ആ ദിവസം രാവിലെ മുതൽ വിദ്യാലയ അന്തരീക്ഷം പൊതുവെ ശാന്തമായിരുന്നു. പഠിപ്പിക്കുന്നവർ നന്നായി പഠിപ്പിക്കുമ്പോൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ പഠിക്കുന്നു. എന്നാൽ ഉച്ചയാവാറായപ്പോൾ ഒരു അനിഷ്ടസംഭവം ഉണ്ടായി. മൂന്നാം തരത്തിലെ ലൂസി ആടിന്റെയും നാലാം തരത്തിലെ ആമിന ആടിന്റെയും അനുജന്മാർ ഒന്നാം തരത്തിൽ പഠിക്കുന്നുണ്ട്. അനുജന്മാർ രണ്ടാളും ഒരുപോലെ; മാത്രമല്ല, രണ്ടാൾക്കും ഒരേ പേര്,,, കുട്ടൻ. ഇന്റർവെൽ മണിയടികേട്ട് വെളിയിലിറങ്ങിയ രണ്ട് കുട്ടന്മാരും ഒന്നിച്ച് ഓടിക്കളിക്കുന്നത് കണ്ടതാണ്; എന്നാൽ ക്ലാസ്സിലേക്ക് തിരിച്ചു വന്നത് ഒരു കുട്ടൻ മാത്രം.
ഒരു കുട്ടനെ അവിടെ നിർത്തി രണ്ടാം കുട്ടനെ കണ്ടെത്താൻ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒത്ത് ചേർന്ന് കാട്ടിലേക്കിറങ്ങി. രണ്ട് മണിക്കൂർ നേരത്തെ തിരച്ചിലിന്റെ ഒടുവിൽ അവർ വെറുംകൈയുമായി തിരിച്ചു വന്നു. ഒരു കുട്ടൻ മാത്രം ബാക്കിയായിരിക്കെ അടുത്ത പ്രശ്നം അരങ്ങേറി. ലൂസി ആടും ആമിന ആടും ഒന്നിച്ച് ഒരേ സ്വരത്തിൽ പറയുന്നു,,, ‘ജീവനോടെ സ്ക്കൂളിൽ ഇരിക്കുന്ന കുട്ടൻ തന്റെ അനുജനാണെന്ന്’. വിട്ടുമാറാത്ത തർക്കത്തിനൊടുവിൽ കരടിമാഷ് പ്രശ്നം പരിഹരിച്ചു,
രണ്ട്‌പേരും തന്റേതാണെന്ന് പറഞ്ഞ് തർക്കത്തിനിടയാക്കിയ കൊച്ചു കുട്ടനെ നേരെ രണ്ടായി മുറിച്ച് ഓരോ പീസ് അവർക്ക് നൽകി; അതോടെ പ്രശ്നം പരിഹരിച്ചു.
പ്രശ്നം പരിഹരിച്ച് ക്ലാസ്സിലേക്ക് പോകാൻ നേരത്താണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഒരു വെളുത്ത കാർ സ്ക്കൂളിനു മുന്നിൽ വന്ന് നിർത്തിയത്. നിർത്തിയ കാറിലെ ഡ്രൈവർ വെളിയിലിറങ്ങിയിട്ട് പിന്നിലെ ഡോർ തുറന്നപ്പോൾ അതിൽനിന്നും ഇറങ്ങി വരുന്ന ആളെ കണ്ടപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി;
…അത് ഓഫീസർ കോലൻ ചുണ്ടെലി ആയിരുന്നു,
പെട്ടെന്ന് അദ്ധ്യാപകരെല്ലാം വിദ്യാർത്ഥികളെ ഓടിച്ചുകൊണ്ട് അവരവരുടെ ക്ലാസ്സിലേക്ക് ഓടിപ്പോയിട്ട് പഠിപ്പിക്കാൻ തുടങ്ങി. എന്നാൽ ഇതൊന്നും കാണാത്ത, അറിയാത്ത, മട്ടിൽ ചുണ്ടെലി നേരെ ഓഫീസ്‌റൂമിലേക്ക് കടന്നു.
അവിടെ ഹെഡ്‌മാസ്റ്റർ മഞ്ഞക്കൊമ്പനാന ഉറക്കം തന്നെ; ഓഫീസർ കോലൻ ചുണ്ടെലി വന്നതും ഓഫീസിനകത്ത് കടന്ന് തന്റെ മുന്നിൽ ഇരുന്നതും അദ്ദേഹം അറിഞ്ഞതേയില്ല. അപ്പോൾ ഹെഡ്‌മാസ്റ്ററുടെ അകമ്പടിക്കാരായ കുറുക്കന്മാർ ചീവീടുകളെ വിളിച്ചു,,,,,
അദ്ദേഹത്തെ ഉണർത്താൻ,,,
അകത്തെ മുറിയിൽ നിന്നും പറന്നുവന്ന രണ്ട് ചീവീടുകളും ആനയുടെ ഇരു ചെവികളിലും കയറിയിരുന്ന് സംഗീതപ്പെരുമഴ ആരംഭിച്ചു.
“ഹോ, ഭയങ്കരം തന്നെ,,,”
അസഹനീയമായ ശബ്ദം കേട്ട കോലൻ ചുണ്ടെലി രണ്ട് ചെവിയിലും വിരൽ തിരുകി. പാട്ട് നിർത്തിയിട്ട് ചീവീടുകൾ അകത്തെ മുറിയിലെ ഇരുട്ടിലേക്ക് പോയൊളിച്ചതും ഹെഡ്‌മാസ്റ്റർ ഉണർന്നതും ഒന്നിച്ചായിരുന്നു. അദ്ദേഹം മുന്നിലിരിക്കുന്നവനെ നോക്കിയിട്ട് അലറി,
“ആരെടാ അനുവാദമില്ലാതെ കസാരയിലിരിക്കുന്നത്? ഹും,,, തന്നെ ഞാൻ ഡിസ്‌മിസ് ചെയ്തിരിക്കുന്നു”
കോലൻ ചുണ്ടെലി ഞെട്ടിപ്പോയി,
ഓഫീസർ ആയതിനുശേഷം അദ്ദേഹത്തിന്റെ മുഖത്തുനോക്കി ഒരാൾ ഇങ്ങനെ പറയുന്നത് ആദ്യമായാണ്. ഓഫീസർ സ്ഥാനത്ത് ചുണ്ടെലി ഇരിക്കുന്നത് അദ്ധ്യാപകർക്കൊന്നും ഇഷ്ടമല്ല, എന്ന് കോലന് നന്നായി അറിയാം. ‘ഓഫീസറാവണമെങ്കിൽ ചുണ്ടെലിയായി ജനിക്കണമെന്ന്’ കേൾക്കാതെ ചിലർ പറയാറുണ്ടെങ്കിലും തന്റെ കീഴെ ജോലി ചെയ്യുന്ന ഒരു ഹെഡ്‌മാസ്റ്റർ ഇങ്ങനെ പറയാമോ?
അവസരം വന്നാൽ ഇതിനെല്ലാം പകരം ചോദിക്കാം;
കോലൻ കസാരയിൽ അമർന്നിരുന്ന് ഹെഡ്‌മാസ്റ്ററെ നോക്കി ഇടിവെട്ടുന്ന ശബ്ദത്തിൽ ചോദിച്ചു,
“ഞാൻ വന്നതെന്തിനാണെന്ന് അറിയുമോ?”
അതുകേട്ട് ഹെഡ്‌മാസ്റ്റർ മഞ്ഞക്കൊമ്പനാന ഒന്ന് ഞെട്ടി. ശരിരമാകെ വിയർത്ത് കുളിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു,
“സർ ഞാനൊരു പാവമാണ്, ഉറക്കം ഞെട്ടിയാൽ മുന്നിലുള്ളവരെ ശകാരിക്കുന്നതും ഡിസ്‌മിസ് ചെയ്യുന്നതും എന്റെ ഒരു പതിവായിപോയി. ആരാ അവിടെ ഉള്ളത്?,, ഒരു ചായ വാങ്ങിയിട്ട് സാറിന് കൊടുത്താട്ടെ”
“ഞാനിവിടെ വന്നത് വെറും ചായ കുടിക്കാൻ മാത്രമല്ല, കാര്യമായ എന്തെങ്കിലും തരണം. എനിക്ക് മാക്രി മെമ്മോറിയൽ സ്ക്കൂളിനെകുറിച്ച് ധാരാളം ആരോപണങ്ങൾ ലഭിച്ചിട്ടുണ്ട്. ഹെഡ്‌മാഷെ കാണാനില്ലെന്നും പിന്നെ മണ്ണിനടിയിൽ നിന്ന് പൊങ്ങിവന്നെന്നും ആളുകൾ പറയുന്നുണ്ട്. കൊമ്പനാനയായ താൻ മണ്ണിനടിയിലാവുന്ന സൂത്രം അറിയാനും കൂടിയാണ് ഞാനിവിടെ വന്നത്. എന്നെപ്പോലുള്ള ചുണ്ടെലികളൊക്കെ കുടുംബസമേതം മണ്ണിനടിയിൽ പാർക്കുന്നവരല്ലെ; അതിനിടയിൽ തന്നെപ്പോലുള്ള ആനകളൊക്കെ മണ്ണിനടിയിൽ സഞ്ചരിക്കാൻ തുടങ്ങിയാൽ നമ്മളെന്ത് എന്ത് ചെയ്യും? കാര്യങ്ങൾ നേരിട്ടറിഞ്ഞതിന് ശേഷം ആവശ്യമുള്ള ശിക്ഷാനടപടികൾ ഉണ്ടാവും”
“സർ അതൊരബദ്ധം പറ്റിപോയതാണ്”
“അബദ്ധമോ? അപ്പോൾ ഞാനറിഞ്ഞത് ശരിതന്നെയാണ്. താൻ രാത്രിനേരത്ത് സ്ക്കൂൾപരിസരത്ത് കുട്ടികൾ നട്ട് നനച്ച വാഴക്കുലകൾ മോഷ്ടിക്കാനായി കറങ്ങിനടക്കുമ്പോൾ കുഴിയിൽ വീണു. പിന്നെ മേലോട്ട് കയറാനുള്ള പരിശ്രമത്തിനിടയിൽ മണ്ണിനടിയിൽ കുടുങ്ങി”
“അയ്യോ, സാറെ അതൊന്നുമല്ല, ഉണ്ടായ സത്യം ഞാൻ പറയാം”
“ങും, എന്നാൽ പെട്ടെന്ന് പറഞ്ഞുതൊലക്ക്”
“സാറിനറിയില്ലെ, ഇവിടത്തെ പ്യൂൺ തുരപ്പൻപെരുച്ചാഴി മഹാ പോക്കിരിയാണെന്ന്. അവനെ ഞാനെത്ര തവണ ഡിസ്‌മിസ് ചെയ്തിട്ടുണ്ടെന്നോ? എപ്പോഴും തർക്കുത്തരം തന്നെ; ഇവന്റെ വിചാരം ഇവനാണ് സ്ക്കൂൾ നടത്തുന്നത്, എന്നാണ്. സ്ക്കൂളിലെ മണിയടിക്കുന്നുണ്ടെന്ന് വെച്ച് എന്തും ചെയ്യാമെന്നോ?”
“അവനെന്താ പറഞ്ഞത്?”
ചുണ്ടെലിയുടെ അകന്ന ബന്ധത്തിൽപ്പെട്ട പെരിച്ചാഴിയെ കുറ്റം പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല.
“സ്ക്കൂളിലെ ഹെഡ്‌മാസ്റ്ററായ ഞാൻ വിളിക്കുന്ന നേരത്ത് പ്യൂണിനെ പരിസരത്തൊന്നും കാണില്ല. പിന്നെ ബെല്ലടിക്കാൻ നേരത്ത് എവിടെ നിന്നെങ്കിലും പൊങ്ങിവന്ന് ബെല്ലടിച്ചശേഷം പെട്ടെന്ന് മുങ്ങും. ഞാൻ ചോദ്യം ചെയ്താൽ മുദ്രാവാക്യം വിളിക്കും. പെരിച്ചാഴി യൂണിയൻ നേതാവാണ് പോലും; അതിന് ഞാനെന്ത് വേണം സാറെ?”
“അപ്പോൾ എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല, താനെങ്ങനെ മണ്ണിനടിയിലായി?”
“കഴിഞ്ഞദിവസം രാവിലെ ഞാനും തുരപ്പനും തമ്മിൽ ഉഗ്രൻ വഴക്കുണ്ടായി. കുടിക്കാൻ വെള്ളത്തിനു ചോദിച്ചപ്പോൾ അവൻ പറയുന്നു, ‘അത് പ്യൂണിന്റെ ഡ്യൂട്ടിയല്ലെന്ന്’. ദേഷ്യം വന്ന ഞാൻ അവനെ ചവിട്ടാനായി എഴുന്നേറ്റപ്പോൾ അവൻഓടി. പിന്നാലെ ഞാനും ഓടിയോടി തോട്ടത്തിലെത്തിയപ്പോൾ പെട്ടെന്ന് അവനെ കാണാനില്ല”
“എന്നിട്ടോ?”
“മുന്നിൽ ഒരു ദ്വാരം കണ്ടപ്പോൾ എനിക്കൊരു സൂത്രം തോന്നി, ‘ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല’. ആമ വൈദ്യർ തന്ന ദേഹം ചെറുതാവാനുള്ള ‘മരുന്ന്‌പഴം’ ആ നേരത്ത് എന്റെ പോക്കറ്റിലുണ്ടായിരുന്നു. അതിൽ അഞ്ചാറെണ്ണം എടുത്ത് ഒന്നിച്ച് ഞാൻ തിന്നു. അങ്ങനെ ഞാനൊരു ചുണ്ടെലിയെപോലെ ചെറുതായി മാറിയിട്ട് പെരിച്ചാഴിയുടെ മാളത്തിൽ കടന്നു”
“ചുണ്ടെലിയെപോലുള്ള ചെറിയ ആനയോ? കാണാൻ നല്ല രസമായിരിക്കുമല്ലൊ”
കോലൻ ചുണ്ടെലി ആശ്ചര്യത്തോടെ പറഞ്ഞു,
“അതെ സാർ കൊമ്പും തുമ്പിക്കൈയും ഒക്കെയുള്ള ആന തന്നെ. ഞാൻ നേരെ ആ മാളത്തിലൂടെ നടന്നു. എന്തൊരു ആശ്ചര്യം! എന്റെ മുന്നിൽ അനേകം വഴികൾ,,, അതിൽ ഒരു വഴിയിലൂടെ നടന്നപ്പോൾ എത്തിയത് സ്ക്കൂളിന് പിന്നിലുള്ള അവറാൻ കാക്കയുടെ ചായക്കടയിൽ. പിന്നെ മറ്റൊരു വഴി പോയപ്പോൾ സ്ക്കൂൾ കോമ്പൌണ്ടിന് വെളിയിലുള്ള വെടിയപ്പൻകുരങ്ങന്റെ മരച്ചീനി തോട്ടത്തിൽ. ഒടുവിൽ ഒരു വഴിപോയപ്പോൾ ഒരു വലിയ അറയിലെത്തി. അവിടെ ഞാൻ കണ്ട കാഴ്ച,,,
,,, സ്ക്കൂളിൽ നിന്ന് കാണാതായ എല്ലാ ഫയലുകളും കടലാസുകളും അവിടെ കൂട്ടിയിട്ടിരിക്കുന്നു”
“എന്നിട്ട് അതെല്ലാം എവിടെ?”
“എന്ത് ചെയ്യാനാണ് സാർ അതെല്ലാം എങ്ങനെ വെളിയിലേക്ക് എടുക്കണമെന്ന് ആലോചിക്കുമ്പോഴേക്കും എനിക്ക് വിറക്കാൻ തുടങ്ങി. കഴിച്ച മരുന്നിന്റെ ശക്തിയാൽ ചുണ്ടെലിയെപോലെ ആയ, ആന, മരുന്നിന്റെ ശക്തി കുറഞ്ഞപ്പോൾ വലുതാവുകയാണ്. മണ്ണിനടിയിലെ മാളത്തിൽ വെച്ച് വലുതായാൽ പിന്നെ എന്റെ ശവംപോലും ആരും കാണില്ലല്ലൊ? പെട്ടെന്ന് പുറത്തേക്ക് ഓടിയ ഞാൻ ആനയുടെ വലിപ്പം ആവുമ്പോഴേക്കും വെളിയിലേക്ക് തുമ്പിക്കൈ ഉയർത്തി. എത്ര വലിയ അപകടത്തിൽ നിന്നാണ് ഞാൻ രക്ഷപ്പെട്ടതെന്ന് സാറിന് അറിയാമോ?”
“ഏതായാലും തന്റെ ഈ കഥ അതേപടി ആരോടെങ്കിലും പറഞ്ഞാൽ പറയുന്ന ആൾക്ക് കിറുക്കാണെന്ന് കേൾക്കുന്ന ആൾ പറയും. കുന്തം പോയാൽ കുടത്തിലും തപ്പണമെന്ന് പറയുന്നതുപോലെ ആനയെ കാണാതായാൽ എലിപ്പൊത്തിലും തപ്പണമല്ലൊ”
ഓഫീസർ കോലൻ ചുണ്ടെലിക്ക് ചിരി സഹിക്കാനായില്ല. അദ്ദേഹത്തിന്റെ ചിരി കണ്ടപ്പോൽ മറ്റുള്ളവരും ഒത്തുചേർന്ന് ചിരിക്കാൻ തുടങ്ങി.
കുട്ടികഥ കൊള്ളാം :)
ReplyDeleteആ മരുന്നുപഴമൊന്ന് കിട്ടിയിരുന്നെങ്കില്‍...!!!
ReplyDelete