Sunday, February 2, 2020

പാദുകപൂജ



“ശബരിമലക്ക് മാഷ് പോകുമ്പോൾ തനിച്ച് വീട്ടിൽ നിൽക്കാൻ എനിക്ക് പേടിയൊന്നും ഇല്ല്ല. കെട്ട്‌നിറ കഴിഞ്ഞ് ഇറങ്ങിയ ഉടനെ അങ്ങേരുടെ പഴയ ഒരുജോഡി ചെരിപ്പെടുത്ത് വീടിന്റെ മുന്നിൽ മുറ്റത്തുവെക്കും”
വിദ്യാലയത്തിലെ സ്റ്റാഫ്‌റൂമിൽ‌വെച്ച് കായിക അദ്ധ്യാപികയുടെ വാക്കുകൾ കേട്ടപ്പോൾ മലയാളം മാസ്റ്റർക്ക് സംശയം,
“അതെന്താ ടീച്ചറെ ഭർത്താവ് ശബരിമലക്ക് പോകുമ്പോൾ ഭാര്യ പാദുകപൂജ ചെയ്യേണ്ടതുണ്ടോ?”
“അത് വീട്ടിൽ ആണുങ്ങളില്ല എന്ന് മനസ്സിലായാൽ വഴിയെ പോകുന്ന ഭിക്ഷക്കാരും കച്ചവടക്കാരും ഒഴിഞ്ഞുപോവുകയില്ല. അടയാളമായി ആണുങ്ങളുടെ ചെരിപ്പ് വീടിന്റെ മുന്നിലുണ്ടെങ്കിൽ ശല്യം കുറയും.
 കേട്ടിരിക്കുന്നവർക്ക് തമാശയായി തോന്നിയെങ്കിലും അദ്ധ്യാപികയുടെ മറുപടി ഗൌരവമുള്ളതായിരുന്നു. അവിടെ കൂടിയിരിക്കുന്നവർക്ക് ചിന്തിക്കാനും ചർച്ച ചെയ്യാനും ഒരു വിഷയമായി. സ്വന്തം വീടിനുമുന്നിൽ പുരുഷന്റെ ചെരിപ്പുകൾ കണ്ടാൽ ‘ഇവിടെ ചോദിക്കാനും പറയാനും ഒരുത്തൻ ഉണ്ട്’ എന്ന് മനസ്സിലാക്കിയ അപരിചിതർ കൂടുതൽ നേരം ആവിട്ടിൽ നിന്ന് ശല്യം ചെയ്യാറില്ല്ല, എന്ന് ഉദാഹരണസഹിതം അദ്ധ്യാപിക വിവരിച്ചുതന്നു,
“നമ്മുടെ വീട്ടിൽ പുരുഷന്മാരില്ല എന്നും വീട്ടുകാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണെന്നും തിരിച്ചറിഞ്ഞാൽ വഴിയെ പോകുന്ന വില്പനക്കാരനും സഹായം ചോദിച്ചുവരുന്നവരും അണ്ണാച്ചികളും വീട്ടിൽ‌നിന്ന് ഒഴിഞ്ഞുപോവുകയില്ല. നമ്മുടെ വിലയേറിയ സമയം ഇവരെ പറഞ്ഞുവിടാൻ ചെലവഴിക്കണം. എന്നാൽ ആണുങ്ങളായി ഭർത്താവോ മകനോ അച്ഛനോ വീട്ടിലുണ്ടെന്നറിഞ്ഞാൽ അവരെ പെട്ടെന്ന് പറഞ്ഞുവിടാൻ കഴിയും എന്നാണ് എന്റെ അനുഭവം”
 വിദ്യാർത്ഥികളെയും ചിലപ്പോൾ അദ്ധ്യാപകരെയും ‘നേരെയാക്കുന്ന’ നമ്മുടെ കായിക അദ്ധ്യാപികക്ക് ആരെയും ഭയമില്ല എന്ന് നമുക്കെല്ലാം അറിയാം.
അപ്പോൾ എനിക്കൊരു സംശയം?
നമ്മുടെ സഹോദരങ്ങൾക്കെന്ത് പറ്റി? ആൺ‌തുണയില്ലാത്ത പെണ്ണ് പുറം‌പോക്ക് ഭൂമിപോലെ ആർക്കും കൈയ്യേറി കുടില്‌കെട്ടാൻ പറ്റുന്നതാണെന്ന ധാരണ ആണിന്റെ ജീനുകളിൽ അടയാളപ്പെടുത്തിയിട്ടുണ്ടോ?
അതുപോലെ,,
   പെൺ‌കുട്ടികൾ ദൂരയാത്രകൾ ചെയ്യുമ്പോൾ ‘തൊട്ടടുത്ത് ഇരിക്കുന്ന സ്ത്രീകളെ ഒരിക്കലും വിശ്വസിക്കരുത്’ എന്നാണ് എന്റെ മകളുടെ അനുഭവം. അവൾക്ക് വളരെയധികം കളവുകൾ പറയേണ്ട അവസരങ്ങൾ ദൂരയാത്രകളിൽ ഉണ്ടാവാറുണ്ട്. ഉപരിപഠനത്തിനായി കണ്ണൂരിൽ നിന്ന് അന്യ ജില്ലകളിൽ യാത്ര ചെയ്യുമ്പോൾ തൊട്ടടുത്തിരിക്കുന്ന സ്ത്രീകൾ പലപ്പോഴും ചോദിക്കും,
‘എവിടെക്കാണ് പോകുന്നത്?, വീട് എവിടെയാണ്?, എവിടെ പഠിക്കുന്നു?’.
യാത്രയുടെ  മടുപ്പ് ഒഴിവാക്കാൻ ഇതുപോലുള്ള പരിചയപ്പെടലുകൾക്കെല്ലാം മകൾ കൃത്യമായി ഉത്തരം നൽകും. എന്നാൽ ഒടുവിൽ ഒരു ചോദ്യമുണ്ട്, ‘ഒറ്റക്കാണോ യാത്ര?’
അതിന്‌മാത്രം അവൾ പച്ചക്കള്ളം പറയും, ‘അല്ല കൂടെ ചേട്ടനുണ്ട്’
   സ്വന്തമായൊരു സഹോദരൻ ഇല്ലെങ്കിലും കൂടെ സഹോദരനുണ്ട്’ എന്ന് പറഞ്ഞ് മകൾ യാത്രയിൽ സുരക്ഷിതത്വം ഉറപ്പിക്കുകയാണ്. അത് അനുഭവത്തിൽ നിന്ന് പഠിച്ചതാണ്,
ഒരിക്കൽ,
  കണ്ണൂരിൽ നിന്ന് ഏറണാകുളത്തേക്കുള്ള യാത്രാവേളയിൽ തൊട്ടടുത്ത് പ്രായമുള്ള സ്ത്രീ. അവർ പരിചയപ്പെട്ട് സംസാരിച്ചപ്പോൾ നാടും വീടും പറഞ്ഞുകൊടുത്തു. എന്നാൽ ആ സ്ത്രീ പരിചയപ്പെടുത്തിയതെല്ലാം സമീപത്തുള്ള മദ്യഷാപ്പുകളുടെ അഡ്രസുകൾ പറഞ്ഞിട്ട് ആയിരുന്നു. കോഴിക്കോട് ബസ് നിർത്തിയപ്പോൾ അവർ മകളോട് പറഞ്ഞു,
“ഇവിടെനിന്നും ബസ്‌പുറപ്പെടാൻ പതിനഞ്ച് മിനിട്ട് കഴിയും; അതിനിടയിൽ നമുക്ക് അടുത്തുള്ള ഹോട്ടലിൽ നിന്ന് ചായകുടിച്ച് ഒന്ന് ഫ്രഷ് ആവാം”
കേട്ടപ്പോൾ ആദ്യമൊന്ന് ഞെട്ടിയശേഷം പറഞ്ഞു,
“എന്റെ കൂടെ ചേട്ടനുണ്ട്, ഞാൻ ചേട്ടന്റെ കൂടെ പോയിട്ട് ചായ കുടിക്കും”
അതുവരെ നിർത്താതെ സംസാരിച്ച ആ സ്ത്രീ ബസിൽ നിന്നും ഇറങ്ങുന്നതുവരെ പിന്നീടൊന്നും പറഞ്ഞില്ല.
   യാത്രവേളകളിൽ സ്ത്രീകൾ ജാഗ്രത പാലിക്കണം. ചുറ്റുപാടുമുള്ളവരുടെ കണ്ണുകൾ അവളെ നിരീക്ഷിക്കുന്നുണ്ടെന്ന ചിന്തയോടുകൂടി യാത്രചെയ്താൽ അപകടമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം. പക്ഷേ,,
അവിടെയും ആൺ‌തുണയുടെ പേര് പറയേണ്ടി വരുന്നു. ഒറ്റക്ക് യാത്ര ചെയ്യുന്നവളെ എന്തും ചെയ്യാമെന്ന ചിന്ത മലയാളികളായ ആണിന്റെ മാത്രമല്ല, പെണ്ണിന്റെ ജീനിലും കലർന്നിട്ടുണ്ട്.  
ഇനി ആദ്യത്തേതിലേക്ക് വരാം,, 
പാദുകപൂജ,,
    മലയാളി പെണ്ണുങ്ങളുടെ ജീനുകളിൽ പാരമ്പര്യമായി കയറിപ്പറ്റിയ ശീലമാണ് ചെരിപ്പ് പ്രദർശനം. ആണൊരുത്തന്റെ ചെരിപ്പ് വീടിനുമുന്നിൽ ഉണ്ടാവുന്നത് ഒറ്റപ്പെടുന്ന സ്ത്രീകൾക്ക് ധൈര്യം നൽകുന്നു, എന്നതാണ് അനുഭവം ഗുരു. ഇത് പെണ്ണിനെക്കുറിച്ചുള്ള ആൺ‌ധാരണ കാരണം ഉണ്ടായതല്ലേ? റേഷൻ കാർഡിന്റെ ഉടമ ആയെങ്കിലും പെണ്ണ് ഭരിക്കപ്പെടാനും ആണ് ഭരിക്കാനും ഉള്ളവരാണെന്ന് ചിന്തിക്കുന്ന ആൺകൊയ്മയുടെ പ്രകടനമല്ലേ ഇത്. രാത്രി അടുത്തവീട്ടിലേക്ക് പോകുന്ന എന്നോട് വഴിയിലുള്ളവർ ചോദിക്കും,
“രാത്രീയിൽ ഏടിയാ ഒറ്റക്ക് പോന്നത്?”
ഈ ചോദ്യം ആണായ ഒരുത്തനും അഭിമുഖികരിക്കേണ്ടി വരാറില്ലല്ലോ,,, 
 പണ്ട് കുലസ്ത്രീകളുടെ ഗ്രെയ്ഡ് കണക്കാക്കിയത് രാവിലെ നോക്കുമ്പോൾ വീട്ടുമുറ്റത്ത് പതിഞ്ഞ പുരുഷ കാല്പാടുകളും കെടുത്തിയ ഓലച്ചൂട്ടിന്റെ എണ്ണവും നോക്കിയിട്ട് ആയിരുന്നു, എന്നാണ് ചരിത്രഭാഷ്യം. അന്നും അകത്താളുണ്ട് എന്നറിയിക്കാൻ വാതിലിനു മുന്നിൽ പാദുകം ഉണ്ടായിരുന്നു. അത്തരം ചിന്താഗതിയിൽ നിന്നും കേരളം എന്നാണ് മുക്തരാവുക?
ഇനി നമുക്ക്
രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’യിലേക്ക് വരാം,,
  കഴിഞ്ഞ തലമുറ ജീനിന്റെ വിളിയാൽ ആൺ‌തുണയില്ലാതെ? മകനോടൊപ്പം താമസ്സിക്കുന്ന കല്യാണിക്ക് ആലക്കത്തെ കൈശുമ്മയോട് ആണുങ്ങളുടെ ചെരിപ്പിന് ചോദിക്കുന്നു. അവർ മകളായ ആയിശയുടെ കെട്ടിയോൻ അബൂബക്കറിന്റെ പഴയ ചെരിപ്പ് കൊടുക്കുന്നു. സവിശേഷതയുള്ള ആ ചെരിപ്പ് കല്യാണി സ്വന്തം വീടിന്റെ അടഞ്ഞ വാതിലിനു മുന്നിൽ വെക്കുന്നു. ഇത് രാത്രി സഞ്ചാരക്കാർ കാണുകയും അപവാദം പ്രചരിക്കുകയും ചെയ്യുമ്പോൾ ചെരിപ്പിന്റെ ഉടമയായ അബൂബക്കറിന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
ഇവിടെ ചെരിപ്പാണ് വില്ലൻ    
 ആണിന്റെ തന്റേടവുമായി ജീവിക്കുന്ന കഥാപാത്രം കല്യാണി സുരക്ഷിതത്വത്തിനായി ആണടയാളമായ ചെരിപ്പ് ഉപയോഗിക്കുന്നു.
അപ്പോൾ മനസ്സിലായില്ലേ?
ഇപ്പോൾ ഒരു സംശയം,,
ആണിന്റെ ചെരിപ്പിന്റെ ഉറപ്പിലാണോ വീടിനകത്തുള്ള പെണ്ണിന്റെ മനസ്സമാധാനം?
******* 

Thursday, January 30, 2020

പതിനൊന്നിലേക്ക്


എന്റെ ആദ്യപുസ്തകം പ്രകാശനം ചെയ്തത് 2013 ൽ, ഇപ്പോൾ പതിനൊന്നാമത്തെ പുസ്തകത്തിൽ എത്തിനിൽക്കുന്നു. 2008 മാർച്ച് 31ന് അദ്ധ്യാപന ജോലിയിൽ നിന്നും വിരമിച്ചശേഷമാണ് ഇതെല്ലാം സ്വന്തമാക്കിയത്. എല്ലാവർക്കും നന്ദി.

മിനിയുടെ പുസ്തകങ്ങൾ
1, ടെറസ്സിലെ കൃഷിപാഠങ്ങൾ, സി.എൽ.എസ്. ബുക്സ് തളിപ്പറമ്പ് 2013ൽ പ്രകാശനം
ടെറസ്സിലെ കൃഷിപാഠങ്ങൾ (രണ്ടാം പതിപ്പ്): സി.എൽ.എസ്. ബുക്ക്സ്,
2, അനിയൻബാബു ചേട്ടൻബാബു (ഹാസ്യകഥകൾ): പായൽ ബുക്ക്സ്, കണ്ണൂർ. 70 രൂപ
3, മനസ്സിൽ ലഡ്ഡുപൊട്ടുമ്പോൾ (ഹാസ്യകഥകൾ): പായൽ ബുക്ക്സ് കണ്ണൂർ. 80 രൂപ.
4, മിനിനർമകഥകൾ (ഹാസ്യകഥകൾ): സി.എൽ.എസ്. ബുക്ക്സ്, തളിപ്പറമ്പ്. 100 രൂപ.
5, മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ(ബാലസാഹിത്യം): കൈരളി ബുക്ക്സ്, കണ്ണൂർ. 80 രൂപ.
മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ (രണ്ടാം പതിപ്പ്): കൈരളി ബുക്ക്സ്, കണ്ണൂർ.
6, പുട്ടും കടലയും (ഹാസ്യകഥകൾ): കേരള ബുക്ക് ട്രസ്റ്റ്, കോഴിക്കോട്. 95 രൂപ.
7, പുരനിറഞ്ഞ പുരുഷൻ: പേരക്ക ബുക്ക്സ് കോഴിക്കോട്. 80 രൂപ
8, എട്ടുസുന്ദരികളും ഒരു സിനിമയും (കഥകൾ): കൈരളി ബുക്ക്സ്, കണ്ണൂർ. 130 രൂപ
9, ടെറസിലെ കൃഷികൾ(കാർഷികം): പൂർണ്ണ പബ്ലിക്കേഷൻസ്, കോഴിക്കോട്. 95 രൂപ
10. കാക്കക്കുയിലേ ചൊല്ലൂ ((ബാലസാഹിത്യം): മെയ്‌ഫ്ലവർ ബുക്ക്സ്, കണ്ണൂർ. 70 രൂപ
11. കുട്ടിയമ്മയുടെ ആണി (ഹാസ്യകഥകൾ): കൈരളി ബുക്ക്സ്, കണ്ണൂർ. 110 രൂപ.


Thursday, January 31, 2019

കുട്ടൻ പല്ലിയുടെ കാഴ്ചകൾ


                പുലരുന്നതിനുമുൻപ് ഉണരുന്ന വീട്ടമ്മ അടുക്കളയിൽ വന്നിട്ട് റഫ്രിജറേറ്റർ തുറന്നപ്പോൾ തലേദിവസം അതിനകത്ത് കുടുങ്ങിയ കുട്ടൻ‌പല്ലി പെട്ടെന്ന് വെളിയിലിറങ്ങി. ചുറ്റുപാടും പരന്ന വൈദ്യുത ബൾബിന്റെ തീവ്രമായ വെളിച്ചം കണ്ണിൽ പതിച്ചതോടെ അവൻ അടുക്കളയിൽ അങ്ങോട്ടും ഇങ്ങോട്ടുമായി ഓടാൻ തുടങ്ങി. നിർത്താതെ ഓടുന്ന കുട്ടനെ കണ്ടപ്പോൾ മറ്റു പല്ലികൾക്കെല്ലാം ആശ്ചര്യമായി. അവർ ചോദിച്ചു,
“എന്ത് പറ്റി കുട്ടാ? നീയെന്തിനാ വാലിന് തീപ്പിടിച്ചതുപോലെ ഓടുന്നത്?”
ചോദ്യം കേട്ടപ്പോഴാണ് കുട്ടൻ‌പല്ലി വാലിന്റെ കാര്യം ഓർത്തത്. തന്റെ അതി‌മനോഹരമായ വാൽ എവിടെയോവെച്ച് നഷ്ടപ്പെട്ടിരിക്കുന്നു,,
അവനാകെ സങ്കടത്തിലായെങ്കിലും ചിന്തിച്ചത് മറ്റൊന്നാണ്,,,
വാല് പോയാലും ജീവൻ പോയില്ലല്ലൊ,,,
              കൂട്ടുകാർ പറയുന്നതൊന്നും ശ്രദ്ധിക്കാതെ കുട്ടൻ‌പല്ലി ഓട്ടം തുടരുകയാണ്. അവൻ തെക്കോട്ടോടി വടക്കോട്ടോടി കിഴക്കോട്ടോടി പടിഞ്ഞാറോട്ടും ഓടി. ഓടിയോടി തളർന്ന് അടുക്കളവാതിലിന്റെ കതകിനുപിന്നിൽ കിടന്നെങ്കിലും കൈയ്യും കാലും തലയും വിറക്കുകയാണ്. ആ നേരത്ത് അവന്റെ കൂട്ടുകാരെല്ലാം അടുത്തുവന്നു. അക്കൂട്ടത്തിൽ പല്ലികൾ മാത്രമല്ല, പാറ്റകളും ചിലന്തികളും ഉറുമ്പുകളും ഒക്കെയുണ്ട്. എല്ലാവരേയും നോക്കിയശേഷം കുട്ടൻ പറഞ്ഞു,
“ഞാൻ കണ്ടൂ”
“നീയെന്താണ് കണ്ടത്?”
“ഞാൻ കണ്ടു,, ഞാൻ മാത്രമാണ് കണ്ടത്,,”
“എന്റെ കുട്ടാ,, നീ കണ്ടത്, എന്താണെന്ന് പറയൂ,,”
“അയ്യോ, എന്റെ കൂട്ടുകാരെ ഇന്നലെ രാത്രിയിലാ ഞാനതിൽ കുടുങ്ങിയത്”
“ഫ്രിഡ്ജിലോ? എന്നിട്ട്?”
“എന്നിട്ട് അതിന്റെ വാതിലടഞ്ഞപ്പോൾ,, എന്റമ്മോ,,, ആകെയൊരു കൂരിരുട്ട്”
“കൂരിരുട്ടോ?”
“അതേ,, ശരിക്കും അന്ധകാരം,, അമാവാസി നാളിലെ നട്ടപ്പാതിരനേരം പോലുള്ള അന്ധകാരം,,”
“എന്നിട്ടോ?”
“അല്പനേരം കഴിഞ്ഞപ്പോൾ ആ ഇരുട്ടിൽ കുറച്ചൊക്കെ എനിക്ക് കാണാമെന്നായി. നോക്കിയപ്പോൾ,,”
“നോക്കിയപ്പോൾ?”
“അതിനകത്ത് എന്തെല്ലാം സാധനങ്ങളാണപ്പാ,,, കത്രിക്ക, മുരിങ്ങ, വെള്ളരി, താലോരി, വെണ്ടക്ക, ചീര, പയറ്, തക്കാളി, കയ്പക്ക, ക്യാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ ഒരു വശത്ത്,, പിന്നെ,,,”
“പിന്നെ?”
“ആപ്പിൾ, ഓറഞ്ച്, മാമ്പഴം, വാഴപ്പഴം, ചക്കപ്പഴം തുടങ്ങിയ പഴങ്ങൾ ഒരു ഭാഗത്ത്”
“പിന്നെ?”
“പിന്നെയുള്ളത്,,, അലുവ, കെയ്ക്ക്, ബിസ്‌ക്കറ്റ്, മഞ്ച്, കിന്റർ‌ജോയ്, കിണ്ണത്തപ്പം, കലത്തപ്പം, ഉണ്ണിയപ്പം അങ്ങിനെ അനവധി പലഹാരങ്ങൾ”

“തീർന്നോ?”
“തീരാനോ? ഇതൊക്കെ ഒരു മൂലയിൽ,, വാതിൽ തൊറന്നാൽ കാണുന്നിടത്ത് ചോറ്, കറികൾ, പായസം, ഉപ്പുമാവ്, അച്ചാർ, അവിയൽ, ഉപ്പേരി അങ്ങിനെയൊരു വക”
“എന്നിട്ട് കുട്ടാ നിനക്കതൊക്കെ തിന്നാൻ കഴിഞ്ഞോ?”
“അതൊക്കെ തിന്നിട്ട് വയറു ചീത്തയാക്കാനൊന്നും ഞാനില്ല. എനിക്കിവിടത്തെ പാറ്റയെയും ഈച്ചയെയും കൊതുകിനെയും ഒക്കെ ഫ്രഷായിട്ട് തിന്നാൽ മതി”
“പിന്നെ നീയെന്തിനാടാ കരഞ്ഞുവിളിച്ച് ഓടിയത്?”
“അത്,, ഞാനതിന്റെ ഉള്ളിലെ അറയിലൊരു ഭയങ്കര കാഴ്ച കണ്ടു”
“ഭയങ്കര കാഴ്ചയോ? അതെന്താണ്?”
“രണ്ട് കോഴികളെ തോലുപൊളിച്ചശേഷം അലങ്കരിച്ച് കിടത്തിയിരിക്കുന്നു,,”
“രണ്ട് കോഴികളോ?”
“അല്ല,,, രണ്ട് കോഴീന്റെ ശവം”
“ശവമോ?”
“ഒരു ശവപ്പെട്ടിക്കുള്ളിലാണ് കയറിയതെന്ന് അറിഞ്ഞപ്പോൾ ഞാനാകെ പേടിച്ചുവിറച്ചുകൊണ്ട് ഒരു മൂലയിൽ ചുരുണ്ടുകൂടിയപ്പോഴാണ് വാതിൽ തുറന്നത്. ആ നേരത്ത് ഓടിയിതാ‍,, ഇതാ ഇപ്പോഴും എന്റെ വിറയൽ മാറിയിട്ടില്ല. എന്നാലും എനിക്കാകെയൊരു സം‌ശയം,,”
“എന്ത് സംശയം?”
“ജീവനുള്ള കോഴി കിടക്കുന്നത് വൃത്തിയില്ലാത്ത കൂട്ടിൽ,,, എന്നിട്ടത് ശവമായാൽ കിടത്തുന്നത് എല്ലാ സൌകര്യവുമുള്ള പെട്ടിയിൽ. എനിക്ക് ചോദിക്കാനുള്ളത്,,,
ചത്ത കോഴിക്കെന്തിനാ ഇത്രയും വലിയ എയർ‌കണ്ടീഷൻ ചെയ്ത ശവപ്പെട്ടി?”
*******
പിൻ‌കുറിപ്പ്: കേരള ബുക്ക് ട്രസ്റ്റ് പ്രസിദ്ധികരിക്കുന്ന എന്റെ ബാലസാഹിത്യം,,, ‘ചിപ്പിയമ്മയും കുഞ്ഞുങ്ങളും’ എന്ന  കഥാ‍സമാഹാരത്തിൽ ഉൾപ്പെടുത്തിയ കഥ,

Sunday, November 11, 2018

എന്റെ പുസ്തകം : പുരനിറഞ്ഞ പുരുഷൻ


      എന്റെ ഏഴാമത്തെ പുസ്തകമാണ് പുരനിറഞ്ഞ പുരുഷൻ. 2018 നവമ്പർ 1 ന് പുസ്തക പ്രകാശനം നിർവ്വഹിക്കപ്പെട്ടു. ഈ പുസ്തകത്തെ കുറിച്ച് എഴുത്തുകാരി ആയ വി.കെ റീന എഴുതിയ അവതാരിക ഇവിടെ വായിക്കാം.

പുരനിറഞ്ഞ പുരുഷൻ

അവതാരിക

               സമകാലിക സാമൂഹ്യ പ്രശനങ്ങളോട് ഹാസ്യത്തിലൂന്നി ശക്തമായി സംവദിക്കുന്ന കഥകളാണ് കെ എസ് മിനിയുടെ 'പുരനിറഞ്ഞ പുരുഷൻ’ എന്ന കഥാസമാഹാരം. വായനക്കാരന്റ ചുണ്ടിൽ ചെറുചിരിയുണർത്താൻ പര്യാപ്തമായ ടൈറ്റിൽ കൂടിയാണ് ഈ പുസ്തകത്തിനുള്ളത്. അവതരണത്തിലെ തനിമ, ഹാസ്യഭാവന, ഭാഷയുടെ ലാളിത്യം എന്നിവയെല്ലാം ഇതിലുള്ള കഥകളെ ആസ്വാദ്യകരമാക്കുന്നുണ്ട്. കഥയിലെ ആന്തരാർത്ഥങ്ങൾ എന്നെ രസിപ്പിച്ചതു കൊണ്ടുതന്നെയാണ് കഥകൾ ഉദാത്തമാണെന്ന് തോന്നിയത്. പൊതുവെ സ്ത്രീകൾ കൈവെക്കാൻ ധൈര്യപെടാത്ത ഒന്നാണ് ഹാസ്യസാഹിത്യം. കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ വിരളമാണ് ഈ മേഖലയിൽ സ്ത്രീ എഴുത്തുകാരുടെ സംഭാവന.

               ഹാസ്യത്തിലൂടെ കഥ പറഞ്ഞു ഫലിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നിട്ടും വിത്യസ്ത പ്രമേയങ്ങൾ ഉൾകൊള്ളിച്ചു ഇരുപത്തിമൂന്നു കഥകളിലൂടെ കെ എസ് മിനി അതു അനായാസേന സാധിച്ചെടുത്തിരിക്കുന്നു എന്ന് പറയാതെ വയ്യ.



                 ആനുകാലികങ്ങളിലും ഇന്റർനെറ്റിലും നിരന്തരം നർമ്മകഥകൾ എഴുതുന്ന കെ സൗമിനി എന്ന കെ എസ് മിനിയുടെ പക്ഷികളും മൃഗങ്ങളും കഥാപാത്രങ്ങൾ ആയി വരുന്ന മാക്രി മെമ്മോറിയൽ ഹൈസ്കൂളും, വായനക്കാർ ഏറെ രുചിയോടെ ആസ്വദിച്ച പുട്ടും കടലയും ഏറെ പ്രശസ്തി നേടിയ കൃതികളാണ്.

                 ഈ പുസ്തകത്തിലുള്ള ഒരോ കഥകളിലും,കല്യാണക്കച്ചേരിയായാലും ഓപ്പൺ വോട്ട് അഥവാ രാഘവീയം ആയാലും കഥാന്ത്യം വരെ വായനക്കാരുടെ ജിജ്ഞാസ നിലനിർത്താൻ കഴിയുന്നുണ്ട്. മനുഷ്യ ജീവിതത്തിലെ നശ്വരതയും പൊങ്ങച്ചവും അധ്യാപക ജീവിതത്തിലെ നുറുങ്ങുകളും ചില കഥകൾക്ക് വിഷയമാവുന്നുണ്ട്.

                പ്രശസ്തിയുടെ പടവുകൾ ആയാസരഹിതമായി ചവുട്ടിക്കയറുന്ന ഒരു എഴുത്തുകാരന്റെ കോപ്പിയടിയും, ചില പ്രണയ സങ്കൽപ്പങ്ങളും വിപണന തന്ത്രത്തിന് ഇരയാവുന്ന മലയാളിയുടെ മനോദൗർബല്യങ്ങളും ഓർത്തു ചിരിക്കാൻ വക നൽകുന്നവയാണ്. കപടസദാചാരത്തിന്റെ മുനയൊടിക്കുകയാണ് പുര നിറഞ്ഞു നിൽക്കുന്ന പുരുഷൻ എന്ന കഥ.



                  മഹാബലിക്കു മുന്നിൽ തലകുനിച്ചു നിന്നുകൊണ്ട് കത്തുന്ന കാലത്തിലേക്ക് വിരൽ ചൂണ്ടുകയാണ് മിനിയുടെ കഥയിലെ വാമനൻ. ആർഭാടങ്ങളോ അത്ഭുതങ്ങളോ ഇല്ലാതെ ദൈനംദിന ജീവിതത്തിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന പൊള്ളത്തരങ്ങൾ മിനി എന്ന എഴുത്തുകാരി പുഞ്ചിരിയോടെ വരച്ചു കാട്ടുകയാണ്. സഞ്ജയൻ പുരസ്‌കാരം പോലുള്ള അനേകം പുരസ്‌കാരങ്ങൾ നേടിയ കെ എസ് മിനി എന്ന കഥാകാരിയുടെ ഈ കഥാസമാഹാരത്തിന് അവതാരിക എഴുതാൻ കഴിഞ്ഞതിൽ എനിക്ക് ചാരിതാർഥ്യമുണ്ട്. ഭാവനയും ജീവിതവും ഇഴചേർന്ന് പോകുന്ന കഥകളിലെ ഹാസ്യത്തിന്റെ വശ്യതയിൽ കുരുങ്ങി പോവുകയാണ് വായനക്കാർ. അവരുടെ തൂലികയിൽ ഇനിയും അനേകം ഹാസ്യകുസുമങ്ങൾ വിരിയട്ടെ എന്ന് ആശംസിക്കുന്നു.
  
വി. കെ. റീന, എഴുത്തുകാരി

Tuesday, September 29, 2015

ഉടുമ്പിന്റെ വഴികൾ


‘തേങ്ങ പറിക്കാൻ ആളെകിട്ടാനില്ല’ എന്ന്, പറയുന്നതു കേട്ടു; ഒന്ന് കയറിനോക്കിയാലോ?
ഈ തെങ്ങിന് ഇത്രേം ഉയരമുണ്ടെന്ന് വിചാരിച്ചിരുന്നില്ല
ഏതായാലും കയറാൻ തുടങ്ങി; ഇനി മേലോട്ട് തന്നെ,,,
മേലോട്ട് നോക്കാൻ വയ്യ; നട്ടുച്ച നേരമാണ്,
മുറുകെ പിടിക്കാം, ഇതാ ഈ വിരലുകൾ കണ്ടോ,, ഇതുകൊണ്ടാണ് ഉടുമ്പിന്റെ പിടുത്തം
അയ്യോ,, താഴോട്ട് നോക്കുമ്പോൾ പേടിയാവുന്നു, എത്ര ഉയരത്തിലാണ് എത്തിയത്!
ഇനി ഞാനിറങ്ങട്ടെ,, എനിക്കെന്റെ മണ്ണ് മതി
ഇറങ്ങാൻ എന്തെളുപ്പം,, ഹാ, ഹാ,, അങ്ങനെ,
അല്ല, ഇതാരാ,, ക്യാമറയും പിടിച്ച്,, ആരോട് ചോദിച്ചിട്ടാ എന്റെ ഫോട്ടോ എടുത്തത്?

Friday, February 20, 2015

‘അനിയൻബാബു ചേട്ടൻബാബു’ പുസ്തകപ്രകാശനം,,, ചിത്രങ്ങളിലൂടെ


എന്റെ രണ്ടാമത്തെ പുസ്തകം ‘അനിയൻബാബു ചേട്ടൻബാബു’ ഹാസ്യകഥാസമാഹാരം അച്ചടിച്ച് പ്രകാശനം ചെയ്യപ്പെട്ടു. കണ്ണൂരിലെ പായൽ ബുക്സ് ആണ് പ്രസാധകർ. കണ്ണൂർ കോളേജ് ഓഫ് കോമേഴ്സിൽ നടന്ന... ഹാസ്യകൂട്ടായ്മ ആയ നർമവേദിയിൽ വെച്ചാണ് നർമപുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്.
പുസ്തകപ്രകാശനം നടന്നത്... 15.2.2015 ഞായർ വൈകുന്നേരം 3.30ന്. 
ഇനി ചിത്രങ്ങളിലൂടെ കാണാം.
“ഇനിയും തുടങ്ങാറായില്ലെ?” ശാന്ത കാവുമ്പായിയും കുമാരനും
നമ്മുടെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ: കെ.എ സരള ടീച്ചർ ചിരിച്ചുകൊണ്ട് വേദിയിൽ പ്രവേശിക്കുന്നു.
 സ്വാഗതം : അഡ്വ: പി.പി ജയരാജൻ (നർമവേദി)
 അദ്ധ്യക്ഷത : ഫാ: ദേവസ്സി ഈരത്തറ (രക്ഷാധികാരി,, നർമവേദി)
‘എന്നാൽ നമുക്കങ്ങട്ട് തുടങ്ങാമല്ലൊ,,,’
 ‘ഇതെന്തയിങ്ങനെ കറുത്ത പൊതി,, തുറന്നുനോക്കട്ടെ,,,’
അനിയൻബാബു ചേട്ടൻബാബു’ ഹാസ്യകഥാസമാഹാരം ഫാദർ ദേവസ്യ ഈരത്തറയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ‘പ്രൊഫസർ കെ.എ സരള’ കവിയും അദ്ധ്യാപകനുമായ ‘മാധവൻ പുറച്ചേരിക്ക്’ നൽകി പ്രകാശനകർമ്മം നിർവഹിക്കുന്നു.
 ആശംസ: പ്രൊഫ: കെ.എ സരള (പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് കണ്ണൂർ)
 
“ഞാനും ടീച്ചറും ഒരേ സ്ക്കൂളിൽ ആയപ്പോൾ ഒരിക്കൽ,,,” പുസ്തകം ഏറ്റുവാങ്ങിയ മാധവൻ പുറച്ചേരിയുടെ ആശംസ  (അറിയപ്പെടുന്ന കവിയും അദ്ധ്യാപകനുമായ അദ്ദേഹം എന്റെ സഹപ്രവർത്തകൻ ആയിരുന്നു. ‘സൈക്കിൾ യാത്രയിൽ നാം, പ്രവാസിയുടെ മൊഴികൾ, പെയിൻ കില്ലർ, പൊന്നേ പൊന്നേ,, തുടങ്ങിയ കവിതാ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതു കൂടാതെ ഏതാനും പുസ്തകങ്ങൾ അടുത്തുതന്നെ പ്രസിദ്ധീകരിക്കുന്നുണ്ട്. നിരവധി പുരസ്കാരങ്ങളും അവാർഡുകളും വാങ്ങിയിട്ടുണ്ട്. ഇപ്പോൾ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ മലയാളം അധ്യാപകനാണ്) 
പുസ്തകപരിചയം : ആർ പ്രഭാകരൻ (പ്രസിഡണ്ട്, നർമവേദി കണ്ണൂർ)

അനിയൻബാബുവും ചെട്ടൻബാബുവും ഇറങ്ങി,,
അനിയൻബാബുവിനെ സ്വീകരിക്കാൻ,,,

 ആശംസ: സി അനിൽകുമാർ (ചെയർമാൻ, കോളേജ് ഓഫ് കോമേഴ്സ്)
ആശംസ: പി.പി ഗോവിന്ദൻ മാസ്റ്റർ (സാംസ്കാരികവേദി കൺ‌വീനർ, സെക്രട്ടറി കെ.എസ്.എസ്.പി.യു. സംസ്ഥാന കമ്മിറ്റി, )

ആശംസ: പി.വി. മധുസൂദനൻ (അസോ:എഡിറ്റർ, വയോജനശബ്ദം മാസിക)


ആശംസ: ശാന്താ കാവുമ്പായി (റിട്ടയേർഡ് അദ്ധ്യാപിക,, എഴുത്തുകാരി,,, മോഹപക്ഷി, കാവുമ്പായിലെ അങ്ങേമ, ഡിസംബർ 30, എന്റെ കുഞ്ഞിരാമേട്ടൻ നിങ്ങളുടേതും എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്)
 ആശംസ: ശ്രീധരൻ കീഴറ  (ഓഥേർസ് ഫോറം ജനറൽ സെക്രട്ടറി, മുത്തുമണികൾ, മാതൃസ്നേഹം തുടങ്ങിയ കവിതാസമാഹാരങ്ങളും ആത്മനൊമ്പരം, അടിയൊഴുക്കുകൾ, മഴമേഘങ്ങൾ തുടങ്ങിയ നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട് )

ആശംസ: സി ചന്ദ്രൻ മാസ്റ്റർ (റിട്ടയേർഡ് അദ്ധ്യാപകൻ)
ആശംസ: കെ പത്മനാഭൻ മാസ്റ്റർ (കെ.എസ്.എസ്.പി.യു നേതാവ്)
 ആശംസ: എം.കെ അങ്കുരാജൻ മാസ്റ്റർ (റിട്ടയേർഡ് അദ്ധ്യാപകൻ)
എന്നെ വിളിക്കുന്നുണ്ട്; ഞാൻ പോവണോ?
 എനിക്കെന്ത് പറയാൻ!!!! എന്നാലും പറയട്ടെ,,,
നന്ദി : കെ ശശിധരൻ (സെക്രട്ടറി, നർമവേദി)
 *******