മരം കയറിയ സീരൻ കുരങ്ങൻ ഒരു മരത്തിൽ നിന്ന് മറ്റൊന്നിലേക്ക് എന്ന ക്രമത്തിൽ വാലും കാലുകളും ചേർത്ത് മാറിമാറി ചാടിപ്പിടിച്ച്, റോഡരികിലൂടെ യാത്ര തുടർന്നു. അര മണിക്കൂർ യാത്രക്കൊടുവിൽ കൂട്ടുകാർ കയറിയ ബസ്സിന്റെ ചുവപ്പുനിറം കാണാനായപ്പോൾ അവന് സന്തോഷം സഹിക്കവയ്യാതായി. അതോടെ അവന്റെ മരംചാട്ടവേഗത വർദ്ധിച്ചു.
ബസ്‌ഡ്രൈവർ പാണ്ടനാമ പതിവിന് വിപരീതമായി വളരെ പതുക്കെയാണ് ബസ്സ് ഓടിക്കുന്നത്. അവൻ ഡ്രൈവറായതിനു ശേഷം ഇത്രയധികംപേർ ഒന്നിച്ച് ബസ്സിൽ കയറുന്നത് ആദ്യമായിട്ടായതിനാൽ ഓടിക്കുന്നതിനിടയിൽ ആരെയൊക്കെയോ ശപിക്കുന്നുണ്ട്. ബസ്സിന്റെ സ്പീഡ് കുറഞ്ഞപ്പോൾ ബസ്‌യാത്ര മരക്കൊമ്പിലൂടെ സഞ്ചരിക്കുന്ന സീരൻ കുരങ്ങനോടൊപ്പം ആയെങ്കിലും അവനെയാരും കണ്ടില്ല. ഒടുവിൽ അവർ അവിടെ എത്തിച്ചേർന്നിരിക്കുന്നു,, സുന്ദരമായ ‘നീലിമല’ കടൽതീരത്ത്…
ബസ് നിന്നതോടെ വിദ്യാർത്ഥികളും അദ്ധ്യാപകരും അന്യോന്യം മത്സരിച്ച് ബസ്സിൽനിന്നും ഇറങ്ങിയിട്ട്, നാലുപാടും ഓടാൻ തുടങ്ങി. ‘ആരും ഓടരുത്, എല്ലാവരും ഒന്നിച്ച്‌നിൽക്കണം’ എന്ന് വുൾഫൻ ചെന്നായസാർ വിളിച്ചുകൂവിയെങ്കിലും അതാരും ശ്രദ്ധിച്ചില്ല. മുന്നിൽ വിശാലമായ പൂഴിമണൽ കണ്ടപ്പോൾ കുട്ടികൾക്കുണ്ടായ ആഹ്ലാദം അവർണ്ണനീയമായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ അന്തംവിട്ട് കടലും കടൽത്തീരവും കണ്ണുനിറയെ നോക്കിയിട്ട് അവർ മണലിൽ വീണുരുളാൻ തുടങ്ങി. ചിലർ കടലിലിറങ്ങി കുളിക്കുന്നതോടൊപ്പം വെള്ളത്തിൽ ചവിട്ടാൻ മടിക്കുന്നവരെ വെള്ളത്തിൽ പിടിച്ച് മുക്കുകയും ചെയ്തു.
ബസ്സ് പോയ വഴിനോക്കി സമാന്തരയാത്ര നടത്തിയ സീരൻകുരങ്ങൻ ഇലക്കൂട്ടങ്ങൾക്കിടയിൽ ഒളിച്ചിരുന്നു. പഠനയാത്രക്ക് പണം തരാത്തവൻ എങ്ങനെ കടൽതീരത്ത് എത്തിയെന്ന് അദ്ധ്യാപകർ അന്വേഷണം ആരംഭിക്കും. അന്വേഷണത്തിന്റെ ഒടുവിൽ അച്ഛനെ വിളിച്ചുവരുത്തിയിട്ട്, തന്നെ മാത്രമല്ല, അച്ഛനെയും അദ്ധ്യാപകൻ ചൂരലെടുത്ത് അടിക്കും.
കടൽതീരത്ത് വിദ്യാർത്ഥികളെ ഇറക്കിയത് അബദ്ധമായെന്ന് അദ്ധ്യാപകർക്കെല്ലാം തോന്നിത്തുടങ്ങി. അവർ പറഞ്ഞതനുസരിച്ച് പ്രവർത്തിക്കാത്ത കുട്ടികൾ പറയാത്ത പല കാര്യങ്ങളും ചെയ്യുന്നുണ്ട്. ലാലുക്കുറുക്കൻ ഞണ്ടിന്റെ പിന്നാലെ ഓടുന്ന തിരക്കിലാണ്. താറാവമ്മ ടീച്ചറോടൊപ്പാം ധാരാളം കുട്ടികൾ വെള്ളത്തിലിറങ്ങി മീനിനെ തപ്പുകയാണ്. ചിലർ മരക്കൊമ്പിലും ചിലർ പാറപ്പുറത്തും കയറിയിരുന്ന് ഉച്ചത്തിൽ കൂവുകയും പാട്ട് പാടുകയും ചെയ്യുകയാണ്.
അദ്ധ്യാപകരെ വിദ്യാർത്ഥികളാരും അനുസരിക്കുന്നില്ലെന്ന് മനസ്സിലാക്കിയ വുൾഫൻ ചെന്നായസാർ വിളിച്ചുപറഞ്ഞു,
“നമുക്ക് പോകാൻ സമയമായി, എല്ലാവരും ബസ്സിൽ കയറണം”
അത് കേട്ടനിമിഷം എല്ലാവരുടെയും ഓട്ടം ബസ്സിനുനേരെയായി, ചിലർ ഓടുമ്പോൾ ഏതാനും ചിലർ പറന്നു. ഒടുവിൽ ബസ്സിൽ കയറിയവർക്ക് മനസ്സിലായി, പറന്നുകയറിയവർക്ക് മാത്രം ഇരിപ്പിടം ലഭിച്ചിരിക്കുന്നു. കണ്ടക്റ്റർ ‘തടിയൻ പാണ്ടയും ചിലപ്പൻ കിളിയും’ ചേർന്ന് എല്ലാവരെയും ബസ്സിനകത്തേക്ക് തള്ളിക്കയറ്റി.
“ഡ്രൈവറെ, ഇനി നേരെ ചെമ്പല്ലിക്കാടിലേക്ക്; അവിടെ കാഴ്ചബംഗ്ലാവിനു മുന്നിൽ ബസ് നിർത്തിയാൽ മതി”
ചെന്നായസാർ ഡ്രൈവർ പാണ്ടനാമയോടായി പറഞ്ഞു.
പാണ്ടനാമ പതുക്കെ ഓടിച്ച ബസ്സ് കടൽതീരം വിട്ട്, മലകൾ വിട്ട് ചെമ്പല്ലികാട്ടിലേക്ക് യാത്രയായി. തന്റെ കാഴ്ചയിൽനിന്ന് ബസ് പൂർണ്ണമായും അപ്രത്യക്ഷമായെന്ന് ഉറപ്പ് വരുത്തിയശേഷം, സീരൻ കുരങ്ങൻ അതുവരെ ഒളിച്ചിരുന്ന തെങ്ങിന്റെ മണ്ടയിൽനിന്നും വെളിയിൽ വന്ന് താഴെയിറങ്ങി. ആദ്യം അവൻ കടൽതീരത്തെ വെളുത്ത് മിന്നുന്ന പൂഴിമണലിൽ മതിവരുവോളം കിടന്നുരുണ്ടു, പിന്നീട് പതുക്കെ വെള്ളത്തിലിറങ്ങി. തിരമാലകൾ ഓരോന്നായി വരുന്നതും അവന്റെ കാലുകൾ സ്പർശിച്ച് കടലിലേക്ക് പിൻവാങ്ങുന്നതും അറിഞ്ഞതോടെ സീരന്റെ മനസ്സിൽ സന്തോഷം അലതല്ലി. കടലിൽ അല്പംകൂടി ഇറങ്ങിയശേഷം ഉപ്പുവെള്ളത്തിന്റെ രുചിയറിഞ്ഞ്‌കൊണ്ട് സീരൻ നന്നായൊന്ന് മുങ്ങിക്കുളിച്ചു. പിന്നീട് വെയിലുകൊണ്ട് ദേഹമെല്ലാം ഉണങ്ങിയപ്പോൾ കടൽതീരത്തേക്ക് ചാഞ്ഞ്‌നിന്ന തെങ്ങിൽകയറിയിട്ട് ഇളനീർ പറിച്ച് കുടിച്ചശേഷം അവൻ കൂട്ടുകാരെത്തേടി യാത്രയായി.
അതിനിടയിൽ ബസ്സ് വളരെ ദൂരം മുന്നോട്ട് പോയിരുന്നു. പെട്ടെന്ന് ബസ്സ് നിർത്തിയതോടെ കുട്ടികളെല്ലാം തലവെളിയിലേക്കിട്ടതുകണ്ട് ബോറൻ കരടിമാഷ് സ്വന്തം തലയും കൈയും പുറത്തേക്കിട്ടുകൊണ്ട് പറഞ്ഞു,
“ആരെടാ തല പുറത്തേക്കിടുന്നത്? ഇങ്ങനെ തല വെളിയിലേക്കിടുന്നവർ സ്വന്തംതല കൈയേൽപിടിച്ച് കാട്ടിലേക്ക് പോകേണ്ടി വരും, കേട്ടോ,,,”
എന്നാൽ തല വെളിയിലേക്കിട്ടവർ അത് ഉള്ളിലേക്ക് വലിക്കാതെ ഒന്നിച്ച് വിളിച്ചുകൂവി,
“കാഴ്ചബംഗ്ലാവ്,,, അതാ,,,”
കഴിഞ്ഞതവണ പറ്റിയതുപോലുള്ള കുഴപ്പം ആവർത്തിക്കരുതെന്ന് വിചാരിച്ച് വുൾഫൻചെന്നായ ആദ്യംതന്നെ ബസ്സിൽനിന്ന് പുറത്തിറങ്ങിയിട്ട് കുട്ടികളോടായി പറഞ്ഞു,
“ആരും ബസ്സിൽനിന്ന് പുറത്തേക്കിറങ്ങരുത്, ഞാൻ പോയി ടിക്കറ്റെടുത്ത് വരുന്നതിനു മുൻപ് ആരെങ്കിലും ഇറങ്ങിയാൽ തിരിച്ചുപോകാൻനേരത്ത് അവരെ ഈ ബസ്സിൽ കയറ്റില്ല”
ചെന്നായസാർ കാഴ്ചബംഗ്ലാവിന്റെ ഗെയിറ്റിനു സമീപം പോയി വാച്ചമാനോട് കാര്യങ്ങൾ പറഞ്ഞ് എല്ലാവർക്കും ടിക്കറ്റെടുത്തു. അതിനുശേഷം തിരിച്ചുവന്ന് എല്ലാവരോടുമായി പറഞ്ഞു,
“ഇവിടെ വരിവരിയായി ഒരേ ലൈനിൽ പോയാൽ മാത്രമേ അകത്ത് കയറ്റുകയുള്ളു. ലൈൻ തെറ്റിച്ചവരെ പോലീസുകാർ പിടിച്ച് മുതലക്കുളത്തിൽ എറിയും. സൂക്ഷിച്ച് ഓരോരുത്തരായി വരണം. അങ്ങനെ ലൈൻ തെറ്റാതെ നടക്കാനാവാത്തവർ ബസ്സിൽതന്നെയിരുന്നാൽ മതി”
അങ്ങനെ ഓരോരുത്തരായി ബസ്സിൽനിന്നും ഇറങ്ങി വന്നു. ആർക്കും തിരക്കില്ല, മുതലക്കുളമെന്ന് കേട്ടപ്പോൾതന്നെ എല്ലാവരും ഭയന്നുവിറച്ച് പോയിരുന്നു. ഗെയിറ്റ് കടന്ന് അകത്തുപ്രവേശിച്ച കുട്ടികൾക്ക് വഴികാട്ടിയായി ഒരു കാണ്ടാമൃഗം മുന്നിൽ നടന്നു. കാഴ്ചബംഗ്ലാവിലെത്തുന്ന സന്ദർശ്ശകർക്ക് അവിടെയുള്ള ദൃശ്യങ്ങൾ വിവരിച്ചുകൊടുക്കുന്നത് ഡംബൻ കാണ്ടാമൃഗമാണ്. മൂക്കിനുമുകളിലായി വളർന്ന കൂർത്ത ഒറ്റക്കൊമ്പ് വീശിയിട്ട് കുട്ടികളോട് അവൻ സംസാരിച്ചു,
“ഇവിടം മുഴുവൻ പാമ്പുകളാണ്, കൂട്ടത്തിൽ വിഷമുള്ളവരും വിഷമില്ലാത്തവരും ഉണ്ട്. പിന്നെ ഇക്കൂട്ടർക്കൊന്നും നമ്മെപ്പോലെ കാലുകൾ ഇല്ല”
കാട്ടിൽനിന്നും വരുന്ന വിദ്യാർത്ഥികൾക്ക് പാമ്പുകളെ കണ്ടപ്പോൾ ഒരു പുതുമയും തോന്നിയില്ല. അവർ മറ്റ് പലതും നോക്കാൻ തുടങ്ങി,
“സാർ അപ്പുറത്ത് കുളമാണല്ലൊ”
“അത് വെറും കുളമല്ല; മുതലക്കുളമാണ്. മുതലകളും ചീങ്കണ്ണികളും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കാണുന്നില്ലെ?”
ഡംബൻ കുട്ടികളോടായി പറഞ്ഞു.
ഡംബൻ കുട്ടികളോടായി പറഞ്ഞു.
അതുവരെ കണ്ട കാഴ്ചകളിലൊന്നും അവർക്ക് ഒരു പുതുമയും തോന്നിയില്ല. എല്ലാദിവസവും കാട്ടിൽവെച്ച് കാണാറുള്ള ഈ മുതലയെയും അരണയെയും പാമ്പിനെയും കാണാൻ ഇത്രയും ദൂരം വരണമായിരുന്നോ? അവരെല്ലാം പൂമരങ്ങൾക്ക് ചുവട്ടിലെ പുൽത്തകിടിയിൽ ഇരിക്കാൻ കൊതിച്ചു. അപ്പോഴെക്കും ഒരു വലിയ കെട്ടിടത്തിനു മുന്നിലെത്തി. വനമംഗലം സ്ക്കൂളിനെക്കാൾ വലിയ ഒരു കെട്ടിടം. അതിനു മുന്നിലെത്തിയപ്പോൾ ഡംബൻ എല്ലാവരോടുമായി പറഞ്ഞു,
“ഇനി നിങ്ങൾക്ക് കാണാനുള്ളതെല്ലാം ഈ കെട്ടിടത്തിനുള്ളിലാണ്. ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത ഇരുക്കാലിമൃഗങ്ങളെ നിങ്ങൾക്കിവിടെ കാണാം”
“നമ്മൾ ഇത്രയും ദൂരം വന്നത് അവയെ കാണാനാണ്”
താറാവമ്മ ടീച്ചർ ഉച്ചത്തിൽ പറഞ്ഞു.
ഓരോ വിദ്യാർത്ഥികളായി ആ കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കുമ്പോൾ ബോറൻ കർടി മാസ്റ്റർ കെട്ടിടത്തിനു മുന്നിലെ ബോർഡ് വായിച്ചു,
“മനുഷ്യൻ”
അകത്ത് പ്രവേശിച്ചവർ കണ്ണാടിക്കൂട്ടിനുള്ളിലെ ജീവികളെ നോക്കി അത്ഭുതപ്പെട്ടു. അവർ പുസ്തകങ്ങളിൽ വായിച്ച് മാത്രം അറിഞ്ഞിരുന്ന ഒരു ജീവിയെ മുന്നിൽ കാണുകയാണ്. വ്യത്യസ്ഥമായ ശരീരഘടനയുള്ള നിവർന്ന് രണ്ട്കാലിൽ മാത്രം ഉയർന്ന്നിൽക്കുന്ന ഒരേപോലെയുള്ള അനേകം ജന്തുക്കൾ കണ്ണാടിക്കൂട്ടിനുള്ളിൽ നിരന്ന് കാണപ്പെട്ടു. കൂടുതൽ ശ്രദ്ധിച്ചപ്പോൾ അവർക്ക് ഒരു കാര്യം മനസ്സിലായി; ആ ജന്തുക്കൾക്കൊന്നും ജീവനില്ല. മുകളിൽ എഴുതിയത് കിറ്റിപൂച്ച വായിച്ചു,
“മനുഷ്യൻ,,, വളരെക്കാലം മുൻപ് നമ്മുടെ ഭൂമിയിൽ ജീവിച്ചിരുന്ന ജന്തുക്കൾ”
“ഇവർക്കൊന്നും ജീവനില്ലെ?”
നിമിതത്തക്ക് ഉണ്ടായ ഒരു സംശയംകേട്ട് ഡംബൻ മറുപടി പറഞ്ഞു,
“ഇപ്പോൾ ഇതിനൊന്നും ജീവനില്ല; പണ്ട്കാലത്ത് ജീവിച്ച ഇവയെല്ലാം മരിച്ചവരാണ്, മണ്ണിനടിയിൽ നിന്ന് കിട്ടിയ ശവശരീരങ്ങൾ ഉണക്കി സൂക്ഷിച്ചതാണ്”
“അയ്യോ പാവം, ഇന്ന് അവരെല്ലാം ഉണ്ടായെങ്കിൽ എന്ത് രസമായേനെ?”
നിമിയുടെ വാക്കുകൾ കേട്ട ഡംബൻ അവരെപ്പറ്റി പറയാൻ തുടങ്ങി,
“ഇവർ പാവമോ? കുറച്ചുകാലം കൂടി ഇവരെല്ലാം ജീവിച്ചിരുന്നെങ്കിൽ നമ്മളാരും ഇവിടെ അവശേഷിക്കുല്ലായിരുന്നു. ജീവിച്ചിരുന്ന കാലത്ത് കടലിലും കരയിലും ആകാശത്തും സഞ്ചരിച്ചിരുന്ന ഇക്കൂട്ടർ ആയുധങ്ങൾ നിർമ്മിച്ച് മറ്റുള്ള ജീവികളെയെല്ലാം കൊന്ന് നശിപ്പിച്ചിരുന്നു. ഒടുവിൽ അവരെല്ലാം അന്യോന്യം കൊല്ലാൻ തുടങ്ങിയതോടെ എല്ലാവരും നശിച്ചപ്പോൾ ഈ ഭൂമിയും അവിടെ ജീവിക്കുന്ന നമ്മളും രക്ഷപ്പെട്ടു. ആയുധങ്ങളെടുത്ത ഒരു മനുഷ്യനെ ഒടുവിലത്തെ കണ്ണാടിക്കൂട്ടിൽ കാണാം”
ഒടുവിലത്തെ കണ്ണാടിക്കൂട്ടിലെ മനുഷ്യൻ രണ്ട്കാലിൽ നിൽക്കുകയാണ്. അവന്റെ രണ്ട് കൈകളിലും കുട്ടികൾക്ക് പേരറിയാത്ത എന്തൊക്കെയോ ആയുധങ്ങൾ ഉണ്ട്. തലയിൽ മാത്രം രോമമുള്ള ചുവന്ന കണ്ണുകളുള്ള ആ ഇരുകാലിജന്തു ഒറ്റനോട്ടത്തിൽ അവരെയെല്ലാം ഭയപ്പെടുത്തി. അപ്പോൾ ലാഡൻ പന്നിക്കൊരു സംശയം, ‘ഇത് നമ്മുടെ സീരൻ കുരങ്ങനെപോലെയുണ്ടല്ലൊ,,,”
“പോടാ, വെറുതെ ഓരോന്ന് പറയുന്നത്; ഇവന് വാലില്ലല്ലൊ? നമ്മുടെ സീരന് വാലില്ലെ?”
അത് പറഞ്ഞ സൂത്രൻ കാക്ക പുറത്തേക്കിറങ്ങിയപ്പോൾ മറ്റുവിദ്യാർത്ഥികൾ കാഴ്ചബംഗ്ലാവിലെ ഓരോ കാഴ്ചകളും വീണ്ടും വീണ്ടും നോക്കാൻ തുടങ്ങി. ഒടുവിൽ വെളിയിലിറങ്ങിയ എല്ലാവരും ആശ്വാസംകൊണ്ട് നെടുവീർപ്പിട്ടു, ‘ഇതുപോലുള്ള ജന്തുവിനെ ജീവനോടെ കാണരുതേ’ എന്ന് ഒരോ കുട്ടിയും മനസ്സിൽ പറഞ്ഞു.
“ഇനി എല്ലാവരും ബസ്സിൽ കയറണം”
വുൾഫൻ ചെന്നായയുടെ അറിയിപ്പ് വന്നിട്ടും ബസ്സിൽ കയറാൻ ആർക്കും താല്പര്യം തോന്നിയില്ല. പതുക്കെ നടന്ന് മനസ്സില്ലാമനസ്സോടെ ഓരോ വിദ്യാർത്ഥിയും ബസ്സിൽ കയറി. എല്ലാവരും കയറിയെന്ന് ഉറപ്പായപ്പോൾ ‘കാനനാ ട്രാവത്സ്’ കുട്ടികളെയും കൊണ്ട് വനമംഗലത്തേക്ക് യാത്രയായി. കൂട്ടുകാർ കാഴ്ചബംഗ്ലാവിൽ പോകുന്നതും വരുന്നതും കണ്ടുകൊണ്ട് ഇലഞ്ഞിമരത്തിന്റെ ഇലപ്പടർപ്പുകൾക്കിടയിൽ ഒളിച്ചിരുന്ന സീരൻ കുരങ്ങനും ബസ്സ് പോയവഴിയെ സഞ്ചരിക്കാൻ തുടങ്ങി.
മനുഷ്യരെ കാണരുതേ! മൃഗങ്ങളും സസ്യങ്ങളും ഒക്കെ ഇങ്ങനെ വിചാരിയ്ക്കുന്നുണ്ടാവും അല്ലേ?
ReplyDelete