വനമംഗലം, മാക്രി മെമ്മോറിയൽ സ്ക്കൂളിലെ വിദ്യാർത്ഥികൾ പഠനയാത്രക്ക് പോകാൻ തീരുമാനിച്ചതു മുതൽ വിദ്യാർത്ഥികൾക്കെല്ലാം ‘ആ ഒരു കാര്യം’ മാത്രമാണ് ചോദിക്കാനും പറയാനും ഉള്ളത്. രാവിലെ തന്നെ റിനു മുയലിനെ കണ്ടപ്പോൾ സീരൻ കുരങ്ങൻ ആദ്യമായി ചോദിച്ചതും അക്കാര്യം തന്നെയാണ്,
“ഏയ്, റിനു നിനക്ക് പഠനയാത്രക്ക് പോകാൻ പണം കിട്ടിയോ?”
“ങ, കിട്ടി”
റിനു അല്പം പരുങ്ങലോടെ പറഞ്ഞു,
ഇന്നലെരാത്രിയിലത്തെ കാര്യം ഓർക്കുമ്പോൾ അവനാകെ ഒരു ചമ്മൽ, റിനുവിന്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരമളി പറ്റുന്നത്; തീരെ വിലയില്ലാത്ത വെറുമൊരു പൂജ്യം വരുത്തിവെച്ച വിന,,,
സ്ക്കൂളിൽ നിന്ന് പഠനയാത്രക്ക് പോകാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ100രൂപ കൊണ്ടുവരണമെന്നാണ് അദ്ധ്യാപകൻ അറിയിച്ചത്. പണക്കാരനായ റിനു, പണക്കാരനായ അച്ഛന്റെ മകൻ; സ്ക്കൂളിൽ നിന്ന് ഒരു യാത്ര പോകുമ്പോൾ അവന് പോക്കറ്റ്‌മണി കൂടി വേണ്ടെ? രാത്രിയായ നേരത്ത് അവൻ പിതാവിനെ സമീപിച്ചു,
“അച്ഛാ”
“എന്താടാ?”
“എനിക്ക് പഠനയാത്രക്ക് പോകണം?”
“അതിന് പോയിക്കോ”
“കുട്ടികളെല്ലാം കാഴ്ചബംഗ്ലാവിലും കടപ്പുറത്തും പട്ടണത്തിലും പോകുന്നുണ്ട്”
“അതിന് നിന്നോട് പോകാനല്ലെ പറഞ്ഞത്”
“പോകാൻ കാശ് വേണം, സ്പെഷ്യൽ ബസ്സിലാ പോകുന്നത്”
“എത്രയാ വേണ്ടത്?”
“1000രൂപ വേണംന്നാ മാഷ് പറഞ്ഞത്”
“ങെ ആയിരമോ?”
ഇഷ്ടം പോലെ പണമുള്ള, നാട്ടിലെ ഏറ്റവും വലിയ പിശുക്കനായ ഡോലൻ മുയലിന് വിശ്വസിക്കാനാവാത്ത സംഖ്യ ആയതിനാൽ ഉടനെ ഹെഡ്‌മാസ്റ്റർക്ക് ഫോൺ ചെയ്തു. അപ്പോഴാണ് തന്റെ ഓമനപുത്രന്റെ തട്ടിപ്പ് പുറത്തായത്; സ്ക്കൂളിലെ നൂറ്, വീട്ടിലെത്തിയാൽ ആയിരം. അച്ഛൻ വടിയെടുത്ത് മകനെ അടി തുടങ്ങി,
“അയ്യോ അച്ഛാ, അത് മാഷ് പൂജ്യത്തിന് വിലയില്ലെന്നാ പറയാറ്,,, അതുകൊണ്ട് നൂറിന്റെ കൂടെ വിലയില്ലാത്ത ഒരു പൂജ്യം ഞാൻ ചേർത്തതാ”
പെട്ടെന്ന് അടിനിർത്തിയ അച്ഛൻമുയൽ മേശതുറന്ന് പണം കൊടുത്തു. അവൻ നോക്കിയപ്പോൾ,,, ഒരു രൂപ.
“ഇതുകൊണ്ടെങ്ങനെയാ യാത്ര പോവുക?”
“പോകണം; പൂജ്യത്തിന് വിലയില്ലെന്നല്ലെ മാഷ് പറഞ്ഞത്. നിനക്ക് ഒരു പൂജ്യത്തിന് വിലയില്ലാതായപ്പോൾ എനിക്ക് രണ്ട് പൂജ്യത്തിന് വിലയില്ലാതായി”
എന്നിട്ടും പിറ്റേന്ന് രാവിലെ സ്ക്കൂളിലേക്ക് പുറപ്പെടാൻ നേരത്ത് അവന് പണം മുഴുവനായി കിട്ടി; അതിനായി അമ്മയുടെ സമ്പാദ്യപ്പെട്ടി തുറക്കേണ്ടിവന്നു, എന്ന് മാത്രം.
എല്ലാ വിദ്യാർത്ഥികളും യാത്രക്ക് തയ്യാറായി അതിരാവിലെ എത്തിയിട്ടുണ്ട്, അതുപോലെ അദ്ധ്യാപകരും. നേരത്തെ വന്നവരുടെ കൂട്ടത്തിൽ എല്ലാവരെയും ആശ്ചര്യപ്പെടുത്തിയത് രണ്ട്‌പേരാണ്; ഒരാൾ രാജിരാജ് കലമാൻ തന്നെ. എന്നും വൈകിമാത്രം സ്ക്കൂളിൽ വരുന്ന ടീച്ചർ ഇന്ന് പുലർച്ചെതന്നെ ഹാജരായിട്ടുണ്ട്. രണ്ടാം കക്ഷി പുള്ളിമൂങ്ങ ടീച്ചർ; സ്ക്കൂളിൽ ചേർന്ന ദിവസം, ആദ്യമായി ക്ലാസ്സിൽ പഠിപ്പിക്കാൻ പോയപ്പോൾ ഉണ്ടായ അപകടത്തിനു ശേഷം ടിച്ചർ ഇതുവരെ ഒരു ക്ലാസ്സിലും പോയിട്ടില്ല. എന്നും രാവിലെ സ്ക്കൂളിൽ വരും, ഒപ്പ്‌പട്ടികയിൽ ഒപ്പ് ചാർത്തിയശേഷം ഓഫീസ്‌മുറിയുടെ ഒരു മൂലയിൽ ഇരുന്ന് ഉറങ്ങും. വൈകുന്നേരം മണിയടിച്ച് സ്ക്കൂൾ പൂട്ടാറാകുമ്പോൾ വീട്ടിലേക്ക് പറന്ന്‌പോകും. ‘ടീച്ചർ പഠിപ്പിച്ചില്ലെങ്കിലും കുട്ടികൾക്ക് അപകടം വരാതിരിക്കട്ടെ’ എന്ന ആശ്വാസമാണ് മറ്റുള്ള അദ്ധ്യാപകർക്ക്. അങ്ങനെയുള്ള പകൽവെളിച്ചത്തിൽ ഒന്നും കാണാനാവാത്ത പുള്ളിമൂങ്ങയും പഠനയാത്രക്ക് എല്ലവരെക്കാളും മുന്നിൽ എത്തിച്ചേർന്നിട്ടുണ്ട്.
റിനു മുയൽ തന്റെ മുറിഞ്ഞ മൂക്ക് തടവാൻ തുടങ്ങി, അത് അവനിപ്പോൾ അത് പതിവാക്കിയിരിക്കയാണ്. മൂങ്ങമ്മടീച്ചറെ കാണുമ്പോഴെല്ലാം അവൻ മൂക്ക് തടവും, എന്നിട്ട് മനസ്സിൽ പറയും ‘തന്റെ സുന്ദരൻ മൂക്ക് കൊത്തിപ്പൊട്ടിച്ച ദുഷ്ടയായ ടീച്ചർ’
“ബസ് വന്നു,,, ബസ് വന്നൂ,,,”
വിദ്യാർത്ഥികളെല്ലാം ഒന്നിച്ച് കൂവി.
ചുവന്ന നിറമുള്ള ചന്തമുള്ള ബസ്സ് പതുക്കെ പതുക്കെ സ്ക്കൂൾ ഗെയ്റ്റ് കടന്ന് മുന്നിലുള്ള ഗ്രൌണ്ടിൽ നിർത്തി. ‘വനമംഗലം’ കാട്ടിൽനിന്നും പട്ടണത്തിലേക്ക് പോകുന്ന ഒരേയൊരു ബസ്സാണത്,,, ‘കാനന ട്രാവത്സ്’
ബസ്സ് നിർത്തിയതോടെ കുട്ടികൾ അതിനുനേരെ ഓടാൻ തുടങ്ങി, ആദ്യം കയറിയവർക്ക് ആദ്യംതന്നെ നല്ല ഇരിപ്പിടം ലഭിക്കുമെന്ന മോഹമാണ് എല്ലാവർക്കും. അങ്ങനെ വിദ്യാർത്ഥികൾ ഓടാൻ തുടങ്ങിയപ്പോൾ അവരെ തോല്പിച്ച് അദ്ധ്യാപകരും ഓടി; എങ്കിലും അവർക്കൊന്നും ബസ്സിൽ കയറാനായില്ല.
ബസ്സ് നിറഞ്ഞപ്പോൾ എല്ലാ അദ്ധ്യാപകരും പുറത്ത്,,,
ഒപ്പം ഡ്രൈവറും കണ്ടക്റ്ററും കിളിയും ഉണ്ട്.
ഡ്രൈവർ പാണ്ടനാമ തന്റെ സ്വന്തം സീറ്റിൽ കയറിയിരുന്നു. അതറിഞ്ഞ ചിലപ്പൻ കിളി പിൻവാതിൽ തുറന്ന് അകത്ത് കടന്ന് കുട്ടികളെ മുന്നോട്ട് തള്ളിയ നേരത്ത്, കണ്ടക്റ്റർ തടിയൻ പാണ്ട മുൻവാതിലിലൂടെ കടന്ന് അവരെ പിന്നോട്ടും തള്ളി. അങ്ങനെയുണ്ടായ ഒഴിവുകളിലേക്ക് ഓരോ അദ്ധ്യാപകരെയും തിരുകിക്കയറ്റി.
ഒടുവിൽ വിയർപ്പിൽ കുളിച്ച കിളി പുറത്തിറങ്ങിയപ്പോൾ അവനാകെ പരുങ്ങലിലായി,,,
സ്ക്കൂളിന്റെ ഹെഡ്‌മാസ്റ്ററായ മഞ്ഞക്കൊമ്പനാന മാത്രം പുറത്ത്!
അദ്ദേഹത്തെ അകത്തു കയറ്റുന്നതെങ്ങനെ?
കയറ്റിയാൽതന്നെ ബസ്സ് പോകുന്നതെങ്ങനെ?
സ്ക്കൂളിന്റെ ഹെഡ്‌മാസ്റ്ററായ മഞ്ഞക്കൊമ്പനാന മാത്രം പുറത്ത്!
അദ്ദേഹത്തെ അകത്തു കയറ്റുന്നതെങ്ങനെ?
കയറ്റിയാൽതന്നെ ബസ്സ് പോകുന്നതെങ്ങനെ?
ധൈര്യം വിടാത്ത കിളി ഹെഡ്‌മാഷെ സമീപിച്ചു,
“സർ, ഈ ബസ്സിൽ പരമാവധി കയറാവുന്നവരെ കയറ്റിയിട്ടുണ്ട്. പിന്നെ ബസ്സിന്റെ പിന്നിലെ ഒരു ടയറിലെ കാറ്റ് കുറേശ്ശെ പോകുന്നുണ്ട്. ഇനി ഒരാളെക്കൂടി കയറ്റിയാൽ ബാക്കിയുള്ള അഞ്ച് ടയറിന്റെയും കാറ്റ് പോകും. സാറ് ഇനി അടുത്ത ബസ്സിനോ ഓട്ടോ പിടിച്ചോ വന്നാൽ നന്നായിരിക്കും”
ഹെഡ്‌മാസ്റ്റർ ബസ്സിനുചുറ്റും നടക്കാൻ തുടങ്ങിയപ്പോൾ അദ്ധ്യാപകരും വിദ്യാർത്ഥികളും ശ്വാസംവിടാതെ അദ്ദേഹത്തെ നോക്കി. അപ്പോഴേക്കും കിളിയുടെ സമീപത്ത്, പ്യൂൺ തുരപ്പൻ പെരിച്ചാഴിയെ കണ്ടപ്പോൾ ഹെഡ്‌മാസ്റ്ററുടെ കണ്ണുകൾ തിളങ്ങി,
“ഡേയ്, തൊരപ്പാ,,, താനിങ്ങോട്ട് ഇറങ്ങിനിൽക്ക്, ആസ്ഥലത്ത് ഞാൻ കയറാം. ഹെഡ്‌മാസ്റ്ററായ ഞാനില്ലാതെ ബസ്സ് പോകുന്നതെങ്ങനെയാ?”
ഇത് കേട്ടപ്പോൾ തൊരപ്പനും കിളിയും ഒന്നിച്ച് ഞെട്ടി. പെരിച്ചാഴി നിന്ന സ്ഥലത്ത് ആനയെ നിർത്തുക!!!
“സർ എന്റെ മോൻ ഈ ബസ്സിലുണ്ട്. മഹാ വികൃതിയാ, ഞാനില്ലെങ്കിൽ അവൻ മറ്റ് കുട്ടികളെ മാന്തും”
തുരപ്പന്റെ വാക്കുകൾ കേട്ടപ്പോൾ അവനെ ഡിസ്‌മിസ് ചെയ്യുമെന്ന് പറയാൻ തോന്നിയെങ്കിലും പറഞ്ഞില്ല. തന്റെ സഹപ്രവർത്തകർ ആരെങ്കിലും ഇറങ്ങിയിട്ട് ‘ഹെഡ്മാസ്റ്റർ ബസ്സിലേക്ക് കയറിക്കോ’ എന്ന് പറയുമെന്ന് പ്രതീക്ഷിച്ച്, അല്പനേരം കാത്തിരുന്നിട്ടും ആരും താഴോട്ട് ഇറങ്ങാത്തപ്പോൾ അദ്ദേഹത്തിന് നിരാശതോന്നി. തുടർന്ന് കിളിയെ നോക്കി പറഞ്ഞു,
“എനിക്ക് മറ്റൊരു ദിവസം പോയാൽ മതി, അല്ലെങ്കിൽതന്നെ കടപ്പുറത്തും കാഴ്ചബംഗ്ലാവിലും എന്തോന്ന് കാണാനാണ്?”
അത്രയും കേട്ട കിളി ആശ്വാസംകൊണ്ട് നെടുവീർപ്പിട്ടുകൊണ്ട് പിൻവാതിൽ പിടിച്ചുതൂങ്ങി ചൂളം വിളിച്ചു. അത്‌കേട്ടപ്പോൾ ഡ്രൈവർ പാണ്ടനാമ ബസ്സ് സ്റ്റാർട്ട് ചെയ്യാൻ നേരത്ത് മഞ്ഞക്കൊമ്പനാന ബസ്സിന്റെ മുന്നിലെഴുതിയ വലിയ ബാനർ വായിച്ചു,
“പഠനയാത്ര
മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ
വനമംഗലം”
ബസ്സ് കണ്ണിൽനിന്ന് മറയുന്നതുവരെ അദ്ദേഹം ആ വഴിയെ നോക്കി നിന്നു, പിന്നെ തിരിച്ചുനടന്ന് ഓഫീസ് മുറിയിലെത്തി സ്വന്തം ഇരിപ്പിടത്തിലിരുന്ന് ഉറങ്ങാൻ തുടങ്ങി. ആ ഉറക്കത്തിലും അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു,
“ഡിസ്മിസ്, ഡിസ്മിസ്, എല്ലാറ്റിനെയും ഞാൻ ഡിസ്മിസ് ചെയ്യും”
ഹെഡ്മാസ്റ്ററെ കൂടാതെ മറ്റൊരാളും വിദ്യാർത്ഥികളുടെ യാത്ര നോക്കിനിൽക്കുന്നുണ്ടായിരുന്നു,,,
സീരൻ കുരങ്ങൻ..
അവന് യാത്രക്ക് പോകാനുള്ള പണം കിട്ടിയില്ല,,, പിന്നെങ്ങനെ പോകും???
പലരോടും കടം ചോദിച്ചു,,, ആരും കൊടുത്തില്ല.
അദ്ധ്യാപകർ ആരെങ്കിലും വിളിക്കുമോ എന്ന് പ്രതീക്ഷിച്ചു,,, ആരും വിളിച്ചില്ല.
ഒടുവിൽ,,, ഒടുവിൽ എല്ലാവരെയും കയറ്റിയ ബസ്സ് കണ്ണിൽനിന്ന് മറഞ്ഞപ്പോൾ പൂന്തോട്ടത്തിലെ ചെമ്പകമരത്തിൽ കയറിയിരുന്ന് ഏതാനും നിമിഷം കരഞ്ഞു.
അല്പസമയം കഴിഞ്ഞപ്പോൾ സീരൻ ഞെട്ടിയെഴുന്നേറ്റു,,, യുറേക്കാ,,,, അവനൊരു സൂത്രം കണ്ടെത്തി. അതുവരെ ഇരുന്ന ചെമ്പക മരത്തിൽനിന്ന് സീരൻ നേരെ അത്തിമരത്തിലേക്ക് ചാടി. അതിൽനിന്നും അടുത്ത പ്ലാവിലേക്ക്,,, അങ്ങനെ ബസ്സിന്റെ ടയറിന്റെ പാട്‌നോക്കി റോഡരികിലെ മരങ്ങളുടെ മുകളിലൂടെ വളരെ വേഗത്തിൽ സീരൻ കുരങ്ങൻ മുന്നോട്ട് സഞ്ചരിക്കാൻ തുടങ്ങി.
(തുടരും)