എൻ്റെ ആദ്യത്തെ നോവൽ പിറന്നത് ഇവിടെ എഴുതിയിട്ടാണ്. എഴുത്തിൻ്റെ വഴിയിൽ ഇപ്പോഴും സഞ്ചരിക്കുന്നു. കഥകളുമായി എന്നും എപ്പോഴും ഇതുവഴി സഞ്ചരിക്കുന്നതിൽ ആണ് എനിക്ക് ഇഷ്ടം.
കെ.എസ് മിനി
എൻ്റെ ആദ്യത്തെ നോവൽ പിറന്നത് ഇവിടെ എഴുതിയിട്ടാണ്. എഴുത്തിൻ്റെ വഴിയിൽ ഇപ്പോഴും സഞ്ചരിക്കുന്നു. കഥകളുമായി എന്നും എപ്പോഴും ഇതുവഴി സഞ്ചരിക്കുന്നതിൽ ആണ് എനിക്ക് ഇഷ്ടം.
കെ.എസ് മിനി
ഉറക്കം വരാനുള്ള ഒറ്റമൂലി
തിരക്കുപിടിച്ച
മൂന്ന് ദിവസങ്ങൾക്കുശേഷം ഞായറാഴ്ച രാത്രിയാണ് കമ്പ്യൂട്ടർ തുറക്കാനായത്.
വീട്ടുജോലിയുടെ ഇടവേളകളിൽ മൊബൈൽ തുറന്ന് മെയിലുകളും പോസ്റ്റുകളും
വായിക്കാറുണ്ടെങ്കിലും അടുത്ത ബന്ധുവിന്റെ വിവാഹം ആയതിനാൽ ഇന്റർനെറ്റിന്
മൂന്നുദിവസം അവധി കൊടുത്തു. മെസേജ് ബോക്സ് നിറയെ രജനിയുടെ പരിഭവങ്ങളും മാപ്പ്
പറയലും നിറഞ്ഞിരിക്കുന്നു. എഴുതുന്നതെല്ലാം അനാവശ്യങ്ങളും തോന്ന്യവാസങ്ങളും
ആയതുകൊണ്ട് ഞാനവളെ ഒഴിവാക്കി എന്നാണ് കക്ഷി വിശ്വസിച്ചത്. ഒടുവിലൊരു അപേക്ഷയും,
“ചേച്ചി
എന്നെ അൺഫ്രന്റ് ചെയ്യല്ലേ,, മനസ് തുറന്ന് പറയൻ എനിക്ക് ചേച്ചി മാത്രമേയുള്ളൂ.
ചേച്ചിക്ക് ഇഷ്ടമല്ലെങ്കിൽ ഇനിയങ്ങോട്ട് സെക്സ് കാര്യങ്ങളോന്നും എഴുതുകയില്ല”
ഞാൻ
ചിന്തിക്കാൻ തുടങ്ങി;
അവളെന്തിന്
എഴുതാതിരിക്കണം;
അവളും പെണ്ണ് ഞാനും പെണ്ണ്, പെണ്ണിന്റെ
വിഷമം ശരിക്കും അറിയാനാവുന്നത് മറ്റൊരു പെണ്ണിനല്ലേ,, അപ്പോൾ രജനിയുടെ മനസ്സിലെ
പ്രയാസങ്ങളെല്ലാം എന്നോട് തുറന്നുപറയുന്നതിൽ ഒരു തെറ്റും ഇല്ല. ഞാനൊരു ശ്രോതാവ് ആയാൽ
പോരെ? അവൾ പറയുന്ന അനുഭവങ്ങൾ എനിക്ക് അജ്ഞാതമാണ്. ശാരീരികവും മാനസീകവുമായി
ലൈംഗികതക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു സ്ത്രീ. അവളുടെ പോക്ക് അപകടത്തിലാണെങ്കിൽ
ഉപദേശിച്ച് നന്നാക്കുകയല്ലേ വേണ്ടത്. ആയിരക്കണക്കിന് കുട്ടികളെ പഠിപ്പിച്ച ടീച്ചർ
അങ്ങനെയല്ലേ ചെയ്യേണ്ടത്;
അവൾ
പറയട്ടെ,, പറഞ്ഞ് പറഞ്ഞ് മനസ്സിന്റെ ഭാരം തീരട്ടെ, ഞാൻ എഴുതി,
“രജനി
എന്റെ ഫ്രന്റാണ്, എന്നോട് എന്തും പറയാം. പക്ഷെ നമ്മൾ സ്ത്രികൾ ശ്രദ്ധിച്ചും
സൂക്ഷിച്ചും ജീവിക്കണം. സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയോ വരുമാന മാർഗ്ഗമോ
ഇല്ലാത്ത അവസ്ഥയിൽ രജനി ഭർത്താവിനോടും വീട്ടുകാരോടും സ്നേഹവും വിശ്വാസവും പുലർത്തണം”
ഏതാനും
വാക്കുകൾ പൂർത്തിയാക്കുമ്പോൾ രജനി ഓൺലൈനിൽ വന്നു. ഉടനെ എഴുതി,
“ചേച്ചീ
മൂന്ന് ദിവസം കണ്ടില്ലല്ലോ, എന്തുപറ്റി?”
“അല്പം
തിരക്ക് ഉണ്ടായിരുന്നു, ബന്ധുവിന്റെ വിവാഹം”
“ഞാൻ
വിചാരിച്ചു ചേച്ചിക്ക് എന്നോട് വെറുപ്പാണെന്ന്. ഇപ്പോൾ ആശ്വാസമായി”
“എന്തിനാ
വെറുക്കുന്നത്? ഇപ്പോൾ കാണാനായല്ലോ”
“ഞാൻ
എഴുതിയതൊക്കെ ഓവറായിപ്പോയോ?”
“സ്വന്തം
അനുഭവമല്ലേ, അല്പം ശ്രദ്ധിക്കുക. സ്ത്രീകളാവുമ്പോൾ നഷ്ടപ്പെടാൻ ധാരാളം ഉണ്ട്”
“അതെന്താ
പെണ്ണിനുമാത്രം നഷ്ടപ്പെടാൻ? പുരുഷന്മാർക്ക് നഷ്ടമില്ലേ?”
“നഷ്ടത്തെ
കുറിച്ച് പറഞ്ഞത് രജനിയുടെ കാര്യമാണ്. ഒരു ജോലിയോ വരുമാനസ്രോതസോ ഇല്ലാത്ത രജനിക്ക്
ഒറ്റക്ക് ജീവിക്കാനാവില്ല എന്ന് ഓർമ്മവേണം. മകനെയും ഓർക്കണം”
“അതെല്ലാം
എനിക്കറിയാം ചേച്ചി. ഈ വീട്ടിന്ന് ഇറങ്ങിയാൽ എനിക്ക് പോകാൻ മറ്റൊരിടവും ഇല്ല”
“രജനിയുടെ
മാതാപിതാക്കൾ”
“അവരൊക്കെ
എന്നെ ഒഴിവാക്കിയതാണ്. സാമ്പത്തികമായി ഉയർന്ന കുടുംബമാണ്. നൂറ് പവനും പത്ത് ലക്ഷം
രൂപയും കൊണ്ടാണ് പത്ത് കൊല്ലം മുൻപ് ഞാനിവിടെ വന്നത്. അതിനുശേഷം ഓരോ ആവശ്യം പറഞ്ഞ്
ധാരാളം പണം വീട്ടുകാരിൽനിന്നും വാങ്ങി. എല്ലാം കിട്ടിയപ്പോൾ ചേട്ടൻ അവരുമായി
വഴക്കിട്ട് പിരിഞ്ഞു. ‘മരിച്ചാൽ പോലും കാണാൻ വരണ്ട’ എന്ന് അച്ഛൻ പറഞ്ഞത്”
“അതിനുമാത്രം
എന്തുണ്ടായി?”
“അങ്ങേർക്ക്
സംശയമാണ്, ഞാനെന്റെ സ്വന്തം ചേട്ടനോട് മിണ്ടിയാൽപോലും സംശയം”
“അങ്ങിനെയുള്ളവർക്ക്
നല്ലൊരു കൌൺസിലിംഗ് നടത്തിയാൽ മതി”
“നല്ല
കാര്യം,, അതെങ്ങാനും പറഞ്ഞാൽ ആ നിമിഷം എന്നെ കൊല്ലും. വിനിചേട്ടന്റെ വീട്ടുകാർ നല്ലവരാണെങ്കിലും
ആണുങ്ങൾ ആരെങ്കിലും ഇവിടെ വന്നാൽ വഴക്കുപറയും. അതുകൊണ്ട് ചെറിയ നാത്തൂൻ മാത്രമേ
ഇവിടെ വരാറുള്ളൂ”
“അപ്പോൾ
കാര്യങ്ങളൊക്കെ രജനിക്ക് അറിയാമല്ലോ”
“ചേച്ചിയോട്
കൂടുതൽ പറയാൻ തോന്നുന്നു. മനുഷ്യന് ഉണ്ടും ഉറങ്ങിയും നേരം കഴിച്ചാൽ മതിയോ?”
“ഉണ്ണാനില്ലാത്തവർക്ക്
അതായിരിക്കും പ്രധാനകാര്യം. ഉണ്ടുനിറഞ്ഞവർ മറ്റുള്ള കാര്യങ്ങളെക്കുറിച്ച്
ചിന്തിക്കാൻ തുടങ്ങും”
“വിശപ്പ്
ശരീരത്തിന് മാത്രമല്ല ചേച്ചി, മനസ്സിനും വിശപ്പുണ്ട്. ലൈംഗികമായ വിശപ്പ്”
“തെറ്റാണെന്ന്
തോന്നുന്ന മാനസീക വികാരങ്ങളെകുറിച്ച് ചിന്തിക്കാതിരിക്കുക”
“അതിനെന്റെ
ശരീരവും മനസ്സും അനുവദിക്കുന്നില്ല”
“മനസ്സിന്റെ
ചാപല്യങ്ങൾ നിയന്ത്രിക്കാനാവില്ലെങ്കിൽ മറ്റു കാര്യങ്ങളിലേക്ക് ചിന്തയും
പ്രവർത്തിയും ഡൈവേർട്ട് ചെയ്യുക. രജനിക്ക് ചെയ്യാൻ ജോലിയൊന്നും ഇല്ലാത്തതുകൊണ്ടാണ്
ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്”
“ചേച്ചി
വെറുതേയിരിക്കുമ്പോൾ ഇതുപോലെ ചിന്തിക്കാറുണ്ടോ?”
“എനിക്ക്
വെറുതേയിരിക്കാൻ ഇതുവരെ സമയം കിട്ടിയിട്ടില്ല. ഉറക്കത്തിൽ പോലും ചിന്തിക്കാൻ
മാത്രം ജീവിതപ്രശ്നങ്ങൾ എല്ലാ കാലത്തും ഉണ്ടായിരുന്നു. എന്റെ വീട്ടുകാരുടെ കാര്യം,
ഭർത്താവിന്റെ കാര്യം, മക്കളുടെ കാര്യം, പിന്നെ ടിച്ചറായിരിക്കെ സ്ക്കൂൾ കുട്ടികൾ
എന്നിവ; അതിനിടയിൽ സ്വന്തം കാര്യം ചിന്തിക്കാൻ സമയം കിട്ടാറില്ല.”
“എനിക്കങ്ങിനെ
ആവുന്നില്ല,, വീട്ടുജോലിയൊക്കെ അമ്മയും ഞാനും പെട്ടെന്ന് തീർക്കും. പിന്നെ സീരിയൽ
കാണും. ഏഷ്യാനെറ്റിൽ പുതിയ സീരിയൽ വന്നിട്ടുണ്ട്, ചേച്ചി കാണാറുണ്ടോ?”
“അതിനൊന്നും
എനിക്ക് സമയമില്ല; വീട്ടുജോലി, കൃഷിപ്പണി, പിന്നെ എഴുത്ത്. കുട്ടി ഒരു കാര്യം
ചെയ്യ്, സ്വന്തം ശരീരത്തെപറ്റി ചിന്തിക്കാതെ മകന്റെ കാര്യവും വീടിന്റെ കാര്യവും
മാത്രം ചിന്തിക്കുക”
“ഞാനെപ്പോഴും വേണ്ടാത്ത ചിന്തകൾ മനസ്സിന്റെ ഉള്ളിൽ അടക്കിവെക്കാറാണ് ചേച്ചി.
പകൽ സമയം ഓരോ കാര്യങ്ങളിൽ ശ്രദ്ധ തിരിച്ചുവിടും.. പക്ഷെ രാത്രി ആയാൽ കുറച്ചു
നാളുകളായി ലൈംഗിക ചിന്തകളും കാമനകളും കൂടുതൽ ഉണ്ടാകുന്നു. സ്വയംഭോഗം തെറ്റാണ്
എന്നൊക്കെ വായിച്ചിട്ടുണ്ടെങ്കിലും അറിയാതെ പല പ്രാവശ്യം കൈകൊണ്ട് തടവേണ്ടതായി
വരുന്നു ചേച്ചി”
“ഈ കുട്ടി എന്തൊക്കെയാ പറയുന്നത്? ഇങ്ങനെയൊക്കെ
ചിന്തിക്കാനും പ്രവർത്തിക്കാനും മാത്രം എന്താണുള്ളത്?”
“അതൊരു വലിയ തെറ്റാണെന്നൊക്കെ ഞാൻ
വായിച്ചിട്ടുണ്ട്; ശരിക്കും തെറ്റാണോ ചേച്ചീ?”
“അതൊരു വലിയ തെറ്റല്ല. നന്നായി കഴുകിയില്ലെങ്കിൽ രോഗങ്ങൾ ഉണ്ടാവും?”
“ചേച്ചിയുടെ ഈ വാക്കുകൾ വളരെ
മഹത്തായ മൂല്യം ഉള്ളതാണ് ചേച്ചി. എന്നെപ്പോലെ ഒരു സാധാരണ വീട്ടമ്മയായ സ്ത്രീക്ക്
സ്നേഹവും ആത്മവിശ്വാസവും സ്ത്രീസഹചമായ വൈകാരിക തലത്തിനുള്ള അംഗീകാരവും ചേച്ചിയുടെ
വാക്കുകളിൽ നിന്നും ലഭിക്കുന്നു. ചേച്ചിയൊരു സ്ത്രീ ആയിട്ടും സ്വയംഭോഗത്തെ
പാപചിന്തകളുടെയും അന്ധവിശ്വാസങ്ങളുടെയും ചട്ടക്കൂടിൽ പെടുത്താത്തതിൽ അഭിമാനം
തോന്നുന്നു”
“അയ്യോ,, അതൊക്കെ ആവശ്യമാണോ? ആ
നേരത്ത് ഏതെങ്കിലും പുസ്തകം വായിക്കണം. അല്ലെങ്കിൽ ടീവി തുറന്ന് അതിലുള്ള
പരിപാടികൾ കാണുക”
“വായിക്കാൻ പറ്റിയ പുസ്തകങ്ങളൊന്നും
വീട്ടിലില്ലെന്ന് പറഞ്ഞല്ലോ, പിന്നെ സീരിയലും സിനിമയും മടുത്തു. ആഴ്ചയിൽ ഒന്നോ
രണ്ടോ പ്രാവശ്യം മാത്രമേ സ്വയംഭോഗം ചെയ്യാറുള്ളൂ, ചേച്ചി പറഞ്ഞതുപോലെ ഇൻഫെക്ഷൻ
ഉണ്ടാകുമോ എന്ന് പേടിച്ചിട്ട് എപ്പോഴും ചെയ്യാറില്ല. പക്ഷെ ശരിക്കും സംതൃപ്തി
കിട്ടുമ്പോൾ നല്ല ആശ്വാസം തോന്നുക മാത്രമല്ല, നല്ല ഉറക്കം കിട്ടുകയും ചെയ്യും”
“മോളേ എനിക്ക് ഉറക്കം വരുന്നു,
ബാക്കി നാളെ പറഞ്ഞാൽ മതി”
“സന്തോഷം ചേച്ചീ, ഗുഡ്‌നൈറ്റ്”
അവൾ ഗുഡ്‌നൈറ്റ് പറഞ്ഞതോടെ അതുവരെ ഉണ്ടായിരുന്ന
എന്റെ ഉറക്കം എങ്ങോട്ടോ പോയി; ഇനി ഞാനെന്ത് ചെയ്യും?
(തുടരും)
കൂട്ടുകുടുംബത്തിന്റെ കാണാക്കയങ്ങൾ
അന്നുരാത്രി കമ്പ്യൂട്ടർ തുറന്ന്
നെറ്റിലേക്ക് പ്രവേശിച്ചത് പതിവിലും നേരത്തെയാണ്. രജനിയുടെ അതീതീവ്രമായ എഴുത്തിന്
നല്ലൊരു മറുപടി രാവിലെതന്നെ കൊടുത്തതാണ്; അവളൊരു അസാധാരണമായ ജന്മം തന്നെ. ഞാൻ
കൊടുത്ത മറുപടി വായിച്ച് കാര്യം മനസ്സിലാക്കിയെങ്കിൽ അതേപോലെ വീണ്ടും എഴുതുകയില്ല.
ഒരുപക്ഷെ അവളെന്നെ അൺഫ്രന്റ് ചെയ്ത് പോകാനും ഇടയുണ്ട്. പോകുന്നുണ്ടെങ്കിൽ
പോകട്ടെ, ആശ്വാസം.
വീട്ടമ്മയായ ഒരു സ്ത്രീക്ക് എന്തെല്ലാം ജോലികൾ
ചെയ്യാനുണ്ട്,, ഒപ്പമൊരു കുട്ടി ഉള്ളപ്പോൾ വീട്ടുജോലി ഇരട്ടിച്ച് വിശ്രമിക്കാൻ
പോലും സമയം ലഭിക്കാത്ത അവസ്ഥയിൽ ആവും. നിന്നുതിരിയാൻ നേരമില്ലാതെ എല്ലാ
പെണ്ണുങ്ങളും കഷ്ടപ്പെടുമ്പോഴാണ് ഒരുത്തി സമയം കൊല്ലുന്നതും വേണ്ടാത്ത കാര്യങ്ങൾ
ചിന്തിക്കുന്നതും. ഈവിൾ മൈന്റ് ഈസ് ദി ഡവിൾസ് വർക്ക്ഷോപ്പ്,,
പണിയില്ലാത്തതുകൊണ്ട് അവളുടെ തലയിൽ ചെകുത്താൻ കയറിയിരിക്കുന്നു.
ഫെയ്‌സ്ബുക്ക്
തുറന്നപ്പോൾ കക്ഷി എത്തിയിട്ടില്ല.
നേരത്തെ
ഞാനെഴുതിയ മറുപടി ഒന്നുകൂടി വായിച്ചു,
“നമ്മൾ
സ്ത്രീകളാണെങ്കിലും പുരുഷന്മാരുടെ അടിമ ആവരുത്. പുരുഷന്റെ ചൂട് കിട്ടിയില്ലെങ്കിൽ
ജീവിക്കാനാവില്ലെന്ന് ചിന്തിക്കുന്ന പെണ്ണിന്റെ ജീവിതം അപകടത്തിലാവും.
ഗർഭധാരണത്തിനു പോലും ആണിന്റെ ആവശ്യം ഇല്ലാതാകുന്ന ലോകത്തെ കുറിച്ചാണ് സ്ത്രീകൾ
ചിന്തിക്കേണ്ടത്. മറ്റുള്ളവരെ കാണുമ്പോൾ ആണോ പെണ്ണോ എന്നു ചിന്തിക്കാതെ ഒരു
മനുഷ്യനായി കാണുക. ഓരോ ആണിനെ കാണുമ്പോഴും വികാരം ഉണരാൻ തുടങ്ങിയാൽ അതൊക്കെ എത്രകാലം
മുന്നോട്ടുപോകും? ഭർത്താവ് വിദേശത്ത് താമസിച്ച് രജനിക്കും വീട്ടുകാർക്കും വേണ്ടി കഷ്ടപ്പെടുന്നത്
ഓർക്കണം. ലൈംഗികത തെറ്റും പാപവും അല്ലെങ്കിലും അസ്ഥാനത്ത് അപകടമായി ഭവിക്കും.
അതിനെക്കുറിച്ച് ഓർക്കാതെ വേറെ ധാരാളം കാര്യങ്ങൾ ചെയ്യാൻ ഉണ്ടാകുമല്ലോ”
വായിച്ചുകൊണ്ടിരിക്കെ
പച്ചലൈറ്റ് കത്തി; രജനി വിനീത് ഓൺലൈനിൽ,
“ചേച്ചി
നേരത്തെ എത്തിയോ? നമസ്ക്കാരം”
“നമസ്ക്കാരം,
ഞാൻ വന്നതേയുള്ളൂ; എഴുതിയത് വായിച്ചോ?”
“വായിച്ചു
ചേച്ചി, എനിക്കിവിടെ വീട്ടുജോലിയൊക്കെ കുറവാണ്. അതെല്ലാം ഞാനും അമ്മയും ചേർന്ന്
പെട്ടെന്നുതന്നെ ചെയ്തുതീർക്കും. പാചക പരീക്ഷണങ്ങളൊന്നും അമ്മക്ക് ഇഷ്ടമല്ല”
“നല്ല
അമ്മായിഅമ്മ”
“ഞാനങ്ങിനെ
പറയില്ല. മകൻ കീ കൊടുത്തുവിട്ടാൽ അതുപോലെ ചെയ്യും”
“അതൊക്കെ
നല്ലതല്ലേ? കൂടെയൊരാൾ ഉണ്ടാവുന്നത് ആശ്വാസമാണ്. രജനിക്ക് പുസ്തകങ്ങൾ
വായിക്കാമല്ലോ, പാട്ടു പാടാമല്ലോ, കവിതകൾ എഴുതാമല്ലോ,,,”
“വായിക്കുന്നതൊക്കെ
എനിക്ക് ഇഷ്ടമാണ്, വിവാഹത്തിനു മുൻപ് ധാരാളം കഥാപുസ്തകങ്ങൾ വായിച്ചിട്ടുണ്ട്.
ഇവിടെ വന്നതുമുതൽ വായന കുറവാണ്. മകന്റെ പാഠപുസ്തകമല്ലാതെ മറ്റൊരു പുസ്തകവും ഈ വീട്ടിലില്ല.
ആകെയൊരു ആശ്വാസം ചിലനേരത്ത് കിട്ടുന്ന വാരികകളാണ്”
“അതെങ്കിലും
ഉള്ളത് നന്നായി, അതുകൊണ്ടല്ലേ രജനി എന്നോട് മിണ്ടാൻ വന്നത്”
“ശരിയാണ്,
ചേച്ചിയോട് പറയുമ്പോൾ വല്ലാത്തൊരു ഫീലിംഗ്”
അവളുടെ ഫീലിംഗ് എന്നെയാകെ ഭയപ്പെടുത്തി, വല്ലാത്തൊരു
ഫീലിംഗ് തന്നെ. ചിന്തിക്കാനോ പ്രവർത്തിക്കാനോ കാര്യമായി ഒന്നും ഇല്ലാത്തതിനാൽ ഒരു
ജോലിയും ചെയ്യാതെ വെറുതെയിരിക്കുന്ന നേരത്ത് സ്വന്തം ദേഹത്തെ കുറിച്ചുള്ള ചിന്തയിൽ
മുഴുകുമ്പോൾ അരുതാത്തത് പലതും കടന്നുവരുന്നു. സെക്സ് രൂപത്തിൽ ചെകുത്താൻ വന്ന്
അവളുടെ തലയിൽ കുടിയേറിയിരിക്കയാണ്. പെട്ടെന്ന് ഒരു കാര്യം എനിക്ക് ഓർമ്മവന്നു, ഞാൻ
എഴുതി,
“രജനിക്ക്
ഒരു മകനല്ലെ,, അവന്റെ കളികളൊക്കെ കാണുമ്പോൾ മറ്റു കാര്യങ്ങളൊക്കെ മറക്കാലോ; കുട്ടിയെ
നോക്കുമ്പോൾ സമയം പോകുന്നത് അറിയില്ലല്ലോ”
“എന്റെ
മോനോ? അവന് അച്ഛമ്മയേ വേണ്ടൂ; അച്ഛമ്മ ചോറ് വാരിക്കൊടുക്കണം. അച്ഛമ്മയുടെ ഒപ്പമേ
അവൻ ഉറങ്ങുകയുള്ളൂ. അവനെ ഞാൻ പ്രസവിച്ചെന്നേയുള്ളൂ”
“നല്ല
അച്ഛമ്മ, നല്ല കൊച്ചുമകൻ”
ഞാൻ
തോറ്റു; എന്ത് പണിയാണ് ഞാനിവൾക്ക് കൊടുക്കേണ്ടത്,
“രജനിക്ക്
വീട്ടുപറമ്പിൽ കൃഷി ചെയ്തുകൂടെ?”
“കൃഷിയോ!
അതിനിവിടെ ആകെ വീടും മുറ്റവും ചേർന്ന് ചെറിയ സ്ഥലം മാത്രമാണ്. മുറ്റത്ത് ഏതാനും
ചെടിച്ചട്ടികളിൽ പൂച്ചെടികൾ ഉണ്ട്. പിന്നെ വടക്കെപ്പുറത്ത് പച്ചമുളകും കറിവേപ്പും
പപ്പായയും വേലിയരികിൽ വെള്ള മന്ദാരവും ചെമ്പകവും ചെമ്പരത്തികളും ഉണ്ട്. എല്ലാം
നട്ടുവളർത്തിയതും പരിചരിക്കുന്നതും അമ്മയാണ്. എനിക്കങ്ങോട്ട് പ്രവേശനമില്ല ചേച്ചീ”
“പ്രവേശനമില്ലെന്നോ?
എന്തുപറ്റി?”
“മുറ്റത്ത്
ഞാനിറങ്ങുന്ന നിമിഷം വിളിവരും”
“ആര്?
എവിടെന്ന്?”
“ആരാണെന്നോ,,
എന്റെ വിനിയേട്ടൻ തന്നെ, സൌദിയിൽ ഇരുന്ന് ജോലി ചെയ്യുന്ന നേരത്ത് മൊബൈൽ തുറന്ന്
വീടിനെ നിരീക്ഷിക്കുന്നുണ്ടാവും”
“നല്ല
ഭർത്താവ്,, എന്താണ് ജോലി?”
“ജോലി
എന്താണെന്ന് പറഞ്ഞിട്ടില്ല,, ഗൾഫാണെന്ന് പറഞ്ഞിട്ടാ കല്യാണം കഴിച്ചത്. ഇവിടെ
വന്നപ്പോഴാണ് സൌദി അറേബ്യയിൽ ആണെന്ന് അറിഞ്ഞത്”
“സൌദിയും
ഗൾഫ് തന്നെയല്ലേ?”
“അതെ
ചേച്ചി”
എനിക്കാകെ
സംശയമായി,, ഇവൾ എഴുതുന്നതെല്ലാം വ്യാജമാണോ? മുന്നിലുള്ളത് പഠിച്ച കള്ളിയോ കള്ളനോ?
എത്രത്തോളം പോകുമെന്ന് നോക്കാം. അടുത്തതായി ഞാനൊരു സംശയം ചോദിച്ചു,
“വിവാഹത്തിനു
മുൻപ് രജനിക്ക് ഈവക വികാരങ്ങളൊന്നും ഉണ്ടായില്ലേ?”
“പിന്നെ,,
ഇല്ലാതെയോ, പഠിക്കന്ന കാലത്തേ ഉള്ളതാണ്”
“പഠിക്കുന്ന
കാലത്തോ,, അപ്പോൾ?”
“ചേച്ചിയെ
ഞാനെന്റെ സ്വന്തമാണെന്ന് കണക്കാക്കി പറയുന്നതാണ്, കുട്ടിക്കാലം മുതൽ എന്റെയൊപ്പം
ആൺകുട്ടികൾ വീട്ടിലുണ്ട്. അവരൊക്കെ എന്നെ സഹായിച്ചിട്ടുണ്ട്”
“എങ്ങനെ?”
“ശാരീരികമായ
വികാരങ്ങളിൽ ആശ്വാസം ഉണ്ടാക്കാൻ അവരൊക്കെ എന്നെ സഹായിച്ചു. തിന്നുമ്പോഴും
കളിക്കുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം; ഞങ്ങൾ കൂട്ടുകുടുംബമാണ് ചേച്ചി,,,”
കൂട്ടുകുടുംബത്തിന്റെ
കാണാക്കയങ്ങളിൽ എനിക്ക് കൂടുതലൊന്നും എഴുതാനായില്ല.
(തുടരും)
ഗ്യാസ് സിലിണ്ടറിന്റെ പിന്നിൽ
ഉച്ചഭക്ഷണത്തിനുശേഷം മൊബൈലിൽ വാട്ട്‌സാപ്
തുറന്ന് വിദേശത്തുള്ള മകനെയും കൊച്ചുമകനെയും നേരിട്ടുകണ്ട് സംസാരിച്ചതിനുശേഷമാണ്
മെസെഞ്ജർ തുറന്നത്,,
ആശ്ചര്യം!
സ്ക്രീൻ
നിറയെ രജനിയുടെ എഴുത്ത്,,
ഇവളെന്ത്
ചരിത്രമാണ് എഴുതിയത്?
പുതിയൊരു
കഥയുടെ വിഷയമാക്കിയാലോ,,
തുടക്കം
തന്നെ ചേച്ചിയെ വിളിച്ചാണ്,
“ചേച്ചീ,
രാത്രിയിൽ
എന്നെ തനിച്ചാക്കി ഗുഡ്‌നൈറ്റ് പറഞ്ഞ് ചേച്ചി പോയപ്പോൾ എനിക്ക് ഉറക്കം
വന്നതേയില്ല. അതുകൊണ്ട് ഇപ്പോൾതന്നെ എഴുതുകയാണ്,
ചേച്ചിയോട്
പലതും പറയണമെന്ന് വിചാരിച്ചാണ് ഇവിടെ വന്നത്. പക്ഷെ, പറയാൻ വിചാരിച്ചതൊന്നും
പറഞ്ഞില്ല. മനസ്സിലെ വികാരങ്ങൾ അടക്കാനാവുന്നില്ല, എല്ലാ സ്ത്രീകൾക്കും
ഇതുപോലെയാണോ ചേച്ചി?”
ഈ
കുട്ടിയോട് ഞാനെന്ത് പറയാനാണ്,, കെട്ടിയതു മുതൽ സ്വന്തം വീട്ടിൽതന്നെ തീറ്റിയും
കുടിയും ഉറക്കും പതിവാക്കിയ ആളാണ് എന്റെ ഭർത്താവ്,, അപ്പോൾ ഞാനെങ്ങിനെ പ്രവാസി
ഭാര്യമാരുടെ വിഷമം തിരിച്ചറിയും?
നട്ടപാതിരക്ക്
എഴുതിയതല്ലേ;
ഏതായാലും
തുടർന്ന് വായിക്കാം,
“ചേച്ചി
വിചാരിക്കുന്നുണ്ടാവും ഞാനൊരു മണ്ടിപ്പെണ്ണാണെന്ന്; ചിലനേരത്ത് ഞാൻ ചെയ്യുന്നതും
പറയുന്നതും മണ്ടത്തരം തന്നെയാണ്. അല്ലാതെ നേരിട്ടു കാണാത്ത അകലെയുള്ള ഒരാളോട്
ഇങ്ങനെ സ്വന്തം കാര്യം തുറന്നു പറയുമോ? എന്റെ സ്വന്തം സഹോദരി ആയി കണക്കാക്കിയാണ്
ഞാനെന്റെ വിഷമങ്ങൾ തുറന്നു പറയുന്നത്”
അവളുടെ കാര്യത്തിൽ എനിക്ക് പ്രയാസം തോന്നി.
പാവം പെണ്ണ്. കുറ്റവാളിയെപ്പോലെ വീട്ടു തടങ്കലിൽ കഴിയുന്ന അവസ്ഥയിൽ ഇത്തിരി
സ്നേഹത്തിനും ആശ്വാസത്തിനും വേണ്ടി കൊതിക്കുന്നവൾ എന്നിൽ വിശ്വാസം അർപ്പിച്ച്
സ്വന്തം കഥ പറയുകയാണ്. നല്ലൊരു ശ്രോതാവായി മാറി അവൾക്കിത്തിരി ആശ്വാസം പകരാം.
അവൾ
തുടരട്ടെ,
“ചേച്ചിക്ക്
എന്നെ മനസ്സിലാവുമെന്ന് ഉറപ്പാണ്. അതുകൊണ്ടല്ലെ എന്റെ ജീവിതത്തിൽ നടക്കുന്ന
കാര്യങ്ങൾ കഥയായി എഴുതാൻ കഴിഞ്ഞത്. എന്റെ ഉള്ളിൽ ചേച്ചിയുടെ മനസ്സ് പ്രവേശിച്ചിട്ടാണ്
ആ കഥ ജനിച്ചത്. മാസങ്ങളായി ആണൊരുത്തന്റെ ചൂടറിയാതെ പരവേശം കൊള്ളുന്ന ഭാര്യയെയാണ്
വിദേശത്തിരുന്നുകൊണ്ട് ഇല്ലാത്ത സംശയത്തിന്റെ പേരിൽ ഭർത്താവ് തളച്ചിടുന്നത്. ചങ്ങല
ഇല്ലാതെ അവളുടെ ശരീരത്തിനും മനസ്സിനും വിലങ്ങുവെക്കുക; എന്തൊരു പീഡനമാണിത്.
എവിടത്തെ ന്യായമാണ്?”
ശരിയാണല്ലോ,, ന്യായം മാത്രം നടക്കുകയാണെങ്കിൽ ഭൂമിയിൽ എന്തെല്ലാം മാറ്റങ്ങൾ
ഉണ്ടാവും. പോലീസ്, കോടതി എല്ലാം പിരിച്ചുവിടേണ്ടി വരില്ലേ! അത് അങ്ങനെയാണ്,
തെറ്റും ശരിയും കാണും, ഒരിടത്തെ ശരി മറ്റൊരിടത്ത് തെറ്റായി മാറും. ചരിത്രം നിറയെ
ശരിയുടെയും തെറ്റുകളുടെയും ചൂതാട്ടമാണല്ലോ. ഏതായാലും അറിയാനും മനസ്സിലാക്കാനും
ധാരാളമുണ്ട്.
ഞാൻ
വായന തുടർന്നു,
“ചേച്ചീ,
മുൻപ് ഞാൻ ആരോഗ്യമാസികയിൽ വായിച്ചിട്ടുണ്ട്, 30 വയസ്സിനുശേഷം പൊതുവേ സ്ത്രീകൾക്ക്
സെക്സ് ഫീലിങ്ങ്‌സ് കൂടുതൽ ഉണ്ടാകും എന്ന്. സത്യം പറഞ്ഞാൽ ചിലദിവസങ്ങളിൽ രാത്രി
ഉറങ്ങാൻ കിടക്കുമ്പോൾ വികാരം തോന്നിയിട്ട് ഞാനാകെ വിയർത്ത് നനയും ചേച്ചി. ഇതൊക്കെ
പറയുന്നതിൽ എന്നോട് വിരോധമൊന്നും ഇല്ലല്ലോ”
ഒരു
വിരോധവും ഇല്ല,
വായിച്ചപ്പോൾതന്നെ
ഞാനാകെ വല്ലാതായി; എനിക്കും വിയർക്കുന്നുണ്ടോ?
“അടുത്ത
കാലത്ത് വേറൊരു പ്രശ്നം ഉണ്ടാവുന്നു. ഏതെങ്കിലും ആണുങ്ങളെ കാണുമ്പോൾ പരിസരം മറന്ന്
അവരെ നോക്കിപ്പോവുന്നു. ആ ശീലം തെറ്റാണെന്ന് എനിക്കറിയാമെങ്കിലും മാറ്റാൻ
കഴിയുന്നില്ല. മനസ്സിലാകെ പ്രയാസം തോന്നുന്നു ചേച്ചി,,
ഇന്നു
രാവിലെ നടന്ന കാര്യം കൂടി ചേച്ചിയോട് പറയാം. ഏതാണ്ട് പതിനൊന്ന് മണിയോടെ ഗ്യാസ്
സിലിണ്ടർ സപ്ലൈ ചെയ്യാൻ ഒരാൾ വീട്ടിൽ വന്നു. ആ യുവാവ് സിലിണ്ടറുമായി വന്ന് തിരികെ
ഒഴിഞ്ഞ കുറ്റിയുമായി പോകുന്നതുവരെ ഞാനവനെ കൊതിയോടെ നോക്കിനിന്നു. എന്തൊരു ബോഡീ
ഷെയ്പാണ്? വിരിഞ്ഞ മാറിടവും തുളുമ്പുന്ന മസിലുകളും,, അവന്റെ ചുമലിലുള്ള ഗ്യാസ്
സിലിണ്ടറിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലോ എന്ന് സങ്കല്പിച്ചുപോയി. അങ്ങനെ
സങ്കല്പിക്കുന്നത് തെറ്റാണോ ചേച്ചീ”
സങ്കൽപ്പിക്കുന്നത്
തെറ്റല്ല മോളേ,,
ഈ
പെണ്ണിനോട് ഞാനെന്താണ് പറയേണ്ടത്?
ഇവളൊരു
ഗ്യാസ് സിലിണ്ടർ തന്നെ,,
മര്യാദക്ക്
കത്തിത്തീരാത്തതുകൊണ്ട് പൊട്ടിത്തെറിക്കാൻ പാകത്തിലുള്ള ഗ്യാസ് സിലിണ്ടർ,,
(തുടരും)
വികാര വിചാരങ്ങൾ
ഉറങ്ങാൻ കിടന്നപ്പോൾ തലയിൽ നിറയെ
അവളായിരുന്നു,, പ്രൊഫൈൽ പിക്ചറിൽ തെളിയുന്ന നിഷ്കളങ്കമായ കണ്ണുകളുടെ ഒരിക്കൽ
കണ്ടവർക്ക് മറക്കാനാവില്ല. മെസെഞ്ചറിൽ വന്ന് പതിവായി സുപ്രഭാതവും ശുഭരാത്രിയും പറയുന്ന
സുഹൃത്തുക്കളെക്കാൾ ജന്മാന്തരബന്ധം ഞങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന
തോന്നൽ,, ഒറ്റപ്പെടലിന്റെ കാണാക്കയത്തിലേക്ക് മുങ്ങിത്താഴുന്ന അവളുടെ കഥകൾ
കേട്ടപ്പോൾ എന്റെ രാത്രിനിദ്രയും പകലുറക്കവും അകന്നുമാറി.
ഉറക്കം വൈകിയപ്പോൾ സംശയത്തിന്റെ നൂലാമാലകൾ
തലച്ചോറിലൂടെ കറങ്ങുകയാണ്. സ്വന്തം വീട്ടിലുള്ള അവിശ്വാസത്തിന്റെ നിഴലുകൾ
മറ്റുള്ളവരോട് വിളിച്ചുപറയുന്നത് ശരിയാണോ? ഭർത്താവ് സംശയാലു ആവുന്നത് ഭാര്യയുടെ
കൈയിലിരിപ്പ് ശരിയല്ലാത്തതുകോണ്ട് ആയിരിക്കില്ലേ. അവളുടെ ഐഡന്റിറ്റിയിൽ എനിക്ക്
സംശയമായി,, ഇവളെന്റെ ഫ്രന്റ് ആണെങ്കിലും ഒരു പോസ്റ്റ് ഷെയർ ചെയ്ത പരിചയം
പോലുമില്ല. ഫെയ്ക്കുകളുടെ കാലമാണ്. ഇന്റർനെറ്റിൽ കടന്നാൽ മാതാപിതാക്കളെ
മാത്രമല്ല, സ്വന്തം പേരിലും ഫോട്ടോയിലും ഐഡന്റിറ്റിയിലും ചരിത്രത്തിലും
ഭൂമിശാസ്ത്രത്തിലും വരെ ഡ്യൂപ്ലിക്കേറ്റ് ലഭിക്കും. ഇത് ഏതായാലും അക്കൂട്ടത്തിൽ
ഒന്നുതന്നെ,, ഫെയ്ക്ക് ആയാലും എനിക്ക് നഷ്ടമൊന്നും ഇല്ലല്ലോ,, മുന്നോട്ടു പോകാം.
രാത്രിഭക്ഷണം നേരത്തെ ആക്കിയത് ഫെയ്സ്‌ബുക്കിൽ
കടക്കാൻ തന്നെയാണ്. ആ നേരത്ത് കമ്പ്യൂട്ടറിന്റെ വലിയ സ്ക്രീനിലൂടെ ഇന്റർനെറ്റിൽ
പ്രവേശിക്കാം. തുറന്നപ്പോൾ തന്നെ കണ്ടു,
തലേദിവസത്തെ കക്ഷി ഹാജരുണ്ട്;
“ഹായ്
ചേച്ചി”
“ഹായ്
രജനി, യൂ ആർ വെൽക്കം”
“ചേച്ചി
ധാരാളം കഥകൾ എഴുതിയിട്ടുണ്ടോ?”
“ധാരാളം
എഴുതിയെങ്കിലും വാരികയിൽ ആദ്യമായാണ് അച്ചടിച്ചു വരുന്നത്. കഥ എങ്ങിനെയുണ്ട്?”
“ഇന്നലെ
ചേച്ചീയുടെ കഥ വായിച്ചശേഷം വാരികയും പിടിച്ച് ഒത്തിരിനേരം ഞാനിരുന്നു. പിന്നെ
വീണ്ടും വായിച്ച് അമ്മക്കു കൊടുത്തപ്പോഴേക്കും മകൻ സ്ക്കൂളിന്ന് വന്നു”
“അമ്മയും
കഥ വായിച്ചോ?”
“ഭർത്താവിന്റെ
അമ്മയാ,, വാരികയിലെ പാചകമൂല മാത്രമേ അവര് വായിക്കാറുള്ളൂ”
“അതെയോ,
മകൻ പഠിക്കുന്നില്ലേ?”
“യൂ.കെ.ജി.യിൽ
പഠിക്കുന്നു”
“നല്ലത്,
മകനെ കളിപ്പിച്ചാൽ സമയം പോവുന്നത് അറിയില്ലല്ലോ”
“ചേച്ചീ,
‘ഇനി അവൾ ഉറങ്ങട്ടെ’ എന്റെയും കഥയാണ്. മോൻ ഉള്ളതുകൊണ്ട് ഞാൻ വല്ലപ്പോഴും ആണ്
എഫ്.ബി. നോക്കുന്നത്. അതും മോൻ ഉറങ്ങുന്ന കുറച്ചുസമയം, അതുകൊണ്ടാണ് റിപ്ലൈ അയക്കാൻ
ലെയ്റ്റ് ആകുന്നത്. ചേച്ചിക്ക് സുഖം തന്നെയാണോ?”
“സുഖമാണെന്ന്
പറയാം, അപ്പോൾ പകൽനേരത്ത് കുട്ടി സ്ക്കൂളിൽ പോയാൽ ഫ്രീ ആണല്ലോ”
“അപ്പോൾ
പറ്റില്ല,, അങ്ങേര് ഫോൺചെയ്യുമ്പോൾ ചോദിച്ചാൽ അമ്മ പറയും ഞാനെപ്പോഴും മൊബൈലിൽ
ആണെന്ന്. പിന്നെ ലിവിംഗ് റൂമിലും കിച്ചണിലും ക്യാമറയുണ്ട്”
“ഭർത്താവിന്റെ
അമ്മയാണോ?”
“അതെ
ചേച്ചി, മകന് പറ്റിയ തള്ളയാണ്. എന്നെ നിരീക്ഷിക്കലാണ് അവരുടെ ഹോബി”
“വീട്ടിൽ
നിങ്ങൾ മൂന്നുപേർ മാത്രം. അപ്പോൾ അത്യാവശ്യ കാര്യങ്ങൾ,, മാർക്കറ്റിംഗ്?”
“അതൊക്കെ
അമ്മയും ഞാനും ഒന്നിച്ചുപോകും. ഒന്നിച്ചേ പോകാവൂ,,”
എന്റെ മനസ്സിൽ അനുകമ്പയുടെ മുളകൾ
തളിർക്കാൻ തുടങ്ങി. എന്തൊരു ദുരന്തമാണ്, വിരഹം പേറി ജീവിക്കുന്ന പെണ്ണിന്റെ
മനസ്സും ശരീരവും തളച്ചിടുന്ന പുരുഷവർഗ്ഗം.
‘ഈവക
ആണുങ്ങൾ ഭൂമീലുണ്ടോ?’
അതിനിടയിൽ എഴുത്തിലുണ്ടായ ചെറിയൊരു
മാറ്റം കാണാനിടയായി. ഇന്നലെ എഴുതിയത് മുഴുവൻ ഇംഗ്ലീഷ് ഫോണ്ട്, ഇന്നാവട്ടെ
പച്ചമലയാളം. ചാറ്റ് ചെയ്യുന്നവരെല്ലാം പ്രൊഫൈൽ നോക്കിയിട്ട് ടീച്ചർ എന്നാണ്
വിളിക്കാറെങ്കിലും ഈ കുട്ടിക്ക് ഞാൻ ചേച്ചിയാണ്.
ഞാൻ
ചോദിച്ചു,
“സംശയം
എന്ന് പറയാൻമാത്രം എന്താണുള്ളത്?”
“പത്ത്
വർഷമായി വിവാഹം കഴിഞ്ഞിട്ട്,, സത്യം പറഞ്ഞാൽ ചിലപ്പോൾ ജീവിതം അർത്ഥശൂന്യം പോലെ
തോന്നും. പിന്നെ കുടുംബത്തിനും സമൂഹത്തിലെ സ്റ്റാറ്റസിനും വേണ്ടി ഉള്ളിന്റെ
ഉള്ളിൽ സഹിക്കുന്നു. ടീച്ചറുടെ കഥപോലെ കാരണം ഉണ്ടായിട്ടാണോ ഭാര്യയെ
സംശയിക്കുന്നത്?”
“എന്റെയീ
കഥ നാട്ടിൽ നടന്ന സംഭവമാണ്. ആദ്യഭാഗത്ത് കുറച്ചൊക്കെ എഴുതിച്ചേർത്തെങ്കിലും
കഥാനായകൻ കിണറ്റിൽ ചാടി മരിച്ചതൊക്കെ നടന്ന സംഭവമാണ്. കഥ വായിച്ചിട്ട് എന്റെ
ഭർത്താവ് ദേഷ്യപ്പെട്ടു, കാരണം ആ വീട്ടുകാർ ഇക്കാര്യം അറിഞ്ഞാലോ എന്നായിരുന്നു
അദ്ദേഹത്തിന് ഭയം. അവസാനമുള്ള ക്ലൈമാക്സ് അതേപടി നടന്നതാണ്. ഭർത്താവ് മരിച്ച ആ
സ്ത്രീ ഇപ്പോൾ പ്രശ്നമൊന്നും ഇല്ലാതെ സുഖമായി ജീവിക്കുന്നു. അവരുടെ വീട്ടിൽ നടന്നെത്താനുള്ള
ദൂരമാണെങ്കിലും എന്നെ അവർക്ക് അറിയില്ല. അത് അവരുടെ വിധിയാണ്. എല്ലാം സഹിക്കുന്നു”
“അതേ
ചേച്ചി എല്ലാം ഉള്ളിലൊതുക്കുന്നു. ഇപ്പോൾ എനിക്ക് 33 വയസ്സായി. ചില രാത്രികളിൽ
ഉറക്കം വരാതെ കിടക്കുമ്പോൾ വല്ലാത്ത ഒറ്റപ്പെടൽ, വല്ലാത്ത ഫീലിംഗ്സ്. എല്ലാം പരമാവധി
മനസ്സിൽ അടക്കി വെക്കാറാണ് പതിവ്; എങ്കിലും ഇപ്പോൾ സഹിക്കാനാവുന്നില്ല.
വിവാഹത്തിനുമുൻപ് തോന്നുന്നതുപോലെ പലതും തോന്നുന്നു”
“എന്ത്?”
“ഞാനൊരു
യുവതിയല്ലേ ചേച്ചി, വികാര വിചാരങ്ങളൊക്കെയുള്ള സ്ത്രീ. ആരോടും മിണ്ടാനും മനസ്സു
തുറന്ന് സംസാരിക്കാനും കഴിയാതെ ആകെയൊരു വീർപ്പുമുട്ടൽ”
അവളുടെ വികാര വിചാരങ്ങൾ എന്നിലെക്ക്
പടർന്നെങ്കിലും അമ്മൂമ്മവേഷം അണിഞ്ഞതോടെ വികാരങ്ങൾക്ക് വിലക്കേർപ്പെടുത്തിയ എന്റെ
തലയിൽ നേരാംവണ്ണം കയറിയില്ല. ജീവിതത്തിലുടനീളം മൃദുലവികാരങ്ങൾക്ക് പുറം
തിരിഞ്ഞിരിക്കുന്ന എനിക്ക് വിരഹവേദനയോട് സഹതാപം മാത്രമാണ്. ഓമനിക്കാൻ കൊച്ചുകുട്ടി
ഉള്ളപ്പോൾ ഇവളെന്തിന് മറ്റു വികാരങ്ങൾ ചിന്തിക്കണം,,
അവളുടെ
എഴുത്തിലെ ആന്തരികമായ അർത്ഥങ്ങൾ നോക്കിയിരിക്കെ ഞാൻ വിരലനക്കിയില്ല.
അപ്പോൾ
വീണ്ടും ചോദ്യം വന്നു,
“ചേച്ചിയുടെ
വീട്ടിൽ ആരൊക്കെയാണ് ഉള്ളത്?”
“ഇപ്പോൾ
ഞാനും ഹസ്ബന്റും, മക്കളൊക്കെ വിവാഹിതരായി, രണ്ട് പെണ്മക്കൾ”
“ഭാഗ്യമാണ്
ചേച്ചി”
“എന്ത്
ഭാഗ്യം?”
“ഭർത്താവിനോടൊപ്പം
ജീവിക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം”
“അതിന്
രജനിക്ക് ഭർത്താനോടൊപ്പം ഗൾഫിൽ പോകാമല്ലോ”
“അതൊന്നും
നടക്കില്ല. ഇവിടെ വന്നാലും വഴക്കിടാനേ നേരം കാണൂ”
“വഴക്കിടാനോ,
എന്തിന്?”
“അവരുടെ
കൂടെ പോകുന്ന സമയത്ത് ആരെങ്കിലും എന്നോട് മിണ്ടുകയോ ചിരിക്കുകയോ ചെയ്താൽ
കുഴപ്പമായി. സ്വന്തം അനുജനോട് പോലും എനിക്ക് മിണ്ടാൻ പറ്റില്ല”
“അയ്യോ
ഈ കുട്ടി എന്തൊക്കെയാ പറയുന്നത്?”
“അതേ
ചേച്ചി സംശയമാണ്. നാട്ടിൽ വന്ന് ഒന്നിച്ചു ജീവിക്കുമ്പോൾ കൂടുതൽ സംശയമാണ്”
“അതുകൊണ്ട്,
അവരുടെ കൂടെ ജോലി സ്ഥലത്തേക്ക് പോകുന്നതല്ലേ നല്ലത്”
“അയ്യോ,
എന്നെനോക്കി ആരെങ്കിലും ചിരിച്ചാൽ അവരെ മുന്നിലിട്ട് എന്നെ അടിക്കാനോ?,,
ഇവിടെനിന്നും കൊള്ളുന്നത് പോരാഞ്ഞിട്ട്”
“മകനെയും
നോക്കി നാട്ടിൽതന്നെ നിൽക്കുക, ഇനി നാളെ കാണാം, ഗുഡനൈറ്റ്”
“ചേച്ചിയുമായി
സംസാരിക്കുമ്പോൾ ആശ്വാസമുണ്ട്. നാളെ ഞാൻ കാത്തിരിക്കും, ഗുഡ്‌നൈറ്റ്”
എനിക്ക്
സംശയമായി,
‘സൌദിയാണ്
രാജ്യം, ശരിയത്താണ് നിയമം, പർദ്ദകൊണ്ട് മൂടിയാൽ ആരു കാണാനാണ്?’
(തുടരും)
കോഴിക്കൂട്ടിലെ പാമ്പ്
അവളുടെ ചോദ്യം എന്റെ മനസ്സിൽ അനേകം
ചിന്താശകലങ്ങൾ ഉയർത്തി, ഉത്തരം പറയാനാവാതെ ഞാൻ ചിന്തിച്ചു; ഏതൊരു ഭാര്യയെയും ചിന്തിപ്പിക്കുന്ന
ചോദ്യം,
‘കഥയിൽ
പറയുന്നതുപോലെ ചേച്ചിയുടെ ഭർത്താവ് സംശയാലുവാണോ?’
‘ഇല്ല,
എന്റെ ജീവിതത്തിൽ അങ്ങിനെയൊരു അനുഭവം ഇല്ല. ആൺ പെൺ വ്യത്യാസം കണക്കിലെടുക്കാതെ
മറ്റുള്ളവരുമായി ഇടപെടാനുള്ള പൂർണ്ണസ്വാതന്ത്ര്യം എനിക്കുണ്ട്. കഥ വേറെ, അനുഭവം
വേറെ; കഥാകാരിക്ക് അനുഭവം വേണമെന്നില്ലല്ലോ’, പക്ഷെ?
അവിടെയൊരു
പക്ഷെ ഉണ്ട്;
കഥ എഴുതുന്നത് പുരുഷനാണെങ്കിൽ അതെല്ലാം
ഭാവനയിൽ നിന്നും വിടരുന്നത്, ആണെന്ന് വായനാസമൂഹം വിധിക്കും. എഴുതുന്നത് സ്ത്രീ
ആണെങ്കിൽ,
അവർക്ക്
ഭാവനയും ചിന്തയും ഇല്ലാത്തതിനാൽ എഴുതുന്നതെല്ലാം സ്വന്തം അനുഭവം തന്നെ,,’
പെണ്ണായവർ എഴുതുന്നതെല്ലാം അനുഭവമാണെന്ന ധാരണയിലാണ്
അവളുടെ കഥ തുറക്കുന്നത്. സ്വന്തം അനുഭവമാണോ,, എന്ന ചോദ്യം കഥ എഴുതാനായി കീബോർഡിൽ
വിരലു തൊട്ടപ്പോൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ്.
കുടുംബജീവിതത്തിന്റെ
അടിത്തറ ഉറപ്പിക്കുന്നതിൽ ഭാര്യക്കും ഭർത്താവിനും തുല്യ പങ്കുണ്ട്. ഒരാൾ
മറ്റൊരാളോട് മത്സരിക്കുകയോ ഇടിച്ചു താഴ്ത്തുകയോ ചെയ്താൽ അടിത്തറ തകരും. പരസ്പരം
വിശ്വാസമുള്ള ഭാര്യാഭർത്താക്കന്മാർ എന്നത് വലിയ നേട്ടമാണെങ്കിലും എല്ലാ വീട്ടിലും
വിശ്വാസം കാണാറില്ല. ഈ വിശ്വാസമില്ലായ്മയും സംശയരോഗവും ഇരുപക്ഷങ്ങളിലോ ഏകപക്ഷീയമായോ
ഉണ്ടാവാം. രണ്ടും ഒരുപോലെ അപകടം പിടിച്ചതിനാൽ ഏറെ വൈകാതെ കുടുംബം തകരും. ചിലപ്പോൾ
മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ ശത്രുക്കളെപ്പോലെ ഇരുധ്രുവങ്ങളിൽ ജീവിച്ച്
മുന്നോട്ട് പോയെന്നും വരാം.
ഏകപക്ഷീയമായ സംശയരോഗത്തിന്റെ കൂടാരത്തിൽ
നിന്നുകൊണ്ട് പുറംലോകം കൊട്ടിയടച്ച ഭർത്താവിന്റെ ദുരന്ത കഥയാണ് ആഴ്ചപ്പതിപ്പിൽ
വന്നത്. സംശയരോഗം രൂക്ഷമായ ഭർത്താവ് ആത്മഹത്യയിൽ അഭയം തേടിയ സാധാരണ പൈങ്കിളിക്കഥ. കഥ
ഏതായാലും എന്റെ കഥ എനിക്ക് ആവേശമാണ്;
‘കാക്കക്കും
തൻകുഞ്ഞ് പൊൻകുഞ്ഞ്’.
ഞാൻ മറുപടി എഴുതാത്തതു കൊണ്ടാവണം അവൾ
വീണ്ടും മെസേജ് അയച്ചു.
മംഗ്ലീഷ്
തന്നെ,
“ഗുഡ്
ഈവിനിംഗ് മാം,,
പരിചയപ്പെട്ടതിൽ
സന്തോഷം”
“തേങ്ക്സ്,
അയാം കെ.എസ് മിനി, ഫ്രം കണ്ണൂർ”
“ഇത്രയും സ്ട്രസ്ഫുൾ ലോകത്തിലേക്കു ഒരു
ചെറുപുഞ്ചിരി എല്ലാവരിലും ഉണ്ടാക്കാൻ മാമിന്റെ സ്റ്റോറിസിന് കഴിയുന്നു എന്നതു
ഒരുപാട് സന്തോഷം ഉണ്ടാക്കുന്നു, മനസ്സിൽ”
“ഓക്കെ, നൈസ് റ്റു സീ യുവർ വേഡ്സ്”
“വെൽക്കം മാം,, എന്റെ ഹൌസ് തൃശ്ശൂർ
കുഞ്ഞിപ്പള്ളി, ഞാൻ ഹൌസ്‌വൈഫ് ആണു. ഹസ്‌ബന്റ് സൌദിയിൽ ജോലി ചെയ്യുന്നു. ഒരു മകൾ,
ഇപ്പോൾ 4ഇയേർസ് ഓൾഡ് ആയി”
“ഗുഡ്, ഇറ്റ് ഈസ് ബെറ്റർ റ്റു ടോക്ക് ഇൻ മൈ
ഫോൺ,, മൈ നമ്പർ 98474669 കോൾ അറ്റ് എനി ടൈം”
“തേങ്ക് യൂ സോ മച്ച് മാം,, എന്റെ ഹസ്ബന്റ് നല്ല
ഡൌട്ട്‌ഫുൾ ആണ് മാം. എന്റെ മൊബൈൽ നമ്പറിലെ കോൾ ഡിറ്റെയിത്സ് ഗൾഫിൽ ഇരുന്നുകൊണ്ട്
എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്,,”
“അതിന് ഞാൻ വിളിച്ചാൽ പോരെ,, പകൽ നേരത്ത്
വിളിക്കാം. നമ്പർ തരൂ,”
“അത് പറ്റില്ല മാം,,, ന്യൂ നമ്പർ കോൾ ഇങ്ങോട്ടു
വന്നാലും പിന്നെ അതിന്റെ പേരിലാകും 2ദിവസം കുറ്റപ്പെടുത്തലുകൾ”
“സോറീ, ഐആം ഫ്രീ ഇൻ ദിസ്. ഐആം ഗ്രാന്റ്‌മദർ ഓഫ്
3 ചിൽഡ്രൻ”
“തേങ്ക് യൂ സോ മച്ച് ഫോർ അണ്ടർസ്റ്റാന്റിംഗ് മൈ
സിറ്റുവേഷൻ മാം,, ഞാൻ തുറന്നു സംസാരിക്കുന്നതിൽ എന്നോട് ഇഷ്ടക്കേട് ഉണ്ടോ?”
“ഐ ലൈക്ക് ഇറ്റ്, യൂ ആർ വെൽക്കം അറ്റ് എനി ടൈം”
“ചേച്ചിയുടെ
നല്ല മനസ്സിനു ഒത്തിരി നന്ദി,, എന്റെ ഇങ്ങനെയുള്ള വിഷമങ്ങൾ എന്റെ അടുത്തുള്ള
കൂട്ടുകാരോടുപോലും പറയാറില്ല മാം,, എല്ലാം മനസ്സിൽ അടക്കി വെക്കുകയാണ് പതിവ്”
“സന്തോഷം,,
കുട്ടിക്ക് എന്തു വേണമെങ്കിലും പറയാം,, അല്ല എഴുതാം. വിദേശത്തുള്ളവരുടെ ഭാര്യമാർ
അനുഭവിക്കുന്ന വിഷമങ്ങൾ എനിക്ക് മനസ്സിലാവും”
“എന്നെപ്പോലെ
വിഷമം എല്ലാവർക്കും ഉണ്ടാവില്ല മാം. സൌദിയിൽ ഇരുന്നാലും ഞാൻ ചെയ്യുന്നതൊക്കെ ഹസ്‌ബന്റ്
അറിയും”
“അതെങ്ങിനെ?”
“വീടിന്റെ
നാലുവശത്തു കൂടാതെ അകത്തും ക്യാമറ ഉണ്ട്,,”
“അത്
നല്ല കാര്യമല്ലേ,, കള്ളന്മാരുള്ള ഇക്കാലത്ത് സുരക്ഷിതത്വം കൂടുമല്ലോ”
“ക്യാമറ
വെച്ചത് കള്ളന്മാരെ പിടിക്കാനല്ല”
“പിന്നെന്തിന്?”
“എന്നെ
ഒബ്സേർവ് ചെയ്യാനാണ്, ഈ വീട്ടിലെ എല്ലാകാര്യവും ഹസ്‌ബന്റ് അവിടെന്ന് നോക്കും”
“അതിനുമാത്രം
എന്ത്?”
“എന്നെ
സംശയമാണ് ചേച്ചി. ആരുമായും മിണ്ടരുത്, വീട്ടിൽ ആരും വരരുത്. ഇന്നലെ ഉണ്ടായ കാര്യം
ചേച്ചിക്ക് അറിയണോ?”
“പറഞ്ഞോളൂ”
“ഇന്നലെ
വൈകിട്ട് സൌദീന്ന് ഫോൺ വിളിച്ച് ഉഗ്രൻ വഴക്ക്,,?”
“എന്തിന്”
“വടക്കെപ്പുറത്തുള്ള
കോഴിക്കൂടിൽ ചേര കയറിയതിന്”
“കോഴിക്കൂട്ടിൽ
ചേരയോ? സൌദിയിൽ ചേരയുണ്ടോ?”
“ഹസ്‌ബന്റ്
ഉച്ചക്ക് ഫുഡ് കഴിക്കുന്ന നേരത്ത് മൊബൈലിൽ നോക്കിയപ്പോൾ ഈ വീടിലെ കോഴിക്കൂടിന്റെ
അടുത്ത് പാമ്പിനെ കണ്ടു. അത് ശ്രദ്ധിക്കാത്തതിനു എന്നോട് വഴക്ക്”
അവളുടെ വീട്ടിലെ അടുക്കളപ്പുറത്ത് വന്ന ചേര
എന്റെ മനസ്സിലൂടെ കറങ്ങാൻ തുടങ്ങി. ഇങ്ങനെയും മനുഷ്യരുണ്ടോ? ഞാൻ എഴുതിച്ചേർത്തു,
“കുട്ടീ,
ഇതുപോലെയുള്ള മനുഷ്യരുടെയും ഇടയിലാണ് നമ്മൾ ജീവിക്കേണ്ടത്, നേരം ഒരു പാട് ആയി.
ബാക്കി നാളെ,, ഗുഡ് നൈറ്റ്”
“ഗുഡ്
നൈറ്റ്,, എനിക്ക് ചേച്ചിയെ പരിചയപ്പെട്ടപ്പോൾ വളരെ ആശ്വാസം തോന്നുന്നു”
“ഓക്കെ,
ബൈ”
എന്റെ
മനസ്സിന്റെ ആശ്വാസം നഷ്ടപ്പെട്ടു,,
പെട്ടെന്നുതന്നെ
മൊബൈൽ ഓഫാക്കി. ഇനിയും തുറന്നുവെക്കാൻ പറ്റില്ല,,
(തുടരും)
ഇൻബോക്സിൽ ഒരു പെണ്ണിന്റെ കഥ
#ഒന്നാം ദിവസം
1, ഇനി അവൾ ഉറങ്ങട്ടെ
മലയാളി മങ്കമാർ വായിക്കാൻ ഇഷ്ടപ്പെട്ടിരുന്ന
പൈങ്കിളി വാരികയിൽ എന്റെ ചെറുകഥ ആദ്യമായി അച്ചടിച്ചു വന്നപ്പോൾ മനസ്സിലാകെ
പൂത്തിരി കത്തി. അന്നു വൈകുന്നേരം ചക്കരക്കല്ല് ടൌണിലെ സൂപ്പർമാർക്കറ്റിൽനിന്നും
ഷോപ്പിംഗ് കഴിഞ്ഞ് വരുന്നവഴിയിൽ എന്റെ കഥ ഒളിപ്പിച്ച വാരികകൾ മിൽമ ബൂത്തിൽ
തൂങ്ങിക്കിടന്ന് എന്നെ നോക്കി ചിരിച്ചു. അപ്പോൾതന്നെ പത്തെണ്ണം ഒന്നിച്ച് വാങ്ങി
പണം കൊടുക്കുമ്പോൾ ബൂത്തുടമ രമേശൻ പറഞ്ഞു,
“ടീച്ചറെന്തിനാ എല്ലാ
ആഴ്ചപ്പതിപ്പും വാങ്ങുന്നത്? മറ്റുള്ളവർക്കൊന്നും വായിക്കണ്ടേ?”
“മറ്റുള്ളവർക്ക് വേറെ
വാങ്ങിക്കൊടുത്തോ, ഇതിനകത്ത് എന്റെ കഥ വന്നിട്ടുണ്ട്”
“അതയോ, ടീച്ചറിത് ആദ്യമേ
പറഞ്ഞെങ്കിൽ കുറേയെണ്ണം ഞാൻ വാങ്ങുമായിരുന്നില്ലേ; ടീച്ചറ് കോളടിച്ചല്ലോ”
കൂടുതൽ പറയാൻ നിൽക്കാതെ അവന് പണം
കൊടുത്തശേഷം സമീപത്തുള്ള ഓട്ടോപിടിച്ച് വീട്ടിലേക്ക് പുറപ്പെട്ടു. അപ്പോൾ മൊബൈൽ
ശബ്ദിച്ചു, അനുജന്റെ ഭാര്യയാണ്,
“ഏച്ചിയുടെ കഥയുള്ള ആഴ്ചപ്പതിപ്പ്
ചാലോട് ടൌണിൽ കിട്ടാനില്ല. അവിടെ ഉണ്ടെങ്കിൽ ഒരു കോപ്പി എനിക്കും വേണം“
“ഇവിടെയൊരു ഷോപ്പിലുള്ള പത്തെണ്ണം വാങ്ങി. വീട്ടിൽ വരുമ്പോൾ എടുക്കാം”
വീടിനുമുന്നിൽ നിർത്തിയ ഓട്ടോയിൽനിന്നും
ഇറങ്ങാൻ നേരത്ത് വീണ്ടും മൊബൈൽ ശബ്ദിച്ചു; അനുജത്തിയാണ്,
“ഏച്ചീ എഴുതിയ കഥ വായിച്ചു,
പെണ്ണുങ്ങളുടെ ജീവിതം ഇതുപോലെ തന്നെയാണ്. കഥ വായിച്ചിട്ട് ഏട്ടനെന്താ പറഞ്ഞത്?”
“അതിന് അങ്ങേര് കഥ വായിച്ചില്ല;
പറയുന്നത് എന്തായാലും പറയട്ടെ. ഞാനിപ്പൊൾ ടൌണിന്ന് വരുന്നതേയുള്ളൂ”
“അതെയോ, പിന്നെ വിളിക്കാം”
വീട്ടിലെത്തിയപ്പോൾ ബാഗിൽനിന്നും
പത്ത് വാരികകൾ അദ്ദേഹം കാൺകെ മേശപ്പുറത്ത് നിരത്തിവെച്ച് പറഞ്ഞു,
“ഏത് വായിച്ചാലും ഒരേ കഥയാണ്, വായിച്ച്
അഭിപ്രായം പറയണം”
“ഒരു കഥ അച്ചടിച്ചുവന്നതിന് ഇങ്ങനെ
ചാടേണ്ട, വേഗം പോയി ചായവെക്ക്”
ഇതാണ് പെണ്ണിന് വിധിച്ചത്, ഏത് കൊമ്പത്ത് കയറിയാലും അവളെ തളച്ചിടാൻ അടുക്കള
ഉണ്ടല്ലോ,, ഞാനാണെങ്കിൽ സന്തോഷം വന്നിട്ട് ഇരിക്കാനും നിൽക്കാനും വയ്യാത്ത
അവസ്ഥയിലാണ്. ആഴ്ചപ്പതിപ്പിൽ എന്റെ കഥ അച്ചടിച്ചുവരുന്നത് ആദ്യമായിട്ടാണ്.
കേരളത്തിലങ്ങോളമിങ്ങോളം ലക്ഷക്കണക്കിന് വായനക്കാരുണ്ടെന്ന് അവകാശപ്പെടുന്ന ഒരു
പ്രസിദ്ധികരണത്തിൽ വരിക എന്നത് വലിയൊരു ഭാഗ്യമല്ലാതെ മറ്റെന്താണ്. കഥകൾ
എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും ആദ്യമായിട്ടൊന്നും അല്ല. ബ്ലോഗിൽ ഫെയ്സ്‌ബുക്കിൽ,
വാട്ട്‌സാപ്പിൽ കൂടാതെ അനേകം മാസികകളിൽ, സ്മരണികകളിൽ എത്രയെത്രയാണ് കഥകളും ലേഖനങ്ങളും
ഒക്കെ വന്നതാണ്. സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. കൂട്ടത്തിൽ മികച്ചത് ഈ രചന തന്നെ,
വാരിക തുറന്നപ്പോൾ ഞാനെഴുതിയ കഥ മുന്നിൽ, പേര് വായിച്ചു,
‘ഇനി അവൾ ഉറങ്ങട്ടെ’
ഫെയ്സ്‌ബുക്കിലും വാട്ട്‌സാപ്പിലും
ചാറ്റ് ചെയ്യാൻ പറ്റിയ നേരം രാത്രിയാണ്. മിണ്ടിയും പറഞ്ഞും ഇരിക്കാനാവില്ല
എന്നേയുള്ളൂ; ഒച്ചകേട്ടാൽ അടുത്ത മുറിയിൽ കിടന്നുറങ്ങുന്ന ഭർത്താവ്
എഴുന്നേറ്റുവരും,
“നട്ടപ്പാതിര ആയിട്ട് നിനക്കൊന്നും
ഉറങ്ങാനായില്ലേ?”
മക്കളും ചെറുമക്കളും ഉപേക്ഷിച്ചുപോയി ഏതാണ്ട്
വൃദ്ധസദനം പോലെയായ വീട്ടിൽ തിന്നലും കുടിയും കുളിയും മാത്രമായിട്ട് നാളുകൾ
ഏറെയായി. അതിനിടയിൽ ഇത്തിരി സാഹിത്യം തലക്കു പിടിച്ചത് അങ്ങേർക്ക് സഹിക്കുന്നില്ല.
ഫെയ്സ്‌ബുക്കിൽ ഇന്നത്തെ പോസ്റ്റ്
സ്പെഷ്യലാണ്. രാവിലെതന്നെ വാരികയുടെ മുഖചിത്രം വെച്ച് പോസ്റ്റ് ഇട്ടതാണ്. കമന്റും
ലൈക്കും നിറഞ്ഞുകവിഞ്ഞിരിക്കും; ഏതായാലും തുറന്നു നോക്കട്ടെ,,
തുറന്നപ്പോൾ ഞാനാകെ ഞെട്ടി,, ആകെ
പതിനെട്ട് ലൈക്കും ആറ് കമന്റും.
ദരിദ്രവാസികൾ, നന്ദിയില്ലാത്ത വർഗ്ഗം,,
വായനക്കാർ ഇങ്ങനെ ആയതിൽ ഞാനെന്ത്
പിഴച്ചു! അപ്പോഴാണ് മെസെഞ്ജറിൽ പച്ചവെളിച്ചം തെളിഞ്ഞത്,, ആരോ വന്നിട്ടുണ്ട്,
മംഗ്ലീഷിൽ ഏതാനും വാക്കുകൾ,
“ചേച്ചി എഴുതിയ കഥ വായിച്ചു,
സൂപ്പർ; ഇന്ന് കിട്ടിയ ആഴ്ചപ്പതിപ്പ് ഞാൻ സൂക്ഷിച്ചിട്ടുണ്ട്”
ഹോ,, എന്റെ ദേഹമാസകലം കുളിരുകോരി,
ഒരാളെങ്കിലും എന്നെ അംഗീകരിച്ചല്ലോ. ലൈക്ക് ചെയ്തശേഷം പേര് വായിച്ചു, രജനി
വിനോദ്’, ഞാൻ മറുപടി എഴുതി,
“ഹായ് സന്തോഷം, താങ്കളുടെ കമന്റ്
എന്റെ എഫ്.ബി. പേജിൽ ഇട്ടുകൂടെ?”
“അധികമൊന്നും ഞാൻ എഫ്,ബി,യിൽ
എഴുതാറില്ല, വായിക്കാറാണ് പതിവ്. പിന്നെ ചില പോസ്റ്റുകൾ ഷെയർ ചെയ്യും”
പെട്ടെന്ന് മറുപടി വന്നപ്പോൾ
എനിക്ക് സന്തോഷമായി. ആള് ഓൺലൈനിൽ ഉണ്ടല്ലോ,, പെട്ടെന്ന് ഞാൻ എഴുതി,
“വായിക്കുന്നത് നല്ലതാണ്, ഏതാനും
കഥകളുടെ ലിങ്ക് അയച്ചുതരാം”
“വേണ്ട ചേച്ചി, എനിക്ക് അധികസമയം
ഇവിടെ വരാൻ പറ്റില്ല. ചേച്ചിയുടെ കഥ പോലെയാണ് എന്റെ ജീവിതം, ക്ലൈമാക്സ് നടന്നില്ല
എന്നേയുള്ളൂ. അതിൽ പറയുന്ന വീട്ടമ്മ പ്രീയ ഞാൻ തന്നെയാണ്”
അവളങ്ങിനെ പറഞ്ഞപ്പോൾ എന്റെയുള്ളിൽ
സന്തോഷം പതഞ്ഞുപൊങ്ങി. എഴുത്തുകാരി എന്ന നിലയിൽ എനിക്ക് ലഭിച്ച ആദ്യത്തെ
അംഗീകാരം. കഥാനായികയുടെ ജീവിതം തന്റേത് കൂടിയാണെന്ന് ഒരു വായനക്കാരിയിൽ നിന്നും
കേൾക്കുക, ഇതിലധികം എന്തുവേണം!
“താങ്കൾ പറയുന്നത് വലിയൊരു അവാർഡായി
ഞാൻ കണക്കാക്കുന്നു”
“കഥയിൽ പറയുന്നതുപോലെ ചേച്ചിയുടെ
ഭർത്താവ് സംശയാലുവാണോ?”
അവളുടെ ചോദ്യം കേട്ട് ഉത്തരം കണ്ടെത്താനാവാതെ
ഞാനിരുന്നു. അടുത്ത മുറിയിൽ സമാധാനത്തോടെ കൂർക്കം വലിച്ച് ഉറങ്ങുന്ന ആൾ എന്റെ
ഓർമ്മയിൽ കടന്നുവന്നു.
(തുടരും)