Tuesday, November 23, 2010

പാഠം 2. സ്ക്കൂൾ അഡ്മിഷൻ

 ഇവിടെ തുറന്നാൽ ആദ്യപാഠങ്ങൾ പഠിക്കാം.

പാഠം 2. സ്ക്കൂൾ അഡ്മിഷൻ
അച്ഛനും മകനും ചേർന്ന് ആ ബോർഡ് ഒന്നുകൂടി വായിച്ചു;
“മഞ്ഞക്കൊമ്പൻ ആന
ഹെഡ്മാസ്റ്റർ
മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ
വനമംഗലം”
                       മകനെ മുന്നിൽ നടത്തിക്കൊണ്ട് വനദൈവങ്ങളെ മനസ്സിലോർത്ത് നീലൻ കുരങ്ങൻ മാക്രീ മെമ്മോറിയൽ ഹൈസ്ക്കൂളിന്റെ ഓഫീസ് മുറിയിലേക്ക് ഇടതുകാൽ വെച്ചു. പെട്ടെന്ന് എവിടെ നിന്നോ ഒരു പെരുച്ചാഴി ചാടിവീണ് അവരെ പിടിച്ച് പുറത്താക്കി,
“എന്താ, ഹേ കണ്ണു കാണുന്നില്ലെ? ഞാനാണ് ഇവിടത്തെ പ്യൂൺ തുരപ്പൻ പെരുച്ചാഴി. എന്നെ വേണ്ട വിധത്തിൽ കാണാതെ അകത്തു കടക്കാനോ? ദൈവം തമ്പുരാൻ നേരിട്ട് വന്നാൽ‌പോലും ഞാൻ അനുവദിക്കില്ല”
“സർ ഞങ്ങൾ പാവങ്ങളാണ്. ഈ ചെക്കൻ മരം‌കയറി നേരം കളയുന്നതിനു പകരം രണ്ടക്ഷരം പഠിക്കട്ടെയെന്ന് വിചാരിച്ചാ ഞാനിവിടെ വന്നത്. എന്താ വേണ്ടതെന്നറീല്ല..”
തുരപ്പൻ നീലന്റെ പോക്കറ്റ് തപ്പി. നാല് രൂപയും മുപ്പത്തിഏഴ് പൈസയും കിട്ടി. അത് സ്വന്തം പോക്കറ്റിലിട്ട് പെരുച്ചാഴി പറഞ്ഞു,
“ദരിദ്രവാസികൾ എന്തിനാണ് ഇവനൊക്കെ പഠിക്കുന്നത്?”
“സാറേ തിരിച്ച്‌പോകാനുള്ള വണ്ടിക്കൂലിയാ”
“ഇത്രേം ഗതിയില്ലാത്ത നീയെങ്ങനാടാ മോനെ സ്ക്കൂളിൽ പഠിപ്പിക്കുന്നത്! ഉം പോ?”
തൊരപ്പൻ രണ്ട്‌പേരെയും പിടിച്ച് അകത്തേക്ക് തള്ളി.
                       അകത്ത് കടന്ന അച്ഛനും മകനും പേടിച്ച് വിറച്ചു. പേടി കാരണം സീരന്റെ കാലുകൾ നനഞ്ഞു. അവൻ അച്ഛനെ നോക്കിയപ്പോൾ; അച്ഛന്റെ പാന്റും നനഞ്ഞിരിക്കുന്നു!

                         അവിടെ ഹെഡ്മാസ്റ്റർ ‘മഞ്ഞക്കൊമ്പൻ ആന’ ഒരു വലിയ കസാരയിൽ നിവർന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ നീണ്ട് വളഞ്ഞ് കൂർത്ത മഞ്ഞക്കൊമ്പുകളും ഉരലുപോലുള്ള പിൻ‌കാലുകളും മുന്നിലുള്ള മേശമേൽ വിശ്രമിക്കുകയാണ്. മുൻ‌കാലുകൾ രണ്ടും കസേരയുടെ ഇരുവശത്തും തൂക്കിയിട്ടിരിക്കുന്നു. മുറം പോലുള്ള ചെവികളും തൂണുപോലുള്ള തുമ്പികൈയും ഇടയ്ക്കിടെ ആട്ടിക്കൊണ്ട്, ഫാനിന്റെ ഇളംകാറ്റേറ്റ് അദ്ദേഹമങ്ങനെ ഉറങ്ങിക്കിടപ്പാണ്.
                         പക്ഷെ അവരെ ഭയപ്പെടുത്തിയത് ഇതൊന്നുമല്ല. ആനകളെയവർ സാധാരണ കാണാറുള്ളതാണ്. ആ പോലീസ് വേഷക്കാരായ രണ്ട് കുറുക്കന്മാർ! ഹെഡ്മാസ്റ്ററുടെ ഇരുവശത്തും നിന്ന ‘അവരുടെ തോക്കിന്റെ ഉന്നം’ വാതിലിനു മുന്നിൽ നിൽക്കുന്ന അച്ഛന്റെയും മകന്റെയും നേരെയാണ്.

                         എന്തുചെയ്യണമെന്നറിയാതെ അവർ കുഴങ്ങി. മുന്നോട്ടോ പിന്നോട്ടോ പോകാനാവാത്ത അവസ്ഥ. തിരിച്ച് കാട്ടിലേക്ക് ഓടണമെന്നുണ്ട്; എന്നൽ അതിനിടയിൽ അവർ വെടിവെച്ചാലോ?,,,
“ഉം, എന്ത് വേണം?”
രണ്ട് കുറുക്കന്മാരും ഒന്നിച്ച് ചോദിച്ചു.
“ഹെഡ്,,,മാഷെ  കാണാനാ,,,; മോനെ ചേർ,,ക്കണം”
നീലൻ വിറച്ചുകൊണ്ട് അത്രയും പറഞ്ഞു.
“ഡേയ്,, കുട്രൂ, ലുട്രൂ സാറിനെയുണർത്ത്?”
കുറുക്കന്മാർ വിളിച്ച് കൂവി.
ഉടനെ അടുത്ത മുറിയിൽനിന്ന് രണ്ട് വെളുത്ത ചീവീടുകൾ പറന്ന് വന്നു. ഒരടി നീളമുള്ള ചീവീടുകളെ കണ്ടപ്പോൾ നീലൻ പതുക്കെ പറഞ്ഞു, ‘ഫോറിൻ’
                          ചീവീടുകൾ ആനയുടെ ഓരോ ചെവിയിലും ചാടിക്കയറി. പെട്ടെന്ന് എട്ട്ദിക്കും പൊട്ടുന്നത് പോലുള്ള ശബ്ദം മുഴങ്ങി. അതിന്റെ തീവ്രത കാരണം മേശപ്പുറത്തുള്ള കടലാസുകളെല്ലാം പറന്നു പൊങ്ങി. അലമാരയിലെ പുസ്തകങ്ങളും ചുമരിലെ ഫോട്ടൊകളും കലണ്ടറും മറിഞ്ഞ് വീണു. കുറുക്കന്മാർ ചെവിയിൽ പഞ്ഞി വെച്ചപ്പോൾ നീലനും സീരനും ചെവിപൊത്തി.

                           ഹെഡ്മാസ്റ്റർ ഞട്ടിയുണർന്നതോടെ ശബ്ദം നിലച്ചു; ചീവീടുകൾ അകത്തേക്ക് പറന്നുപോയി. മേശപ്പുറത്തുള്ള ആനക്കാൽ താഴ്ത്തി; മുൻ‌കാലുകൾ ഉയർത്തി തുമ്പിക്കൈ വീശി. ഇരിപ്പിടം വിട്ടുയർന്ന് വീണ്ടും ഇരുന്ന് അദ്ദേഹം കണ്ണുകൾ പതുക്കെ തുറന്നു. നോക്കിയപ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ രണ്ട് കുരങ്ങന്മാർ.
“റാസ്ക്കൽ‌സ് രണ്ടിനേം ഞാൻ ഡിസ്മിസ് ചെയ്യും.ഇതാ എന്റെ കാലിലെ ഷൂ കണ്ടോ; ഇരുപത്തി എട്ടായിയിരത്തി അഞ്ഞൂറിന്റേതാ, ഒരു ചവിട്ട് തന്നാലുണ്ടല്ലൊ,,”
                          നീലൻ കുരങ്ങൻ അന്ന് കണികണ്ടവനെ ശപിച്ചു; ഇവിടെ ഇങ്ങനെയൊക്കെയാണെന്ന്, അറിഞ്ഞെങ്കിൽ ഈ ചെറുക്കനെ പഠിക്കാനയക്കാതെ മരം‌ചാടി നടക്കാൻ വിട്ടാൽ മതിയായിരുന്നു.
“ഉം, എന്ത് വേണം? പറഞ്ഞ് തൊലക്കെടാ?”
ആനവായിൽ നിന്ന് ചോദ്യം പുറത്ത് വന്നു.
“സാർ, എന്റെ മോനെ ഇവിടെ ചേർക്കണം”
“ഓ ഇതാണോ കാര്യം? എത്ര പൈസ ഉണ്ട്? രണ്ട് മാസമായല്ലൊ സ്ക്കൂൾ തുറന്നിട്ട്? എന്നിട്ട് ഇപ്പോഴാണോ പഠിക്കാൻ തോന്നിയത്?”
“സാറെ അവൻ ഇത്രയും കാലം അമ്മയുടെ കാട്ടിലായിരുന്നു. ഇന്നലെയാ അവൻ തിരിച്ച് വന്നത്”
 “ആരെടാ അവിടെ? ആ അഡ്‌മിഷൻ രജിസ്റ്ററെടുക്ക്”

                         തുരപ്പൻ ഓടിവന്ന് അലമാരയുടെ മുകളിൽ കയറി ഏറ്റവും വലിയ പുസ്തകം എടുത്ത് താഴെയിറങ്ങി. ഹെഡ്മാസ്റ്ററുടെ മുന്നിൽ മേശപ്പുറത്ത് റജിസ്റ്ററിന്റെ അവസാന പേജ് തുറന്ന്‌വെച്ചു.
“കുട്ടിയുടെ പേര് പറയു” മഞ്ഞക്കൊമ്പൻ ഹെഡ്‌മാസ്റ്റർ എഴുതാൻ പേന തുറന്നശേഷം അവരോട് ചോദിച്ചു.
“സീരൻ കുരങ്ങൻ”
“അച്ഛന്റെ പേര്?”
“നീലൻ കുരങ്ങൻ”
“അമ്മയുടെ പേര്?”
“അമ്മയുടെ പേര്,,, അത് പിന്നെ,,, എടാ ചെക്കാ നീ നിന്റെ അമ്മയുടെ പേര് പറഞ്ഞുകൊടുക്ക്” തന്റെ ഭാര്യക്ക് ഒരു പേരുണ്ടെന്ന് നീലൻ ഇതുവരെ ഓർത്തിരുന്നില്ല.
“അത് പിന്നെ അച്ഛൻ വിളിക്കുന്ന പേരാണോ, അതോ ശരിക്കുള്ള പേരാണോ?” മകന് സംശയമായി.
“ഇവിടെ ശരിക്കുള്ള പേര് തന്നെ പറഞ്ഞാൽ മതി” ഹെഡ്മാസ്റ്റർ കല്പിച്ചു.
“വാനര സുന്ദരിയമ്മ”
                      അമ്മയുടെ പേര് മകൻ പറഞ്ഞതു കേട്ടപ്പോൾ നീലൻ വിശ്വാസം വരാതെ വാ പൊളിച്ച് ആശ്ചര്യത്തോടെ മകനെ നോക്കി. ഇത്രയും സുന്ദരമായ പേരുള്ളവളെയാണോ താൻ ‘തലതിരിഞ്ഞവളെ, എടി മുടിഞ്ഞവളേ’ എന്നൊക്കെ വിളിക്കുന്നത്!
“ഇവന്റെ ജനന തീയതി വേണം” ഹെഡ്മാസ്റ്റർ അടുത്ത വരി പൂരിപ്പിക്കാനായി ചോദിച്ചു.
“ഇവൻ ജനിച്ചത് ഫിബ്രവരി മുപ്പതാം തീയ്യതിയാണ് സാറെ”
“അപ്പോൾ ഇവനെ ഈ സ്ക്കൂളിൽ ചേർക്കാനാവില്ല. ഇവിടെ പഠിക്കുന്നവരെല്ലാം ഏപ്രിൽ ഒന്നാം തീയ്യതി ജനിച്ചവരാ” ഹെഡ്മാസ്റ്റർ പേന താഴെവെച്ചു.
“അത് ഇവൻ ഏപ്രിൽ ഒന്നിനുതന്നെ ജനിച്ചവനാ. ഫിബ്രവരിയിൽ പിറന്നത് എന്റെ ഇളയ മകളാണ്” നീലൻ പറഞ്ഞത്‌കേട്ട് ആനക്ക് വളരെ സന്തോഷമായി.
“എന്നാപിന്നെ ഇവിടെ അഡ്മിഷൻ നൽകാം. ശരി ഫീസ് എത്ര തരും?”
“എത്ര വേണം?”
“ഉള്ളത് മുഴുവനും”
നീലൻ പോക്കറ്റിൽ തപ്പിയപ്പോൾ കിട്ടിയ നൂറുരൂപ മേശപ്പുറത്ത് വെച്ചു. അത്‌കണ്ട് സീരന് സന്തോഷമായെങ്കിലും ഹെഡ്മാസ്റ്റർ പറഞ്ഞു,
“ഇത്രയെ ഉള്ളോ, ഇത്‌കൊണ്ട് പത്താം ക്ലാസ്സിൽ മാത്രമല്ലെ ചേർക്കാൻ പറ്റത്തുള്ളു. കൂടുതൽ പണം തന്നാൽ ഒന്നിലോ രണ്ടിലോ ചേർക്കാം”
“എന്റെ മകനെ പത്തിൽ ചേർത്താൽ മതി; ഒരു കൊല്ലമെങ്കിലും അവൻ പഠിക്കട്ടെ”
“അങ്ങനെയാണെങ്കിൽ അങ്ങനെ; രക്ഷിതാവ് ഇവിടെ പേരെഴുതി ഒപ്പിടൂ”
ഹെഡ്മാസ്റ്റർ കാണിച്ച സ്ഥാനത്ത് നീലൻ ഒപ്പിട്ടപ്പോൾ അദ്ദേഹം പ്യൂണിനെ വിളിച്ചു,
“ഡേയ് പ്യൂൺ പെരുച്ചാഴി; ഇവനെ പത്താം ക്ലാസ്സിൽ പൊണ്ടുപോയി ഇരുത്തിയാട്ടെ”
                       മകൻ പെരുച്ചാഴിയുടെ കൂടെ പോകുന്നത്, നീലൻ നോക്കി നിന്നു. അവർ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ അല്പം പ്രയാസത്തോടെ സ്ക്കൂളിന്റെ പടികളിറങ്ങി തോട്ടത്തിലൂടെ പുറത്തേക്ക് നടന്നു.

                           അങ്ങനെ നടക്കുമ്പോൾ പിന്നിൽ‌നിന്നും ആരോ നീലന്റെ കോളറിൽ പിടിച്ചു. പിടി വിടുവിക്കാൻ ശ്രമിച്ചപ്പോൾ ദേഹത്തിന്റെ പലഭാഗങ്ങളിലും ആരോ ചുറ്റിപ്പിടിക്കുന്നു.
“ആരെടായിത്?”
നീലൻ കൈവീശി തിരിഞ്ഞുനിന്നപ്പോൾ രണ്ട് കൈയും ചേർത്ത് മുറുകെ ചുറ്റിപ്പിടിച്ച അവനെ കണ്ടു; 
ഒരു ‘കള്ളിമുൾച്ചെടി’.
ഏറെ നേരം കുരങ്ങനും കള്ളിച്ചെടിയും തമ്മിൽ മൽ‌പ്പിടുത്തം നടന്നു. ഇതുകണ്ട് വാച്ച്മാൻ കൊമ്പൻ‌നായ ഓടി വന്ന് പരിഹാരം നിർദ്ദേശിച്ചു,
“ഹേ കിളവാ, അതിന് വല്ലതും കൊടുക്ക്,”
                       എല്ലാ പോക്കറ്റും സേർച്ച് ചെയ്തപ്പോൾ ഒളിപ്പിച്ച്‌വെച്ച ഒരു അൻപത് രൂപയുടെ നോട്ട് കിട്ടി. മനസ്സില്ലാമനസ്സോടെ അവനത് ചുരുട്ടിയിട്ട് കള്ളിച്ചെടിയുടെ ചുവട്ടിലുള്ള മാളത്തിൽ ഇട്ടു. അതോടെ മുള്ളുകൾ പിൻ‌വലിഞ്ഞ് സ്വാതന്ത്ര്യം കിട്ടിയ നീലൻ‌കുരങ്ങൻ, രക്ഷപ്പെട്ട് ഓടുമ്പോൾ വിളിച്ചുപറഞ്ഞു,
“ഈ വനമംഗലത്തെ സ്ക്കൂളിൽ പഠിക്കുന്ന പിള്ളേരുടെ കാര്യം കഷ്ടം‌തന്നെ”
{തുടരും}

Wednesday, November 3, 2010

വന വിദ്യാലയം, പാഠം 1 : മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ

ഞാൻ ചെമ്പരുന്ത്,
  അനന്തമായ ആകാശത്തിൽ ഒരു കാലത്ത് റാകിപ്പറന്ന ഒറിജിനൽ ചെമ്പരുന്ത്,
ഇപ്പോൾ തുരുമ്പ് പിടിച്ച് അഴികൾദ്രവിക്കാറായ കൂട്ടിലാണെങ്കിലും എന്റെ മനസ്സ് ബൂലോകം ചുറ്റുകയാണ്. എന്റെയും എന്റെ കൂട്ടുകാരുടെയും കഥകൾ നിങ്ങൾക്ക് കേൾക്കാം. എന്റെ കാടിന്റെ വിളി കേൾക്കാൻ വരിക,,, 
ഇനിയുള്ള നാളുകളിൽ ഈ ബൂലോകത്ത് ഞാൻ ഇടയ്ക്കിടെ വരും.

റാകിപ്പറക്കട്ടെ


പാഠം1: മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ

“സൂര്യനെക്കണ്ടു, ചന്ദ്രനെക്കണ്ടു,
താരങ്ങൾ തിങ്ങിയ ഗാലക്സി കണ്ടു”
“ശരി ഇനി താഴെയിറങ്ങാം; അങ്ങനെ പതുക്കെ, ശരി ശരി, ഉം കാല് നിലത്ത് മുട്ടിച്ചൊ; വെരിഗുഡ്, മിടുക്കി,,, ഇനി സ്ഥലത്ത് പോയിരുന്നോ”
നിലത്തിറങ്ങിയ ജയ ചിറകൊതുക്കി പിന്നെ തലയുയർത്തി കൂട്ടുകാരെ നോക്കി വലിയ അഹങ്കാരത്തോടെ പിൻ‌ബഞ്ചിൽ തന്റെ സ്ഥാനത്ത് പോയിരുന്നു.
                         കഴുകൻസാറിന്റെ ചൂരൽ‌പ്രയോഗത്തിന്റെ രുചിയറിയാത്ത ശരിക്കും മലർന്ന് പറക്കാൻ കഴിയുന്ന, ആ വിദ്യാലയത്തിലെ ഏക വിദ്യാർത്ഥിയാണ് ജയ ചെമ്പരുന്ത്. അതിലവൾക്ക് എന്തെന്നില്ലാത്ത അഭിമാനമാണ്.

                         കണ്ണട നേരെയാക്കിയ ശേഷം കഴുകൻ‌സാർ റജിസ്റ്റർ തുറന്ന് അടുത്ത പേരിനായി നോക്കി. ശിഷ്യഗണങ്ങൾ ഒരു നിമിഷം വീർപ്പടക്കി നിന്നു.
“നിമ്മിത്തത്ത”
പേര് വിളിച്ചത് കേട്ടപ്പോൾ നിമ്മി മാത്രമല്ല ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളും ഞെട്ടിവിറച്ചു. എല്ലാവരും മനസിലോർത്തു,
“പാവം’.

                        നിമ്മിക്ക് ചില പതിവുകളുണ്ട്. പേര് വിളിച്ചാലുടനെ ബെഞ്ചിനടിയിൽ താഴും. ആളെ കാണാതായാൽ സാറ് മേശപ്പുറത്ത് ചൂരൽ‌കൊണ്ട് അടിക്കുന്ന ശബ്ദം കേട്ട് ഞട്ടിയുയർന്ന് പറക്കും. അതോടെ എല്ലാം തെറ്റും. മലർന്ന് പറക്കേണ്ടതിനു പകരം അതിവേഗത്തിൽ കുത്തനെ പറക്കുന്ന അവൾ ചുമരിൽ തട്ടി താഴെവീഴും. അപ്പോൾ കിട്ടുന്ന അടി കാണാനാവാതെ സഹപാഠികൾ രണ്ട് കണ്ണും മുറുകെയടക്കും.
“ഠേ, ഠേ,,,”
പെട്ടെന്ന് നിമ്മിത്തത്ത ഞെട്ടിപ്പറന്നു. നാല് ചുമരുകളും ഓലമേഞ്ഞ മോന്തായവും ഉള്ള ക്ലാസ് മുറിയിൽ അവളെങ്ങനെ പറക്കാനാണ്?
                         തുറന്ന ആകാശത്തിൽ നേരാംവണ്ണം പറക്കാനാണെങ്കിൽ തത്തയെ ആർക്കും തോല്പിക്കാനാവില്ല. തല താഴെയാക്കി മണിക്കൂറുകൾ ആകാശത്ത് ചെലവഴിക്കാൻ അവൾക്ക് കഴിയും.
                         പെട്ടെന്ന് ഞെട്ടിപ്പറന്ന അവൾ മേൽക്കൂരയിൽ ഇടിച്ച് പമ്പരം പോലെ കറങ്ങിക്കറങ്ങി താഴോട്ട്, വാതിലും കടന്ന് ക്ലാസ്സിനു വെളിയിൽ പോയി വീണു.
അവൾ വീണതോ?
വാതിലിനു സമീപം പതുങ്ങിനിൽക്കുന്ന ഒരു കുട്ടിക്കുരങ്ങന്റെ തലയിൽ.
“അയ്യോ”
                        അവിചാരിതമായി തലയിലെന്തോ പതിച്ചപ്പോൾ കുട്ടിക്കുരങ്ങൻ പേടിച്ച് ഓടാൻ തുടങ്ങി. അതുകണ്ടപ്പോൾ അവനെ പിടിക്കാനായി ഒരു വലിയ കുരങ്ങനും പിന്നാലെ ഓടി. ഓടിയോടി സ്ക്കൂൾ മൈതാനത്തിന്റെ അറ്റത്തുള്ള വരിക്കപ്ലാവിന്റെ ഉച്ചിയിലുള്ള കൊമ്പിൽ കയറിയിരുന്ന് ചെറുക്കൻ താഴോട്ട് നോക്കി.
“എടാ കുരങ്ങാ നിന്നോട് താഴെയിറങ്ങാനാ പറഞ്ഞത്. നിന്റച്ഛനാ പറയുന്നത്; ഇറങ്ങെടാ താഴെ”
വലിയ കുരങ്ങൻ വിളിച്ച് പറയുന്നതോടോപ്പം കല്ലെടുത്ത് എറിയാനും തുടങ്ങി. എന്നാൽ സർക്കസിലെ കത്തിയേറ് പോലെ ഒന്നുപോലും ആ കുട്ടിക്കുരങ്ങന്റ്റെ ദേഹത്ത് കൊണ്ടില്ല.
“നീ താഴെ വരുന്നില്ലെങ്കിൽ ഞാനങ്ങോട്ട് കയറി വരും”
                       തന്തക്കുരങ്ങന്റെ ഭീഷണിയൊന്നും ഫലിക്കാതെ വന്നപ്പോൾ ഒടുവിൽ പറഞ്ഞത് പോലെ ചെയ്യേണ്ടി വന്നു. മരത്തിൽ വലിഞ്ഞ് കയറി ആ കുരുത്തം‌കെട്ട മകനെ താഴെയിറക്കി. അവൻ വീണ്ടും ഓടാതിരിക്കാനായി അവന്റെ രണ്ട് കൈകളും വാലും ചേർത്ത് മുറുകെ പിടിച്ചു.

                        നിലത്തിറങ്ങിയപ്പോഴാണ് ചുറ്റും നിൽക്കുന്നവരെ അവർ കണ്ടത്. കാക്ക, മൈന, വേഴാമ്പൽ തുടങ്ങി ആ സ്ക്കൂളിലെ പലതരം പക്ഷിവിദ്യാർത്ഥികൾ. അവരെ തള്ളിമാറ്റി കഴുകൻ സാർ ചൂരലുമായി മുന്നിൽ വന്നു,
“എല്ലാവരും പോയാട്ടെ; അടി തന്നാലുണ്ടല്ലൊ”
കഴുകൻ സാർ ചൂരൽ വീശിയപ്പോൾ ശിഷ്യന്മാർ അകന്നു പാറി.
“ഉം, എന്ത് പറ്റി? എന്ത് വേണം?”
“മാഷെ ഞാൻ സീരൻ കുരങ്ങനാ”
“അതെന്താ കുരങ്ങനെ കണ്ടാൽ‌പിന്നെ എനിക്കറിയില്ലെ?”
“ഇവനെന്റെ മകനാ നീലൻ; അവനെയൊന്ന് ഉസ്ക്കൂളിൽ ചേർക്കണം”
“റാസ്ക്കൽ ഉസ്ക്കൂളല്ല, സ്ക്കൂളെന്ന് പറയണം. താൻ ഞങ്ങളെയെല്ലാം പേടിപ്പിച്ചല്ലൊ. ഞാൻ ഈ സ്ക്കൂളിലെ എഫ്.ടി.ടി. നുവാട്ട്സൺ കഴുകൻ. ഇപ്പോൾ ഇവന്മാരെ മലർന്ന് പറക്കാൻ പഠിപ്പിക്കയാ. അമേരിക്കയിലെ ഒബാമയിലുള്ള ബിൻ‌ലാദൻ യൂനിവേർസിറ്റിയിൽ നിന്നാണ് ഞാൻ പറക്കാൻ പഠിച്ചത്. അവിടെവെച്ച് ഞാനെഴുതിയ പാമ്പുകൾക്ക് പറക്കാനാവില്ല എന്ന എന്റെ ഗവേഷണ പുസ്തകം താങ്കൾ വായിക്കണം.അതിന്റെ ഒരു കോപ്പി ഞാൻ തരാം; വില അഞ്ഞൂറ് പിന്നെ തന്നാൽ മതി”
“ഇപ്പൊ ഇവനെ ഉസ്ക്കൂളിൽ ചേർക്കണല്ലോ, മാഷെ”
“ഉസ്ക്കൂളെല്ലടാ റാസ്ക്കൽ സ്ക്കൂൾ, മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ. ഹേ ഒരുത്തനിങ്ങു വാ
പെട്ടെന്ന് പക്ഷികളെല്ലാം ഒന്നിച്ച് പറന്ന് വന്നു.
“റാസ്ക്കൽ‌സ് ഒരാൾ വരാൻ പറഞ്ഞാൽ
                       വന്നതുപോലെ എല്ലാവരും തിരിച്ചു പറന്നു; സൂത്രൻ കാക്ക ഒഴികെ,,,. അവന് കഴുകൻ സാറിനെ ഭയമില്ല. കാരണം, അവന്റെ കുടുംബത്തിൽ‌പ്പെട്ടവരെല്ലാം വർഷങ്ങളായി കഴുകൻ സാറിന്റെ വീട്ടിലെ വേലക്കാരാണ്.
“സൂത്രൻ നീ ഇവരെ ഓഫീസിൽ ഹെഡ്മാസ്റ്റരുടെ സമീപം എത്തിക്കണം”
                       
                       സൂത്രനുണ്ടായ സന്തോഷം! അവൻ പതുക്കെ മുന്നോട്ട് പറന്നു. തന്തക്കുരങ്ങനും കുട്ടിക്കുരങ്ങനും അവന്റെ പിന്നാലെ ഓടി. സൂത്രൻ സൂത്രത്തിൽ സ്ക്കൂളിനു പിൻ‌വശത്ത് കൂടി നടന്ന് നടന്ന് ഒടുവിൽ ഐസ്ക്രീം വിൽക്കുന്ന ലോലൻ പന്നിയുടെ പെട്ടിക്കടയെ സ്മീപിച്ച് മൂന്ന് ഐസ്ക്രീം ബാർ വാങ്ങി. അവർ മൂന്ന്‌പേർക്ക് കൂടി വാങ്ങിയതാണെങ്കിലും മൂന്നും തിന്നത് സൂത്രൻ തന്നെ.
തിരിച്ച് പോകാൻ നേരത്ത് പന്നി പറഞ്ഞു,
“പൈസ തരണം”
“പുതിയതായി സ്ക്കൂളിൽ വരുന്നവർ പൈസ കൊടുക്കണം”
സൂത്രൻ പറഞ്ഞത് കേട്ട് സീരൻ നൂറ് രൂപയുടെ പുതുപുത്തൻ നോട്ട് പന്നിക്ക് നൽകി,
“ബാക്കി പൈസ?”
“ബാക്കിയോ? ഇവിടെ ബാക്കി പൈസ കൊടുക്കുന്ന പരിപാടി ഇല്ല”
പന്നി അച്ഛനെയും മകനെയും കളിയാക്കി.
                           പിന്നെ അവർ മൂവരും നേരെ പോയത് സൂത്രന്റെ ബന്ധുവായ അവറാൻ കാക്കയുടെ ചായക്കടയിലാണ്. ചായയും ചപ്പാത്തിയും ചിക്കൻ കറിയും സൂത്രൻ കഴിച്ചപ്പോൾ കുരങ്ങന്മാർ രണ്ടും ഓരോ കട്ടൻ ചായ വീതം കഴിച്ചു.
സീരന്റെ പോക്കറ്റ് പതുക്കെ കാലിയാവാൻ തുടങ്ങി.
                           സ്ക്കൂൾ ചുറ്റി വരുന്നവഴിയിൽ ചീനച്ചട്ടിയിൽ മുട്ടിയും തട്ടിയും നിലക്കടല വറുത്തുകൊണ്ടിരിക്കുന്ന ശ്രീമതി ആനിയമ്മ പോത്തിനെ സമീപിച്ച് ഒരു കെട്ട് ചൂടുള്ള കടലാവാങ്ങി ഓരോന്നായി കൊറിച്ച്‌കൊണ്ട് സൂത്രൻ സ്ക്കൂൾ ഓഫീസിനു മുന്നിലെത്തി. സീരന്റെ പോക്കറ്റിന്റെ കനം കുറഞ്ഞെങ്കിലും സൂത്രന്റെ വയറും പോക്കറ്റും ഭക്ഷ്യവസ്തുക്കൾ കൊണ്ട് നിറഞ്ഞു.
“ഇതാ ഇവിടെയാണ് ഓഫീസ് മുറി, ഈ ചെറിയ വാതിലിലൂടെ നിങ്ങൾക്ക് അകത്ത് കടക്കാം. ആ വലിയ വാതിൽ ഹെഡ്‌മാസ്റ്റർക്ക് മാത്രമായിട്ടുള്ളതാണ്”
സൂത്രൻ അതും പറഞ്ഞ് പെട്ടെന്ന് പറന്ന് പോയി.

നീലൻ ഓഫീസിനു മുകളിൽ തൂങ്ങിയ ബോർഡ് വായിച്ചു;
“മഞ്ഞക്കൊമ്പൻ ആന
ഹെഡ്മാസ്റ്റർ
മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ
വനമംഗലം”
(ശേഷം ഭാഗങ്ങൾ അടുത്ത പോസ്റ്റിൽ തുടരും)