Wednesday, March 2, 2011

പാഠം 9. മൂങ്ങയുടെ അരങ്ങേറ്റം

“നമ്മളെ പഠിപ്പിക്കാൻ ഇന്ന് പുതിയ ടീച്ചർ വരും”
നാലാം ക്ലാസ്സിലെത്തിയ അണിമ ചെമ്പരുന്ത് വിളിച്ച് കൂവി.
“നീ കണ്ടോടി ചെമ്പി? വെറുതെ പേടിപ്പിക്കാൻ പറയാണോ?”
ജിനു പൂങ്കോഴിക്കും കാടൻ പൂച്ചക്കും വിശ്വാസം വന്നില്ല.
“ഞാൻ കാണാതെങ്ങനെയാ? ടീച്ചറെന്റെ അയൽ‌വാസിയാണ്; പുള്ളിമൂങ്ങ ടീച്ചർ”
“ങെ,,, മൂങ്ങയോ? അവരെന്ത് പഠിപ്പിക്കനാണ്? ഞങ്ങളാരും ഇതുവരെ അങ്ങനെയൊരു ടീച്ചറെ കണ്ടിട്ടില്ലല്ലൊ,,”
“ഞാനും ശരിക്ക് കണ്ടിട്ടില്ല, നല്ല ഇരുട്ടത്ത് മാത്രമേ അവർ പുറത്തിറങ്ങാറുള്ളു. വലിയ പണക്കാരിയാണ്, പകൽ‌നേരത്ത് സാധാരണ വീട്ടിനു പുറത്തിറങ്ങാറേയില്ല,,,”
“അപ്പോൾ നമ്മൾ ഇനിമുതൽ രാത്രിയിലാണോ സ്ക്കൂളിൽ വരേണ്ടത്?”
ഇതെല്ലാം കേട്ട്‌നിൽക്കുന്ന രാത്രിസഞ്ചാരം ഇഷ്ടപ്പെടുന്ന ചെമ്പുലി സന്തോഷത്തോടെ ചോദിച്ചു.
“അത് ശരിയാണല്ലൊ; ഈ ടീച്ചറെങ്ങനെ പകൽ‌നേരത്ത് പഠിപ്പിക്കും?”

                         നാലാംക്ലാസ്സുകാർ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പത്താം ക്ലാസ്സിൽ പുത്തൻ പരിഷ്‌ക്കാരങ്ങൾ ഏർപ്പെടുത്തുന്ന തിരക്കിലാണ് സ്ക്കൂളിലെ പ്യൂൺ തുരപ്പൻ പെരുച്ചാഴി. പതിവില്ലാതെ പ്യൂൺ പത്താം ക്ലാസിനകത്ത് രാവിലെതന്നെ കയറിവന്നപ്പോൾ റിനു മുയൽ എഴുന്നേറ്റ് ‘നമസ്‌തെ’ പറഞ്ഞു,
“അയ്യോ ഈ മുയൽ ശിപായി വന്നപ്പോൾ നമസ്തെ പറയുന്നേയ്,, കൂയി,,,”
ലാലുക്കുറുക്കൻ കളിയാക്കി കൂവിയപ്പോൾ റിനു നാണിച്ചുപോയി.

                          തുരപ്പൻ അകത്തുകടന്ന ഉടനെ ജനാലയുടെ കൊളുത്തുകൾ നോക്കി, അവയിൽ ഇളകിയതെല്ലാം ശരിയാക്കിയശേഷം തുറന്ന ജനാലകളെല്ലാം നന്നായി അടച്ചു. ക്ലാസ്‌മുറിയിലെ വെള്ളപൂശിയ ചുമരുകളെല്ലാം കറുത്ത കർട്ടന്റെ മറ ഉണ്ടാക്കി. മുകളിൽ നാല് മൂലകളിലും ആണികൾ തറച്ച്, ക്ലാസിന്റെ മേൽക്കൂര കാണാനാവാത്ത വിധം കറുത്ത കർട്ടൻ വലിച്ചു കെട്ടി. ഇപ്പോൾ വാതിലിലൂടെ മാത്രം ഇത്തിരി വെളിച്ചം കടന്നുവരുന്നുണ്ട്.
                         എല്ലാം ഭംഗിയായി പൂർത്തിയാക്കിയിട്ട്, ക്ലാസ് മൊത്തത്തിൽ ഇരുട്ടാക്കിയശേഷം അതുവരെ തന്നെ നോക്കി ചുറ്റും നിന്ന വിദ്യാർത്ഥികളെ നോക്കി ചിരിച്ചുകൊണ്ട് തുരപ്പൻ താഴോട്ട് ചാടി. അവൻ ചാടിയത് നേരി സീരൻ കുരങ്ങനെ വാലിൽ,
“അയ്യോ,, എന്റെ വാല് മുറിഞ്ഞേ,,,”
സീരൻ കൈ ചുരുട്ടിപ്പിടിച്ച് തുരപ്പന്റെ മൂക്കിനൊരിടി കൊടുത്തു. തുരപ്പനും വിട്ടില്ല, അവൻ തിരിച്ചടിച്ചെങ്കിലും അടികൊണ്ടത് മുട്ടനാസിന്റെ മൂക്കിന്റെ തുമ്പിൽ. മുട്ടനാസ് കൊമ്പുകുലുക്കി ആഞ്ഞുകുത്തിയത് വില്ലൻ കോഴിയുടെ മുതുകിൽ,,, അടിയുടെയും ഇടിയുടെയും പൊടിപൂരത്തിനിടയിൽ തുരപ്പൻ പുറത്തേക്ക് ചാടിയോടി ബെല്ലടിച്ചു. അതോടെ തൽക്കാലം ബഹളങ്ങളെല്ലാം അവസാനിച്ചു.

                         ബെല്ലടിക്കുന്നത് കേട്ട് നിശബ്ദരായി ഇരിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നിൽ പത്താം തരം ക്ലാസ് ടീച്ചറായ ‘മിസ്സിസ്സ് രാജി രാജ് കലമാൻ ടിച്ചർ’ വന്നു. എന്നാൽ വാതിലിനു മുന്നിലെത്തിയ ടീച്ചർ അകത്തേക്ക് പ്രവേശിക്കാതെ ദയനീയമായി വിദ്യാർത്ഥികളെ നോക്കി. ഇരുട്ടറയാക്കി മാറ്റപ്പെട്ട ക്ലാസ്സിലിരിക്കുന്ന തന്റെ പ്രീയപ്പെട്ട ശിഷ്യന്മാരെ മങ്ങിയ തുറന്ന വാതിലിലൂടെ മാത്രം പ്രവേശിക്കുന്ന വെളിച്ചത്തിന്റെ സഹായത്താൽ നോക്കിയിട്ട്, തൊണ്ടയിടറിക്കൊണ്ട് ടീച്ചർ പറഞ്ഞു,
“നോക്കൂ നിങ്ങളെ ഇന്നുമുതൽ പുതിയ ടീച്ചറാണ് പഠിപ്പിക്കുന്നത്, പുള്ളിമൂങ്ങ എന്ന മൂങ്ങമ്മ ടീച്ചർ. ഞാനിനി ഒൻപതാം ക്ലാസിലാണ്, നിങ്ങൾ വികൃതിയൊന്നും കാണിക്കാതെ, എല്ലാരും നല്ലകുട്ടികളായി നന്നായി പഠിക്കണം”
ക്ലാസിനകത്ത് പ്രവേശിക്കാതെ കരഞ്ഞുകൊണ്ട് കലമാൻ ടിച്ചർ നടന്നുപോകുന്നത് കണ്ട് പത്താം തരക്കാർക്ക് ഇത്തിരി വിഷമം തോന്നിയെങ്കിലും അടുത്തനിമിഷം അവരെല്ലാം ഞെട്ടി,
‘അപ്പോൾ മൂങ്ങമ്മ ടീച്ചറുടെ അരങ്ങേറ്റം പ്രമാണിച്ചാണ് അവരെ ഇരുട്ടിലാക്കിയത്’!

“നമ്മുടെ സ്ക്കൂളിൽ നാലാം ക്ലാസിലല്ലെ അദ്ധ്യാപകനില്ലാത്തത്? അപ്പോൾ പുതിയ ടീച്ചർ അവരെയല്ലെ പഠിപ്പിക്കേണ്ടത്?” സീരൻ കുരങ്ങന് സംശയമായി.
“അങ്ങനെയൊന്നുമല്ല; അവസാനം വന്നയാൾ പത്തിൽ പഠിപ്പിക്കണം. പിന്നെ ഓരോരുത്തരായി പോയി പുതിയ അദ്ധ്യാപകർ വരുമ്പോൾ ക്ലാസ് ഇറക്കം നൽകും. പത്ത് കഴിഞ്ഞാൽ ഒൻപത്, ഒൻപതിലുള്ള ആൾ എട്ടിൽ, അങ്ങനെ ഒന്നിലെത്തിയാൽ പിന്നെ,,,”
ലാലുക്കുറുക്കൻ പറയുന്നത് കേട്ട് സീരൻ മാത്രമല്ല മറ്റുള്ളവരും ചുറ്റും‌കൂടി. അവർ ആകാംക്ഷയോടെ ചോദിച്ചു,
“പിന്നെ മാസ്റ്റർ‌മാർ എങ്ങോട്ട് പോകും? ഒന്ന് കഴിഞ്ഞാൽ ക്ലാസില്ലല്ലൊ?”
“ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്നവൻ പിന്നെയങ്ങോട്ട് ഹെഡ്‌മാഷ് ആവും”
“അപ്പോൾ നമ്മളെപ്പോലെ ഉയർന്ന ക്ലാസ്സിൽ പഠിച്ചവൻ പിന്നെ താഴോട്ട് ഇറങ്ങി താഴും”
പിങ്കി അണ്ണാൻ ഉച്ചത്തിൽ പറഞ്ഞത് കേട്ട് ലാലു പറയാൻ തുടങ്ങി,
“ഒരു വ്യത്യാസം മാത്രം, നമ്മൾ പഠിച്ചാലും പഠിച്ചില്ലെങ്കിലും ഓരോ കൊല്ലവും ക്ലാസ് ഇറക്കം ഉണ്ടാവും. എന്നാൽ അദ്ധ്യാപകരുടെ കാര്യം അങ്ങനെയല്ല. അവർ ഒരു ക്ലാസിൽ നിന്ന് താഴോട്ട് വരാൻ സ്ക്കൂളിൽ നിന്ന് ഏതെങ്കിലും ടീച്ചറോ മാഷോ പൊറത്തു പോകണം. അല്ലെങ്കിൽ ലീയോൺ സിംഹത്തിന് സംഭവിച്ചതുപോലെ ചാവണം”
ലാലുവിന്റെ അറിവിനു മുന്നിൽ മറ്റുള്ളവർ ആശ്ചര്യപ്പെട്ടു,
“ശ്ശടാ ടീച്ചറ് വരുന്നുണ്ടെന്നാ തോന്നുന്നത്, പുതിയ ടീച്ചർ,,,”
                            പേടിച്ച് വിറച്ച വിദ്യാർത്ഥികളെല്ലാം അവരവരുടെ സ്ഥാനം തപ്പിപിടിച്ച് ഇരുന്നപ്പോൾ ക്ലാസ് നിശബ്ദമായി. റിനു മുയൽ ഇതിനിടയിൽ തന്നെ പുത്തനുടുപ്പിൽ മൂത്രമൊഴിച്ചിരുന്നു.

                           പുതിയ ടീച്ചറായ പുള്ളിമൂങ്ങ, താറാവമ്മ ടീച്ചറുടെ അകമ്പടിയോടെയാണ് പത്താം ക്ലാസിനു മുന്നിലെത്തിയത്. രാവിലെ തന്നെ സ്ക്കൂളിൽ വന്ന പുള്ളിമൂങ്ങ ടീച്ചർക്ക് പത്താം തരം കാണിച്ചുകൊടുക്കാൻ ഹെഡ്‌മാസ്റ്റർ പ്യൂണായ തുരപ്പൻ പെരുച്ചാഴിയോട് പറഞ്ഞിരുന്നതാണ്. എന്നാൽ ടീച്ചറെ കാണേണ്ട താമസം പേടിച്ചുവിറച്ച പെരുച്ചാഴി ‘മൂത്രമൊഴിക്കണം’ എന്ന് പറഞ്ഞ്, സ്ക്കൂളിനു വെളിയിൽ പോയി. അങ്ങനെ മൂത്രമൊഴിക്കാൻ പോയ പെരുച്ചാഴിയെ ഏറെ നേരം കാത്തിരുന്നിട്ടും തിരിച്ചു വരുന്നത് കാണാതെ ടീച്ചർ ഓഫീസിനു മുന്നിൽ വിഷമിച്ചിരിക്കുമ്പോഴാണ് താറാവമ്മ ടീച്ചറെ കണ്ടത്. അവർ സഹായിക്കാൻ തയ്യാറായപ്പോൾ രണ്ട് ടിച്ചർമാരും വിശേഷങ്ങൾ ചോദിച്ചറിഞ്ഞ്, തുരപ്പനെ കുറ്റം പറഞ്ഞ്‌കൊണ്ട്, പത്താം ക്ലാസിനു നേരെ നടന്നു. പകൽ നേരാം‌വണ്ണം കണ്ണുകാണാത്ത മൂങ്ങമ്മ ടിച്ചർ വഴിയിൽ തട്ടിയും തടഞ്ഞും വീഴാതെ താറാവമ്മ കൈപിടിച്ച് നടത്തിച്ചു. പത്താം തരത്തിനു മുന്നിലെത്തിയപ്പോൾ ക്ലാസിനകത്തേക്ക് നോക്കി താറാവമ്മ മൂങ്ങമ്മയോട് പറഞ്ഞു,
“ഇതാണ് പത്താം ക്ലാസ്; ഓ, ടീച്ചറുടെ വരവ് പ്രമാണിച്ച് ക്ലാസിലാകെ ഇരുട്ടാക്കിയിട്ടുണ്ടല്ലൊ, ഈ വാതിലിലൂടെ അകത്ത് കടക്കാം”
“വളരെ നന്ദി, ടീച്ചർ ചെയ്ത ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല. അതുപോലെ ആ പ്യൂൺ തൊരപ്പനെയും,,,”

                      താറാവമ്മക്ക് ഷെയ്ക്ക് ഹാന്റ് കൊടുത്ത് വർദ്ധിച്ച സന്തോഷത്തോടെ മൂങ്ങമ്മ ടീച്ചർ ക്ലാസ്സിനകത്ത് പ്രവേശിച്ചു. പുതിയ ടീച്ചറെ ബഹുമാനിച്ചുകൊണ്ട് കുട്ടികൾ എഴുന്നേറ്റ്, എല്ലാവരും ഒന്നിച്ച് പറഞ്ഞു,
“നമസ്തെ ടീച്ചർ”
“നമസ്തെ, ഇനി എല്ലാവർക്കും ഇരിക്കാം. ഇന്നുമുതൽ നിങ്ങളെ പഠിപ്പിക്കുന്ന ടീച്ചർ ഞാനാണ്,,, പുള്ളിമൂങ്ങ; എന്റെ സ്വദേശം ഈ വനമംഗലം തന്നെയാ,,, താമസിക്കുന്നത് ആലിലക്കൊട്ടാരത്തിൽ,,,”
പുള്ളിമൂങ്ങ എന്ന മൂങ്ങമ്മ ടീച്ചർ വിദ്യാർത്ഥികളെ നോക്കി ചിരിച്ചുകൊണ്ട് സ്വയം പരിചയപ്പെടുത്തിയപ്പോൾ കുട്ടികൾക്കെല്ലാം വളരെ സന്തോഷമായി.
പക്ഷെ,,,

പിന്നീട് ടീച്ചർ ഒരു ഭയങ്കര കൃത്യം ചെയ്തു,,
കുട്ടികളെ നോക്കിക്കൊണ്ട്തന്നെ പിന്നോട്ട് തിരിഞ്ഞ് നടന്ന്, അതുവരെ ക്ലാസിലേക്ക് ഇത്തിരി വെളിച്ചം കടന്നു വന്നിരുന്ന ഒരേയൊരു വാതിൽ അടച്ചുപൂട്ടി. അതോടെ ആ ക്ലാസിൽ അമാവാസി നാളിലെ അർദ്ധരാത്രിയെ പോലും തോല്പിക്കുന്ന പരിപൂർണ്ണ അന്ധകാരം നിറഞ്ഞു.
(തുടരും)

1 comment:

  1. പല ടീച്ചർമാരും ചെയ്യാറുണ്ട് ഇങ്ങനെ. അപ്പോ മൂങ്ങ ടീച്ചർ പഠിപ്പിയ്ക്കട്ടെ.

    ReplyDelete