബംഗ്ലാവ് സ്ഥിതിചെയ്യുന്ന കണ്ടം‌കുളക്കരക്ക് മുകളിലൂടെ പക്ഷികൾ പറക്കുന്നത് നിരോധിച്ചിരിക്കുന്നു. നിരോധനം കണക്കാക്കാതെ അതിക്രമിച്ച് കടക്കുന്നവരെ പറക്കും‌തവളകൾ അറസ്റ്റ് ചെയ്ത്, പൊട്ടക്കുളത്തിലെ ജെയിലിൽ പാർപ്പിക്കുന്നതാണ്”
“ഉം, നടക്കട്ടെ; ഒരു മുതലാളിയാണെന്ന്‌വെച്ച് വെറുമൊരു മാക്രി ഇങ്ങനെ അഹങ്കരിക്കാമോ?”
“സാർ, സാധാരണ വീട്ടിൽ‌നിന്നും നേരെ പറന്ന് സ്ക്കൂളിലെത്തുന്ന ഞങ്ങൾ, കാട്ടിലൂടെ ചുറ്റിനടന്നും പറന്നും ഇവിടെയെത്താൻ വൈകിയതാണ്, പലരുടെയും കാലിന് മുറിവ് പറ്റിയിട്ടുണ്ട്”
“എന്റെ മക്കളെ,, എനിക്കിതൊന്നും കാണാൻ വയ്യെ”
ഹെഡ്മാസ്റ്റർക്ക് കരച്ചിൽ വന്നു, ഒടുവിൽ ഓഫീസ് മുറിയുടെ വലിയ വാതിലിലൂടെ അകത്ത് കടന്ന് സ്വന്തം കസാരയിലിരുന്ന് ഉറങ്ങാൻ തുടങ്ങി. സ്ക്കൂളിൽ വന്നാൽ ഉറങ്ങുക എന്നത് അദ്ദേഹത്തിന്റെ ശീലമാണല്ലൊ,,,

                             വൈകിയെത്തിയ പക്ഷികൾ പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന ക്ലാസ്സുകളിൽ കടന്ന് അവരുടെ ഉത്തരക്കടലാസുകളിൽ പേരെഴുതി അദ്ധ്യാപകരെ ഏല്പിച്ചശേഷം വെളിയിലേക്ക് വന്നു. ഇപ്പോൾ അതാണല്ലൊ പരീക്ഷ,,, അദ്ധ്യാപകർ ചോദ്യം വായിച്ച് ഉത്തരമെഴുതി വിദ്യാർത്ഥികൾക്ക് നൽകുന്ന രീതി,,,
                            ആദ്യമേ പരീക്ഷ എഴുതിയ വിദ്യാർത്ഥികളെല്ലാം സ്ക്കൂൾ വരാന്തയിലും മുറ്റത്തും മൈതാനത്തുമായി ഓടിക്കളിക്കുകയാണ്. പക്ഷികളും അവരോടൊപ്പം ചേർന്ന് പറന്നുകളിക്കാൻ തുടങ്ങി. ഇനി എല്ലാവർക്കും രണ്ട് മാസം വർഷകാല അവധിയാണ്.  കാർ‌മേഘങ്ങൾ സ്ക്കൂൾ വിടുന്നതും കാത്ത് ആകാശത്ത് ഉരുണ്ടുകൂടിയിട്ട് മഴപെയ്യാൻ കാത്തുനിൽക്കുന്നത് കണ്ടപ്പോഴുണ്ടായ അഹ്ലാദം കാരണം കുട്ടികൾ പരിസരത്തുള്ള എല്ലാ മരങ്ങളിലും കയറിമറിയുകയാണ്.

അങ്ങനെ വിദ്യാർത്ഥികളും അദ്ധ്യാപകരും സന്തോഷം കൊണ്ട് തുള്ളിചാടുന്ന നേരത്ത് ഹെഡ്‌മാസ്റ്ററുടെ അകമ്പടിക്കാരായ കുറുക്കന്മാർ ഒരു സംഭവം‌കണ്ട് ഞെട്ടി,
ഹെഡ്‌മാസ്റ്റർ കൊമ്പും തുമ്പിക്കൈയും ചേർത്ത്‌വെച്ച്, തലചായ്ച്ച് ഉറങ്ങുന്ന മേശയുടെ അടിയിൽ നിന്നും പുക ഉയരുന്നു! കൈയിലുള്ള തോക്ക് താഴ്ത്തിയിട്ട് കുറുക്കന്മാർ അദ്ദേഹത്തെ വിളിച്ചു. എത്ര വിളിച്ചിട്ടും ഉണരാതായപ്പോൾ ഒരു കുറുക്കൻ ചീവീടുകളെ വിളിച്ചു,,, ‘സ്ക്കൂളിൽ നിന്നുള്ള ഉറക്കം ഉണരണമെങ്കിൽ ചീവീടുകൾ അദ്ദേഹത്തിന്റെ ചെവിയിൽ കയറിയിട്ട് ഗാനമേള നടത്തണം’ അതാണല്ലൊ പതിവ്.
“കുട്രൂ ലുട്രൂ അപകടം,, പെട്ടെന്ന് വന്ന് ഹെഡ്‌മാസ്റ്ററെ ഉണർത്ത്,”
എന്നാൽ ചീവീടുകൾ വന്നില്ല, ഇത്രയും കാലം ഒന്നിച്ച്‌നിന്ന കുട്രുവും ലുട്രുവും ഹെഡ്‌മാസ്റ്ററെ അപകടാവസ്ഥയിൽ ഒറ്റപ്പെടുത്തിയിട്ട് എങ്ങോട്ടോ പറന്നിരിക്കയാണ്,,, ചതി,, കൊടും‌ചതി.
കുറുക്കന്മാർ രണ്ട്‌പേരും ചേർന്ന് ഹെഡ്‌മാസ്റ്ററെ പിടിച്ചുവലിച്ചു,,, തുടർന്ന് ഒന്നിച്ച് ചെവിയിൽ നോക്കി ഓരിയിട്ടു,,, അദ്ദേഹം ഉണരുന്നില്ല. ഉണരണമെങ്കിൽ ചീവീടുകളുടെ കർണ്ണകഠോരമായ ഗാനമേള കേൾക്കണമല്ലൊ,,,
                            പുക ഓഫീസ്‌മുറി മുഴുവൻ വ്യാപിച്ച് ശ്വാസം മുട്ടാൻ തുടങ്ങിയപ്പോൾ കുറുക്കന്മാർ ഓരിയിട്ട്‌കൊണ്ട് വെളിയിലേക്ക് ചാടി. അവരുടെ ബഹളത്തോടൊപ്പം പുക ചുറ്റും പരക്കുന്നത്‌കണ്ട് പേടിച്ച അദ്ധ്യാപകരും വിദ്യാർത്ഥികളും സ്ക്കൂൾ പരിസരം വിട്ട് അകലേക്ക് ഓടാനാരംഭിച്ചു, ജീവൻ രക്ഷിക്കാനുള്ള ഓട്ടം
അപ്പോൾ അവരെ ഞെട്ടിച്ചുകൊണ്ട് ഒരു ഉഗ്രൻ സ്ഫോടനം,
“ഠേ,,,”
ഓടുന്നവർ പിൻ‌തിരിഞ്ഞു നോക്കിയപ്പോൽ കണ്ടത് ഭീകരദൃശ്യമാണ്, ഇത്രയും കാലം അവർ പഠിച്ച, പഠിപ്പിച്ച, ഓടിക്കളിച്ച അവരുടെ സ്ക്കൂൾ പൊട്ടിചിതറുകയാണ്,,, എങ്ങും അഗ്നിജ്വാലകൾ, കരച്ചിലുകൾ, ബഹളങ്ങൾ. അതിനിടയിൽ സുഖമായി ഉറങ്ങുന്ന ഹെഡ്‌മാസ്റ്റർ മഞ്ഞക്കൊമ്പനാന ഞെട്ടിയുണർന്ന് കരയുമ്പോഴേക്കും സ്വന്തം സ്ക്കൂളിനൊപ്പം അദ്ദേഹത്തെയും തീജ്വാലകൾ വിഴുങ്ങി.

                            അഗ്നിജ്വാലകളുടെ സംഹാരതാണ്ഡവത്തിനുശേഷം എല്ലാം ശാന്തമായി. രക്ഷിതാക്കൾ ഓടിയെത്തിയിട്ട് അവരവരുടെ ഓമനമക്കളെ തേടാൻ തുടങ്ങി. ആശ്വാസം കുട്ടികളെല്ലാം രക്ഷപ്പെട്ടിരിക്കുന്നു, അദ്ധ്യാപകരും,
“ഹെഡ്‌മാഷ്? ചീവീടുകൾ?”
ചെന്നായ സാർ ചോദിച്ചു.
“ചീവീടുകൾ വെളിയിലേക്ക് പോകുന്നത് ഞാൻ കണ്ടിരുന്നു”
വാച്ച്‌മാൻ കൊമ്പൻ നായ പറയുന്നത് കേട്ട് എല്ലാവരും അവനെ നോക്കി,
“ഞാൻ കണ്ടതാണ്,, അതിരാവിലെ ചീവീടുകൾ രണ്ടും ഓഫീസ് മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ട് നേരെ നമ്മുടെ സ്ക്കൂൾ മാനേജറായ മാക്രി മുതലാളിയുടെ കാറിൽ കയറുന്നത്”
“അപ്പോൾ ഇത് നമ്മുടെ ഹെഡ്‌മാഷെ കൊല്ലാനായി മാക്രിയുടെ പണിയാണ്, ഒപ്പം സ്ക്കൂൾ ഇല്ലാതാക്കുകയും വേണം”
കുറുക്കന്മാർക്ക് സങ്കടവും ദേഷ്യവും ഒന്നിച്ച് വന്നു, ഇത്രയും കാലം സ്ക്കൂളിലെത്തിയാൽ ഹെഡ്‌മാസ്റ്ററുടെ ഒപ്പം ഗമയിൽ നടക്കുന്നത് അവരാണല്ലൊ,
“ഹെഡ്‌മാസ്റ്ററെ കൊന്ന ദുഷ്ടനായ മാക്രിയെ വെറുതെ വിടരുത്”
“അതൊന്നും വേണ്ട”
ചെന്നായ സാർ പറഞ്ഞു,
“ഇനി നമുക്ക് ഇങ്ങനെയൊരു സ്ക്കൂൾ വേണ്ട”
“പിന്നെയോ”
“നമുക്ക് കാട് മതി, അതാണ് നമ്മുടെ സ്ക്കൂൾ; കാനനമാകട്ടെ നമ്മുടെ വിദ്യാലയം”
ചെന്നായ സാർ കാട്ടിലേക്ക് നടക്കുമ്പോൾ പാടാ‍ൻ തുടങ്ങി, അത്‌കേട്ട് മറ്റുള്ളവർ ഏറ്റുപാടി,
“റാകിപ്പറക്കട്ടെ, ഓടിക്കളിക്കട്ടെ ഞങ്ങളെല്ലാം,
പോയിതുലയട്ടെ പഴയ വിദ്യാലയം;
കാടിന്റെ മക്കൾ ഞങ്ങളാണ്, ഇനി;
കാനനമാവട്ടെ,, നമ്മുടെ വിദ്യാലയം”
********************************************************
(ശിശുദിനാശംസകളോടെ കുട്ടികളുടെ നോവൽ അവസാനിച്ചു)


പിൻ‌കുറിപ്പ്:
1988 ൽ ഒരു ഹൈ‌സ്ക്കൂൾ അദ്ധ്യാപിക ആയിരിക്കെ ‘ജീവനുള്ള കമ്പ്യൂട്ടർ’ കാണാത്ത കാലത്ത്’ കുട്ടികളുടെ നോവലായി കടലാസിൽ എഴുതിയതാണ്. ഇത് കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും‌വേണ്ടി എഴുതിയതാണ്. അക്കാലത്ത് എഴുതിയ, മറ്റ് പലതും അഗ്നിയിൽ ഹോമിച്ചെങ്കിലും എന്റെ പുരാവസ്തുക്കളുടെ കൂട്ടത്തിൽ ഈ നോവൽ ഇപ്പോഴും ഉണ്ട്. കാലത്തിന്റെ മഹാപ്രവാഹത്തിനിടയിൽ സ്ക്കൂളും വിദ്യാഭ്യാസരീതികളും മാറിയെങ്കിലും അടിസ്ഥാനപരമായി മാറാതെ നിൽക്കുന്ന പലതും ഉണ്ട്. അതിനാൽ ഇപ്പോഴും ഇത് വായിക്കാൻ എനിക്ക് രസം തൊന്നുന്നു. കടലാസ് നോക്കിയിട്ട് ഒരു തവണ ടൈപ്പ് ചെയ്തത് മുഴുവൻ ഡിലീറ്റ് ആയതിനാൽ രണ്ടാം തവണയും ടൈപ് ചെയ്യേണ്ടിവന്നു. ആ കാരണം കൊണ്ടാണ് അദ്ധ്യായങ്ങൾ പോസ്റ്റ് ചെയ്യാൻ വൈകിയത്.