Wednesday, February 23, 2011

പാഠം8 അദ്ധ്യാപക നിയമനം

                  പാഠം8 : അദ്ധ്യാപക നിയമനം
“ഇന്ന് ഉച്ചക്ൿശേഷം ക്ലാസ്സില്ല, എല്ലാവർക്കും വീട്ടിൽ പോകാം”
വുൾഫൻ ചെന്നായസാർ എല്ലാ വിദ്യാർത്ഥികളോടും പറഞ്ഞു.
“സർ ഉച്ചക്കഞ്ഞി?” പലർക്കും അതാണ് വേണ്ടത്.
“ഉം, കഞ്ഞി,, പോടാ, പോ,, വീട്ടിൽ പോയി ചോറ് തിന്ന്”
കഞ്ഞി കുട്ടികൾക്കാർക്കും ഇഷ്ടമല്ല; സ്വന്തം വീടുകളിൽ‌നിന്ന്, അവരെല്ലാം പലതരം ഭക്ഷണങ്ങൾ കഴിച്ച് ശീലിച്ചവരാണ്. എങ്കിലും ഉച്ചക്കഞ്ഞി കുടിക്കാത്ത ദിവസം അവർക്ക് എന്തോ മറന്നതുപോലെയാണ്.

                         രാവിലെ വന്നപ്പോൾ മുതൽ സ്ക്കൂളിൽ എന്തോ അത്ഭുതസംഭവം നടക്കുമെന്ന് എല്ലാവർക്കും തോന്നിയതാണ്, അവരുടെ സ്ക്കൂളിനു മുന്നിൽ ഒരു വലിയ കാറ് നിർത്തിയിട്ടിക്കുന്നു. കാട്ടിലെ ഏറ്റവും വലിയ പണക്കാരനായ മാക്രി മുതലാളി അതിരാവിലെ സ്ക്കൂളിൽ എത്തിയിട്ടുണ്ട്. 
 അവിടെ രണ്ട്‌പേർ വരുമ്പോഴാണ് അദ്ധ്യാപകരെല്ലാം പേടിച്ച് വിറക്കുന്നത്.
ഒന്ന് മാക്രിമുതലാളി; അദ്ദേഹം സ്ക്കൂളിന്റെ മാനേജറാണ്.
രണ്ടാമത്തേത് സ്ക്കൂൾ പരിശോധിക്കാൻ വരുന്ന ഓഫീസർ കോലൻ ചുണ്ടെലി.

                        മാക്രിമുതലാളി സ്ക്കൂളിൽ ഉള്ളത്‌കൊണ്ടായിരിക്കാം അന്ന് കൃത്യസമയത്ത് തന്നെ ബെല്ലടിച്ചു. കൃത്യസമയത്ത് അദ്ധ്യാപകർ ക്ലാസ്സിൽ‌പോയി പഠിപ്പിച്ചു.പതിവായി ക്ലാസ്സിൽ ഉറങ്ങാറുള്ള രാജിടീച്ചർ പോലും അന്ന് ക്ലാസ്സിൽ ഉറങ്ങിയില്ല. അല്പമെങ്കിലും ഉറങ്ങാതെ ക്ലാസ്സെടുക്കാൻ കഴിയാത്താ ടീച്ചർ അന്ന് കുട്ടികളോട് പാട്ട്‌പാടാൻ‌പോലും പറഞ്ഞില്ല. കുട്ടികളുടെ പാട്ട് കേട്ടാൽ ചിലപ്പോൾ ഉറങ്ങിപ്പോയാലോ? ഇടയ്ക്കിടെ കോട്ടുവായിട്ടശേഷം രാജി രാജ് കലമാൻ ടീച്ചറും നന്നായി പഠിപ്പിച്ചു.
                       സ്ക്കൂൾ വിട്ടത് അറിയിച്ച് വലിയ മണിമുഴങ്ങിയിട്ടും വിദ്യാർത്ഥികളെല്ലാം സ്ക്കൂൾ പരിസരത്ത്‌തന്നെ ചുറ്റിനടന്നു. അവർ നോക്കിയിരിക്കെ കാറുകൾ ഓരോന്നായി സ്ക്കൂൾ മുറ്റത്ത് കടന്നുവരാൻ തുടങ്ങി. അവരിൽ പലരും ഇത്രയധികം കാറുകളെ ഒന്നിച്ച് ആദ്യമായി കാണുകയാണ്.

                        കാറിൽനിന്ന് പുറത്തിറങ്ങിയവരെല്ലാം ഹെഡ്‌മാസ്റ്റർ മഞ്ഞക്കൊമ്പനാനയുടെ മുറിക്കുള്ളിലേക്ക് കടന്നു. അകത്തുകടന്നവരുടെ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ ഹെഡ്‌മാസ്റ്റർ, മാക്രിമുതലാളിയെ അവർക്ക് പരിചയപ്പെടുത്തി. ജിറാഫും മൂങ്ങയും കാണ്ടാമൃഗവും കാട്ടുപോത്തും കങ്കാരുവും ഒട്ടകവും കഴുതയും കുതിരയും മൈനയും ഓലേഞ്ഞാലിയും തുടങ്ങി സ്വദേശീയരും വിദേശീയരുമായ ഒട്ടനവധിപേർ അവിടെ എത്തിച്ചേർന്നിരുന്നു.

                        അകത്തു പ്രവേശിച്ചപ്പോൾതന്നെ മാക്രി മുതലാളിയെ ബഹുമാനിച്ചശേഷം ഹെഡ്‌മാസ്റ്റർ സ്വന്തം കസാര അദ്ദേഹത്തിന് നൽകിയിരുന്നു. അങ്ങനെ ഇരിപ്പിടം സ്ക്കൂൾ മാനേജർക്ക് ഒഴിച്ചുകൊടുത്ത ഹെഡ്‌മാസ്റ്റർ, ഇരിക്കാൻ മറ്റൊരിടവുമില്ലാതെ താണുവണങ്ങി നിൽക്കുകയാണ്.

ആന ഇരിക്കേണ്ടിടത്ത് അഹങ്കാരത്തോടെ ഗമയിൽ ഇരിക്കുന്ന മാക്രിമുതലാളി ഹെഡ്‌മാസ്റ്ററോട് ആജ്ഞാപിച്ചു,
“ഡേയ്,,, മഞ്ഞക്കൊമ്പാ, ഇവരൊക്കെ ആരാണെന്ന് പറഞ്ഞുതന്നാട്ടെ,,, ആ ലീയോൺ ചത്തതുകൊണ്ടല്ലെ ഇവരെല്ലാം മാഷാവാൻ വന്നത്,,,”
അത് കേട്ടപ്പോൾ ഹെഡ്‌മാസ്റ്റർ ഓരൊരുത്തരെയും കൂട്ടി മാനേജറുടെ മുന്നിൽ നിർത്തി;
ആദ്യം വന്നത് സീനു മൈനയാണ്,
“സാർ, ഇത് സീനു മൈനയാണ്; ഇവൾക്ക് മൃഗഭാഷാ പഠനത്തിൽ ഫസ്റ്റ് ക്ലാസ്സുണ്ട്”
പിന്നെ വന്നത് നിനാൻ അണ്ണാനാണ്.
“സാർ ഇത് നിനാൻ അണ്ണാനാണ്, നമ്മുടെ ഓഫീസറുടെ അകന്ന ബന്ധുവാണ്”
അടുത്തത് ജിങ്കി കങ്കാരുവാണ്,
“സാർ ഇവൾ ജിങ്കി കങ്കാരു, വിദേശരാജ്യങ്ങളിൽ പോയി ശിശുസംരക്ഷണത്തിൽ അനേകം ഡിഗ്രികൾ കരസ്ഥമാക്കിയവളാണ്”
“നിർത്തെടാ തന്റെയൊരു പരിചയപ്പെടുത്തൽ,,,”
മാക്രി മുതലാളി ഉച്ചത്തിൽ അലറുന്നത് കേട്ട് മറ്റുള്ളവരെല്ലാം ഞെട്ടി. ഹെഡ്‌മാസ്റ്ററായ ആനയെ സ്ക്കൂൾ മാനേജർ ആണെങ്കിലും വെറുമൊരു മാക്രി ഇങ്ങനെ ഭയപ്പെടുത്തേണ്ടതുണ്ടോ?

“എനിക്ക് ഇവന്മാരുടെ ഡിഗ്രിയും പഠിപ്പുമൊന്നും അറിയേണ്ട,, എത്ര തരുമെന്ന് വേഗം പറഞ്ഞുതൊലക്ക്. ഞാൻ വീട്ടിൽ പോയിട്ട്‌വേണം മാക്രിയമ്മാളിന് കണ്ടം‌കുളങ്ങരയിൽ നടക്കുന്ന സൌന്ദര്യമത്സരത്തിന് ഇതേ കാറിൽ‌തന്നെ പോകാൻ; ഉം, എത്ര തരും?”
“ഒരു ലക്ഷം” മൈന ആദ്യം‌തന്നെ പറഞ്ഞു,
“പത്ത് ലക്ഷം” ആഫ്രിക്കയിൽ നിന്ന് പഠനം കഴിഞ്ഞെത്തിയ റോമി ജിറാഫ് പറഞ്ഞു,
“ഇരുപത് ലക്ഷം” നിനാൻ അണ്ണാൻ,
മുപ്പത്, അൻപത്, എൺപത്, ഓരോരുത്തരും മത്സരിച്ച് ലക്ഷങ്ങളുടെ ലേലം‌വിളി തുടർന്നു,
“ഒരു കോടി” ജിങ്കി കങ്കാരു വിളിച്ചുകൂവിയശേഷം മറ്റുള്ളവരെ നോക്കി കണ്ണിറുക്കി,
അല്പസമയത്തെ നിശബ്ദത,, മാക്രി മുതലാളി എല്ലാവരെയും നോക്കി, ഒടുവിൽ ചോദിച്ചു,
“ഇനി ആരെങ്കിലും?”
പെട്ടെന്ന് അതുവരെ മിണ്ടാതെയിരുന്ന ഒരുവൾ പതുക്കെ പറഞ്ഞു,
“പത്ത് കോടി”
എല്ലാവരും ആശ്ചര്യപ്പെട്ട് ശബ്ദം കേട്ട ഭാഗത്ത് നോക്കി, അവിടെ ഇരുണ്ട മൂലയിൽ ഇരിക്കുന്നുണ്ട്; അത് അവൾ‌തന്നെ,,, പുള്ളിമൂങ്ങ,,,
                          മുതലാളിയുടെ കണ്ണുകൾ സന്തോഷം‌കൊണ്ട് തിളങ്ങി, അവ ഉരുണ്ടുയർന്ന് വെളിയിൽ വന്നു; ഇത്രയധികം പണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം എല്ലാവരെയും നോക്കി പ്രഖ്യാപിച്ചു,
“ലീയോൺ സിംഹത്തിന്റെ ഒഴിവിലേക്ക് പുള്ളിമൂങ്ങയെ ടീച്ചറായി നിയമിക്കുകയാണ്. ഡേയ്, മഞ്ഞക്കൊമ്പാ ഇവളെ നമ്മുടെ വിദ്യാലയത്തിൽ അദ്ധ്യാപികയായി നിയമിക്കുക,, ഒപ്പിടാൻ കടലാസുകൾ തയ്യാറാക്കി കൊണ്ടുവാ,,”

                          പുള്ളിമൂങ്ങക്ക് സന്തോഷം സഹിക്ക വയ്യാതായി; അവൾ മറ്റുള്ളവരുടെ ഇരുണ്ട മുഖങ്ങൾ ശ്രദ്ധിച്ചു. സ്ക്കൂളിലേക്ക് കാറിലിരുന്ന് പറക്കുമ്പോൾ‌തന്നെ ഈ ജോലി തനിക്ക് കിട്ടുമെന്ന് ഉറപ്പാക്കിയതാണ്. കാരണം മറ്റുള്ളവരെക്കാൾ കൂടുതൽ പണം കൊടുക്കാൻ ഇന്ന് അവൾക്ക് മാത്രമേ കഴിയുകയുള്ളു. ഏകമകളായതിനാൽ മരിക്കുന്നതിനു മുൻപ് അച്ഛൻ സമ്പാദിച്ചത് മുഴുവൻ പൊന്നും പണവും ആക്കിമാറ്റിയിട്ട്, കാനന ബാങ്കിലെ ‘തേക്ക്മരം ലോക്കറിൽ’ അടച്ചുവെച്ചിട്ടുണ്ട്. കൂടാതെ സ്വന്തം പേരിലുള്ള ബാങ്ക് ഡപ്പൊസിറ്റ് പണവും പലിശയും വർദ്ധിച്ചുകൊണ്ടിരിക്കയാണ്.
                          പുള്ളി പോക്കറ്റിൽ നിന്ന് ചെക്ക് ബുക്കെടുത്ത്, അതിൽ ‘പത്ത് കോടി’ മാക്രി മുതലാളിയുടെ പേരിൽ എഴുതിയ കടലാസ് കൊടുത്തു. അങ്ങനെ ലീയോൺ സിംഹം മരിച്ചതുകൊണ്ട് വനമംഗലം സ്ക്കൂളിലുണ്ടായ ഒഴിവിലേക്ക് പുള്ളിമൂങ്ങയെ അദ്ധ്യാപികയായി ചേർത്തു.

                          പുള്ളിയെ ചേർത്ത് കഴിഞ്ഞപ്പോൾ ഹെഡ്‌മാസ്റ്റർ മഞ്ഞക്കൊമ്പനാനക്ക് പലതരം സംശയങ്ങൾ ഉയർന്നു. ‘പകൽ കണ്ണുകാണാത്ത ഈ പുള്ളി, ഒരു ടീച്ചറാവാൻ എങ്ങനെയാണ് പഠിച്ചത്? തന്റെ അറിവിൽ നിശാപാഠശാലകൾ ഒന്നും‌തന്നെ വനമംഗലം കാട്ടിലോ കാനന മഹാരാജ്യത്തോ ഇല്ല. അത് മാത്രമാണോ പ്രശ്നം; പകൽ കണ്ണുകാണാത്ത ഈ ടീച്ചറെങ്ങനെ കുട്ടികളെ പഠിപ്പിക്കും? രാത്രി വിളക്ക് വെച്ച് ക്ലാസ്സ് നടത്താനും പറ്റില്ല; ഇരുട്ടത്ത് മാത്രം കണ്ണുകാണുന്നവളാണല്ലൊ ഈ പുള്ളീ!’
 “മാനേജർ സാർ ഒരു സംശയം, പകല് കണ്ണ് കാണാത്ത ഈ ടീച്ചറെങ്ങനെ പഠിപ്പിക്കും? പിന്നെ,,, ടീച്ചറുടെ പരീക്ഷകൾ പാസായ സർട്ടിഫിക്കറ്റുകളും ലഭിച്ച മാർക്കുകളും,,,”
ആന ഹെഡ്‌മാസ്റ്റർ മാക്രി മാനേജറുടെ മുന്നിൽ തലചൊറിഞ്ഞുകൊണ്ട് സംശയം ചോദിച്ചു.
“താൻ ഹെഡ്‌മാഷായി ഇവിടെയിരുന്ന് സർക്കാർ തരുന്ന ശമ്പളം വാങ്ങിയാൽ മതി. എന്റെ സ്ക്കൂളിൽ ആര് പഠിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. അല്ലെങ്കിലും ഈ സ്ക്കൂള് നടത്തുന്നത് വലിയ നഷ്ടത്തിലാണ്; ആരെങ്കിലും ചത്ത് കിട്ടിയാലാണ് ലാഭം. എത്ര കാലം കാത്തിരുന്നിട്ടാ ഒരുത്തൻ ചത്തിട്ട് ഒഴിവ് വരുന്നത്? എടി പുള്ളീ നീ നിന്റെ കടലാസുകളേതാണെന്ന് വെച്ചാ കൊടുത്തേക്കണം”
“ഏതൊക്കെ സർട്ടിഫിക്കറ്റും മാർക്ൿലീസ്റ്റുകളും വേണമെന്നറിയിച്ചാൽ ഇന്ന് രാത്രിതന്നെ സൂപ്പർ‌മാർക്കറ്റിൽ നിന്ന് വാങ്ങിത്തരാം”
പുള്ളി ഹേഡ്‌മാസ്റ്ററെ അറിയിച്ചു,
“എന്നാലും സാർ ഈ ടീച്ചറെങ്ങനെ പകൽ‌നേരത്ത് പഠിപ്പിക്കും? നമ്മുടെ കുട്ടികളുടെ കാര്യം?”
“താൻ മിണ്ടാതിരിക്കെടാ, ഈ മാക്രി മെമ്മോറിയൽ ഹൈസ്ക്കൂളിൽ പഠിക്കുന്ന കുട്ടികൾ നന്നാവണമെന്ന ആശയൊന്നും എനിക്കില്ല. പിന്നെ എന്റെ പിള്ളേരൊന്നും ഇവിടെ പഠിക്കുന്നില്ല. അവരെല്ലാം വനമംഗലം നീന്തൽകുളത്തിനടിയിൽ വിദേശികൾ നടത്തുന്ന ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലാണ്. ആരാന്റെ പിള്ളേരോട് പോയിതുലയാൻ പറ,,”

                           മാക്രി മുതലാളി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് പുറത്തിറങ്ങി കാറിനുനേരെ നടന്നപ്പോൾ ഹെഡ്‌മാസ്റ്റർ മഞ്ഞക്കൊമ്പനാന അദ്ദേഹത്തെ അനുഗമിച്ചു. ഡ്രൈവർ ചീറ്റ കാറിന്റെ ഡോർ തുറന്നുകൊടുത്തപ്പോൾ മാക്രി അകത്തുകയറി. മാനേജറുടെ കാർ അകന്നു പോകുന്നതുനോക്കി ഹെഡ്‌മാസ്റ്റർ ചിന്തിക്കാൻ തുടങ്ങി, ‘ഇങ്ങനെ പോയാൽ ഈ മാനേജർ അദ്ധ്യാപകർക്ക് വെഷംകൊടുത്ത് കൊല്ലുമല്ലൊ’.
(തുടരും)

Wednesday, February 9, 2011

പാഠം7 അദ്ധ്യാപക നേതാവ്

                                               പാഠം7 അദ്ധ്യാപക നേതാവ്                         
                            സ്ക്കൂളിന്റെ അകത്ത് മേൽക്കൂരയിലെ കഴുക്കോലിൽ, നീണ്ട വാല്‌കൊണ്ട് ചുറ്റിപ്പിടിച്ച്, അദ്ധ്യാപകരെല്ലാം ഒന്നിച്ചിരിക്കുന്ന ആ മുറിയിലെ സംഭവങ്ങൾ ഓരോന്നായി സീരൻ കുരങ്ങൻ നിരീക്ഷിക്കുകയാണ്. അവിടെ, താഴെ അദ്ധ്യക്ഷസ്ഥാനത്ത് ഇരിക്കുകയാണ് ഹെഡ്മാസ്റ്റർ മഞ്ഞക്കൊമ്പനാന. അദ്ദേഹത്തിന്റെ ഉറക്കം ഞെട്ടിയതോടെ ചീവീടുകൾ കരച്ചിൽ നിർത്തി.
ഞെട്ടിയുണർന്ന അദ്ദേഹം പതിവുപോലെ മുന്നിലുള്ളവരെ ഭീഷണിപ്പെടുത്തി,
“ആരെടാമുന്നിൽ നിൽക്കുന്നത്? തന്നെ ഞാൻ ഡിസ്മിസ് ചെയും”
                           പഴം‌തിന്നപ്പോൾ ചെറുതായെങ്കിലും ഹെഡ്‌മാസ്റ്ററുടെ ചിഹ്നം വിളി കേട്ട് മുന്നിലിരിക്കുന്ന അദ്ധ്യാപരെല്ലാം ഒന്ന് ഞെട്ടി. പെട്ടെന്ന്‌തന്നെ അദ്ദേഹത്തിന് പരിസരബോധം വന്നതിനാൽ തുമ്പിക്കൈ ഉയർത്തി എല്ലാവരെയും അനുഗ്രഹിച്ചു.

“സർ, പരിപാടികളിൽ ആദ്യഇനം നന്ദിപ്രകടനമാണ്, അത് സാറാണ് ചെയ്യേണ്ടത്,”
ബോറൻ കരടിമാസ്റ്റർ, ഹെഡ്‌മാസ്റ്ററെ ഓർമ്മപ്പെടുത്തി.
                         ഇരിപ്പിടത്തിൽ നിന്ന് അനായാസം എഴുന്നേറ്റ്, ഒരു പശുവിന്റെ മാത്രം പലിപ്പമുള്ള ആ ആന, തുമ്പിക്കൈ ചുഴറ്റി ചെവികൾ വീശി തലകുലുക്കിക്കൊണ്ട് എല്ലാവരെയും നോക്കി പുഞ്ചിരിച്ചു. കഴിച്ച പഴത്തിന്റെ ശക്തിയാൽ ചെറുതായതിൽ അദ്ദേഹത്തിന് വളരെ സന്തോഷം തോന്നുന്നുണ്ട്. മറ്റുള്ള അദ്ധ്യാപകരെപോലെ ചെറുതാണെങ്കിലും ശരീരം നന്നായി ചലിപ്പിക്കാൻ കഴിഞ്ഞതിൽ ഹെഡ്‌മാസ്റ്ററായ ആനക്ക് വളരെ സന്തോഷം.
ഹെഡ്‌മാസ്റ്റർ പറഞ്ഞുതുടങ്ങി,
“എല്ലാവർക്കും നന്ദി, നമ്മുടെ കൂടെ വളരെക്കാലം ജോലി ചെയ്ത ലീയോൺ സിംഹത്തിന്റെ അകാലചരമത്തിൽ അനുമോദിക്കാനായി അത്യാഹ്ലാതപൂർവ്വം എത്തിച്ചേർന്ന എല്ലാ അദ്ധ്യാപകർക്കും നന്ദി. അപകടകാരിയായ ആ അദ്ധ്യാപകന്റെ അപകടമരണത്തിൽ തെളിവില്ലാതെ അറസ്റ്റ് ചെയ്യപ്പെട്ട ‘അപ്പുമുയലിന്’ അഭിനന്ദനങ്ങൾ ഇതോടൊപ്പം അറിയിക്കുന്നു. മരിക്കും വരെ ലീയോൺ സിംഹം ഈ സ്ക്കൂളിലെ അദ്ധ്യാപകസമാജം സെക്രട്ടറി ആയിരുന്നു. ആ ഒഴിവിലേക്ക് പുതിയ ഒരാളെ നിങ്ങളെല്ലാം ചേർന്ന് കണ്ടെത്തണം. ഹെഡ്‌മാസ്റ്റർ ആയ ഞാനാണ് സമാജം പ്രസിഡണ്ട്; ഞാൻ ഇല്ലാത്ത നേരത്ത് ഈ നേതാവിന് ഹെഡ്‌മാസ്റ്ററുടെ സ്ഥാനം വഹിക്കാം”

അപ്പോഴെക്കും മുന്നിലിരിക്കുന്ന അദ്ധ്യാപകരുടെ ഇടയിൽ ഒരു ഇളക്കം തുടങ്ങി. എല്ലാവരും ഒന്നിച്ചെഴുന്നേറ്റ് പറഞ്ഞു,
“ഞാൻ,,, ഞാൻ,, തന്നെ അടുത്ത നേതാവ്”
                       അതുകേട്ടപ്പോൾ ഹേഡ്മാസ്റ്റർ ഒന്ന് ഞെട്ടി. താനൊരാൾ പ്രസിഡണ്ടും മറ്റെല്ലാവരും സെക്രട്ടറിയും ആയാൽ എന്തായിരിക്കും അവസ്ഥ! ഒരു ആനയായിട്ടുപോലും തനിക്ക് ഒരു സെക്രട്ടറിയെ പൊറുപ്പിക്കാൻ വലിയ പാടാണ്. മരിക്കുന്നതുവരെ ആ സിംഹത്തിന് സെക്രട്ടറി എന്ന പേരിൽ എന്തൊരു അഹംഭാവം ആയിരുന്നു! അവനാണ് ഈ സ്ക്കൂൾ ഭരിക്കുന്നത് എന്ന് തോന്നും!!!
“അത് പറ്റില്ല, ഡിസ്മിസ് ചെയ്യും, ഡിസ്മിസ്,,, ഞാനൊരാൾ മാത്രം പ്രസിഡണ്ടായിരിക്കുമ്പോൾ ഒന്നിലധികം സെക്രട്ടറിയോ? പാടില്ല; ഒരു പ്രസിഡണ്ട് സമം ഒരു സെക്രട്ടറി”
“എന്നാലത് ഞാൻ തന്നെ”
മിസ്സിസ്സ് രാജീരാജ് കലമാൻ തന്റെ സുന്ദരങ്ങളായ കൊമ്പുകൾ കുലുക്കി എഴുന്നേറ്റ് നിന്ന് പറഞ്ഞതിനുശേഷം എല്ലാവരെയും ഒന്ന് നോക്കി.

                        മറ്റുള്ള അദ്ധ്യാപകരെല്ലാം ഇത്‌കേട്ട് ആശ്ചര്യപ്പെട്ടു, സാധാരണയായി ഒരു മീറ്റിംഗ് നടക്കുമ്പോൾ അതൊലൊന്നും ശ്രദ്ധിക്കാതെ ഉറങ്ങുന്ന രാജിമാൻ ടീച്ചറാണ് ഇന്ന് മീറ്റിംഗിൽ എഴുന്നേറ്റ് നിന്ന് സെക്രട്ടറിയാവാമെന്ന് പറയുന്നത്. പെട്ടെന്ന് എല്ലാവർക്കും കാര്യം മനസ്സിലായി, പുതിയ ഫോറിൻ ഉടുപ്പ്; അതൊന്ന് എല്ലാവരും കാണാൻ വേണ്ടിയാണ് ടീച്ചർ ധൈര്യപൂർവ്വം എഴുന്നേറ്റ് നിന്നതും സെക്രട്ടറിയാവാനുള്ള മോഹം പറഞ്ഞതും. അതുകേട്ടപ്പോൾ കരടിമാസ്റ്റർ വിളിച്ചു പറഞ്ഞു,
“വേണ്ട വേണ്ട പെണ്ണുങ്ങൾ നേതാവ് ആകാൻ പാടില്ല”
“എന്തുകൊണ്ടു പാടില്ല? പെണ്ണുങ്ങൾക്ക് പഠിപ്പിക്കാൻ കഴിയുമെങ്കിൽ വീട് മാത്രമല്ല, വിദ്യാലയവും ഭരിക്കാം”
താറാവമ്മ ടീച്ചർ പ്രതിഷേധത്തോടെ പറഞ്ഞ് ഉച്ചത്തിൽ ക്വാക്ക് വിളിച്ചു.
“മിണ്ടാതിരിക്കണം, മാഷന്മാരിങ്ങനെ പിള്ളേരെപ്പോലെയായാൽ ഞാൻ എല്ലാറ്റിനേം ഡിസ്മിസ് ചെയ്യും”
മഞ്ഞക്കൊമ്പൻ ഹെഡ്‌മാസ്റ്റർ തുമ്പിക്കൈ മേശമേൽ മുട്ടി ശബ്ദമുണ്ടാക്കിയിട്ട് പറഞ്ഞു,
“ഒരു കാര്യം ചെയ്യു, നിങ്ങൾ‌തന്നെ ആലോചിച്ച് ഒരാളുടെ മാത്രം പേര് നിർദ്ദേശിക്കുക”
“അതിലിത്ര ആലോചിക്കാനെന്താണുള്ളത്? നമ്മുടെ പട്ടിവർഗ്ഗത്തിന്റെ പ്രതിനിധിയായ ‘ടിങ്കൻ കടുവ’ അതായത് ഈ ഞാൻ തന്നെ നേതാവ്”
കടുവസാർ എഴുന്നേറ്റ് നിന്ന് അലറി.
“അത് പറ്റില്ല, പൂച്ചവർഗ്ഗത്തിൽ നിന്നും രാജിവെച്ച കരിങ്കാലിയായ ടിങ്കൻ വേണ്ടേ, വേണ്ട. ഇവിടെ പക്ഷിവർഗ്ഗത്തിലാണ് ഭൂരിപക്ഷം അദ്ധ്യാപകരും, അപ്പോൾ അവരുടെ പ്രതിനിധിയായ ഞാൻ തന്നെ സെക്രട്ടറി നുവാട്ട്സൺ”
കഴുകൻ സാർ എഴുന്നേറ്റ്‌നിന്ന് ചിറകുയർത്തി പറഞ്ഞു.

എല്ലാം കണ്ടപ്പോൾ ബോറൻ കരടിസാർ എഴുന്നേറ്റ്‌നിന്ന് എല്ലാവരെയും ശാന്തരാക്കി,
“ഒരു കാര്യം ചെയ്യാം, എല്ലാവർക്കും സെക്രട്ടറി ആവണമെന്നല്ലെ? അതുകൊണ്ട് ഓരോ അദ്ധ്യാപകരുടെയും പേരുകൾ ഓരോ കടലാസ്സിൽ എഴുതിയിട്ട് അതിൽനിന്ന് ഹെഡ്‌മാസ്റ്റർ ഒരാളെ നറുക്കെടുക്കട്ടെ. ആ വ്യക്തിയാവണം ഈ വർഷത്തെ നമ്മുടെ നേതാവ്”
“ശരി അങ്ങനെത്തന്നെ”
എല്ലാവരും ഒന്നിച്ച് സമ്മതം മൂളിക്കൊണ്ട് തലയാട്ടി.

                        ഇതെല്ലാം കേട്ട്‌കൊണ്ട് മോന്തായത്തിൽ തൂങ്ങിയിരിക്കുന്ന സീരൻ കുരങ്ങൻ വളരെ ശ്രദ്ധിച്ച് താഴോട്ട് നോക്കി. അവിടെ കരടി സാർ ഓരോ അദ്ധ്യാപകരുടെയും പേര് പറഞ്ഞുകൊണ്ട് എഴുതുകയാണ്,
ഒന്നാം കടലാസ്സ് തുണ്ടിൽ എഴുതി,, ബോറൻ കരടി.
രണ്ടാം കടലാസ്സിൽ എഴുതി,, ങേ, അതും ബോറൻ കരടി തന്നെ,
മൂന്നാം കടലാസ്സിൽ എഴുതി,, ബോറൻ കരടി,
നാലാം കടലാസ്സിൽ എഴുതി,, അതും ബോറൻ കരടി!
എഴുതുന്നതിന് മുൻപ് പറയുന്നത് മറ്റുള്ള അദ്ധ്യാപകരുടെ പേരാണെങ്കിലും എല്ലാ തുണ്ടുകളിലും ബോറൻ കരടിമാത്രം.  സീരന് കരടിമാഷിന്റെ സൂത്രമറിഞ്ഞ് ചിരിയടക്കാൻ പ്രയാസമായി. ചിരി പുറത്തു വരുമെന്ന ഘട്ടമായപ്പോൾ അവൻ കുപ്പായത്തിന്റെ മൂല ചുരുട്ടി സ്വന്തം വായിൽ തിരുകി.

                       അദ്ധ്യാപകരുടെ പേരെഴുതിയ (സ്വന്തം പേരെഴുതിയ) കടലാസ്സ് തുണ്ടുകൾ ഓരോന്നും ചുരുട്ടി ഒന്നിച്ച് കുലുക്കിയശേഷം കരടിസാർ ഹെഡ്‌മാസ്റ്ററുടെ മുന്നിലുള്ള മേശപ്പുറത്തിട്ടു. അതിലൊന്ന് ഹെഡ്‌മാസ്റ്റർ തുമ്പിക്കൈകൊണ്ട് എടുക്കുമ്പോൾ മറ്റുള്ള തുണ്ടുകൾ പറന്ന് താഴെവീണു. അങ്ങനെ താഴെവീണവയെല്ലാം സൂത്രത്തിൽ എടുത്ത കരടിസാർ,  ജനാലയിലൂടെ പുറത്തേക്കിട്ടു.
                        നറുക്കെടുത്ത ചുരുട്ടിയ കടലാസ് നിവർത്തിയപ്പോൾ തങ്ങളുടെ കൂട്ടത്തിൽ‌നിന്ന് നേതാവായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയെ അറിയാനായി എല്ലാവരും ആകാംക്ഷയോടെ ചെവി കൂർപ്പിച്ചു. ആ കടലാസ് തുണ്ട് നോക്കി  സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകന്റെ പേര് ഹെഡ്‌മാസ്റ്റർ വായിച്ചു,
“വുൾഫൻ ചെന്നായ”
പേരെഴുതിയ കരടിസാറും അത് കണ്ടുനിന്ന സീരൻ കുരങ്ങനും ഒന്നിച്ച് ഞെട്ടി,,,
ങെ,,, അതെങ്ങനെയാണ്? ഹെഡ്മാസ്റ്റർ എഴുതാത്ത പേരാണ് വായിക്കുന്നത്.
എങ്കിലും പറയാൻ പറ്റുമോ?

                        അതുവരെ ഒരക്ഷരവും മിണ്ടാത്ത വുൾഫൻ ചെന്നായയുടെ മനസ്സിൽ പുഞ്ചിരി വിടർന്നു. ‘ഇന്നലെ രാത്രി ഹെഡ്‌മാസ്റ്ററുടെ വീട്ടിൽ‌വെച്ച്, വെജിറ്റേറിയൻ പാർട്ടി നടത്താൻ ഒരു ചെന്നായക്ക് ഉണ്ടായ പ്രയാസം ഈ പഹയന്മാരെങ്ങനെ അറിയാനാണ്! എത്ര ഉരുളിയിലെ പായസമാണ് ഹെഡ്‌മാസ്റ്ററായ ഈ മഞ്ഞക്കൊമ്പനാന അകത്താക്കിയത്!’

“വുൾഫൻ ചെന്നായ നമ്മുടെ നേതാവായതിനാൽ ഇനി ഈ മീറ്റിംഗിന്റെ ഉദ്‌ഘാടനം നടത്താം”
ബോറൻ കരടിമാസ്റ്റർ വിളിച്ചു പറഞ്ഞു.
അതുകേട്ടപ്പോൾ വുൾഫൻ ചെന്നായ സദസിനു മുന്നിൽ വന്ന് പറയാൻ തുടങ്ങി,
“നിങ്ങളെല്ലാവരും ചേർന്ന് എന്നെ അദ്ധ്യാപകസമാജം സെക്രട്ടറി ആയി തെരഞ്ഞെടുത്തതിൽ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം നമ്മുടെയെല്ലാം പ്രീയങ്കരനായ ലീയോണിന്റെ അപ്രതീക്ഷിതമായ അപകട മരണത്തിൽ അനുമോദനവും,,,” പെട്ടെന്ന് ഒരു ഭീകര ശബ്ദത്തോടെ ഹെഡ്‌മാസ്റ്ററുടെ കസാര പൊട്ടാൻ തുടങ്ങി.
“ഠെ,,ഠെടെ,,,ഠ്‌റേ,,,ഡ്‌റേ,,,”
എല്ലാവരും പേടിച്ച് കൂവി,,, പേടി മാറിയതോടെ സംഭവം കണ്ട് ഓരോരുത്തരും പൊട്ടിച്ചിരിച്ചു.

                        മുറിക്കകത്ത് പ്രവേശിക്കാനായി ശക്തിയുള്ള മരുന്ന്‌പഴം കഴിച്ച് ചെറുതായ ആന, ആ മരുന്നിന്റെ ശക്തി കുറഞ്ഞപ്പോൾ ഒറിജിനൽ ആനയുടെ രൂപത്തിലായി മാറിയതാണ്. അപ്പോൾ ഒരു പശുവിന് മാത്രം ഇരിക്കാവുന്ന ഈ കൊച്ചു കസാരയിലെങ്ങനെ കൊമ്പനാന ഹെഡ്‌മാസ്റ്റർ ഇരിക്കും? കസാര പൊട്ടിത്തകർന്ന് അദ്ദേഹമതാ കിടക്കുന്നു,,, ഭൂമിയിൽ!!! അംഗരക്ഷകരായ കുറുക്കന്മാർ ആനയെ വലിച്ചുയർത്താൻ പാട്‌പെടുകയാണ്.

                         അദ്ധ്യാപകരെല്ലാം ആനഹെഡ്‌മാസ്റ്ററുടെ ദയനീയമായ അവസ്ഥ കണ്ട് പെട്ടെന്ന് ചിരി നിർത്തി. സാധാരണ മൃഗങ്ങളെപ്പോലെ ചിരിച്ചുപോയതിൽ അവർ പരിതപിച്ചു. എല്ലാവരും ചേർന്ന് ഹെഡ്‌മാസ്റ്ററെ ഉയർത്താൻ ശ്രമിച്ചപ്പോൾ ഒരു കുരങ്ങൻ മേൽക്കൂരയിൽ‌നിന്നും പിടിവിട്ട് താഴോട്ട് വീണു. അത് സീരൻ കുരങ്ങനായിരുന്നു, ആ വിദ്യാലയത്തിലെ പുതിയ വിദ്യാർത്ഥി. കുരങ്ങൻ വീണത് ഹെഡ്‌മാസ്റ്റർ മഞ്ഞക്കൊമ്പനാനയുടെ തലയിൽ‌തന്നെ ആയതിനാൽ അവനെ തിരിച്ചറിയും‌മുൻപ് അദ്ദേഹത്തിന്റെ ബോധം നഷ്ടപ്പെട്ടു.
(തുടരും)