എന്റെ ഏഴാമത്തെ പുസ്തകമാണ് പുരനിറഞ്ഞ പുരുഷൻ. 2018 നവമ്പർ 1 ന് പുസ്തക പ്രകാശനം നിർവ്വഹിക്കപ്പെട്ടു. ഈ പുസ്തകത്തെ കുറിച്ച് എഴുത്തുകാരി ആയ വി.കെ റീന എഴുതിയ അവതാരിക ഇവിടെ വായിക്കാം.
പുരനിറഞ്ഞ പുരുഷൻ
അവതാരിക
സമകാലിക സാമൂഹ്യ പ്രശനങ്ങളോട് ഹാസ്യത്തിലൂന്നി
ശക്തമായി സംവദിക്കുന്ന കഥകളാണ് കെ എസ് മിനിയുടെ 'പുരനിറഞ്ഞ പുരുഷൻ’ എന്ന
കഥാസമാഹാരം. വായനക്കാരന്റ ചുണ്ടിൽ ചെറുചിരിയുണർത്താൻ പര്യാപ്തമായ ടൈറ്റിൽ കൂടിയാണ്
ഈ പുസ്തകത്തിനുള്ളത്. അവതരണത്തിലെ തനിമ, ഹാസ്യഭാവന, ഭാഷയുടെ ലാളിത്യം എന്നിവയെല്ലാം
ഇതിലുള്ള കഥകളെ ആസ്വാദ്യകരമാക്കുന്നുണ്ട്. കഥയിലെ ആന്തരാർത്ഥങ്ങൾ എന്നെ
രസിപ്പിച്ചതു കൊണ്ടുതന്നെയാണ് കഥകൾ ഉദാത്തമാണെന്ന് തോന്നിയത്. പൊതുവെ സ്ത്രീകൾ കൈവെക്കാൻ
ധൈര്യപെടാത്ത ഒന്നാണ് ഹാസ്യസാഹിത്യം. കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ വിരളമാണ്
ഈ മേഖലയിൽ സ്ത്രീ എഴുത്തുകാരുടെ സംഭാവന.
ഹാസ്യത്തിലൂടെ കഥ പറഞ്ഞു
ഫലിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നിട്ടും വിത്യസ്ത പ്രമേയങ്ങൾ ഉൾകൊള്ളിച്ചു
ഇരുപത്തിമൂന്നു കഥകളിലൂടെ കെ എസ് മിനി അതു അനായാസേന സാധിച്ചെടുത്തിരിക്കുന്നു
എന്ന് പറയാതെ വയ്യ.
ആനുകാലികങ്ങളിലും ഇന്റർനെറ്റിലും നിരന്തരം
നർമ്മകഥകൾ എഴുതുന്ന കെ സൗമിനി എന്ന കെ എസ് മിനിയുടെ പക്ഷികളും മൃഗങ്ങളും
കഥാപാത്രങ്ങൾ ആയി വരുന്ന മാക്രി മെമ്മോറിയൽ ഹൈസ്കൂളും, വായനക്കാർ ഏറെ രുചിയോടെ
ആസ്വദിച്ച പുട്ടും കടലയും ഏറെ പ്രശസ്തി നേടിയ കൃതികളാണ്.
ഈ പുസ്തകത്തിലുള്ള ഒരോ
കഥകളിലും,കല്യാണക്കച്ചേരിയായാലും ഓപ്പൺ വോട്ട് അഥവാ രാഘവീയം ആയാലും കഥാന്ത്യം വരെ
വായനക്കാരുടെ ജിജ്ഞാസ നിലനിർത്താൻ കഴിയുന്നുണ്ട്. മനുഷ്യ ജീവിതത്തിലെ നശ്വരതയും
പൊങ്ങച്ചവും അധ്യാപക ജീവിതത്തിലെ നുറുങ്ങുകളും ചില കഥകൾക്ക് വിഷയമാവുന്നുണ്ട്.
പ്രശസ്തിയുടെ
പടവുകൾ ആയാസരഹിതമായി ചവുട്ടിക്കയറുന്ന ഒരു എഴുത്തുകാരന്റെ കോപ്പിയടിയും, ചില പ്രണയ
സങ്കൽപ്പങ്ങളും വിപണന തന്ത്രത്തിന് ഇരയാവുന്ന മലയാളിയുടെ മനോദൗർബല്യങ്ങളും ഓർത്തു
ചിരിക്കാൻ വക നൽകുന്നവയാണ്. കപടസദാചാരത്തിന്റെ മുനയൊടിക്കുകയാണ് പുര നിറഞ്ഞു
നിൽക്കുന്ന പുരുഷൻ എന്ന കഥ.
മഹാബലിക്കു മുന്നിൽ തലകുനിച്ചു
നിന്നുകൊണ്ട് കത്തുന്ന കാലത്തിലേക്ക് വിരൽ ചൂണ്ടുകയാണ് മിനിയുടെ കഥയിലെ വാമനൻ.
ആർഭാടങ്ങളോ അത്ഭുതങ്ങളോ ഇല്ലാതെ ദൈനംദിന ജീവിതത്തിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന
പൊള്ളത്തരങ്ങൾ മിനി എന്ന എഴുത്തുകാരി പുഞ്ചിരിയോടെ വരച്ചു കാട്ടുകയാണ്. സഞ്ജയൻ
പുരസ്‌കാരം പോലുള്ള അനേകം പുരസ്‌കാരങ്ങൾ നേടിയ കെ എസ് മിനി എന്ന കഥാകാരിയുടെ ഈ
കഥാസമാഹാരത്തിന് അവതാരിക എഴുതാൻ കഴിഞ്ഞതിൽ എനിക്ക് ചാരിതാർഥ്യമുണ്ട്. ഭാവനയും
ജീവിതവും ഇഴചേർന്ന് പോകുന്ന കഥകളിലെ ഹാസ്യത്തിന്റെ വശ്യതയിൽ കുരുങ്ങി പോവുകയാണ്
വായനക്കാർ. അവരുടെ തൂലികയിൽ ഇനിയും അനേകം ഹാസ്യകുസുമങ്ങൾ വിരിയട്ടെ എന്ന്
ആശംസിക്കുന്നു.
വി. കെ. റീന, എഴുത്തുകാരി

