Wednesday, September 28, 2011

പാഠം 15: വിദ്യാലയത്തിൽ ബോംബ് ഭീഷണി

“എന്താ ബെല്ലടിക്കാത്തത്? സമയം പത്ത്‌മണി കഴിഞ്ഞല്ലൊ?”
മാക്രി മെമ്മോറിയൽ ഹൈസ്ക്കൂളിലെ ഹെഡ്‌മാസ്റ്റർ ‘മഞ്ഞക്കൊമ്പനാന’, പ്യൂൺ തുരപ്പൻ പെരിച്ചാഴിയോട് ചോദിച്ചു.
“സാർ കുട്ടികളാരും വന്നുകാണുന്നില്ല”
“പത്ത്‌മണി ആയിട്ടും വിദ്യാർത്ഥികളാരും വന്നില്ലെന്നോ? ഇന്ന് ഞായറാഴ്ച പ്രവർത്തിദിവസമാണല്ലൊ; പിന്നെന്താ ആരും വരാത്തത്?”
അവധി ദിവസങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും കഴിഞ്ഞപ്പോൾ ഞായറാഴ്ച പ്രവർത്തിദിനമാണെന്ന് കുട്ടികൾ മറന്നുപോയോ!
“കുട്ടികൾ ആരെയും കാണാനില്ല, അദ്ധ്യാപകർ എല്ലാവരും ഉണ്ട്”
തുരപ്പൻ ഹെഡ്മാസ്റ്ററെ അറിയിച്ചു. ഒരാഴ്ചമുൻപ് നടന്ന അപകടത്തിനുശേഷം ഹെഡ്‌മാസ്റ്ററും പ്യൂണും വളരെ ഐക്യത്തിലാണ്.
“ഉം, നീ ബെല്ലടിക്ക്”
                            തുരപ്പൻ പതിവിലും ശക്തിയിൽ ബെല്ലടിച്ചു; എന്നിട്ടും കുട്ടികളാരും വന്നില്ല. മണിയടി കേട്ടതോടെ അദ്ധ്യാപകർ ഹാജർപട്ടികയും ചോക്കും ചൂരലുമായി അവരവരുടെ ക്ലാസ്സിലേക്ക് പ്രവേശിച്ചു. വിദ്യാർത്ഥികളില്ലാത്ത ശൂന്യമായ ക്ലാസ്സുകൾ കണ്ട് അവരെല്ലാം ആദ്യം ആശ്ചര്യപ്പെട്ടു; പിന്നീട് പൊട്ടിക്കരയാൻ തുടങ്ങി. 
                           ഇതെല്ലാം കണ്ടപ്പോൾ തുരപ്പൻ പെരിച്ചാഴിക്ക് ആകെയൊരു വെപ്രാളം. വെറുമൊരു പ്യൂൺ ആണെങ്കിലും സ്ക്കൂളിന്റെ കാര്യത്തിൽ ശ്രദ്ധ കൂടുതലായ അവൻ, വാച്ച്‌മാൻ കൊമ്പൻ നായയോട് പറഞ്ഞു,
“എന്നാലും എന്റെ കൊമ്പാ,,, നമ്മുടെ കുഞ്ഞുങ്ങൾക്കെന്ത് പറ്റി? അടുത്തുള്ള വീടുകളിൽ ഓടിപ്പോയിട്ട് നീയൊന്നന്വേഷിക്ക്; കുട്ടികളില്ലാതെ എങ്ങനെയാ പഠിപ്പിക്കുന്നത്?”
അത് കേട്ടപ്പോൾ കൊമ്പൻ നായ ഗെയ്റ്റ് തുറന്ന് വെളിയിലേക്ക് ഓടിപ്പോയി. തുരപ്പൻ അകത്ത് കടന്ന് ഹെഡ്‌മാസ്റ്ററെ നോക്കി,, അദ്ദേഹം സുഖമായി ഉറങ്ങുകയാണ്. ‘എല്ലാദിവസവും അതിരാവിലെ സ്ക്കൂളിലേക്ക് വരുന്ന കാട്ടിലെ കുട്ടികളെ മൊത്തത്തിൽ കാണാതിരുന്നിട്ടും അദ്ദേഹത്തിന് ഒരു വിഷമവും ഇല്ല’.

                         ക്ലാസ്സിൽ പോയ അദ്ധ്യാപകർക്ക് ആദ്യം അല്പം വിഷമം തോന്നിയെങ്കിലും പിന്നീട് പതിവുപോലെ പഠിപ്പിച്ചു. വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെല്ലാം സ്വന്തമായി കണ്ടുപിടിച്ച് പറയുമ്പോൾ അവർക്കല്പം പ്രയാസം തോന്നി. എല്ലാദിവസവും ഉറങ്ങുന്ന അദ്ധ്യാപികമാർ പതിവിലും നന്നായി ക്ലാസ്സിലിരുന്ന് ഉറക്കം തുടർന്നു. കുട്ടികളുടെ ശല്യമില്ലാതെ നന്നായി പഠിപ്പിച്ചപ്പോൾ അവർ വളരെയധികം സന്തോഷിച്ചു. മണിയടിക്കുന്നതിന്റെ താളത്തിനൊത്ത് അദ്ധ്യാപകർ വിദ്യാർത്ഥികളുടെ ഇരിപ്പിടം നോക്കി പഠിപ്പിക്കുന്നത് തുടർന്നു.

ഉച്ചയാവാറായപ്പോൾ ഉച്ചത്തിൽ വിളിച്ചുകൂവിക്കൊണ്ട് കൊമ്പൻ‌നായ ഓടിവരുന്നത് കണ്ട് അദ്ധ്യാപകരെല്ലാം വെളിയിലേക്കിറങ്ങി,
“കുട്ടികളാരും ഇന്ന് സ്ക്കൂളിലേക്ക് വരില്ല”
അവൻ വിളിച്ച് കൂവിയത് കേട്ട് ഉറങ്ങുന്ന ഹെഡ്‌മാസ്റ്റർ പോലും ഞെട്ടിയുണർന്നു.
“എന്നതാ കാര്യം?”
എല്ലാവരും ഒന്നിച്ച് വിളിച്ചുചോദിച്ചു.
“അവർക്കെല്ലാം ഓരോ കുറിപ്പുകൾ കിട്ടി,,, നേരം പുലർന്ന് നോക്കുമ്പോൾ കുട്ടികളുടെ വീടുകൾക്ക് മുന്നിൽ ഇതുപോലെ ഓരോ എഴുത്തുകൾ,, ഇതാ, ഇത് തന്നെ”
കൊമ്പൻ നായ പോക്കറ്റിൽ നിന്നും മൂന്ന് കടലാസുതുണ്ടുകൾ പുറത്തെടുത്തു. അതിലൊന്ന് നിവർത്തി ഉച്ചത്തിൽ വായിച്ചു,
“മാക്രി മെമ്മോറിയൽ ഹൈസ്ക്കൂളിൽ ബോംബ് വെച്ചിട്ടുണ്ട്, കൃത്യം പതിനൊന്ന് മണിക്ക് അത് പൊട്ടിത്തെറിക്കും”
“ങെ,, ബോംബോ? എന്നിട്ട് പതിനൊന്ന് മണി കഴിഞ്ഞല്ലൊ”
അദ്ധ്യാപകരെല്ലാം ഭയപ്പെട്ട് അന്യോന്യം നോക്കി.
“പൊട്ടാത്ത ആ ബോംബ് കണ്ടുപിടിച്ചിട്ട്‌തന്നെ ബാക്കികാര്യം”
കൊമ്പൻ നായയുടെ നേതൃത്വത്തിൽ ഏതാനും അദ്ധ്യാപകർ ചേർന്ന് പരിശോധന നടത്താൻ തുടങ്ങി. സ്ക്കൂളിലെ മുക്കും മൂലയും ബോംബ് കണ്ടെത്താൻ മണത്തുനോക്കി നടന്നുകൊണ്ടിരിക്കെ പത്താം ക്ലാസ്സിന്റെ ബ്ലാക്ൿബോർഡിനടിയിൽ ഒരു അനക്കം; അവിടെ ആരോ പതുങ്ങി ഒളിച്ചിരിക്കുന്നു,
“ആരെടാ അത്? പുറത്തുവാ”
കൊമ്പൻ നായ ഉച്ചത്തിൽ കുരച്ചുകൊണ്ട് പറഞ്ഞു.
ബോർഡിന്റെ ചുവട്ടിൽ ഒളിച്ചിരിക്കുന്ന രൂപം ഇടതുകൈയിൽ ഒരു പൊതിയുമായി പതുക്കെ വെളിയിൽ വന്നു. ശരീരം മുഴുവൻ കട്ടിയുള്ള കവചം‌കൊണ്ട് പൊതിഞ്ഞ ആ രൂപം കണ്ടപ്പോൾ എല്ലാവരും ഒന്നിച്ച് വിളിച്ചുപറഞ്ഞു,
“ഇത്,, ഇത്, ഈനാം‌പേച്ചിയല്ലെ? എപ്പോഴും മാളത്തിൽ കഴിയുന്ന ഇവനെങ്ങനെ ക്ലാസ്സിലെത്തി?”
ഈനാം‌പേച്ചിയുടെ കൈയിലുള്ള പൊതി ഹെഡ്‌മാസ്റ്റർ തുമ്പിക്കൈകൊണ്ട് തട്ടിയെടുത്ത് പൂന്തോട്ടത്തിന് വെളിയിലുള്ള കുളത്തിലേക്ക് നീട്ടിയൊരേറ് കൊടുത്തു,
“ഉം, നിന്റെ ബോംബ് വെള്ളത്തിൽ പോയി പൊട്ടട്ടെ”
ബോംബ് പൊട്ടുന്ന ഒച്ചയെ പ്രതീക്ഷിച്ച് എല്ലാവരും ചെവിയിൽ വിരൽ തിരുകിയത് വെറുതെയായി, അത് പൊട്ടിയില്ല.
“ഇവനെയങ്ങിനെ വിടാൻ പറ്റില്ല, പിടി വിട്ടാൽ മണ്ണ് തുരന്ന് താഴോട്ട് പോകും”
ചെന്നായ സാർ പറഞ്ഞു.
“ഉം, പറഞ്ഞൊ? ഇവിടെ ബോംബ് വെക്കാൻ നിന്നെ ആരാണയച്ചത്?”
കരടി മാഷ് ചോദ്യം ചെയ്യാനായി ഈനാം‌പേച്ചിയുടെ മൂക്കിനിടിച്ചെങ്കിലും അടി കൊണ്ടത് മുതുകിലെ കവചത്തിൽ. മാഷിന്റെ കൈ മുറിഞ്ഞ് ചോരയൊലിക്കാൻ തുടങ്ങി.
“ഇവനെക്കൊണ്ട് ഞാൻ സത്യം പറയിപ്പിക്കാം” 
തുരപ്പൻ പെരിച്ചാഴി നേരെ ഓഫീസ്‌റൂമിൽ പോയി പഴയ ഉത്തരക്കടലാസുകളും തീപ്പെട്ടിയും കൊണ്ട്‌വന്നു. കടലാസുകൾ കൂട്ടിയിട്ട് തീക്കൊളുത്തിയിട്ട് പറഞ്ഞു,
“സത്യം പറഞ്ഞോ; ആരാ നിന്നെ അയച്ചത്? പറഞ്ഞില്ലെങ്കിൽ തീയിലിട്ട് ചുടും”
“അയ്യോ എന്നെ കൊല്ലല്ലെ,,, ഞാൻ സത്യം പറയാം”
ഈനാം‌പേച്ചി കരയാൻ തുടങ്ങി.
“പെട്ടെന്ന് പറയെടാ“
ഹെഡ്‌മാസ്റ്ററുടെ ആനക്കാൽ ചവിട്ട് കൊണ്ടപ്പോൾ ഈനാം‌പെച്ചി കരഞ്ഞുകൊണ്ട് പറഞ്ഞു,
“പറയാം,, എന്നെ ചവിട്ടല്ലെ; ആ മാക്രിയാ എന്നെ പറഞ്ഞയച്ചത്”
“മാക്രിയോ? ഏത്?”
“മാക്രി മുതലാളി”
“ആര്? നമ്മുടെ സ്ക്കൂൾ മാനേജറോ?”
ചുറ്റും കൂടി നിന്നവർ ആശ്ചര്യത്തോടെ ചോദിച്ചു,
“അതെ, കുട്ടികൾ ഇല്ലാത്ത നേരത്ത് മാഷുമ്മാർ മാത്രമുള്ള നേരത്ത് ബോം‌ബ് വെക്കണമെന്ന് പറഞ്ഞ് എന്റെ കൈയിൽ തന്നുവിട്ടതാ”
“എന്തിന്?”
“സ്ക്കൂൾ പൊളിഞ്ഞാൽ മുതലാളിക്ക് ഇവിടെ ഒരു വലിയ ഹോട്ടൽ നിർമ്മിക്കണം. പിന്നെ മാഷമ്മാരെല്ലാം ചത്താൽ സ്ക്കൂൾ ഇല്ലാതാക്കുമ്പോൾ ആരും ചോദിക്കാൻ വരില്ലല്ലൊ”
“അതുശരി അപ്പോൾ പറഞ്ഞ സമയത്ത് ബോംബ് പൊട്ടാഞ്ഞതെന്താണ്?”
“അതെങ്ങനാ പൊട്ടുന്നത്? എന്നോട് പറഞ്ഞു, ‘സ്ക്കൂളിനകത്ത് ഒളിച്ച് കടന്നിട്ട് ബോം‌ബ് വെച്ചശേഷം മണ്ണ് തുരന്ന് പുറത്ത് പോകാൻ’, പറഞ്ഞ സമയത്ത്  അത് പൊട്ടിക്കൊള്ളും. അതുപോലെ അകത്തുകടന്നപ്പോഴാണ് സിമന്റ് തറയാണെന്നും എനിക്ക് അത് തുരന്ന് മണ്ണിനടിയിൽ പോവാനും ആവില്ലെന്ന് മനസ്സിലായത്. സമയത്ത് പൊട്ടുന്ന ബോംബായതിനാൽ അത് എന്റെ കൈയിൽ നിന്ന് തന്നെ പൊട്ടുമ്പോൾ ഞാനും ചാവും. അതുകൊണ്ട് പൊട്ടാതിരിക്കാൻ ബോംബിനെ നാവ്‌ ഉപയോഗിച്ച് ഉമിനീർ കൊണ്ട് നനച്ച് ഞാൻ തന്നെ പൊട്ടാതാക്കി. എനിക്ക് മരിക്കാൻ പേടിയാ മാഷെ”
ഈനാം‌പേച്ചി ദയനീയമായി എല്ലാവരെയും നോക്കിക്കൊണ്ട് വീണ്ടും പറഞ്ഞു,
“ആ കള്ളൻ മുതലാളി ഞാനും കൂടി മരിക്കാനാണ് കെണിയൊരുക്കിയത്”
ഈനാം‌പേച്ചി കരച്ചിൽ തുടരുകയാണ്, അപ്പോൾ അദ്ധ്യാപകർ എല്ലാവരുടെയും മനസ്സിൽ ഭയം ഉയരാൻ തുടങ്ങി.

Thursday, September 1, 2011

പാഠം 14: ഓഫീസർ കോലൻ ചുണ്ടെലി

                                    ആ ദിവസം രാവിലെ മുതൽ വിദ്യാലയ അന്തരീക്ഷം പൊതുവെ ശാന്തമായിരുന്നു. പഠിപ്പിക്കുന്നവർ നന്നായി പഠിപ്പിക്കുമ്പോൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ പഠിക്കുന്നു. എന്നാൽ ഉച്ചയാവാറായപ്പോൾ ഒരു അനിഷ്ടസംഭവം ഉണ്ടായി. മൂന്നാം തരത്തിലെ ലൂസി ആടിന്റെയും നാലാം തരത്തിലെ ആമിന ആടിന്റെയും അനുജന്മാർ ഒന്നാം തരത്തിൽ പഠിക്കുന്നുണ്ട്. അനുജന്മാർ രണ്ടാളും ഒരുപോലെ; മാത്രമല്ല, രണ്ടാൾക്കും ഒരേ പേര്,,, കുട്ടൻ. ഇന്റർ‌വെൽ മണിയടികേട്ട് വെളിയിലിറങ്ങിയ രണ്ട് കുട്ടന്മാരും ഒന്നിച്ച് ഓടിക്കളിക്കുന്നത് കണ്ടതാണ്; എന്നാൽ ക്ലാസ്സിലേക്ക് തിരിച്ചു വന്നത് ഒരു കുട്ടൻ മാത്രം.

                            ഒരു കുട്ടനെ അവിടെ നിർത്തി രണ്ടാം കുട്ടനെ കണ്ടെത്താൻ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒത്ത് ചേർന്ന് കാട്ടിലേക്കിറങ്ങി. രണ്ട് മണിക്കൂർ നേരത്തെ തിരച്ചിലിന്റെ ഒടുവിൽ അവർ വെറും‌കൈയുമായി തിരിച്ചു വന്നു. ഒരു കുട്ടൻ മാത്രം ബാക്കിയായിരിക്കെ അടുത്ത പ്രശ്നം അരങ്ങേറി. ലൂസി ആടും ആമിന ആടും ഒന്നിച്ച് ഒരേ സ്വരത്തിൽ പറയുന്നു,,, ‘ജീവനോടെ സ്ക്കൂളിൽ ഇരിക്കുന്ന കുട്ടൻ തന്റെ അനുജനാണെന്ന്’. വിട്ടുമാറാത്ത തർക്കത്തിനൊടുവിൽ കരടിമാഷ് പ്രശ്നം പരിഹരിച്ചു,
                            രണ്ട്‌പേരും തന്റേതാണെന്ന് പറഞ്ഞ് തർക്കത്തിനിടയാക്കിയ കൊച്ചു കുട്ടനെ നേരെ രണ്ടായി മുറിച്ച് ഓരോ പീസ് അവർക്ക് നൽകി; അതോടെ പ്രശ്നം പരിഹരിച്ചു.

                             പ്രശ്നം പരിഹരിച്ച് ക്ലാസ്സിലേക്ക് പോകാൻ നേരത്താണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഒരു വെളുത്ത കാർ സ്ക്കൂളിനു മുന്നിൽ വന്ന് നിർത്തിയത്. നിർത്തിയ കാറിലെ ഡ്രൈവർ വെളിയിലിറങ്ങിയിട്ട് പിന്നിലെ ഡോർ തുറന്നപ്പോൾ അതിൽ‌നിന്നും ഇറങ്ങി വരുന്ന ആളെ കണ്ടപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി;
അത് ഓഫീസർ കോലൻ ചുണ്ടെലി ആയിരുന്നു,
                             പെട്ടെന്ന് അദ്ധ്യാപകരെല്ലാം വിദ്യാർത്ഥികളെ ഓടിച്ചുകൊണ്ട് അവരവരുടെ ക്ലാസ്സിലേക്ക് ഓടിപ്പോയിട്ട് പഠിപ്പിക്കാൻ തുടങ്ങി. എന്നാൽ ഇതൊന്നും കാണാത്ത, അറിയാത്ത, മട്ടിൽ ചുണ്ടെലി നേരെ ഓഫീസ്‌റൂമിലേക്ക് കടന്നു.

                            അവിടെ ഹെഡ്‌മാസ്റ്റർ മഞ്ഞക്കൊമ്പനാന ഉറക്കം തന്നെ; ഓഫീസർ കോലൻ ചുണ്ടെലി വന്നതും ഓഫീസിനകത്ത് കടന്ന് തന്റെ മുന്നിൽ ഇരുന്നതും അദ്ദേഹം അറിഞ്ഞതേയില്ല. അപ്പോൾ ഹെഡ്‌മാസ്റ്ററുടെ അകമ്പടിക്കാരായ കുറുക്കന്മാർ ചീവീടുകളെ വിളിച്ചു,,,,,
അദ്ദേഹത്തെ ഉണർത്താൻ,,,
അകത്തെ മുറിയിൽ നിന്നും പറന്നുവന്ന രണ്ട് ചീവീടുകളും ആനയുടെ ഇരു ചെവികളിലും കയറിയിരുന്ന് സംഗീതപ്പെരുമഴ ആരംഭിച്ചു.
“ഹോ, ഭയങ്കരം തന്നെ,,,”
അസഹനീയമായ ശബ്ദം കേട്ട കോലൻ ചുണ്ടെലി രണ്ട് ചെവിയിലും വിരൽ തിരുകി. പാട്ട് നിർത്തിയിട്ട് ചീവീടുകൾ അകത്തെ മുറിയിലെ ഇരുട്ടിലേക്ക് പോയൊളിച്ചതും ഹെഡ്‌മാസ്റ്റർ ഉണർന്നതും ഒന്നിച്ചായിരുന്നു. അദ്ദേഹം മുന്നിലിരിക്കുന്നവനെ നോക്കിയിട്ട് അലറി,
“ആരെടാ അനുവാദമില്ലാതെ കസാരയിലിരിക്കുന്നത്? ഹും,,, തന്നെ ഞാൻ ഡിസ്‌മിസ് ചെയ്തിരിക്കുന്നു”
കോലൻ ചുണ്ടെലി ഞെട്ടിപ്പോയി,
ഓഫീസർ ആയതിനുശേഷം അദ്ദേഹത്തിന്റെ മുഖത്തുനോക്കി ഒരാൾ ഇങ്ങനെ പറയുന്നത് ആദ്യമായാണ്. ഓഫീസർ സ്ഥാനത്ത് ചുണ്ടെലി ഇരിക്കുന്നത് അദ്ധ്യാപകർക്കൊന്നും ഇഷ്ടമല്ല, എന്ന് കോലന് നന്നായി അറിയാം. ‘ഓഫീസറാവണമെങ്കിൽ ചുണ്ടെലിയായി ജനിക്കണമെന്ന്’ കേൾക്കാതെ ചിലർ പറയാറുണ്ടെങ്കിലും തന്റെ കീഴെ ജോലി ചെയ്യുന്ന ഒരു ഹെഡ്‌മാസ്റ്റർ ഇങ്ങനെ പറയാമോ?
അവസരം വന്നാൽ ഇതിനെല്ലാം പകരം ചോദിക്കാം;

കോലൻ കസാരയിൽ അമർന്നിരുന്ന് ഹെഡ്‌മാസ്റ്ററെ നോക്കി ഇടിവെട്ടുന്ന ശബ്ദത്തിൽ ചോദിച്ചു,
“ഞാൻ വന്നതെന്തിനാണെന്ന് അറിയുമോ?”
അതുകേട്ട് ഹെഡ്‌മാസ്റ്റർ മഞ്ഞക്കൊമ്പനാന ഒന്ന് ഞെട്ടി. ശരിരമാകെ വിയർത്ത് കുളിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു,
“സർ ഞാനൊരു പാവമാണ്, ഉറക്കം ഞെട്ടിയാൽ മുന്നിലുള്ളവരെ ശകാരിക്കുന്നതും ഡിസ്‌മിസ് ചെയ്യുന്നതും എന്റെ ഒരു പതിവായിപോയി. ആരാ അവിടെ ഉള്ളത്?,, ഒരു ചായ വാങ്ങിയിട്ട് സാറിന് കൊടുത്താട്ടെ”
“ഞാനിവിടെ വന്നത് വെറും ചായ കുടിക്കാൻ മാത്രമല്ല, കാര്യമായ എന്തെങ്കിലും തരണം. എനിക്ക് മാക്രി മെമ്മോറിയൽ സ്ക്കൂളിനെകുറിച്ച് ധാരാളം ആരോപണങ്ങൾ ലഭിച്ചിട്ടുണ്ട്. ഹെഡ്‌മാഷെ കാണാനില്ലെന്നും പിന്നെ മണ്ണിനടിയിൽ നിന്ന് പൊങ്ങിവന്നെന്നും ആളുകൾ പറയുന്നുണ്ട്. കൊമ്പനാനയായ താൻ മണ്ണിനടിയിലാവുന്ന സൂത്രം അറിയാനും കൂടിയാണ് ഞാനിവിടെ വന്നത്. എന്നെപ്പോലുള്ള ചുണ്ടെലികളൊക്കെ കുടുംബസമേതം മണ്ണിനടിയിൽ പാർക്കുന്നവരല്ലെ; അതിനിടയിൽ തന്നെപ്പോലുള്ള ആനകളൊക്കെ മണ്ണിനടിയിൽ സഞ്ചരിക്കാൻ തുടങ്ങിയാൽ നമ്മളെന്ത് എന്ത് ചെയ്യും? കാര്യങ്ങൾ നേരിട്ടറിഞ്ഞതിന് ശേഷം ആവശ്യമുള്ള ശിക്ഷാനടപടികൾ ഉണ്ടാവും”
“സർ അതൊരബദ്ധം പറ്റിപോയതാണ്”
“അബദ്ധമോ? അപ്പോൾ ഞാനറിഞ്ഞത് ശരിതന്നെയാണ്. താൻ രാത്രിനേരത്ത് സ്ക്കൂൾ‌പരിസരത്ത് കുട്ടികൾ നട്ട് നനച്ച വാഴക്കുലകൾ മോഷ്ടിക്കാനായി കറങ്ങിനടക്കുമ്പോൾ കുഴിയിൽ വീണു. പിന്നെ മേലോട്ട് കയറാനുള്ള പരിശ്രമത്തിനിടയിൽ മണ്ണിനടിയിൽ കുടുങ്ങി”
“അയ്യോ, സാറെ അതൊന്നുമല്ല, ഉണ്ടായ സത്യം ഞാൻ പറയാം”
“ങും, എന്നാൽ പെട്ടെന്ന് പറഞ്ഞുതൊലക്ക്”
“സാറിനറിയില്ലെ, ഇവിടത്തെ പ്യൂൺ തുരപ്പൻപെരുച്ചാഴി മഹാ പോക്കിരിയാണെന്ന്. അവനെ ഞാനെത്ര തവണ ഡിസ്‌മിസ് ചെയ്തിട്ടുണ്ടെന്നോ? എപ്പോഴും തർക്കുത്തരം തന്നെ; ഇവന്റെ വിചാരം ഇവനാണ് സ്ക്കൂൾ നടത്തുന്നത്, എന്നാണ്. സ്ക്കൂളിലെ മണിയടിക്കുന്നുണ്ടെന്ന് വെച്ച് എന്തും ചെയ്യാമെന്നോ?”
“അവനെന്താ പറഞ്ഞത്?”
ചുണ്ടെലിയുടെ അകന്ന ബന്ധത്തിൽ‌പ്പെട്ട പെരിച്ചാഴിയെ കുറ്റം പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല.
“സ്ക്കൂളിലെ ഹെഡ്‌മാസ്റ്ററായ ഞാൻ വിളിക്കുന്ന നേരത്ത് പ്യൂണിനെ പരിസരത്തൊന്നും കാണില്ല. പിന്നെ ബെല്ലടിക്കാൻ നേരത്ത് എവിടെ നിന്നെങ്കിലും പൊങ്ങിവന്ന് ബെല്ലടിച്ചശേഷം പെട്ടെന്ന് മുങ്ങും. ഞാൻ ചോദ്യം ചെയ്താൽ മുദ്രാവാക്യം വിളിക്കും. പെരിച്ചാഴി യൂണിയൻ നേതാവാണ് പോലും; അതിന് ഞാനെന്ത് വേണം സാറെ?”
“അപ്പോൾ എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല, താനെങ്ങനെ മണ്ണിനടിയിലായി?”
“കഴിഞ്ഞദിവസം രാവിലെ ഞാനും തുരപ്പനും തമ്മിൽ ഉഗ്രൻ വഴക്കുണ്ടായി. കുടിക്കാൻ വെള്ളത്തിനു ചോദിച്ചപ്പോൾ അവൻ പറയുന്നു, ‘അത് പ്യൂണിന്റെ ഡ്യൂട്ടിയല്ലെന്ന്’. ദേഷ്യം വന്ന ഞാൻ അവനെ ചവിട്ടാനായി എഴുന്നേറ്റപ്പോൾ അവൻഓടി. പിന്നാലെ ഞാനും ഓടിയോടി തോട്ടത്തിലെത്തിയപ്പോൾ പെട്ടെന്ന് അവനെ കാണാനില്ല”
“എന്നിട്ടോ?”
“മുന്നിൽ ഒരു ദ്വാരം കണ്ടപ്പോൾ എനിക്കൊരു സൂത്രം തോന്നി, ‘ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല’. ആമ വൈദ്യർ തന്ന ദേഹം ചെറുതാവാനുള്ള ‘മരുന്ന്‌പഴം’ ആ നേരത്ത് എന്റെ പോക്കറ്റിലുണ്ടായിരുന്നു. അതിൽ അഞ്ചാറെണ്ണം എടുത്ത് ഒന്നിച്ച് ഞാൻ തിന്നു. അങ്ങനെ ഞാനൊരു ചുണ്ടെലിയെപോലെ ചെറുതായി മാറിയിട്ട് പെരിച്ചാഴിയുടെ മാളത്തിൽ കടന്നു”
“ചുണ്ടെലിയെപോലുള്ള ചെറിയ ആനയോ? കാണാൻ നല്ല രസമായിരിക്കുമല്ലൊ”
കോലൻ ചുണ്ടെലി ആശ്ചര്യത്തോടെ പറഞ്ഞു,
“അതെ സാർ കൊമ്പും തുമ്പിക്കൈയും ഒക്കെയുള്ള ആന തന്നെ. ഞാൻ നേരെ ആ മാളത്തിലൂടെ നടന്നു. എന്തൊരു ആശ്ചര്യം! എന്റെ മുന്നിൽ അനേകം വഴികൾ,,, അതിൽ ഒരു വഴിയിലൂടെ നടന്നപ്പോൾ എത്തിയത് സ്ക്കൂളിന് പിന്നിലുള്ള അവറാൻ കാക്കയുടെ ചായക്കടയിൽ. പിന്നെ മറ്റൊരു വഴി പോയപ്പോൾ സ്ക്കൂൾ കോമ്പൌണ്ടിന് വെളിയിലുള്ള വെടിയപ്പൻ‌കുരങ്ങന്റെ മരച്ചീനി തോട്ടത്തിൽ. ഒടുവിൽ ഒരു വഴിപോയപ്പോൾ ഒരു വലിയ അറയിലെത്തി. അവിടെ ഞാൻ കണ്ട കാഴ്ച,,,
,,, സ്ക്കൂളിൽ നിന്ന് കാണാതായ എല്ലാ ഫയലുകളും കടലാസുകളും അവിടെ കൂട്ടിയിട്ടിരിക്കുന്നു”
“എന്നിട്ട് അതെല്ലാം എവിടെ?”
“എന്ത് ചെയ്യാനാണ് സാർ അതെല്ലാം എങ്ങനെ വെളിയിലേക്ക് എടുക്കണമെന്ന് ആലോചിക്കുമ്പോഴേക്കും എനിക്ക് വിറക്കാൻ തുടങ്ങി. കഴിച്ച മരുന്നിന്റെ ശക്തിയാൽ ചുണ്ടെലിയെപോലെ ആയ, ആന, മരുന്നിന്റെ ശക്തി കുറഞ്ഞപ്പോൾ വലുതാവുകയാണ്. മണ്ണിനടിയിലെ മാളത്തിൽ വെച്ച് വലുതായാൽ പിന്നെ എന്റെ ശവം‌പോലും ആരും കാണില്ലല്ലൊ? പെട്ടെന്ന് പുറത്തേക്ക് ഓടിയ ഞാൻ ആനയുടെ വലിപ്പം ആവുമ്പോഴേക്കും വെളിയിലേക്ക് തുമ്പിക്കൈ ഉയർത്തി. എത്ര വലിയ അപകടത്തിൽ നിന്നാണ് ഞാൻ രക്ഷപ്പെട്ടതെന്ന് സാറിന് അറിയാമോ?”
“ഏതായാലും തന്റെ ഈ കഥ അതേപടി ആരോടെങ്കിലും പറഞ്ഞാൽ പറയുന്ന ആൾക്ക് കിറുക്കാണെന്ന് കേൾക്കുന്ന ആൾ പറയും. കുന്തം പോയാൽ കുടത്തിലും തപ്പണമെന്ന് പറയുന്നതുപോലെ ആനയെ കാണാതായാൽ എലിപ്പൊത്തിലും തപ്പണമല്ലൊ”
                    ഓഫീസർ കോലൻ ചുണ്ടെലിക്ക് ചിരി സഹിക്കാനായില്ല. അദ്ദേഹത്തിന്റെ ചിരി കണ്ടപ്പോൽ മറ്റുള്ളവരും ഒത്തുചേർന്ന് ചിരിക്കാൻ തുടങ്ങി.

Saturday, July 23, 2011

പാഠം 13 : ആന,,, കുഴിയാന,,,

സമയം പത്ത് മണി കഴിഞ്ഞ് പത്ത് മിനിറ്റായി.
സ്ക്കൂളിൽ എല്ലാവരും ആശങ്കയിലാണ്; കാരണം,,,
                        പതിവായി പത്ത്‌മണിക്ക് മുൻപ് ആദ്യത്തെ കൂട്ടമണി അടിക്കും, അതുകേട്ടാൽ വിദ്യാർത്ഥികളെല്ലാം ക്ലാസ്സിനകത്ത് കയറിയിരിക്കും. പിന്നെ കൃത്യം പത്ത്‌മണിക്ക്, രണ്ട്‌മണി മുട്ടിയിട്ട് പ്രാർത്ഥന ചൊല്ലും; അത്‌കഴിഞ്ഞ് ഒരുമണി മുട്ടിയാൽ അദ്ധ്യാപകർ ക്ലാസ്സിലെത്തി പഠിപ്പിക്കാൻ തുടങ്ങും. ചിലപ്പോൾ എല്ലാമണിയും പത്ത്‌മണിക്ക് മുൻപ്‌തന്നെ അടിച്ചേക്കാം. എന്നാൽ,, മാക്രി മെമ്മോറിയൽ ഹൈസ്ക്കൂളിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് പത്ത്‌മണികഴിഞ്ഞിട്ടും മണിയടിശബ്ദം കേൾക്കാത്തത്.
                        മണിയടിയും തുടർന്ന് ടീച്ചർമാരുടെ വരവും ഇല്ലാതായപ്പോൾ വിദ്യാർത്ഥികൾ ഓരോരുത്തരായി എഴുന്നേറ്റ് ക്ലാസ്സിന് വെളിയിലേക്ക് തലനീട്ടി നോക്കാൻ തുടങ്ങി.
എന്ത് പറ്റി???
സ്ക്കൂളിന് വെളിയിലാണെങ്കിൽ അദ്ധ്യാപകരെല്ലാം അമ്പരന്നമട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്.

ബെല്ലടി കേൾക്കാതെ ക്ലാസ്സിൽ പോകാനൊക്കുമോ?
                          കാര്യങ്ങളുടെ കിടപ്പ് അറിയാനായി പത്താംതരത്തിലെ സീരൻകുരങ്ങൻ മേലോട്ട് ചാടി ക്ലാസ്സിന്റെ മേൽക്കൂരയിലെ കഴുക്കോലിൽ പിടിച്ച് സഞ്ചരിക്കാൻ തുടങ്ങി. മറ്റ് ക്ലാസ്സുകൾ പിന്നിട്ട് ഒടുവിൽ അവൻ ഹെഡ്‌മാസ്റ്ററുടെ മുറിക്ക് മുകളിലെത്തി.
അവിടെ നോക്കുമ്പോൾ,,,
                         പതിവിന് വിപരീതമായി കസാരയിൽ ഹെഡ്‌മാസ്റ്ററില്ല. കട്ടില് പോലെ വലിപ്പമുള്ള ആ കസാര ഹെഡ്‌മാസ്റ്റർ ‘മഞ്ഞക്കൊമ്പനാനയെയും പ്രതീക്ഷിച്ച് അവിടെ ഇരിക്കുകയാണ്’. ചീവീടുകൾ രണ്ടും പതിവുപോലെ തമാശപറഞ്ഞ് ചിരിക്കുന്നു. ഹെഡ്‌മാസ്റ്ററുടെ അകമ്പടിക്കാരായ കുറുക്കന്മാർ രണ്ടും സ്ക്കൂളിന് മുന്നിലുള്ള പൂന്തോട്ടത്തിലൂടെ ഓടിനടക്കുന്നു. അവർ മാത്രമല്ല, മിക്കവാറും എല്ലാ അദ്ധ്യാപകരും തോട്ടത്തിലൂടെയും വരാന്തയിലൂടെയും നടക്കുകയാണ്.

                         സീരൻ ശ്രദ്ധിച്ചപ്പോൾ അക്കൂട്ടത്തിൽ രണ്ട്‌പേരെ മാത്രം കണ്ടില്ല. ഒന്ന് അവരുടെ ബഹുമാനപ്പെട്ട ഹെഡ്‌മാസ്റ്റർ തന്നെ; രണ്ടാമത്തേത് അവരുടെ പ്രീയപ്പെട്ട പ്യൂൺ തുരപ്പൻ പെരുച്ചാഴി.
‘അപ്പോൾ അതാണ് കാര്യം, പ്യൂണിനെ കാണാനില്ല. അദ്ദേഹമില്ലാതെ എങ്ങനെ മണിയടിക്കും? ആ മണിയടിയുടെ താളക്രമത്തിലാണല്ലൊ, സ്ക്കൂളിലെ സമസ്തജീവജാലങ്ങളും ചലിക്കുന്നത്! സ്ക്കൂൾ നിലനിൽക്കുന്നത് തന്നെ പ്യൂൺ തുരപ്പൻ പെരുച്ചാഴിയെ ആശ്രയിച്ചാണല്ലൊ’
വളരെനേരം ചുറ്റിനടന്ന് ക്ഷീണിച്ച അദ്ധ്യാപകർ വരാന്തയിൽ ഒത്തുകൂടി. അപ്പോൾ അകലെനിന്നും പറന്നുവരുന്ന നുവാട്ട്സൺ കഴുകൻ സാറിനെ കണ്ടപ്പോൾ എല്ലാവർക്കും വളരെ സന്തോഷമായി.

                        എന്നാൽ കഴുകൻ‌സാർ വരാന്തയിൽ പറന്നിറങ്ങിയതോടെ മറ്റുള്ളവരുടെ സന്തോഷമെല്ലാം പറപറന്നു. സാറിന്റെ മുഖത്ത് സങ്കടവും ഭയവും മാത്രം,
“എത് പറ്റി?”
എല്ലാവരും ഒന്നിച്ച് ചോദിച്ചു.
“നമ്മുടെ ഹെഡ്‌മാഷ് വീട്ടിലില്ല; പതിവുപോലെ രാവിലെ പനയോല തിന്നശേഷം വീട്ടിൽ‌നിന്ന് സ്ക്കൂളിലേക്ക് പുറപ്പെട്ടതാണ്. അതുപോലെ തൊരപ്പനും വീട്ടിലില്ല.”
തുരപ്പൻ പെരിച്ചാഴിയുടെ കാര്യത്തിൽ ആർക്കും ഭയമില്ല; കാരണം അവൻ ഇടയ്ക്കിടെ സ്ക്കൂളിൽ നിന്ന് മുങ്ങുന്നവനാണ്. അവറാൻ കാക്കയുടെ ചായക്കടയിലേക്ക് എളുപ്പവഴി നിർമ്മിക്കാൻ, സ്ക്കൂളിനകത്തു‌നിന്ന് ഒരു തുരങ്കം പണിതവനാണ്. അവൻ മുങ്ങിയാലും ബല്ലടിക്കാൻ നേരത്ത് പൊങ്ങിവരുന്നവനാണ്,,,
അവനൊരു പ്യൂണാണ്.
                           അതുപോലെയാണോ ഹെഡ്‌മാസ്റ്ററായ മഞ്ഞക്കൊമ്പനാന! എവിടെപോയൊളിച്ചാലും നാലാൾ കാണും. ആനയെ പെട്ടെന്ന് കാണാനില്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?

                           രാവിലെതന്നെ ഹെഡ്‌മാസ്റ്ററും പ്യൂണും ഒന്നിച്ച് സ്ക്കുളിൽ വരുന്നത് പലരും കണ്ടിരുന്നു. അതിനുശേഷം എന്ത് സംഭവിച്ചു? അദ്ധ്യാപകർ ചേർന്ന് ഹെഡ്‌മാസ്റ്ററുടെ അകമ്പടിക്കാരായ കുറുക്കന്മാരെ വിളിച്ച് ചോദ്യം ചെയ്യാൻ ആരംഭിച്ചു,
“രാവിലെ വന്ന ഉടനെ ഹെഡ്‌മാസ്റ്റർ ഓഫീസ്‌മുറിയിലിരുന്ന് പത്രം വായിക്കുന്നത് ഞങ്ങൾ രണ്ടാളും കണ്ടതാണ്”
“എന്നിട്ടോ?”
“പിന്നെ തൊരപ്പനുമായി വഴക്കുണ്ടായി. അത് പതിവായി ഉള്ളതായതിനാൽ ഞങ്ങൾ തോക്കും പിടിച്ച് ഉറങ്ങിപ്പോയി”
“ഉറങ്ങാനോ? സ്ക്കൂളിൽ വെച്ച്?”
“ഇന്നലെ രാത്രി പൌർണ്ണമി ആയതിനാൽ കുറുക്കന്മാരെല്ലാം ഞണ്ടിനെ പിടിക്കാൻ പോയപ്പോൾ ഞങ്ങളും പോയി”
“ഉം, എന്നിട്ടോ?”
“പിന്നെ ഉറക്കം ഞെട്ടിയത് ബഹളം കേട്ടാണ്, തുടർന്ന് ഹെഡ്‌മാഷ് തൊരപ്പന്റെ പിന്നാലെ വെളിയിലേക്ക് ഓടുന്നത് കണ്ടു. പിന്നെന്തുണ്ടായി എന്ന് അറിയില്ല”
അപ്പോഴാണ് സ്ക്കൂൾ ഗെയിറ്റിന് സമീപം വലിയൊരു ബഹളം കേട്ടത്. അത്‌കേട്ട് കുട്ടികളെല്ലാം ക്ലാസ്സിന് വെളിയിൽ വന്ന് നോക്കാൻ തുടങ്ങി.

                           അവിടെ ഹെഡ്‌മാസ്റ്ററുടെ ഭാര്യ മിസ്സിസ്സ് മഞ്ഞക്കൊമ്പനും നാല് കുട്ടിക്കൊമ്പന്മാരും പിന്നെ പതിനഞ്ചോളം ബന്ധുക്കളും ചേർന്ന് സ്ക്കൂളിലേക്ക് ഓടി വരുന്ന കാഴ്ചയാണ് കണ്ടത്. ഭർത്താവിനെ കാണാനില്ലെന്ന് അറിഞ്ഞ നിമിഷം ഭാര്യ ബന്ധുക്കളെയും കൂട്ടുകാരെയും നാട്ടുകാരെയും വിളിച്ചുകൊണ്ട് വന്നിരിക്കയാണ്. ഗെയ്റ്റ് കടന്നുവന്ന മിസ്സ്സ്സ് മഞ്ഞക്കൊമ്പൻ സ്ക്കുളിന് മുന്നിലുള്ള പൂന്തോട്ടത്തിൽ വീണുരുണ്ട് തലതല്ലി കരയാൻ തുടങ്ങി.
                           അദ്ധ്യാപകരെല്ലാം അവൾക്ക് ചുറ്റും വന്ന് ഓരോരുത്തരായി ആശ്വസിപ്പിക്കാൻ തുടങ്ങി. ‘ഹെഡ്‌മാഷ് സ്ക്കൂളിന്റെ ഗെയിറ്റ് കടന്ന് വെളിയിലേക്ക് പോയിട്ടില്ല’ എന്ന് വാച്ച്‌മാൻ കൊമ്പൻനായ ഉറപ്പിച്ച് പറഞ്ഞതോടെ വന്നവരെല്ലാം ചേർന്ന് ആനവായ് തുറന്ന് കൂട്ടക്കരച്ചിൽ തുടങ്ങി.
അതിനിടയിൽ ഭാര്യ കുറ്റപ്പെടുത്തുകയാണ്,
“നിങ്ങളെല്ലാരും കള്ളം പറയുന്നതാനെന്ന് എനിക്കറിയാം. എല്ലാരും ചേർന്ന് അദ്ദേഹത്തെ കൊന്നിട്ട് കൊമ്പൂരിയെടുത്തിട്ടുണ്ടാവും. ഇന്നലെയും ഒരുത്തൻ വന്ന് ആ കൊമ്പിന് വെല പറഞ്ഞതാണ്”
ഇതുകേട്ട് ഒരു കിഴവിആന പറഞ്ഞു,
“നീയൊന്ന് മിണ്ടാതിരിക്ക്,, ഈ നേരത്താ അവളുടെ ഒരു കൊമ്പ്,,,”
“എങ്ങനെ മിണ്ടാതിരിക്കും തള്ളെ? ആ കൊമ്പെങ്കിലും കിട്ടിയാൽ മതിയായിരുന്നു, എത്ര വിലപിടിച്ചതായിരുന്നു,,,”
  
                          കുട്ടികളും അദ്ധ്യാപകരും ബന്ധുക്കളും നാട്ടുകാരും മുറ്റത്ത് സങ്കടപ്പെട്ടിരിക്കുമ്പോൾ പൂന്തോട്ടത്തിൽ നിൽക്കുന്ന കരടിമാഷ് വിറക്കാൻ തുടങ്ങി. കാലിനടിയിൽ ഭൂമി കുലുങ്ങുന്നു; അദ്ദേഹം പേടിച്ച് വിറച്ച്‌കൊണ്ട് പറഞ്ഞു,
“ഓടിക്കോ ഭൂകമ്പം”
കരടിമാഷ് പറഞ്ഞതുകെട്ട് എല്ലാവരും ഓടാൻ തുടങ്ങി. പക്ഷെ എങ്ങോട്ട് ഓടും? ആകെ ഒരു ഗെയിറ്റുള്ളത് കൂടുതൽ ആളുകൾ വരാതിരിക്കാനായി വാച്ച്‌മാൻ കൊമ്പൻ നേരത്തേ അടച്ചതാണ്. പറക്കാൻ കഴിയുന്നവർ തൊട്ടടുത്ത മരക്കൊമ്പിൽ പറന്നിറങ്ങി രംഗം വീക്ഷിക്കാൻ തുടങ്ങി.

                           അധികസമയം അവർക്ക് ഓടേണ്ടി വന്നില്ല; അതിനിടയിൽ അവരെല്ലാം ഒരു കാഴ്ച കണ്ടു. തോട്ടത്തിലെ മണ്ണ് ഇളകിമാറുന്നതോടൊപ്പം മണ്ണിനടിയിൽ നിന്നും എന്തോ ഉയർന്ന് വരികയാണ്,,, ആ ഭീകരരൂപം കണ്ട് എല്ലാവരും ഞെട്ടിയ നേരത്ത് മുട്ടൻ കഴുത വിളിച്ചുപറഞ്ഞു,
“അയ്യോ ഇത് നമ്മുടെ ഹെഡ്‌മാഷല്ലെ,, നോക്ക്, കൊമ്പും തുമ്പിക്കൈയും,,,”
അവൻ പറഞ്ഞത് ശരിയാണെന്ന് മനസ്സിലാക്കിയ ഓരോരുത്തരും ആ രൂപത്തിനടുത്തേക്ക് വന്നു. മണ്ണിനടിയിൽ നിന്ന് ആദ്യം തുമ്പിക്കൈയും പിന്നെ കൊമ്പുകളും ഉയർന്ന്‌വന്നു. തുടർന്ന് ചുറ്റുപാടും കൂടിയവർ ചേർന്ന് മണ്ണ് നീക്കം ചെയ്യാൻ തുടങ്ങിയപ്പോൾ ആനയുടെ ഒറിജിനൽ രൂപം വെളിയിൽ വരാൻ തുടങ്ങി,,, അത് ഹെഡ്‌മാസ്റ്റർ മഞ്ഞക്കൊമ്പനാന തന്നെ!
“ഡിസ്മിസ് ചെയ്യും ഞാൻ,, ഡിസ്സ്മിസ്സ്,,,”
കൊമ്പനാന അലറിയിട്ട് ചുറ്റും നോക്കിയപ്പോൾ തൊട്ടടുത്ത് സ്വന്തം ഭാര്യ,
“എടീ നീയെന്തിനാ ഇങ്ങോട്ട് വന്നത്? നിന്നെ ഞാൻ ഡിസ്മിസ്സ് മാത്രമല്ല ഡൈവോഴ്സ് കൂടി ചെയ്യും”
ഭാര്യയെ കണ്ടപ്പോൾ ഹെഡ്‌മാസ്റ്ററുടെ ദേഷ്യം ഇരട്ടിച്ചു.
“ആ തൊരപ്പനെവിടെ? അവനെ ഞാൻ ഡിസ്മിസ് ചെയ്തിരിക്കുന്നു, ഇവിടെയുള്ള എല്ലാവരെയും ഡിസ്മിസ് ചെയ്യുന്നു”
അങ്ങനെ മുന്നിൽ കാണുന്ന ഓരോരുത്തരേയും ഡിസ്മിസ് ചെയ്തുകൊണ്ട് ഹെഡ്‌മാസ്റ്റർ മഞ്ഞക്കൊമ്പനാന സ്ക്കൂളിനു ചുറ്റും ഓടാൻ തുടങ്ങി.
ഇത്രവലിയ ആനയെങ്ങനെ മണ്ണിനടിയിലായി എന്ന് ചിന്തിക്കുന്നതിന് മുൻപ് ഡിസ്മിസ് ചെയ്യാനായി ഓടുന്ന ആനയെ ഭയപ്പെട്ട് എല്ലാവരും ഓടിയൊളിക്കാൻ തുടങ്ങി.
(തുടരും)

Wednesday, June 8, 2011

പാഠം12 : കാഴ്ചകൾ

                          മരം കയറിയ സീരൻ കുരങ്ങൻ ഒരു മരത്തിൽ നിന്ന് മറ്റൊന്നിലേക്ക് എന്ന ക്രമത്തിൽ വാലും കാലുകളും ചേർത്ത് മാറിമാറി ചാടിപ്പിടിച്ച്, റോഡരികിലൂടെ യാത്ര തുടർന്നു. അര മണിക്കൂർ യാത്രക്കൊടുവിൽ കൂട്ടുകാർ കയറിയ ബസ്സിന്റെ ചുവപ്പുനിറം കാണാനായപ്പോൾ അവന് സന്തോഷം സഹിക്കവയ്യാതായി. അതോടെ അവന്റെ മരം‌ചാട്ടവേഗത വർദ്ധിച്ചു.
                          ബസ്‌ഡ്രൈവർ പാണ്ടനാമ പതിവിന് വിപരീതമായി വളരെ പതുക്കെയാണ് ബസ്സ് ഓടിക്കുന്നത്. അവൻ ഡ്രൈവറായതിനു ശേഷം ഇത്രയധികം‌പേർ ഒന്നിച്ച് ബസ്സിൽ കയറുന്നത് ആദ്യമായിട്ടായതിനാൽ ഓടിക്കുന്നതിനിടയിൽ ആരെയൊക്കെയോ ശപിക്കുന്നുണ്ട്. ബസ്സിന്റെ സ്പീഡ് കുറഞ്ഞപ്പോൾ ബസ്‌യാത്ര മരക്കൊമ്പിലൂടെ സഞ്ചരിക്കുന്ന സീരൻ കുരങ്ങനോടൊപ്പം ആയെങ്കിലും അവനെയാരും കണ്ടില്ല. ഒടുവിൽ അവർ അവിടെ എത്തിച്ചേർന്നിരിക്കുന്നു,, സുന്ദരമായ ‘നീലിമല’ കടൽ‌തീരത്ത്

                          ബസ് നിന്നതോടെ വിദ്യാർത്ഥികളും അദ്ധ്യാപകരും അന്യോന്യം മത്സരിച്ച് ബസ്സിൽ‌നിന്നും ഇറങ്ങിയിട്ട്, നാലുപാടും ഓടാൻ തുടങ്ങി. ‘ആരും ഓടരുത്, എല്ലാവരും ഒന്നിച്ച്‌നിൽക്കണം’ എന്ന് വുൾഫൻ ചെന്നായസാർ വിളിച്ചുകൂവിയെങ്കിലും അതാരും ശ്രദ്ധിച്ചില്ല. മുന്നിൽ വിശാലമായ പൂഴിമണൽ കണ്ടപ്പോൾ കുട്ടികൾക്കുണ്ടായ ആഹ്ലാദം അവർണ്ണനീയമായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ അന്തം‌വിട്ട് കടലും കടൽത്തീരവും കണ്ണുനിറയെ നോക്കിയിട്ട് അവർ മണലിൽ വീണുരുളാൻ തുടങ്ങി. ചിലർ കടലിലിറങ്ങി കുളിക്കുന്നതോടൊപ്പം വെള്ളത്തിൽ ചവിട്ടാൻ മടിക്കുന്നവരെ വെള്ളത്തിൽ പിടിച്ച് മുക്കുകയും ചെയ്തു.
                          ബസ്സ് പോയ വഴിനോക്കി സമാന്തരയാത്ര നടത്തിയ സീരൻ‌കുരങ്ങൻ ഇലക്കൂട്ടങ്ങൾക്കിടയിൽ ഒളിച്ചിരുന്നു. പഠനയാത്രക്ക് പണം തരാത്തവൻ എങ്ങനെ കടൽ‌തീരത്ത് എത്തിയെന്ന് അദ്ധ്യാപകർ അന്വേഷണം ആരംഭിക്കും. അന്വേഷണത്തിന്റെ ഒടുവിൽ അച്ഛനെ വിളിച്ചുവരുത്തിയിട്ട്, തന്നെ മാത്രമല്ല, അച്ഛനെയും അദ്ധ്യാപകൻ ചൂരലെടുത്ത് അടിക്കും.

                           കടൽതീരത്ത് വിദ്യാർത്ഥികളെ ഇറക്കിയത് അബദ്ധമായെന്ന് അദ്ധ്യാപകർക്കെല്ലാം തോന്നിത്തുടങ്ങി. അവർ പറഞ്ഞതനുസരിച്ച് പ്രവർത്തിക്കാത്ത കുട്ടികൾ പറയാത്ത പല കാര്യങ്ങളും ചെയ്യുന്നുണ്ട്. ലാലുക്കുറുക്കൻ ഞണ്ടിന്റെ പിന്നാലെ ഓടുന്ന തിരക്കിലാണ്. താറാവമ്മ ടീച്ചറോടൊപ്പാം ധാരാളം കുട്ടികൾ വെള്ളത്തിലിറങ്ങി മീനിനെ തപ്പുകയാണ്. ചിലർ മരക്കൊമ്പിലും ചിലർ പാറപ്പുറത്തും കയറിയിരുന്ന് ഉച്ചത്തിൽ കൂവുകയും പാട്ട് പാടുകയും ചെയ്യുകയാണ്.  
                           അദ്ധ്യാപകരെ വിദ്യാർത്ഥികളാരും അനുസരിക്കുന്നില്ലെന്ന് മനസ്സിലാക്കിയ വുൾഫൻ ചെന്നായസാർ വിളിച്ചുപറഞ്ഞു,
“നമുക്ക് പോകാൻ സമയമായി, എല്ലാവരും ബസ്സിൽ കയറണം”
അത് കേട്ടനിമിഷം എല്ലാവരുടെയും ഓട്ടം ബസ്സിനുനേരെയായി, ചിലർ ഓടുമ്പോൾ ഏതാനും ചിലർ പറന്നു. ഒടുവിൽ ബസ്സിൽ കയറിയവർക്ക് മനസ്സിലായി, പറന്നുകയറിയവർക്ക് മാത്രം ഇരിപ്പിടം ലഭിച്ചിരിക്കുന്നു. കണ്ടക്റ്റർ ‘തടിയൻ പാണ്ടയും ചിലപ്പൻ കിളിയും’ ചേർന്ന് എല്ലാവരെയും ബസ്സിനകത്തേക്ക് തള്ളിക്കയറ്റി.
“ഡ്രൈവറെ, ഇനി നേരെ ചെമ്പല്ലിക്കാടിലേക്ക്; അവിടെ കാഴ്ചബംഗ്ലാവിനു മുന്നിൽ ബസ് നിർത്തിയാൽ മതി”
ചെന്നായസാർ ഡ്രൈവർ പാണ്ടനാമയോടായി പറഞ്ഞു.

                           പാണ്ടനാമ പതുക്കെ ഓടിച്ച ബസ്സ് കടൽതീരം വിട്ട്, മലകൾ വിട്ട് ചെമ്പല്ലികാട്ടിലേക്ക് യാത്രയായി. തന്റെ കാഴ്ചയിൽ‌നിന്ന് ബസ് പൂർണ്ണമായും അപ്രത്യക്ഷമായെന്ന് ഉറപ്പ് വരുത്തിയശേഷം, സീരൻ കുരങ്ങൻ അതുവരെ ഒളിച്ചിരുന്ന തെങ്ങിന്റെ മണ്ടയിൽ‌നിന്നും വെളിയിൽ വന്ന് താഴെയിറങ്ങി. ആദ്യം അവൻ കടൽ‌തീരത്തെ വെളുത്ത് മിന്നുന്ന പൂഴിമണലിൽ മതിവരുവോളം കിടന്നുരുണ്ടു, പിന്നീട് പതുക്കെ വെള്ളത്തിലിറങ്ങി. തിരമാലകൾ ഓരോന്നായി വരുന്നതും അവന്റെ കാലുകൾ സ്പർശിച്ച് കടലിലേക്ക് പിൻ‌വാങ്ങുന്നതും അറിഞ്ഞതോടെ സീരന്റെ മനസ്സിൽ സന്തോഷം അലതല്ലി. കടലിൽ അല്പം‌കൂടി ഇറങ്ങിയശേഷം ഉപ്പുവെള്ളത്തിന്റെ രുചിയറിഞ്ഞ്‌കൊണ്ട് സീരൻ നന്നായൊന്ന് മുങ്ങിക്കുളിച്ചു. പിന്നീട് വെയിലുകൊണ്ട് ദേഹമെല്ലാം ഉണങ്ങിയപ്പോൾ കടൽതീരത്തേക്ക് ചാഞ്ഞ്‌നിന്ന തെങ്ങിൽ‌കയറിയിട്ട് ഇളനീർ പറിച്ച് കുടിച്ചശേഷം അവൻ കൂട്ടുകാരെത്തേടി യാത്രയായി.

                           അതിനിടയിൽ ബസ്സ് വളരെ ദൂരം മുന്നോട്ട് പോയിരുന്നു. പെട്ടെന്ന് ബസ്സ് നിർത്തിയതോടെ കുട്ടികളെല്ലാം തലവെളിയിലേക്കിട്ടതുകണ്ട് ബോറൻ കരടിമാഷ് സ്വന്തം തലയും കൈയും പുറത്തേക്കിട്ടുകൊണ്ട് പറഞ്ഞു,
“ആരെടാ തല പുറത്തേക്കിടുന്നത്? ഇങ്ങനെ തല വെളിയിലേക്കിടുന്നവർ സ്വന്തംതല കൈയേൽ‌പിടിച്ച് കാട്ടിലേക്ക് പോകേണ്ടി വരും, കേട്ടോ,,,”
എന്നാൽ തല വെളിയിലേക്കിട്ടവർ അത് ഉള്ളിലേക്ക് വലിക്കാതെ ഒന്നിച്ച് വിളിച്ചുകൂവി,
“കാഴ്ചബംഗ്ലാവ്,,, അതാ,,,”
കഴിഞ്ഞതവണ പറ്റിയതുപോലുള്ള കുഴപ്പം ആവർത്തിക്കരുതെന്ന് വിചാരിച്ച് വുൾഫൻചെന്നായ ആദ്യം‌തന്നെ ബസ്സിൽ‌നിന്ന് പുറത്തിറങ്ങിയിട്ട് കുട്ടികളോടായി പറഞ്ഞു,
“ആരും ബസ്സിൽ‌നിന്ന് പുറത്തേക്കിറങ്ങരുത്, ഞാൻ പോയി ടിക്കറ്റെടുത്ത് വരുന്നതിനു മുൻപ് ആരെങ്കിലും ഇറങ്ങിയാൽ തിരിച്ചുപോകാൻനേരത്ത് അവരെ ഈ ബസ്സിൽ കയറ്റില്ല”
                            ചെന്നായസാർ കാഴ്ചബംഗ്ലാവിന്റെ ഗെയിറ്റിനു സമീപം പോയി വാച്ചമാനോട് കാര്യങ്ങൾ പറഞ്ഞ് എല്ലാവർക്കും ടിക്കറ്റെടുത്തു. അതിനുശേഷം തിരിച്ചുവന്ന് എല്ലാവരോടുമായി പറഞ്ഞു,
“ഇവിടെ വരിവരിയായി ഒരേ ലൈനിൽ പോയാൽ മാത്രമേ അകത്ത് കയറ്റുകയുള്ളു. ലൈൻ തെറ്റിച്ചവരെ പോലീസുകാർ പിടിച്ച് മുതലക്കുളത്തിൽ എറിയും. സൂക്ഷിച്ച് ഓരോരുത്തരായി വരണം. അങ്ങനെ ലൈൻ തെറ്റാതെ നടക്കാനാവാത്തവർ ബസ്സിൽ‌തന്നെയിരുന്നാൽ മതി”

                             അങ്ങനെ ഓരോരുത്തരായി ബസ്സിൽ‌നിന്നും ഇറങ്ങി വന്നു. ആർക്കും തിരക്കില്ല, മുതലക്കുളമെന്ന് കേട്ടപ്പോൾ‌തന്നെ എല്ലാവരും ഭയന്നുവിറച്ച് പോയിരുന്നു. ഗെയിറ്റ് കടന്ന് അകത്തുപ്രവേശിച്ച കുട്ടികൾക്ക് വഴികാട്ടിയായി ഒരു കാണ്ടാമൃഗം മുന്നിൽ നടന്നു. കാഴ്ചബംഗ്ലാവിലെത്തുന്ന സന്ദർശ്ശകർക്ക് അവിടെയുള്ള ദൃശ്യങ്ങൾ വിവരിച്ചുകൊടുക്കുന്നത് ഡംബൻ കാണ്ടാമൃഗമാണ്. മൂക്കിനുമുകളിലായി വളർന്ന കൂർത്ത ഒറ്റക്കൊമ്പ് വീശിയിട്ട് കുട്ടികളോട് അവൻ സംസാരിച്ചു,
“ഇവിടം മുഴുവൻ പാമ്പുകളാണ്, കൂട്ടത്തിൽ വിഷമുള്ളവരും വിഷമില്ലാത്തവരും ഉണ്ട്. പിന്നെ ഇക്കൂട്ടർക്കൊന്നും നമ്മെപ്പോലെ കാലുകൾ ഇല്ല”
കാട്ടിൽ‌നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് പാമ്പുകളെ കണ്ടപ്പോൾ ഒരു പുതുമയും തോന്നിയില്ല. അവർ മറ്റ് പലതും നോക്കാൻ തുടങ്ങി,
“സാർ അപ്പുറത്ത് കുളമാണല്ലൊ”
“അത് വെറും കുളമല്ല; മുതലക്കുളമാണ്. മുതലകളും ചീങ്കണ്ണികളും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കാണുന്നില്ലെ?”
ഡംബൻ കുട്ടികളോടായി പറഞ്ഞു.

                             അതുവരെ കണ്ട കാഴ്ചകളിലൊന്നും അവർക്ക് ഒരു പുതുമയും തോന്നിയില്ല. എല്ലാദിവസവും കാട്ടിൽ‌വെച്ച് കാണാറുള്ള ഈ മുതലയെയും അരണയെയും പാമ്പിനെയും കാണാൻ ഇത്രയും ദൂരം വരണമായിരുന്നോ? അവരെല്ലാം പൂമരങ്ങൾക്ക് ചുവട്ടിലെ പുൽത്തകിടിയിൽ ഇരിക്കാൻ കൊതിച്ചു. അപ്പോഴെക്കും ഒരു വലിയ കെട്ടിടത്തിനു മുന്നിലെത്തി. വനമംഗലം സ്ക്കൂളിനെക്കാൾ വലിയ ഒരു കെട്ടിടം. അതിനു മുന്നിലെത്തിയപ്പോൾ ഡംബൻ എല്ലാവരോടുമായി പറഞ്ഞു,
“ഇനി നിങ്ങൾക്ക് കാണാനുള്ളതെല്ലാം ഈ കെട്ടിടത്തിനുള്ളിലാണ്. ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത ഇരുക്കാലിമൃഗങ്ങളെ നിങ്ങൾക്കിവിടെ കാണാം”
“നമ്മൾ ഇത്രയും ദൂരം വന്നത് അവയെ കാണാനാണ്”
താറാവമ്മ ടീച്ചർ ഉച്ചത്തിൽ പറഞ്ഞു.
ഓരോ വിദ്യാർത്ഥികളായി ആ കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കുമ്പോൾ ബോറൻ കർടി മാസ്റ്റർ കെട്ടിടത്തിനു മുന്നിലെ ബോർഡ് വായിച്ചു,
“മനുഷ്യൻ”

                              അകത്ത് പ്രവേശിച്ചവർ കണ്ണാടിക്കൂട്ടിനുള്ളിലെ ജീവികളെ നോക്കി അത്ഭുതപ്പെട്ടു. അവർ പുസ്തകങ്ങളിൽ വായിച്ച് മാത്രം അറിഞ്ഞിരുന്ന ഒരു ജീവിയെ മുന്നിൽ കാണുകയാണ്. വ്യത്യസ്ഥമായ ശരീരഘടനയുള്ള നിവർന്ന് രണ്ട്കാലിൽ മാത്രം ഉയർന്ന്നിൽക്കുന്ന ഒരേപോലെയുള്ള അനേകം ജന്തുക്കൾ കണ്ണാടിക്കൂട്ടിനുള്ളിൽ നിരന്ന് കാണപ്പെട്ടു. കൂടുതൽ ശ്രദ്ധിച്ചപ്പോൾ അവർക്ക് ഒരു കാര്യം മനസ്സിലായി; ആ ജന്തുക്കൾക്കൊന്നും ജീവനില്ല. മുകളിൽ എഴുതിയത് കിറ്റിപൂച്ച വായിച്ചു,
“മനുഷ്യൻ,,, വളരെക്കാലം മുൻപ് നമ്മുടെ ഭൂമിയിൽ ജീവിച്ചിരുന്ന ജന്തുക്കൾ”
“ഇവർക്കൊന്നും ജീവനില്ലെ?”
നിമിതത്തക്ക് ഉണ്ടായ ഒരു സംശയംകേട്ട് ഡംബൻ മറുപടി പറഞ്ഞു,
“ഇപ്പോൾ ഇതിനൊന്നും ജീവനില്ല; പണ്ട്കാലത്ത് ജീവിച്ച ഇവയെല്ലാം മരിച്ചവരാണ്, മണ്ണിനടിയിൽ നിന്ന് കിട്ടിയ ശവശരീരങ്ങൾ ഉണക്കി സൂക്ഷിച്ചതാണ്”
“അയ്യോ പാവം, ഇന്ന് അവരെല്ലാം ഉണ്ടായെങ്കിൽ എന്ത് രസമായേനെ?”
നിമിയുടെ വാക്കുകൾ കേട്ട ഡംബൻ അവരെപ്പറ്റി പറയാൻ തുടങ്ങി,
“ഇവർ പാവമോ? കുറച്ചുകാലം കൂടി ഇവരെല്ലാം ജീവിച്ചിരുന്നെങ്കിൽ നമ്മളാരും ഇവിടെ അവശേഷിക്കുല്ലായിരുന്നു. ജീവിച്ചിരുന്ന കാലത്ത് കടലിലും കരയിലും ആകാശത്തും സഞ്ചരിച്ചിരുന്ന ഇക്കൂട്ടർ ആയുധങ്ങൾ നിർമ്മിച്ച് മറ്റുള്ള ജീവികളെയെല്ലാം കൊന്ന് നശിപ്പിച്ചിരുന്നു. ഒടുവിൽ അവരെല്ലാം അന്യോന്യം കൊല്ലാൻ തുടങ്ങിയതോടെ എല്ലാവരും നശിച്ചപ്പോൾ ഈ ഭൂമിയും അവിടെ ജീവിക്കുന്ന നമ്മളും രക്ഷപ്പെട്ടു. ആയുധങ്ങളെടുത്ത ഒരു മനുഷ്യനെ ഒടുവിലത്തെ കണ്ണാടിക്കൂട്ടിൽ കാണാം”

                          ഒടുവിലത്തെ കണ്ണാടിക്കൂട്ടിലെ മനുഷ്യൻ രണ്ട്കാലിൽ നിൽക്കുകയാണ്. അവന്റെ രണ്ട് കൈകളിലും കുട്ടികൾക്ക് പേരറിയാത്ത എന്തൊക്കെയോ ആയുധങ്ങൾ ഉണ്ട്. തലയിൽ മാത്രം രോമമുള്ള ചുവന്ന കണ്ണുകളുള്ള ആ ഇരുകാലിജന്തു ഒറ്റനോട്ടത്തിൽ അവരെയെല്ലാം ഭയപ്പെടുത്തി. അപ്പോൾ ലാഡൻ പന്നിക്കൊരു സംശയം, ‘ഇത് നമ്മുടെ സീരൻ കുരങ്ങനെപോലെയുണ്ടല്ലൊ,,,”
“പോടാ, വെറുതെ ഓരോന്ന് പറയുന്നത്; ഇവന് വാലില്ലല്ലൊ? നമ്മുടെ സീരന് വാലില്ലെ?”
അത് പറഞ്ഞ സൂത്രൻ കാക്ക പുറത്തേക്കിറങ്ങിയപ്പോൾ മറ്റുവിദ്യാർത്ഥികൾ കാഴ്ചബംഗ്ലാവിലെ ഓരോ കാഴ്ചകളും വീണ്ടും വീണ്ടും നോക്കാൻ തുടങ്ങി. ഒടുവിൽ വെളിയിലിറങ്ങിയ എല്ലാവരും ആശ്വാസംകൊണ്ട് നെടുവീർപ്പിട്ടു, ‘ഇതുപോലുള്ള ജന്തുവിനെ ജീവനോടെ കാണരുതേ’ എന്ന് ഒരോ കുട്ടിയും മനസ്സിൽ പറഞ്ഞു.
“ഇനി എല്ലാവരും ബസ്സിൽ കയറണം”
വുൾഫൻ ചെന്നായയുടെ അറിയിപ്പ് വന്നിട്ടും ബസ്സിൽ കയറാൻ ആർക്കും താല്പര്യം തോന്നിയില്ല. പതുക്കെ നടന്ന് മനസ്സില്ലാമനസ്സോടെ ഓരോ വിദ്യാർത്ഥിയും ബസ്സിൽ കയറി. എല്ലാവരും കയറിയെന്ന് ഉറപ്പായപ്പോൾ ‘കാനനാ ട്രാവത്സ്’ കുട്ടികളെയും കൊണ്ട് വനമംഗലത്തേക്ക് യാത്രയായി. കൂട്ടുകാർ കാഴ്ചബംഗ്ലാവിൽ പോകുന്നതും വരുന്നതും കണ്ടുകൊണ്ട് ഇലഞ്ഞിമരത്തിന്റെ ഇലപ്പടർപ്പുകൾക്കിടയിൽ ഒളിച്ചിരുന്ന സീരൻ കുരങ്ങനും ബസ്സ് പോയവഴിയെ സഞ്ചരിക്കാൻ തുടങ്ങി.

Sunday, April 24, 2011

പാഠം11. പഠനയാത്ര

                            വനമംഗലം, മാക്രി മെമ്മോറിയൽ സ്ക്കൂളിലെ വിദ്യാർത്ഥികൾ പഠനയാത്രക്ക് പോകാൻ തീരുമാനിച്ചതു മുതൽ വിദ്യാർത്ഥികൾക്കെല്ലാം ‘ആ ഒരു കാര്യം’ മാത്രമാണ് ചോദിക്കാനും പറയാനും ഉള്ളത്. രാവിലെ തന്നെ റിനു മുയലിനെ കണ്ടപ്പോൾ സീരൻ കുരങ്ങൻ ആദ്യമായി ചോദിച്ചതും അക്കാര്യം തന്നെയാണ്,
“ഏയ്, റിനു നിനക്ക് പഠനയാത്രക്ക് പോകാൻ പണം കിട്ടിയോ?”
“ങ, കിട്ടി”
റിനു അല്പം പരുങ്ങലോടെ പറഞ്ഞു,
                      ഇന്നലെരാത്രിയിലത്തെ കാര്യം ഓർക്കുമ്പോൾ അവനാകെ ഒരു ചമ്മൽ, റിനുവിന്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരമളി പറ്റുന്നത്; തീരെ വിലയില്ലാത്ത വെറുമൊരു പൂജ്യം വരുത്തിവെച്ച വിന,,,

                    സ്ക്കൂളിൽ നിന്ന് പഠനയാത്രക്ക് പോകാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ100രൂപ കൊണ്ടുവരണമെന്നാണ് അദ്ധ്യാപകൻ അറിയിച്ചത്. പണക്കാരനായ റിനു, പണക്കാരനായ അച്ഛന്റെ മകൻ; സ്ക്കൂളിൽ നിന്ന് ഒരു യാത്ര പോകുമ്പോൾ അവന് പോക്കറ്റ്‌മണി കൂടി വേണ്ടെ? രാത്രിയായ നേരത്ത് അവൻ പിതാവിനെ സമീപിച്ചു,
“അച്ഛാ”
“എന്താടാ?”
“എനിക്ക് പഠനയാത്രക്ക് പോകണം?”
“അതിന് പോയിക്കോ”
“കുട്ടികളെല്ലാം കാഴ്ചബംഗ്ലാവിലും കടപ്പുറത്തും പട്ടണത്തിലും പോകുന്നുണ്ട്”
“അതിന് നിന്നോട് പോകാനല്ലെ പറഞ്ഞത്”
“പോകാൻ കാശ് വേണം, സ്പെഷ്യൽ ബസ്സിലാ പോകുന്നത്”
“എത്രയാ വേണ്ടത്?”
“1000രൂപ വേണം‌ന്നാ മാഷ് പറഞ്ഞത്”
“ങെ ആയിരമോ?”
                        ഇഷ്ടം പോലെ പണമുള്ള, നാട്ടിലെ ഏറ്റവും വലിയ പിശുക്കനായ ഡോലൻ മുയലിന് വിശ്വസിക്കാനാവാത്ത സംഖ്യ ആയതിനാൽ ഉടനെ ഹെഡ്‌മാസ്റ്റർക്ക് ഫോൺ ചെയ്തു. അപ്പോഴാണ് തന്റെ ഓമനപുത്രന്റെ തട്ടിപ്പ് പുറത്തായത്; സ്ക്കൂളിലെ നൂറ്, വീട്ടിലെത്തിയാൽ ആയിരം. അച്ഛൻ വടിയെടുത്ത് മകനെ അടി തുടങ്ങി,
“അയ്യോ അച്ഛാ, അത് മാഷ് പൂജ്യത്തിന് വിലയില്ലെന്നാ പറയാറ്,,, അതുകൊണ്ട് നൂറിന്റെ കൂടെ വിലയില്ലാത്ത ഒരു പൂജ്യം ഞാൻ ചേർത്തതാ”
പെട്ടെന്ന് അടിനിർത്തിയ അച്ഛൻ‌മുയൽ മേശതുറന്ന് പണം കൊടുത്തു. അവൻ നോക്കിയപ്പോൾ,,, ഒരു രൂപ.
“ഇതുകൊണ്ടെങ്ങനെയാ യാത്ര പോവുക?”
“പോകണം; പൂജ്യത്തിന് വിലയില്ലെന്നല്ലെ മാഷ് പറഞ്ഞത്. നിനക്ക് ഒരു പൂജ്യത്തിന് വിലയില്ലാതായപ്പോൾ എനിക്ക് രണ്ട് പൂജ്യത്തിന് വിലയില്ലാതായി”
                      എന്നിട്ടും പിറ്റേന്ന് രാവിലെ സ്ക്കൂളിലേക്ക് പുറപ്പെടാൻ നേരത്ത് അവന് പണം മുഴുവനായി കിട്ടി; അതിനായി അമ്മയുടെ സമ്പാദ്യപ്പെട്ടി തുറക്കേണ്ടിവന്നു, എന്ന് മാത്രം.

                       എല്ലാ വിദ്യാർത്ഥികളും യാത്രക്ക് തയ്യാറായി അതിരാവിലെ എത്തിയിട്ടുണ്ട്, അതുപോലെ അദ്ധ്യാപകരും. നേരത്തെ വന്നവരുടെ കൂട്ടത്തിൽ എല്ലാവരെയും ആശ്ചര്യപ്പെടുത്തിയത് രണ്ട്‌പേരാണ്; ഒരാൾ രാജിരാജ് കലമാൻ തന്നെ. എന്നും വൈകിമാത്രം സ്ക്കൂളിൽ വരുന്ന ടീച്ചർ ഇന്ന് പുലർച്ചെതന്നെ ഹാജരായിട്ടുണ്ട്. രണ്ടാം കക്ഷി പുള്ളിമൂങ്ങ ടീച്ചർ; സ്ക്കൂളിൽ ചേർന്ന ദിവസം, ആദ്യമായി ക്ലാസ്സിൽ പഠിപ്പിക്കാൻ പോയപ്പോൾ ഉണ്ടായ അപകടത്തിനു ശേഷം ടിച്ചർ ഇതുവരെ ഒരു ക്ലാസ്സിലും പോയിട്ടില്ല. എന്നും രാവിലെ സ്ക്കൂളിൽ വരും, ഒപ്പ്‌പട്ടികയിൽ ഒപ്പ് ചാർത്തിയശേഷം ഓഫീസ്‌മുറിയുടെ ഒരു മൂലയിൽ ഇരുന്ന് ഉറങ്ങും. വൈകുന്നേരം മണിയടിച്ച് സ്ക്കൂൾ പൂട്ടാറാകുമ്പോൾ വീട്ടിലേക്ക് പറന്ന്‌പോകും. ‘ടീച്ചർ പഠിപ്പിച്ചില്ലെങ്കിലും കുട്ടികൾക്ക് അപകടം വരാതിരിക്കട്ടെ’ എന്ന ആശ്വാസമാണ് മറ്റുള്ള അദ്ധ്യാപകർക്ക്. അങ്ങനെയുള്ള പകൽ‌വെളിച്ചത്തിൽ ഒന്നും കാണാനാവാത്ത പുള്ളിമൂങ്ങയും പഠനയാത്രക്ക് എല്ലവരെക്കാളും മുന്നിൽ എത്തിച്ചേർന്നിട്ടുണ്ട്.

                      റിനു മുയൽ തന്റെ മുറിഞ്ഞ മൂക്ക് തടവാൻ തുടങ്ങി, അത് അവനിപ്പോൾ അത് പതിവാക്കിയിരിക്കയാണ്. മൂങ്ങമ്മടീച്ചറെ കാണുമ്പോഴെല്ലാം അവൻ മൂക്ക് തടവും, എന്നിട്ട് മനസ്സിൽ പറയും ‘തന്റെ സുന്ദരൻ മൂക്ക് കൊത്തിപ്പൊട്ടിച്ച ദുഷ്ടയായ ടീച്ചർ’

“ബസ് വന്നു,,, ബസ് വന്നൂ,,,”
വിദ്യാർത്ഥികളെല്ലാം ഒന്നിച്ച് കൂവി.
ചുവന്ന നിറമുള്ള ചന്തമുള്ള ബസ്സ് പതുക്കെ പതുക്കെ സ്ക്കൂൾ ഗെയ്റ്റ് കടന്ന് മുന്നിലുള്ള ഗ്രൌണ്ടിൽ നിർത്തി. ‘വനമംഗലം’ കാട്ടിൽ‌നിന്നും പട്ടണത്തിലേക്ക് പോകുന്ന ഒരേയൊരു ബസ്സാണത്,,, ‘കാനന ട്രാവത്സ്’
                       ബസ്സ് നിർത്തിയതോടെ കുട്ടികൾ അതിനുനേരെ ഓടാൻ തുടങ്ങി, ആദ്യം കയറിയവർക്ക് ആദ്യം‌തന്നെ നല്ല ഇരിപ്പിടം ലഭിക്കുമെന്ന മോഹമാണ് എല്ലാവർക്കും. അങ്ങനെ വിദ്യാർത്ഥികൾ ഓടാൻ തുടങ്ങിയപ്പോൾ അവരെ തോല്പിച്ച് അദ്ധ്യാപകരും ഓടി; എങ്കിലും അവർക്കൊന്നും ബസ്സിൽ കയറാനായില്ല.
ബസ്സ് നിറഞ്ഞപ്പോൾ എല്ലാ അദ്ധ്യാപകരും പുറത്ത്,,,
ഒപ്പം ഡ്രൈവറും കണ്ടക്റ്ററും കിളിയും ഉണ്ട്.

                        ഡ്രൈവർ പാണ്ടനാമ തന്റെ സ്വന്തം സീറ്റിൽ കയറിയിരുന്നു. അതറിഞ്ഞ ചിലപ്പൻ കിളി പിൻവാതിൽ തുറന്ന് അകത്ത് കടന്ന് കുട്ടികളെ മുന്നോട്ട് തള്ളിയ നേരത്ത്, കണ്ടക്റ്റർ തടിയൻ പാണ്ട മുൻ‌വാതിലിലൂടെ കടന്ന് അവരെ പിന്നോട്ടും തള്ളി. അങ്ങനെയുണ്ടായ ഒഴിവുകളിലേക്ക് ഓരോ അദ്ധ്യാപകരെയും തിരുകിക്കയറ്റി. 
ഒടുവിൽ വിയർപ്പിൽ കുളിച്ച കിളി പുറത്തിറങ്ങിയപ്പോൾ അവനാകെ പരുങ്ങലിലായി,,,
സ്ക്കൂളിന്റെ ഹെഡ്‌മാസ്റ്ററായ മഞ്ഞക്കൊമ്പനാന മാത്രം പുറത്ത്!
അദ്ദേഹത്തെ അകത്തു കയറ്റുന്നതെങ്ങനെ? 
കയറ്റിയാൽ‌തന്നെ ബസ്സ് പോകുന്നതെങ്ങനെ?
ധൈര്യം വിടാത്ത കിളി ഹെഡ്‌മാഷെ സമീപിച്ചു,
“സർ, ഈ ബസ്സിൽ പരമാവധി കയറാവുന്നവരെ കയറ്റിയിട്ടുണ്ട്. പിന്നെ ബസ്സിന്റെ പിന്നിലെ ഒരു ടയറിലെ കാറ്റ് കുറേശ്ശെ പോകുന്നുണ്ട്. ഇനി ഒരാളെക്കൂടി കയറ്റിയാൽ ബാക്കിയുള്ള അഞ്ച് ടയറിന്റെയും കാറ്റ് പോകും. സാറ് ഇനി അടുത്ത ബസ്സിനോ ഓട്ടോ പിടിച്ചോ വന്നാൽ നന്നായിരിക്കും”

                       ഹെഡ്‌മാസ്റ്റർ ബസ്സിനുചുറ്റും നടക്കാൻ തുടങ്ങിയപ്പോൾ അദ്ധ്യാപകരും വിദ്യാർത്ഥികളും ശ്വാസം‌വിടാതെ അദ്ദേഹത്തെ നോക്കി. അപ്പോഴേക്കും കിളിയുടെ സമീപത്ത്, പ്യൂൺ തുരപ്പൻ പെരിച്ചാഴിയെ കണ്ടപ്പോൾ ഹെഡ്‌മാസ്റ്ററുടെ കണ്ണുകൾ തിളങ്ങി,
“ഡേയ്, തൊരപ്പാ,,, താനിങ്ങോട്ട് ഇറങ്ങിനിൽക്ക്, ആസ്ഥലത്ത് ഞാൻ കയറാം. ഹെഡ്‌മാസ്റ്ററായ ഞാനില്ലാതെ ബസ്സ് പോകുന്നതെങ്ങനെയാ?”
ഇത് കേട്ടപ്പോൾ തൊരപ്പനും കിളിയും ഒന്നിച്ച് ഞെട്ടി. പെരിച്ചാഴി നിന്ന സ്ഥലത്ത് ആനയെ നിർത്തുക!!!
“സർ എന്റെ മോൻ ഈ ബസ്സിലുണ്ട്. മഹാ വികൃതിയാ, ഞാനില്ലെങ്കിൽ അവൻ മറ്റ് കുട്ടികളെ മാന്തും”
                         തുരപ്പന്റെ വാക്കുകൾ കേട്ടപ്പോൾ അവനെ ഡിസ്‌മിസ് ചെയ്യുമെന്ന് പറയാൻ തോന്നിയെങ്കിലും പറഞ്ഞില്ല. തന്റെ സഹപ്രവർത്തകർ ആരെങ്കിലും ഇറങ്ങിയിട്ട് ‘ഹെഡ്മാസ്റ്റർ ബസ്സിലേക്ക് കയറിക്കോ’ എന്ന് പറയുമെന്ന് പ്രതീക്ഷിച്ച്, അല്പനേരം കാത്തിരുന്നിട്ടും ആരും താഴോട്ട് ഇറങ്ങാത്തപ്പോൾ അദ്ദേഹത്തിന് നിരാശതോന്നി. തുടർന്ന് കിളിയെ നോക്കി പറഞ്ഞു,
“എനിക്ക് മറ്റൊരു ദിവസം പോയാൽ മതി, അല്ലെങ്കിൽ‌തന്നെ കടപ്പുറത്തും കാഴ്ചബംഗ്ലാവിലും എന്തോന്ന് കാണാനാണ്?”
അത്രയും കേട്ട കിളി ആശ്വാസം‌കൊണ്ട് നെടുവീർപ്പിട്ടുകൊണ്ട് പിൻ‌വാതിൽ പിടിച്ചുതൂങ്ങി ചൂളം വിളിച്ചു. അത്‌കേട്ടപ്പോൾ ഡ്രൈവർ പാണ്ടനാമ ബസ്സ് സ്റ്റാർട്ട് ചെയ്യാൻ നേരത്ത് മഞ്ഞക്കൊമ്പനാന ബസ്സിന്റെ മുന്നിലെഴുതിയ വലിയ ബാനർ വായിച്ചു,
“പഠനയാത്ര
മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ
വനമംഗലം”
ബസ്സ് കണ്ണിൽ‌നിന്ന് മറയുന്നതുവരെ അദ്ദേഹം ആ വഴിയെ നോക്കി നിന്നു, പിന്നെ തിരിച്ചുനടന്ന് ഓഫീസ് മുറിയിലെത്തി സ്വന്തം ഇരിപ്പിടത്തിലിരുന്ന് ഉറങ്ങാൻ തുടങ്ങി. ആ ഉറക്കത്തിലും അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു,
“ഡിസ്മിസ്, ഡിസ്മിസ്, എല്ലാറ്റിനെയും ഞാൻ ഡിസ്മിസ് ചെയ്യും”

ഹെഡ്മാസ്റ്ററെ കൂടാതെ മറ്റൊരാളും വിദ്യാർത്ഥികളുടെ യാത്ര നോക്കിനിൽക്കുന്നുണ്ടായിരുന്നു,,,
സീരൻ കുരങ്ങൻ..
അവന് യാത്രക്ക് പോകാനുള്ള പണം കിട്ടിയില്ല,,, പിന്നെങ്ങനെ പോകും???
പലരോടും കടം ചോദിച്ചു,,, ആരും കൊടുത്തില്ല.
അദ്ധ്യാപകർ ആരെങ്കിലും വിളിക്കുമോ എന്ന് പ്രതീക്ഷിച്ചു,,, ആരും വിളിച്ചില്ല.
ഒടുവിൽ,,, ഒടുവിൽ എല്ലാവരെയും കയറ്റിയ ബസ്സ് കണ്ണിൽനിന്ന് മറഞ്ഞപ്പോൾ പൂന്തോട്ടത്തിലെ ചെമ്പകമരത്തിൽ കയറിയിരുന്ന് ഏതാനും നിമിഷം കരഞ്ഞു.
                          അല്പസമയം കഴിഞ്ഞപ്പോൾ സീരൻ ഞെട്ടിയെഴുന്നേറ്റു,,, യുറേക്കാ,,,, അവനൊരു സൂത്രം കണ്ടെത്തി. അതുവരെ ഇരുന്ന ചെമ്പക മരത്തിൽ‌നിന്ന് സീരൻ നേരെ അത്തിമരത്തിലേക്ക് ചാടി. അതിൽ‌നിന്നും അടുത്ത പ്ലാവിലേക്ക്,,, അങ്ങനെ ബസ്സിന്റെ ടയറിന്റെ പാട്‌നോക്കി റോഡരികിലെ മരങ്ങളുടെ മുകളിലൂടെ വളരെ വേഗത്തിൽ സീരൻ കുരങ്ങൻ മുന്നോട്ട് സഞ്ചരിക്കാൻ തുടങ്ങി.
(തുടരും)

Saturday, March 12, 2011

പാഠം10: നമുക്ക് ഇരുട്ടിൽ പഠിക്കാം

“അതാരാ ക്ലാസിലിരുന്ന് ഇടതുകൈ ഉയർത്തുന്നത്?”
വാതിലും ജനാലകളും അടച്ചുപൂട്ടി, കറുത്ത കർട്ടനിടുകയും ചെയ്തപ്പോൾ ഉണ്ടായ സമ്പൂർണ്ണ അന്ധകാരത്തിൽ, ക്ലാസ്സിലിരിക്കുന്ന വിദ്യാർത്ഥികളെ നോക്കി പുള്ളിമൂങ്ങ എന്ന മൂങ്ങമ്മടീച്ചർ ചോദിച്ചു. 

                      കൈ ഉയർത്തിയത് ലാഡൻ പന്നിയാണെങ്കിലും ഞെട്ടിയത് ലാലുക്കുറുക്കനാണ്. ആ ഇരുട്ടിൽ അവിശ്വസനീയമായ ഒരു കാഴ്ച അവൻ കണ്ടു; ടീച്ചറുടെ ശരീരം വളക്കാതെ കഴുത്ത് മാത്രം വട്ടത്തിൽ കറങ്ങി തല തിരിച്ച് ക്ലാസ്സിലിരിക്കുന്ന വിദ്യാർത്ഥികളെ ഉറ്റുനോക്കുന്നു. അനേകം തലമുറകളായി രാത്രീഞ്ചരന്മാരായതിനാൽ ഏത് കൂരിരുട്ടിലും അല്പം കാണാനുള്ള കഴിവ് ലാലുവിനും കുടുംബത്തിനും ഉണ്ട്. പക്ഷെ ഇരുട്ടത്തുള്ള ഈ സംഭവങ്ങൾ തന്റെ കൂട്ടുകാർ എങ്ങനെ അറിയും? പ്രത്യേകിച്ചും പക്ഷികൾ,,, പാവങ്ങൾക്ക് ഇനി എന്തെല്ലാം അപകടങ്ങളായിരിക്കും സംഭവിക്കുന്നത്? ടീച്ചർ ബോർഡിലെഴുതുമ്പോൾ പിന്നിൽ നിന്ന് കുസൃതി കാട്ടുന്നവരെ കണ്ടെത്താനുള്ള കഴിവ് ടീച്ചർക്കുണ്ടെന്ന് അവരെങ്ങനെ കണ്ടറിയും?

ടീച്ചർ പുസ്തകവും ചോക്കും മേശപ്പുറത്ത് വെച്ച് കുട്ടികളെ നോക്കി പറയാൻ തുടങ്ങി,
“ഇനി ഓരോരുത്തരായി പരിചയപ്പെടാം, ആദ്യം നീ തന്നെയാവട്ടെ, പേര് പറയു?”
ലാഡൻ പന്നിയുടെ നേരെ മൂങ്ങമ്മ ടീച്ചർ വിരൽ ചൂണ്ടി.
എന്നാൽ അക്കാര്യം ലാഡനെങ്ങനെ അറിയാനാണ്; എല്ലാ വാതിലും അടച്ചിട്ടതിനാൽ കൂരിരുട്ടും നിശബ്ദതയും ഒത്തുചേർന്ന ഭീകരാന്തരീക്ഷം.
ശിഷ്യൻ അനുസരിക്കാത്തപ്പോൾ ദേഷ്യം വന്ന് ടീച്ചറുടെ ശബ്ദം ഉയർന്നു,
“ഉം, എന്താ ഇത്ര വലിയ ധിക്കാരം? നിനക്കെന്താ പേര് പറഞ്ഞുകൂടേ? എഴുന്നേൽക്കെടാ?”
എന്നിട്ടും ലാഡൻ അനങ്ങിയില്ല; ലാഡൻ മാത്രമല്ല, മറ്റുള്ളവരും. വിദ്യാർത്ഥികളിൽ ഓരോരുത്തരും ചിന്തിച്ചതും വിശ്വസിച്ചതും ഒരുപോലെ ആയിരുന്നു, ‘ടീച്ചർ വിരൽ ചൂണ്ടുന്നത് തന്റെ നേരെ ആയിരിക്കില്ല’.

                       ലാലുക്കുറുക്കന് വിഷമമായി; ടീച്ചറുടെ ചോദ്യം ലാഡനോടാണെന്ന് പറയണമെന്നുണ്ട്; പക്ഷെ,,, പറഞ്ഞാലോ?,,, സ്വന്തം കാര്യം അപകടത്തിലാവും എന്നത് ഉറപ്പാണ്. സന്ദർഭം നോക്കി ആലോചിച്ച് പ്രവർത്തിക്കുന്നതാണ് ബുദ്ധി.  
പെട്ടെന്ന് പുള്ളിമൂങ്ങ ടീച്ചർ കഴുത്തിനു ചുറ്റുമുള്ള പുള്ളിത്തൂവലുകൾ കുലുക്കി എല്ലാവരും കേൾക്കെ അലറി,
“എന്താടാ നീ എഴുന്നേൽക്കില്ലെന്നോ?,,, നിന്നെ ഞാൻ,,,”
തുടർന്ന് വടിയെടുത്ത് മേശപ്പുറത്ത് ഒരൊറ്റയടി,,,,
അതോടെ വിദ്യാർത്ഥികളെല്ലാം ഒന്നിച്ച് ഞെട്ടിയെഴുന്നേറ്റു, ഒപ്പം,,, മേശയുടെ ഒരുകാൽ ഒടിഞ്ഞു,,,
“ഹൊ എന്തൊരു മണ്ടന്മാരാണ്? അന്യോന്യം പരിചയപ്പെടാമെന്ന് പറഞ്ഞത് ആകെ അബദ്ധമായി. വിഡ്ഢികൾ,, അല്ല നിങ്ങളെ പറഞ്ഞിട്ടെന്താ കാര്യം? ഇതൊക്കെ മുൻപ് പഠിപ്പിച്ചവരുടെ തകരാറുകളാണ്. സിറ്റ് ഡൌൺ,,, പുസ്തകമെടുക്ക്,,, ഏതാ നിങ്ങളുടെ പാഠം?”
ടീച്ചറുടെ ചോദ്യം കേട്ടപ്പോൾ ലാലുക്കുറുക്കൻ എഴുന്നേറ്റ് ഉത്സാഹത്തോടെ പറഞ്ഞു,
“പാഠം നാല്, ആഹാരരീതികൾ”
“ഹോ, ഒരുത്തനെങ്കിലും മര്യാദക്കാരനാണല്ലൊ, ശരി എന്താ നിന്റെ പേര്?”
“ലാലുക്കുറുക്കൻ”
                       ടീച്ചറുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞതിൽ ലാലുവിന് വളരെ സന്തോഷം തോന്നി. അതേസമയം മറ്റുള്ള വിദ്യാർത്ഥികൾ അത്ഭുതത്തോടെ ഒരു കാര്യം മനസ്സിലാക്കി. ലാലുവിന് വെളിച്ചമില്ലാതെയും ടീച്ചറെ കണ്ണുകൊണ്ട് കാണാം, മറ്റുള്ളവർക്ക് ടീച്ചറെ കാണണമെങ്കിൽ വേളിച്ചം കൂടിയേ തീരു.

പുള്ളിമൂങ്ങ എന്ന മൂങ്ങമ്മടീച്ചർ ബോർഡിലെഴുതി പഠിപ്പിക്കാൻ തുടങ്ങി,
‘ആഹാരം’
“നമുക്കെല്ലാം ആഹാരം വേണം. കുട്ടികളെ നിങ്ങളെല്ലാം പോഷകാഹാരം കഴിക്കണം. മത്സ്യം, മാംസം, മുട്ട എന്നിവ മാത്രമാണ് പോഷകാഹാരങ്ങൾ. അവയെല്ലാം വേവിക്കാതെ പച്ചയായി കഴിച്ചാൽ പോഷകഗുണം വർദ്ധിക്കും”
“ടീച്ചറെ,, ക്യാരറ്റ് തിന്നുകൂടെ? അത് പോഷകാഹാരമാണല്ലൊ,,,”
റിനു മുയലിന് സംശയമായി. കാട്ടിലുള്ള അവളുടെ ഗുഹാഭവനത്തിൽ ചാക്കുകൾ നിറച്ച് ക്യാരറ്റുകൾ സൂക്ഷിച്ച് വെച്ചിരിക്കയാണ്. അത് മാത്രമാണ് ഒരേയൊരു പോഷകാഹാരം എന്നാണ് അവന്റെ അമ്മ എപ്പോഴും പറയുന്നത്.
“ങെ,,, അതാരാ എന്നെ എതിർക്കുന്നത്?”
മൂങ്ങമ്മ ടീച്ചർ ദേഷ്യംകൊണ്ട് വിറച്ചപ്പോൾ കണ്ണുകൾ ഉരുണ്ട് വലുതായി.

                         കുട്ടികൾക്കിത്രയും ധിക്കാരമോ? ഇതുവരെ പുള്ളിയെ എതിർത്ത് ഒരാളും സംസാരിച്ചിട്ടില്ല. അച്ഛനോ, അമ്മയോ, വേലക്കരോ, ബന്ധുക്കളൊ, അയൽ‌വാസികളോ, ആരുംതന്നെ മൂങ്ങമ്മ പറയുന്നതിന് എതിര് പറയാറില്ല. ഒരിക്കൽ, ഒരിക്കൽമാത്രം അവരെ എതിർത്ത് സംസാരിച്ച സ്വന്തം കൊച്ചനുജനെ ജീവനോടെ തിന്നുകളഞ്ഞവളാണ് ഈ പുള്ളിമൂങ്ങ എന്ന മൂങ്ങമ്മ.

                         അങ്ങനെയുള്ള പുള്ളിമൂങ്ങയെ വെറുമൊരു വിദ്യാർത്ഥി എതിർക്കാനോ? അവർ പതുക്കെ റിനുവിന്റെ സമീപത്തേക്ക് നിശബ്ദമായി നടന്നു. വരാൻ പോകുന്ന അപകടമൊന്നും അറിയാതെ പുഞ്ചിരിക്കുന്ന റിനുമുയലിനെ കണ്ടപ്പോൾ ലാലുക്കുറുക്കന് വളരെയധികം പ്രയാസം തോന്നി.
പെട്ടെന്ന് ക്ലാസ്‌മുറിയിലെ ആ ഇരുട്ടിൽ‌നിന്നും ഭയന്നുവിറച്ച ഒരു കരച്ചിൽ ഉയർന്നു,
“അയ്യോ,,, എന്റെ മൂക്ക് മുറിഞ്ഞേ,, ഞാൻ ചത്തേ,,,,,”

                        പെട്ടെന്ന് കേട്ട അലർച്ചയിൽ എന്താണ് സംഭവിച്ചതെന്നറിയാതെ ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളും എഴുന്നേറ്റ് ഓടി; ചിലർ പറന്നു. ഇരുട്ടത്തുള്ള ആ ഓട്ടത്തിനിടയിൽ പലരും അന്യോന്യം കൂട്ടിമുട്ടുകയും വീഴുകയും ചെയ്യാൻ തുടങ്ങി. വാതിലും ജനലും കാണാതെ, തുറക്കാനാവാതെ രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയിൽ പരിക്ക്പറ്റിയവർ ധാരാളം. അതിനിടയിൽ മുന്നിൽ കാണുന്നവരെയെല്ലാം മൂങ്ങമ്മ ടീച്ചർ, അടിക്കുകയും കൊത്തുകയും മാന്തുകയും ചെയ്തു; ആകെ ശബ്ദകോലാഹലം. ആളറിയാതെയുള്ള അടിപിടിയിൽ ടീച്ചർക്കും കിട്ടി,, അഞ്ചാറടി; ഒപ്പം ഭംഗിയേറിയ നാല് തൂവലുകൾ നഷ്ടപ്പെടുകയും ചെയ്തു.
“ഠേ,,,,,,,”
വാതിൽ പൊളിഞ്ഞു വീണു, അതോടെ പെട്ടെന്ന് വെളിച്ചം ക്ലാസ്സിലേക്ക് ഇരമ്പിക്കയറി.
ഹെഡ്‌മാസ്റ്റർ മഞ്ഞക്കൊമ്പനാനയടക്കം എല്ലാ അദ്ധ്യാപകരും തുറന്ന വാതിലിനു മുന്നിൽ വന്ന് ക്ലാസ്സിലേക്ക് എത്തിനോക്കി.

                        ക്ലാസ്സിലെ കൂട്ടനിലവിളി കേട്ട്, അവിടെ എന്തോ അനിഷ്ടസംഭവം നടന്നിരിക്കാമെന്ന് ഊഹിച്ച അദ്ധ്യാപകരെല്ലാം ചേർന്ന് ക്ലാസ്സ്‌മുറിയുടെ വാതിൽ തുറക്കാനായി എത്ര പരിശ്രമിച്ചിട്ടും കഴിഞ്ഞില്ല. അത്‌കൊണ്ട് സ്ക്കൂളിലെ ഹെഡ്‌മാസ്റ്റർ തന്നെ നേരിട്ട്‌വന്ന് വാതിൽ ചവിട്ടിപ്പൊളിച്ചതാണ്.
“ഡിസ്മിസ്, ഡിസ്മിസ്, എല്ലാവരെയും ഞാൻ ഡിസ്മിസ് ചെയ്യും”
ഹെഡ്മാസ്റ്റർ ചിന്നംവിളിച്ചുകൊണ്ട് അലറിയത് ആരും ശ്രദ്ധിച്ചില്ല. പൊളിക്കപ്പെട്ട വാതിലിലൂടെ ക്ലാസ്സിലേക്ക് കടന്ന വെളിച്ചത്തിൽ അദ്ധ്യാപകരെല്ലാം അവിടെയുള്ള ഭീകരദൃശ്യങ്ങൾ കണ്ടു,
അവിടെ ക്ലാസ്സ്‌മുറിയിൽ,,,
വിദ്യാർത്ഥികളെല്ലാം ചോരയൊലിപ്പിച്ച്‌കൊണ്ട് കരയുകയാണ്. ക്ലാസ്സിലെ ബഞ്ച്, ഡസ്ക്ക്, മേശ, കസാര, എന്നിവയെല്ലാം പൊട്ടിത്തകർന്നിരിക്കുന്നു. അക്കൂട്ടത്തിൽ രണ്ട്‌കാലും ഒടിഞ്ഞ ഒരു മേശമേൽ കയറിനിൽക്കുന്ന ടീച്ചറുടെ കഴുത്തിൽ മുറുകെ പിടിച്ചിരിക്കയാണ്, വിദ്യാർത്ഥികളിൽ ഒരാളായ,,, സീരൻ‌കുരങ്ങൻ.
(തുടരും) 

Wednesday, March 2, 2011

പാഠം 9. മൂങ്ങയുടെ അരങ്ങേറ്റം

“നമ്മളെ പഠിപ്പിക്കാൻ ഇന്ന് പുതിയ ടീച്ചർ വരും”
നാലാം ക്ലാസ്സിലെത്തിയ അണിമ ചെമ്പരുന്ത് വിളിച്ച് കൂവി.
“നീ കണ്ടോടി ചെമ്പി? വെറുതെ പേടിപ്പിക്കാൻ പറയാണോ?”
ജിനു പൂങ്കോഴിക്കും കാടൻ പൂച്ചക്കും വിശ്വാസം വന്നില്ല.
“ഞാൻ കാണാതെങ്ങനെയാ? ടീച്ചറെന്റെ അയൽ‌വാസിയാണ്; പുള്ളിമൂങ്ങ ടീച്ചർ”
“ങെ,,, മൂങ്ങയോ? അവരെന്ത് പഠിപ്പിക്കനാണ്? ഞങ്ങളാരും ഇതുവരെ അങ്ങനെയൊരു ടീച്ചറെ കണ്ടിട്ടില്ലല്ലൊ,,”
“ഞാനും ശരിക്ക് കണ്ടിട്ടില്ല, നല്ല ഇരുട്ടത്ത് മാത്രമേ അവർ പുറത്തിറങ്ങാറുള്ളു. വലിയ പണക്കാരിയാണ്, പകൽ‌നേരത്ത് സാധാരണ വീട്ടിനു പുറത്തിറങ്ങാറേയില്ല,,,”
“അപ്പോൾ നമ്മൾ ഇനിമുതൽ രാത്രിയിലാണോ സ്ക്കൂളിൽ വരേണ്ടത്?”
ഇതെല്ലാം കേട്ട്‌നിൽക്കുന്ന രാത്രിസഞ്ചാരം ഇഷ്ടപ്പെടുന്ന ചെമ്പുലി സന്തോഷത്തോടെ ചോദിച്ചു.
“അത് ശരിയാണല്ലൊ; ഈ ടീച്ചറെങ്ങനെ പകൽ‌നേരത്ത് പഠിപ്പിക്കും?”

                         നാലാംക്ലാസ്സുകാർ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പത്താം ക്ലാസ്സിൽ പുത്തൻ പരിഷ്‌ക്കാരങ്ങൾ ഏർപ്പെടുത്തുന്ന തിരക്കിലാണ് സ്ക്കൂളിലെ പ്യൂൺ തുരപ്പൻ പെരുച്ചാഴി. പതിവില്ലാതെ പ്യൂൺ പത്താം ക്ലാസിനകത്ത് രാവിലെതന്നെ കയറിവന്നപ്പോൾ റിനു മുയൽ എഴുന്നേറ്റ് ‘നമസ്‌തെ’ പറഞ്ഞു,
“അയ്യോ ഈ മുയൽ ശിപായി വന്നപ്പോൾ നമസ്തെ പറയുന്നേയ്,, കൂയി,,,”
ലാലുക്കുറുക്കൻ കളിയാക്കി കൂവിയപ്പോൾ റിനു നാണിച്ചുപോയി.

                          തുരപ്പൻ അകത്തുകടന്ന ഉടനെ ജനാലയുടെ കൊളുത്തുകൾ നോക്കി, അവയിൽ ഇളകിയതെല്ലാം ശരിയാക്കിയശേഷം തുറന്ന ജനാലകളെല്ലാം നന്നായി അടച്ചു. ക്ലാസ്‌മുറിയിലെ വെള്ളപൂശിയ ചുമരുകളെല്ലാം കറുത്ത കർട്ടന്റെ മറ ഉണ്ടാക്കി. മുകളിൽ നാല് മൂലകളിലും ആണികൾ തറച്ച്, ക്ലാസിന്റെ മേൽക്കൂര കാണാനാവാത്ത വിധം കറുത്ത കർട്ടൻ വലിച്ചു കെട്ടി. ഇപ്പോൾ വാതിലിലൂടെ മാത്രം ഇത്തിരി വെളിച്ചം കടന്നുവരുന്നുണ്ട്.
                         എല്ലാം ഭംഗിയായി പൂർത്തിയാക്കിയിട്ട്, ക്ലാസ് മൊത്തത്തിൽ ഇരുട്ടാക്കിയശേഷം അതുവരെ തന്നെ നോക്കി ചുറ്റും നിന്ന വിദ്യാർത്ഥികളെ നോക്കി ചിരിച്ചുകൊണ്ട് തുരപ്പൻ താഴോട്ട് ചാടി. അവൻ ചാടിയത് നേരി സീരൻ കുരങ്ങനെ വാലിൽ,
“അയ്യോ,, എന്റെ വാല് മുറിഞ്ഞേ,,,”
സീരൻ കൈ ചുരുട്ടിപ്പിടിച്ച് തുരപ്പന്റെ മൂക്കിനൊരിടി കൊടുത്തു. തുരപ്പനും വിട്ടില്ല, അവൻ തിരിച്ചടിച്ചെങ്കിലും അടികൊണ്ടത് മുട്ടനാസിന്റെ മൂക്കിന്റെ തുമ്പിൽ. മുട്ടനാസ് കൊമ്പുകുലുക്കി ആഞ്ഞുകുത്തിയത് വില്ലൻ കോഴിയുടെ മുതുകിൽ,,, അടിയുടെയും ഇടിയുടെയും പൊടിപൂരത്തിനിടയിൽ തുരപ്പൻ പുറത്തേക്ക് ചാടിയോടി ബെല്ലടിച്ചു. അതോടെ തൽക്കാലം ബഹളങ്ങളെല്ലാം അവസാനിച്ചു.

                         ബെല്ലടിക്കുന്നത് കേട്ട് നിശബ്ദരായി ഇരിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നിൽ പത്താം തരം ക്ലാസ് ടീച്ചറായ ‘മിസ്സിസ്സ് രാജി രാജ് കലമാൻ ടിച്ചർ’ വന്നു. എന്നാൽ വാതിലിനു മുന്നിലെത്തിയ ടീച്ചർ അകത്തേക്ക് പ്രവേശിക്കാതെ ദയനീയമായി വിദ്യാർത്ഥികളെ നോക്കി. ഇരുട്ടറയാക്കി മാറ്റപ്പെട്ട ക്ലാസ്സിലിരിക്കുന്ന തന്റെ പ്രീയപ്പെട്ട ശിഷ്യന്മാരെ മങ്ങിയ തുറന്ന വാതിലിലൂടെ മാത്രം പ്രവേശിക്കുന്ന വെളിച്ചത്തിന്റെ സഹായത്താൽ നോക്കിയിട്ട്, തൊണ്ടയിടറിക്കൊണ്ട് ടീച്ചർ പറഞ്ഞു,
“നോക്കൂ നിങ്ങളെ ഇന്നുമുതൽ പുതിയ ടീച്ചറാണ് പഠിപ്പിക്കുന്നത്, പുള്ളിമൂങ്ങ എന്ന മൂങ്ങമ്മ ടീച്ചർ. ഞാനിനി ഒൻപതാം ക്ലാസിലാണ്, നിങ്ങൾ വികൃതിയൊന്നും കാണിക്കാതെ, എല്ലാരും നല്ലകുട്ടികളായി നന്നായി പഠിക്കണം”
ക്ലാസിനകത്ത് പ്രവേശിക്കാതെ കരഞ്ഞുകൊണ്ട് കലമാൻ ടിച്ചർ നടന്നുപോകുന്നത് കണ്ട് പത്താം തരക്കാർക്ക് ഇത്തിരി വിഷമം തോന്നിയെങ്കിലും അടുത്തനിമിഷം അവരെല്ലാം ഞെട്ടി,
‘അപ്പോൾ മൂങ്ങമ്മ ടീച്ചറുടെ അരങ്ങേറ്റം പ്രമാണിച്ചാണ് അവരെ ഇരുട്ടിലാക്കിയത്’!

“നമ്മുടെ സ്ക്കൂളിൽ നാലാം ക്ലാസിലല്ലെ അദ്ധ്യാപകനില്ലാത്തത്? അപ്പോൾ പുതിയ ടീച്ചർ അവരെയല്ലെ പഠിപ്പിക്കേണ്ടത്?” സീരൻ കുരങ്ങന് സംശയമായി.
“അങ്ങനെയൊന്നുമല്ല; അവസാനം വന്നയാൾ പത്തിൽ പഠിപ്പിക്കണം. പിന്നെ ഓരോരുത്തരായി പോയി പുതിയ അദ്ധ്യാപകർ വരുമ്പോൾ ക്ലാസ് ഇറക്കം നൽകും. പത്ത് കഴിഞ്ഞാൽ ഒൻപത്, ഒൻപതിലുള്ള ആൾ എട്ടിൽ, അങ്ങനെ ഒന്നിലെത്തിയാൽ പിന്നെ,,,”
ലാലുക്കുറുക്കൻ പറയുന്നത് കേട്ട് സീരൻ മാത്രമല്ല മറ്റുള്ളവരും ചുറ്റും‌കൂടി. അവർ ആകാംക്ഷയോടെ ചോദിച്ചു,
“പിന്നെ മാസ്റ്റർ‌മാർ എങ്ങോട്ട് പോകും? ഒന്ന് കഴിഞ്ഞാൽ ക്ലാസില്ലല്ലൊ?”
“ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്നവൻ പിന്നെയങ്ങോട്ട് ഹെഡ്‌മാഷ് ആവും”
“അപ്പോൾ നമ്മളെപ്പോലെ ഉയർന്ന ക്ലാസ്സിൽ പഠിച്ചവൻ പിന്നെ താഴോട്ട് ഇറങ്ങി താഴും”
പിങ്കി അണ്ണാൻ ഉച്ചത്തിൽ പറഞ്ഞത് കേട്ട് ലാലു പറയാൻ തുടങ്ങി,
“ഒരു വ്യത്യാസം മാത്രം, നമ്മൾ പഠിച്ചാലും പഠിച്ചില്ലെങ്കിലും ഓരോ കൊല്ലവും ക്ലാസ് ഇറക്കം ഉണ്ടാവും. എന്നാൽ അദ്ധ്യാപകരുടെ കാര്യം അങ്ങനെയല്ല. അവർ ഒരു ക്ലാസിൽ നിന്ന് താഴോട്ട് വരാൻ സ്ക്കൂളിൽ നിന്ന് ഏതെങ്കിലും ടീച്ചറോ മാഷോ പൊറത്തു പോകണം. അല്ലെങ്കിൽ ലീയോൺ സിംഹത്തിന് സംഭവിച്ചതുപോലെ ചാവണം”
ലാലുവിന്റെ അറിവിനു മുന്നിൽ മറ്റുള്ളവർ ആശ്ചര്യപ്പെട്ടു,
“ശ്ശടാ ടീച്ചറ് വരുന്നുണ്ടെന്നാ തോന്നുന്നത്, പുതിയ ടീച്ചർ,,,”
                            പേടിച്ച് വിറച്ച വിദ്യാർത്ഥികളെല്ലാം അവരവരുടെ സ്ഥാനം തപ്പിപിടിച്ച് ഇരുന്നപ്പോൾ ക്ലാസ് നിശബ്ദമായി. റിനു മുയൽ ഇതിനിടയിൽ തന്നെ പുത്തനുടുപ്പിൽ മൂത്രമൊഴിച്ചിരുന്നു.

                           പുതിയ ടീച്ചറായ പുള്ളിമൂങ്ങ, താറാവമ്മ ടീച്ചറുടെ അകമ്പടിയോടെയാണ് പത്താം ക്ലാസിനു മുന്നിലെത്തിയത്. രാവിലെ തന്നെ സ്ക്കൂളിൽ വന്ന പുള്ളിമൂങ്ങ ടീച്ചർക്ക് പത്താം തരം കാണിച്ചുകൊടുക്കാൻ ഹെഡ്‌മാസ്റ്റർ പ്യൂണായ തുരപ്പൻ പെരുച്ചാഴിയോട് പറഞ്ഞിരുന്നതാണ്. എന്നാൽ ടീച്ചറെ കാണേണ്ട താമസം പേടിച്ചുവിറച്ച പെരുച്ചാഴി ‘മൂത്രമൊഴിക്കണം’ എന്ന് പറഞ്ഞ്, സ്ക്കൂളിനു വെളിയിൽ പോയി. അങ്ങനെ മൂത്രമൊഴിക്കാൻ പോയ പെരുച്ചാഴിയെ ഏറെ നേരം കാത്തിരുന്നിട്ടും തിരിച്ചു വരുന്നത് കാണാതെ ടീച്ചർ ഓഫീസിനു മുന്നിൽ വിഷമിച്ചിരിക്കുമ്പോഴാണ് താറാവമ്മ ടീച്ചറെ കണ്ടത്. അവർ സഹായിക്കാൻ തയ്യാറായപ്പോൾ രണ്ട് ടിച്ചർമാരും വിശേഷങ്ങൾ ചോദിച്ചറിഞ്ഞ്, തുരപ്പനെ കുറ്റം പറഞ്ഞ്‌കൊണ്ട്, പത്താം ക്ലാസിനു നേരെ നടന്നു. പകൽ നേരാം‌വണ്ണം കണ്ണുകാണാത്ത മൂങ്ങമ്മ ടിച്ചർ വഴിയിൽ തട്ടിയും തടഞ്ഞും വീഴാതെ താറാവമ്മ കൈപിടിച്ച് നടത്തിച്ചു. പത്താം തരത്തിനു മുന്നിലെത്തിയപ്പോൾ ക്ലാസിനകത്തേക്ക് നോക്കി താറാവമ്മ മൂങ്ങമ്മയോട് പറഞ്ഞു,
“ഇതാണ് പത്താം ക്ലാസ്; ഓ, ടീച്ചറുടെ വരവ് പ്രമാണിച്ച് ക്ലാസിലാകെ ഇരുട്ടാക്കിയിട്ടുണ്ടല്ലൊ, ഈ വാതിലിലൂടെ അകത്ത് കടക്കാം”
“വളരെ നന്ദി, ടീച്ചർ ചെയ്ത ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല. അതുപോലെ ആ പ്യൂൺ തൊരപ്പനെയും,,,”

                      താറാവമ്മക്ക് ഷെയ്ക്ക് ഹാന്റ് കൊടുത്ത് വർദ്ധിച്ച സന്തോഷത്തോടെ മൂങ്ങമ്മ ടീച്ചർ ക്ലാസ്സിനകത്ത് പ്രവേശിച്ചു. പുതിയ ടീച്ചറെ ബഹുമാനിച്ചുകൊണ്ട് കുട്ടികൾ എഴുന്നേറ്റ്, എല്ലാവരും ഒന്നിച്ച് പറഞ്ഞു,
“നമസ്തെ ടീച്ചർ”
“നമസ്തെ, ഇനി എല്ലാവർക്കും ഇരിക്കാം. ഇന്നുമുതൽ നിങ്ങളെ പഠിപ്പിക്കുന്ന ടീച്ചർ ഞാനാണ്,,, പുള്ളിമൂങ്ങ; എന്റെ സ്വദേശം ഈ വനമംഗലം തന്നെയാ,,, താമസിക്കുന്നത് ആലിലക്കൊട്ടാരത്തിൽ,,,”
പുള്ളിമൂങ്ങ എന്ന മൂങ്ങമ്മ ടീച്ചർ വിദ്യാർത്ഥികളെ നോക്കി ചിരിച്ചുകൊണ്ട് സ്വയം പരിചയപ്പെടുത്തിയപ്പോൾ കുട്ടികൾക്കെല്ലാം വളരെ സന്തോഷമായി.
പക്ഷെ,,,

പിന്നീട് ടീച്ചർ ഒരു ഭയങ്കര കൃത്യം ചെയ്തു,,
കുട്ടികളെ നോക്കിക്കൊണ്ട്തന്നെ പിന്നോട്ട് തിരിഞ്ഞ് നടന്ന്, അതുവരെ ക്ലാസിലേക്ക് ഇത്തിരി വെളിച്ചം കടന്നു വന്നിരുന്ന ഒരേയൊരു വാതിൽ അടച്ചുപൂട്ടി. അതോടെ ആ ക്ലാസിൽ അമാവാസി നാളിലെ അർദ്ധരാത്രിയെ പോലും തോല്പിക്കുന്ന പരിപൂർണ്ണ അന്ധകാരം നിറഞ്ഞു.
(തുടരും)