Saturday, March 12, 2011

പാഠം10: നമുക്ക് ഇരുട്ടിൽ പഠിക്കാം

“അതാരാ ക്ലാസിലിരുന്ന് ഇടതുകൈ ഉയർത്തുന്നത്?”
വാതിലും ജനാലകളും അടച്ചുപൂട്ടി, കറുത്ത കർട്ടനിടുകയും ചെയ്തപ്പോൾ ഉണ്ടായ സമ്പൂർണ്ണ അന്ധകാരത്തിൽ, ക്ലാസ്സിലിരിക്കുന്ന വിദ്യാർത്ഥികളെ നോക്കി പുള്ളിമൂങ്ങ എന്ന മൂങ്ങമ്മടീച്ചർ ചോദിച്ചു. 

                      കൈ ഉയർത്തിയത് ലാഡൻ പന്നിയാണെങ്കിലും ഞെട്ടിയത് ലാലുക്കുറുക്കനാണ്. ആ ഇരുട്ടിൽ അവിശ്വസനീയമായ ഒരു കാഴ്ച അവൻ കണ്ടു; ടീച്ചറുടെ ശരീരം വളക്കാതെ കഴുത്ത് മാത്രം വട്ടത്തിൽ കറങ്ങി തല തിരിച്ച് ക്ലാസ്സിലിരിക്കുന്ന വിദ്യാർത്ഥികളെ ഉറ്റുനോക്കുന്നു. അനേകം തലമുറകളായി രാത്രീഞ്ചരന്മാരായതിനാൽ ഏത് കൂരിരുട്ടിലും അല്പം കാണാനുള്ള കഴിവ് ലാലുവിനും കുടുംബത്തിനും ഉണ്ട്. പക്ഷെ ഇരുട്ടത്തുള്ള ഈ സംഭവങ്ങൾ തന്റെ കൂട്ടുകാർ എങ്ങനെ അറിയും? പ്രത്യേകിച്ചും പക്ഷികൾ,,, പാവങ്ങൾക്ക് ഇനി എന്തെല്ലാം അപകടങ്ങളായിരിക്കും സംഭവിക്കുന്നത്? ടീച്ചർ ബോർഡിലെഴുതുമ്പോൾ പിന്നിൽ നിന്ന് കുസൃതി കാട്ടുന്നവരെ കണ്ടെത്താനുള്ള കഴിവ് ടീച്ചർക്കുണ്ടെന്ന് അവരെങ്ങനെ കണ്ടറിയും?

ടീച്ചർ പുസ്തകവും ചോക്കും മേശപ്പുറത്ത് വെച്ച് കുട്ടികളെ നോക്കി പറയാൻ തുടങ്ങി,
“ഇനി ഓരോരുത്തരായി പരിചയപ്പെടാം, ആദ്യം നീ തന്നെയാവട്ടെ, പേര് പറയു?”
ലാഡൻ പന്നിയുടെ നേരെ മൂങ്ങമ്മ ടീച്ചർ വിരൽ ചൂണ്ടി.
എന്നാൽ അക്കാര്യം ലാഡനെങ്ങനെ അറിയാനാണ്; എല്ലാ വാതിലും അടച്ചിട്ടതിനാൽ കൂരിരുട്ടും നിശബ്ദതയും ഒത്തുചേർന്ന ഭീകരാന്തരീക്ഷം.
ശിഷ്യൻ അനുസരിക്കാത്തപ്പോൾ ദേഷ്യം വന്ന് ടീച്ചറുടെ ശബ്ദം ഉയർന്നു,
“ഉം, എന്താ ഇത്ര വലിയ ധിക്കാരം? നിനക്കെന്താ പേര് പറഞ്ഞുകൂടേ? എഴുന്നേൽക്കെടാ?”
എന്നിട്ടും ലാഡൻ അനങ്ങിയില്ല; ലാഡൻ മാത്രമല്ല, മറ്റുള്ളവരും. വിദ്യാർത്ഥികളിൽ ഓരോരുത്തരും ചിന്തിച്ചതും വിശ്വസിച്ചതും ഒരുപോലെ ആയിരുന്നു, ‘ടീച്ചർ വിരൽ ചൂണ്ടുന്നത് തന്റെ നേരെ ആയിരിക്കില്ല’.

                       ലാലുക്കുറുക്കന് വിഷമമായി; ടീച്ചറുടെ ചോദ്യം ലാഡനോടാണെന്ന് പറയണമെന്നുണ്ട്; പക്ഷെ,,, പറഞ്ഞാലോ?,,, സ്വന്തം കാര്യം അപകടത്തിലാവും എന്നത് ഉറപ്പാണ്. സന്ദർഭം നോക്കി ആലോചിച്ച് പ്രവർത്തിക്കുന്നതാണ് ബുദ്ധി.  
പെട്ടെന്ന് പുള്ളിമൂങ്ങ ടീച്ചർ കഴുത്തിനു ചുറ്റുമുള്ള പുള്ളിത്തൂവലുകൾ കുലുക്കി എല്ലാവരും കേൾക്കെ അലറി,
“എന്താടാ നീ എഴുന്നേൽക്കില്ലെന്നോ?,,, നിന്നെ ഞാൻ,,,”
തുടർന്ന് വടിയെടുത്ത് മേശപ്പുറത്ത് ഒരൊറ്റയടി,,,,
അതോടെ വിദ്യാർത്ഥികളെല്ലാം ഒന്നിച്ച് ഞെട്ടിയെഴുന്നേറ്റു, ഒപ്പം,,, മേശയുടെ ഒരുകാൽ ഒടിഞ്ഞു,,,
“ഹൊ എന്തൊരു മണ്ടന്മാരാണ്? അന്യോന്യം പരിചയപ്പെടാമെന്ന് പറഞ്ഞത് ആകെ അബദ്ധമായി. വിഡ്ഢികൾ,, അല്ല നിങ്ങളെ പറഞ്ഞിട്ടെന്താ കാര്യം? ഇതൊക്കെ മുൻപ് പഠിപ്പിച്ചവരുടെ തകരാറുകളാണ്. സിറ്റ് ഡൌൺ,,, പുസ്തകമെടുക്ക്,,, ഏതാ നിങ്ങളുടെ പാഠം?”
ടീച്ചറുടെ ചോദ്യം കേട്ടപ്പോൾ ലാലുക്കുറുക്കൻ എഴുന്നേറ്റ് ഉത്സാഹത്തോടെ പറഞ്ഞു,
“പാഠം നാല്, ആഹാരരീതികൾ”
“ഹോ, ഒരുത്തനെങ്കിലും മര്യാദക്കാരനാണല്ലൊ, ശരി എന്താ നിന്റെ പേര്?”
“ലാലുക്കുറുക്കൻ”
                       ടീച്ചറുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞതിൽ ലാലുവിന് വളരെ സന്തോഷം തോന്നി. അതേസമയം മറ്റുള്ള വിദ്യാർത്ഥികൾ അത്ഭുതത്തോടെ ഒരു കാര്യം മനസ്സിലാക്കി. ലാലുവിന് വെളിച്ചമില്ലാതെയും ടീച്ചറെ കണ്ണുകൊണ്ട് കാണാം, മറ്റുള്ളവർക്ക് ടീച്ചറെ കാണണമെങ്കിൽ വേളിച്ചം കൂടിയേ തീരു.

പുള്ളിമൂങ്ങ എന്ന മൂങ്ങമ്മടീച്ചർ ബോർഡിലെഴുതി പഠിപ്പിക്കാൻ തുടങ്ങി,
‘ആഹാരം’
“നമുക്കെല്ലാം ആഹാരം വേണം. കുട്ടികളെ നിങ്ങളെല്ലാം പോഷകാഹാരം കഴിക്കണം. മത്സ്യം, മാംസം, മുട്ട എന്നിവ മാത്രമാണ് പോഷകാഹാരങ്ങൾ. അവയെല്ലാം വേവിക്കാതെ പച്ചയായി കഴിച്ചാൽ പോഷകഗുണം വർദ്ധിക്കും”
“ടീച്ചറെ,, ക്യാരറ്റ് തിന്നുകൂടെ? അത് പോഷകാഹാരമാണല്ലൊ,,,”
റിനു മുയലിന് സംശയമായി. കാട്ടിലുള്ള അവളുടെ ഗുഹാഭവനത്തിൽ ചാക്കുകൾ നിറച്ച് ക്യാരറ്റുകൾ സൂക്ഷിച്ച് വെച്ചിരിക്കയാണ്. അത് മാത്രമാണ് ഒരേയൊരു പോഷകാഹാരം എന്നാണ് അവന്റെ അമ്മ എപ്പോഴും പറയുന്നത്.
“ങെ,,, അതാരാ എന്നെ എതിർക്കുന്നത്?”
മൂങ്ങമ്മ ടീച്ചർ ദേഷ്യംകൊണ്ട് വിറച്ചപ്പോൾ കണ്ണുകൾ ഉരുണ്ട് വലുതായി.

                         കുട്ടികൾക്കിത്രയും ധിക്കാരമോ? ഇതുവരെ പുള്ളിയെ എതിർത്ത് ഒരാളും സംസാരിച്ചിട്ടില്ല. അച്ഛനോ, അമ്മയോ, വേലക്കരോ, ബന്ധുക്കളൊ, അയൽ‌വാസികളോ, ആരുംതന്നെ മൂങ്ങമ്മ പറയുന്നതിന് എതിര് പറയാറില്ല. ഒരിക്കൽ, ഒരിക്കൽമാത്രം അവരെ എതിർത്ത് സംസാരിച്ച സ്വന്തം കൊച്ചനുജനെ ജീവനോടെ തിന്നുകളഞ്ഞവളാണ് ഈ പുള്ളിമൂങ്ങ എന്ന മൂങ്ങമ്മ.

                         അങ്ങനെയുള്ള പുള്ളിമൂങ്ങയെ വെറുമൊരു വിദ്യാർത്ഥി എതിർക്കാനോ? അവർ പതുക്കെ റിനുവിന്റെ സമീപത്തേക്ക് നിശബ്ദമായി നടന്നു. വരാൻ പോകുന്ന അപകടമൊന്നും അറിയാതെ പുഞ്ചിരിക്കുന്ന റിനുമുയലിനെ കണ്ടപ്പോൾ ലാലുക്കുറുക്കന് വളരെയധികം പ്രയാസം തോന്നി.
പെട്ടെന്ന് ക്ലാസ്‌മുറിയിലെ ആ ഇരുട്ടിൽ‌നിന്നും ഭയന്നുവിറച്ച ഒരു കരച്ചിൽ ഉയർന്നു,
“അയ്യോ,,, എന്റെ മൂക്ക് മുറിഞ്ഞേ,, ഞാൻ ചത്തേ,,,,,”

                        പെട്ടെന്ന് കേട്ട അലർച്ചയിൽ എന്താണ് സംഭവിച്ചതെന്നറിയാതെ ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളും എഴുന്നേറ്റ് ഓടി; ചിലർ പറന്നു. ഇരുട്ടത്തുള്ള ആ ഓട്ടത്തിനിടയിൽ പലരും അന്യോന്യം കൂട്ടിമുട്ടുകയും വീഴുകയും ചെയ്യാൻ തുടങ്ങി. വാതിലും ജനലും കാണാതെ, തുറക്കാനാവാതെ രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയിൽ പരിക്ക്പറ്റിയവർ ധാരാളം. അതിനിടയിൽ മുന്നിൽ കാണുന്നവരെയെല്ലാം മൂങ്ങമ്മ ടീച്ചർ, അടിക്കുകയും കൊത്തുകയും മാന്തുകയും ചെയ്തു; ആകെ ശബ്ദകോലാഹലം. ആളറിയാതെയുള്ള അടിപിടിയിൽ ടീച്ചർക്കും കിട്ടി,, അഞ്ചാറടി; ഒപ്പം ഭംഗിയേറിയ നാല് തൂവലുകൾ നഷ്ടപ്പെടുകയും ചെയ്തു.
“ഠേ,,,,,,,”
വാതിൽ പൊളിഞ്ഞു വീണു, അതോടെ പെട്ടെന്ന് വെളിച്ചം ക്ലാസ്സിലേക്ക് ഇരമ്പിക്കയറി.
ഹെഡ്‌മാസ്റ്റർ മഞ്ഞക്കൊമ്പനാനയടക്കം എല്ലാ അദ്ധ്യാപകരും തുറന്ന വാതിലിനു മുന്നിൽ വന്ന് ക്ലാസ്സിലേക്ക് എത്തിനോക്കി.

                        ക്ലാസ്സിലെ കൂട്ടനിലവിളി കേട്ട്, അവിടെ എന്തോ അനിഷ്ടസംഭവം നടന്നിരിക്കാമെന്ന് ഊഹിച്ച അദ്ധ്യാപകരെല്ലാം ചേർന്ന് ക്ലാസ്സ്‌മുറിയുടെ വാതിൽ തുറക്കാനായി എത്ര പരിശ്രമിച്ചിട്ടും കഴിഞ്ഞില്ല. അത്‌കൊണ്ട് സ്ക്കൂളിലെ ഹെഡ്‌മാസ്റ്റർ തന്നെ നേരിട്ട്‌വന്ന് വാതിൽ ചവിട്ടിപ്പൊളിച്ചതാണ്.
“ഡിസ്മിസ്, ഡിസ്മിസ്, എല്ലാവരെയും ഞാൻ ഡിസ്മിസ് ചെയ്യും”
ഹെഡ്മാസ്റ്റർ ചിന്നംവിളിച്ചുകൊണ്ട് അലറിയത് ആരും ശ്രദ്ധിച്ചില്ല. പൊളിക്കപ്പെട്ട വാതിലിലൂടെ ക്ലാസ്സിലേക്ക് കടന്ന വെളിച്ചത്തിൽ അദ്ധ്യാപകരെല്ലാം അവിടെയുള്ള ഭീകരദൃശ്യങ്ങൾ കണ്ടു,
അവിടെ ക്ലാസ്സ്‌മുറിയിൽ,,,
വിദ്യാർത്ഥികളെല്ലാം ചോരയൊലിപ്പിച്ച്‌കൊണ്ട് കരയുകയാണ്. ക്ലാസ്സിലെ ബഞ്ച്, ഡസ്ക്ക്, മേശ, കസാര, എന്നിവയെല്ലാം പൊട്ടിത്തകർന്നിരിക്കുന്നു. അക്കൂട്ടത്തിൽ രണ്ട്‌കാലും ഒടിഞ്ഞ ഒരു മേശമേൽ കയറിനിൽക്കുന്ന ടീച്ചറുടെ കഴുത്തിൽ മുറുകെ പിടിച്ചിരിക്കയാണ്, വിദ്യാർത്ഥികളിൽ ഒരാളായ,,, സീരൻ‌കുരങ്ങൻ.
(തുടരും) 

Wednesday, March 2, 2011

പാഠം 9. മൂങ്ങയുടെ അരങ്ങേറ്റം

“നമ്മളെ പഠിപ്പിക്കാൻ ഇന്ന് പുതിയ ടീച്ചർ വരും”
നാലാം ക്ലാസ്സിലെത്തിയ അണിമ ചെമ്പരുന്ത് വിളിച്ച് കൂവി.
“നീ കണ്ടോടി ചെമ്പി? വെറുതെ പേടിപ്പിക്കാൻ പറയാണോ?”
ജിനു പൂങ്കോഴിക്കും കാടൻ പൂച്ചക്കും വിശ്വാസം വന്നില്ല.
“ഞാൻ കാണാതെങ്ങനെയാ? ടീച്ചറെന്റെ അയൽ‌വാസിയാണ്; പുള്ളിമൂങ്ങ ടീച്ചർ”
“ങെ,,, മൂങ്ങയോ? അവരെന്ത് പഠിപ്പിക്കനാണ്? ഞങ്ങളാരും ഇതുവരെ അങ്ങനെയൊരു ടീച്ചറെ കണ്ടിട്ടില്ലല്ലൊ,,”
“ഞാനും ശരിക്ക് കണ്ടിട്ടില്ല, നല്ല ഇരുട്ടത്ത് മാത്രമേ അവർ പുറത്തിറങ്ങാറുള്ളു. വലിയ പണക്കാരിയാണ്, പകൽ‌നേരത്ത് സാധാരണ വീട്ടിനു പുറത്തിറങ്ങാറേയില്ല,,,”
“അപ്പോൾ നമ്മൾ ഇനിമുതൽ രാത്രിയിലാണോ സ്ക്കൂളിൽ വരേണ്ടത്?”
ഇതെല്ലാം കേട്ട്‌നിൽക്കുന്ന രാത്രിസഞ്ചാരം ഇഷ്ടപ്പെടുന്ന ചെമ്പുലി സന്തോഷത്തോടെ ചോദിച്ചു.
“അത് ശരിയാണല്ലൊ; ഈ ടീച്ചറെങ്ങനെ പകൽ‌നേരത്ത് പഠിപ്പിക്കും?”

                         നാലാംക്ലാസ്സുകാർ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പത്താം ക്ലാസ്സിൽ പുത്തൻ പരിഷ്‌ക്കാരങ്ങൾ ഏർപ്പെടുത്തുന്ന തിരക്കിലാണ് സ്ക്കൂളിലെ പ്യൂൺ തുരപ്പൻ പെരുച്ചാഴി. പതിവില്ലാതെ പ്യൂൺ പത്താം ക്ലാസിനകത്ത് രാവിലെതന്നെ കയറിവന്നപ്പോൾ റിനു മുയൽ എഴുന്നേറ്റ് ‘നമസ്‌തെ’ പറഞ്ഞു,
“അയ്യോ ഈ മുയൽ ശിപായി വന്നപ്പോൾ നമസ്തെ പറയുന്നേയ്,, കൂയി,,,”
ലാലുക്കുറുക്കൻ കളിയാക്കി കൂവിയപ്പോൾ റിനു നാണിച്ചുപോയി.

                          തുരപ്പൻ അകത്തുകടന്ന ഉടനെ ജനാലയുടെ കൊളുത്തുകൾ നോക്കി, അവയിൽ ഇളകിയതെല്ലാം ശരിയാക്കിയശേഷം തുറന്ന ജനാലകളെല്ലാം നന്നായി അടച്ചു. ക്ലാസ്‌മുറിയിലെ വെള്ളപൂശിയ ചുമരുകളെല്ലാം കറുത്ത കർട്ടന്റെ മറ ഉണ്ടാക്കി. മുകളിൽ നാല് മൂലകളിലും ആണികൾ തറച്ച്, ക്ലാസിന്റെ മേൽക്കൂര കാണാനാവാത്ത വിധം കറുത്ത കർട്ടൻ വലിച്ചു കെട്ടി. ഇപ്പോൾ വാതിലിലൂടെ മാത്രം ഇത്തിരി വെളിച്ചം കടന്നുവരുന്നുണ്ട്.
                         എല്ലാം ഭംഗിയായി പൂർത്തിയാക്കിയിട്ട്, ക്ലാസ് മൊത്തത്തിൽ ഇരുട്ടാക്കിയശേഷം അതുവരെ തന്നെ നോക്കി ചുറ്റും നിന്ന വിദ്യാർത്ഥികളെ നോക്കി ചിരിച്ചുകൊണ്ട് തുരപ്പൻ താഴോട്ട് ചാടി. അവൻ ചാടിയത് നേരി സീരൻ കുരങ്ങനെ വാലിൽ,
“അയ്യോ,, എന്റെ വാല് മുറിഞ്ഞേ,,,”
സീരൻ കൈ ചുരുട്ടിപ്പിടിച്ച് തുരപ്പന്റെ മൂക്കിനൊരിടി കൊടുത്തു. തുരപ്പനും വിട്ടില്ല, അവൻ തിരിച്ചടിച്ചെങ്കിലും അടികൊണ്ടത് മുട്ടനാസിന്റെ മൂക്കിന്റെ തുമ്പിൽ. മുട്ടനാസ് കൊമ്പുകുലുക്കി ആഞ്ഞുകുത്തിയത് വില്ലൻ കോഴിയുടെ മുതുകിൽ,,, അടിയുടെയും ഇടിയുടെയും പൊടിപൂരത്തിനിടയിൽ തുരപ്പൻ പുറത്തേക്ക് ചാടിയോടി ബെല്ലടിച്ചു. അതോടെ തൽക്കാലം ബഹളങ്ങളെല്ലാം അവസാനിച്ചു.

                         ബെല്ലടിക്കുന്നത് കേട്ട് നിശബ്ദരായി ഇരിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നിൽ പത്താം തരം ക്ലാസ് ടീച്ചറായ ‘മിസ്സിസ്സ് രാജി രാജ് കലമാൻ ടിച്ചർ’ വന്നു. എന്നാൽ വാതിലിനു മുന്നിലെത്തിയ ടീച്ചർ അകത്തേക്ക് പ്രവേശിക്കാതെ ദയനീയമായി വിദ്യാർത്ഥികളെ നോക്കി. ഇരുട്ടറയാക്കി മാറ്റപ്പെട്ട ക്ലാസ്സിലിരിക്കുന്ന തന്റെ പ്രീയപ്പെട്ട ശിഷ്യന്മാരെ മങ്ങിയ തുറന്ന വാതിലിലൂടെ മാത്രം പ്രവേശിക്കുന്ന വെളിച്ചത്തിന്റെ സഹായത്താൽ നോക്കിയിട്ട്, തൊണ്ടയിടറിക്കൊണ്ട് ടീച്ചർ പറഞ്ഞു,
“നോക്കൂ നിങ്ങളെ ഇന്നുമുതൽ പുതിയ ടീച്ചറാണ് പഠിപ്പിക്കുന്നത്, പുള്ളിമൂങ്ങ എന്ന മൂങ്ങമ്മ ടീച്ചർ. ഞാനിനി ഒൻപതാം ക്ലാസിലാണ്, നിങ്ങൾ വികൃതിയൊന്നും കാണിക്കാതെ, എല്ലാരും നല്ലകുട്ടികളായി നന്നായി പഠിക്കണം”
ക്ലാസിനകത്ത് പ്രവേശിക്കാതെ കരഞ്ഞുകൊണ്ട് കലമാൻ ടിച്ചർ നടന്നുപോകുന്നത് കണ്ട് പത്താം തരക്കാർക്ക് ഇത്തിരി വിഷമം തോന്നിയെങ്കിലും അടുത്തനിമിഷം അവരെല്ലാം ഞെട്ടി,
‘അപ്പോൾ മൂങ്ങമ്മ ടീച്ചറുടെ അരങ്ങേറ്റം പ്രമാണിച്ചാണ് അവരെ ഇരുട്ടിലാക്കിയത്’!

“നമ്മുടെ സ്ക്കൂളിൽ നാലാം ക്ലാസിലല്ലെ അദ്ധ്യാപകനില്ലാത്തത്? അപ്പോൾ പുതിയ ടീച്ചർ അവരെയല്ലെ പഠിപ്പിക്കേണ്ടത്?” സീരൻ കുരങ്ങന് സംശയമായി.
“അങ്ങനെയൊന്നുമല്ല; അവസാനം വന്നയാൾ പത്തിൽ പഠിപ്പിക്കണം. പിന്നെ ഓരോരുത്തരായി പോയി പുതിയ അദ്ധ്യാപകർ വരുമ്പോൾ ക്ലാസ് ഇറക്കം നൽകും. പത്ത് കഴിഞ്ഞാൽ ഒൻപത്, ഒൻപതിലുള്ള ആൾ എട്ടിൽ, അങ്ങനെ ഒന്നിലെത്തിയാൽ പിന്നെ,,,”
ലാലുക്കുറുക്കൻ പറയുന്നത് കേട്ട് സീരൻ മാത്രമല്ല മറ്റുള്ളവരും ചുറ്റും‌കൂടി. അവർ ആകാംക്ഷയോടെ ചോദിച്ചു,
“പിന്നെ മാസ്റ്റർ‌മാർ എങ്ങോട്ട് പോകും? ഒന്ന് കഴിഞ്ഞാൽ ക്ലാസില്ലല്ലൊ?”
“ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്നവൻ പിന്നെയങ്ങോട്ട് ഹെഡ്‌മാഷ് ആവും”
“അപ്പോൾ നമ്മളെപ്പോലെ ഉയർന്ന ക്ലാസ്സിൽ പഠിച്ചവൻ പിന്നെ താഴോട്ട് ഇറങ്ങി താഴും”
പിങ്കി അണ്ണാൻ ഉച്ചത്തിൽ പറഞ്ഞത് കേട്ട് ലാലു പറയാൻ തുടങ്ങി,
“ഒരു വ്യത്യാസം മാത്രം, നമ്മൾ പഠിച്ചാലും പഠിച്ചില്ലെങ്കിലും ഓരോ കൊല്ലവും ക്ലാസ് ഇറക്കം ഉണ്ടാവും. എന്നാൽ അദ്ധ്യാപകരുടെ കാര്യം അങ്ങനെയല്ല. അവർ ഒരു ക്ലാസിൽ നിന്ന് താഴോട്ട് വരാൻ സ്ക്കൂളിൽ നിന്ന് ഏതെങ്കിലും ടീച്ചറോ മാഷോ പൊറത്തു പോകണം. അല്ലെങ്കിൽ ലീയോൺ സിംഹത്തിന് സംഭവിച്ചതുപോലെ ചാവണം”
ലാലുവിന്റെ അറിവിനു മുന്നിൽ മറ്റുള്ളവർ ആശ്ചര്യപ്പെട്ടു,
“ശ്ശടാ ടീച്ചറ് വരുന്നുണ്ടെന്നാ തോന്നുന്നത്, പുതിയ ടീച്ചർ,,,”
                            പേടിച്ച് വിറച്ച വിദ്യാർത്ഥികളെല്ലാം അവരവരുടെ സ്ഥാനം തപ്പിപിടിച്ച് ഇരുന്നപ്പോൾ ക്ലാസ് നിശബ്ദമായി. റിനു മുയൽ ഇതിനിടയിൽ തന്നെ പുത്തനുടുപ്പിൽ മൂത്രമൊഴിച്ചിരുന്നു.

                           പുതിയ ടീച്ചറായ പുള്ളിമൂങ്ങ, താറാവമ്മ ടീച്ചറുടെ അകമ്പടിയോടെയാണ് പത്താം ക്ലാസിനു മുന്നിലെത്തിയത്. രാവിലെ തന്നെ സ്ക്കൂളിൽ വന്ന പുള്ളിമൂങ്ങ ടീച്ചർക്ക് പത്താം തരം കാണിച്ചുകൊടുക്കാൻ ഹെഡ്‌മാസ്റ്റർ പ്യൂണായ തുരപ്പൻ പെരുച്ചാഴിയോട് പറഞ്ഞിരുന്നതാണ്. എന്നാൽ ടീച്ചറെ കാണേണ്ട താമസം പേടിച്ചുവിറച്ച പെരുച്ചാഴി ‘മൂത്രമൊഴിക്കണം’ എന്ന് പറഞ്ഞ്, സ്ക്കൂളിനു വെളിയിൽ പോയി. അങ്ങനെ മൂത്രമൊഴിക്കാൻ പോയ പെരുച്ചാഴിയെ ഏറെ നേരം കാത്തിരുന്നിട്ടും തിരിച്ചു വരുന്നത് കാണാതെ ടീച്ചർ ഓഫീസിനു മുന്നിൽ വിഷമിച്ചിരിക്കുമ്പോഴാണ് താറാവമ്മ ടീച്ചറെ കണ്ടത്. അവർ സഹായിക്കാൻ തയ്യാറായപ്പോൾ രണ്ട് ടിച്ചർമാരും വിശേഷങ്ങൾ ചോദിച്ചറിഞ്ഞ്, തുരപ്പനെ കുറ്റം പറഞ്ഞ്‌കൊണ്ട്, പത്താം ക്ലാസിനു നേരെ നടന്നു. പകൽ നേരാം‌വണ്ണം കണ്ണുകാണാത്ത മൂങ്ങമ്മ ടിച്ചർ വഴിയിൽ തട്ടിയും തടഞ്ഞും വീഴാതെ താറാവമ്മ കൈപിടിച്ച് നടത്തിച്ചു. പത്താം തരത്തിനു മുന്നിലെത്തിയപ്പോൾ ക്ലാസിനകത്തേക്ക് നോക്കി താറാവമ്മ മൂങ്ങമ്മയോട് പറഞ്ഞു,
“ഇതാണ് പത്താം ക്ലാസ്; ഓ, ടീച്ചറുടെ വരവ് പ്രമാണിച്ച് ക്ലാസിലാകെ ഇരുട്ടാക്കിയിട്ടുണ്ടല്ലൊ, ഈ വാതിലിലൂടെ അകത്ത് കടക്കാം”
“വളരെ നന്ദി, ടീച്ചർ ചെയ്ത ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല. അതുപോലെ ആ പ്യൂൺ തൊരപ്പനെയും,,,”

                      താറാവമ്മക്ക് ഷെയ്ക്ക് ഹാന്റ് കൊടുത്ത് വർദ്ധിച്ച സന്തോഷത്തോടെ മൂങ്ങമ്മ ടീച്ചർ ക്ലാസ്സിനകത്ത് പ്രവേശിച്ചു. പുതിയ ടീച്ചറെ ബഹുമാനിച്ചുകൊണ്ട് കുട്ടികൾ എഴുന്നേറ്റ്, എല്ലാവരും ഒന്നിച്ച് പറഞ്ഞു,
“നമസ്തെ ടീച്ചർ”
“നമസ്തെ, ഇനി എല്ലാവർക്കും ഇരിക്കാം. ഇന്നുമുതൽ നിങ്ങളെ പഠിപ്പിക്കുന്ന ടീച്ചർ ഞാനാണ്,,, പുള്ളിമൂങ്ങ; എന്റെ സ്വദേശം ഈ വനമംഗലം തന്നെയാ,,, താമസിക്കുന്നത് ആലിലക്കൊട്ടാരത്തിൽ,,,”
പുള്ളിമൂങ്ങ എന്ന മൂങ്ങമ്മ ടീച്ചർ വിദ്യാർത്ഥികളെ നോക്കി ചിരിച്ചുകൊണ്ട് സ്വയം പരിചയപ്പെടുത്തിയപ്പോൾ കുട്ടികൾക്കെല്ലാം വളരെ സന്തോഷമായി.
പക്ഷെ,,,

പിന്നീട് ടീച്ചർ ഒരു ഭയങ്കര കൃത്യം ചെയ്തു,,
കുട്ടികളെ നോക്കിക്കൊണ്ട്തന്നെ പിന്നോട്ട് തിരിഞ്ഞ് നടന്ന്, അതുവരെ ക്ലാസിലേക്ക് ഇത്തിരി വെളിച്ചം കടന്നു വന്നിരുന്ന ഒരേയൊരു വാതിൽ അടച്ചുപൂട്ടി. അതോടെ ആ ക്ലാസിൽ അമാവാസി നാളിലെ അർദ്ധരാത്രിയെ പോലും തോല്പിക്കുന്ന പരിപൂർണ്ണ അന്ധകാരം നിറഞ്ഞു.
(തുടരും)

Wednesday, February 23, 2011

പാഠം8 അദ്ധ്യാപക നിയമനം

                  പാഠം8 : അദ്ധ്യാപക നിയമനം
“ഇന്ന് ഉച്ചക്ൿശേഷം ക്ലാസ്സില്ല, എല്ലാവർക്കും വീട്ടിൽ പോകാം”
വുൾഫൻ ചെന്നായസാർ എല്ലാ വിദ്യാർത്ഥികളോടും പറഞ്ഞു.
“സർ ഉച്ചക്കഞ്ഞി?” പലർക്കും അതാണ് വേണ്ടത്.
“ഉം, കഞ്ഞി,, പോടാ, പോ,, വീട്ടിൽ പോയി ചോറ് തിന്ന്”
കഞ്ഞി കുട്ടികൾക്കാർക്കും ഇഷ്ടമല്ല; സ്വന്തം വീടുകളിൽ‌നിന്ന്, അവരെല്ലാം പലതരം ഭക്ഷണങ്ങൾ കഴിച്ച് ശീലിച്ചവരാണ്. എങ്കിലും ഉച്ചക്കഞ്ഞി കുടിക്കാത്ത ദിവസം അവർക്ക് എന്തോ മറന്നതുപോലെയാണ്.

                         രാവിലെ വന്നപ്പോൾ മുതൽ സ്ക്കൂളിൽ എന്തോ അത്ഭുതസംഭവം നടക്കുമെന്ന് എല്ലാവർക്കും തോന്നിയതാണ്, അവരുടെ സ്ക്കൂളിനു മുന്നിൽ ഒരു വലിയ കാറ് നിർത്തിയിട്ടിക്കുന്നു. കാട്ടിലെ ഏറ്റവും വലിയ പണക്കാരനായ മാക്രി മുതലാളി അതിരാവിലെ സ്ക്കൂളിൽ എത്തിയിട്ടുണ്ട്. 
 അവിടെ രണ്ട്‌പേർ വരുമ്പോഴാണ് അദ്ധ്യാപകരെല്ലാം പേടിച്ച് വിറക്കുന്നത്.
ഒന്ന് മാക്രിമുതലാളി; അദ്ദേഹം സ്ക്കൂളിന്റെ മാനേജറാണ്.
രണ്ടാമത്തേത് സ്ക്കൂൾ പരിശോധിക്കാൻ വരുന്ന ഓഫീസർ കോലൻ ചുണ്ടെലി.

                        മാക്രിമുതലാളി സ്ക്കൂളിൽ ഉള്ളത്‌കൊണ്ടായിരിക്കാം അന്ന് കൃത്യസമയത്ത് തന്നെ ബെല്ലടിച്ചു. കൃത്യസമയത്ത് അദ്ധ്യാപകർ ക്ലാസ്സിൽ‌പോയി പഠിപ്പിച്ചു.പതിവായി ക്ലാസ്സിൽ ഉറങ്ങാറുള്ള രാജിടീച്ചർ പോലും അന്ന് ക്ലാസ്സിൽ ഉറങ്ങിയില്ല. അല്പമെങ്കിലും ഉറങ്ങാതെ ക്ലാസ്സെടുക്കാൻ കഴിയാത്താ ടീച്ചർ അന്ന് കുട്ടികളോട് പാട്ട്‌പാടാൻ‌പോലും പറഞ്ഞില്ല. കുട്ടികളുടെ പാട്ട് കേട്ടാൽ ചിലപ്പോൾ ഉറങ്ങിപ്പോയാലോ? ഇടയ്ക്കിടെ കോട്ടുവായിട്ടശേഷം രാജി രാജ് കലമാൻ ടീച്ചറും നന്നായി പഠിപ്പിച്ചു.
                       സ്ക്കൂൾ വിട്ടത് അറിയിച്ച് വലിയ മണിമുഴങ്ങിയിട്ടും വിദ്യാർത്ഥികളെല്ലാം സ്ക്കൂൾ പരിസരത്ത്‌തന്നെ ചുറ്റിനടന്നു. അവർ നോക്കിയിരിക്കെ കാറുകൾ ഓരോന്നായി സ്ക്കൂൾ മുറ്റത്ത് കടന്നുവരാൻ തുടങ്ങി. അവരിൽ പലരും ഇത്രയധികം കാറുകളെ ഒന്നിച്ച് ആദ്യമായി കാണുകയാണ്.

                        കാറിൽനിന്ന് പുറത്തിറങ്ങിയവരെല്ലാം ഹെഡ്‌മാസ്റ്റർ മഞ്ഞക്കൊമ്പനാനയുടെ മുറിക്കുള്ളിലേക്ക് കടന്നു. അകത്തുകടന്നവരുടെ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ ഹെഡ്‌മാസ്റ്റർ, മാക്രിമുതലാളിയെ അവർക്ക് പരിചയപ്പെടുത്തി. ജിറാഫും മൂങ്ങയും കാണ്ടാമൃഗവും കാട്ടുപോത്തും കങ്കാരുവും ഒട്ടകവും കഴുതയും കുതിരയും മൈനയും ഓലേഞ്ഞാലിയും തുടങ്ങി സ്വദേശീയരും വിദേശീയരുമായ ഒട്ടനവധിപേർ അവിടെ എത്തിച്ചേർന്നിരുന്നു.

                        അകത്തു പ്രവേശിച്ചപ്പോൾതന്നെ മാക്രി മുതലാളിയെ ബഹുമാനിച്ചശേഷം ഹെഡ്‌മാസ്റ്റർ സ്വന്തം കസാര അദ്ദേഹത്തിന് നൽകിയിരുന്നു. അങ്ങനെ ഇരിപ്പിടം സ്ക്കൂൾ മാനേജർക്ക് ഒഴിച്ചുകൊടുത്ത ഹെഡ്‌മാസ്റ്റർ, ഇരിക്കാൻ മറ്റൊരിടവുമില്ലാതെ താണുവണങ്ങി നിൽക്കുകയാണ്.

ആന ഇരിക്കേണ്ടിടത്ത് അഹങ്കാരത്തോടെ ഗമയിൽ ഇരിക്കുന്ന മാക്രിമുതലാളി ഹെഡ്‌മാസ്റ്ററോട് ആജ്ഞാപിച്ചു,
“ഡേയ്,,, മഞ്ഞക്കൊമ്പാ, ഇവരൊക്കെ ആരാണെന്ന് പറഞ്ഞുതന്നാട്ടെ,,, ആ ലീയോൺ ചത്തതുകൊണ്ടല്ലെ ഇവരെല്ലാം മാഷാവാൻ വന്നത്,,,”
അത് കേട്ടപ്പോൾ ഹെഡ്‌മാസ്റ്റർ ഓരൊരുത്തരെയും കൂട്ടി മാനേജറുടെ മുന്നിൽ നിർത്തി;
ആദ്യം വന്നത് സീനു മൈനയാണ്,
“സാർ, ഇത് സീനു മൈനയാണ്; ഇവൾക്ക് മൃഗഭാഷാ പഠനത്തിൽ ഫസ്റ്റ് ക്ലാസ്സുണ്ട്”
പിന്നെ വന്നത് നിനാൻ അണ്ണാനാണ്.
“സാർ ഇത് നിനാൻ അണ്ണാനാണ്, നമ്മുടെ ഓഫീസറുടെ അകന്ന ബന്ധുവാണ്”
അടുത്തത് ജിങ്കി കങ്കാരുവാണ്,
“സാർ ഇവൾ ജിങ്കി കങ്കാരു, വിദേശരാജ്യങ്ങളിൽ പോയി ശിശുസംരക്ഷണത്തിൽ അനേകം ഡിഗ്രികൾ കരസ്ഥമാക്കിയവളാണ്”
“നിർത്തെടാ തന്റെയൊരു പരിചയപ്പെടുത്തൽ,,,”
മാക്രി മുതലാളി ഉച്ചത്തിൽ അലറുന്നത് കേട്ട് മറ്റുള്ളവരെല്ലാം ഞെട്ടി. ഹെഡ്‌മാസ്റ്ററായ ആനയെ സ്ക്കൂൾ മാനേജർ ആണെങ്കിലും വെറുമൊരു മാക്രി ഇങ്ങനെ ഭയപ്പെടുത്തേണ്ടതുണ്ടോ?

“എനിക്ക് ഇവന്മാരുടെ ഡിഗ്രിയും പഠിപ്പുമൊന്നും അറിയേണ്ട,, എത്ര തരുമെന്ന് വേഗം പറഞ്ഞുതൊലക്ക്. ഞാൻ വീട്ടിൽ പോയിട്ട്‌വേണം മാക്രിയമ്മാളിന് കണ്ടം‌കുളങ്ങരയിൽ നടക്കുന്ന സൌന്ദര്യമത്സരത്തിന് ഇതേ കാറിൽ‌തന്നെ പോകാൻ; ഉം, എത്ര തരും?”
“ഒരു ലക്ഷം” മൈന ആദ്യം‌തന്നെ പറഞ്ഞു,
“പത്ത് ലക്ഷം” ആഫ്രിക്കയിൽ നിന്ന് പഠനം കഴിഞ്ഞെത്തിയ റോമി ജിറാഫ് പറഞ്ഞു,
“ഇരുപത് ലക്ഷം” നിനാൻ അണ്ണാൻ,
മുപ്പത്, അൻപത്, എൺപത്, ഓരോരുത്തരും മത്സരിച്ച് ലക്ഷങ്ങളുടെ ലേലം‌വിളി തുടർന്നു,
“ഒരു കോടി” ജിങ്കി കങ്കാരു വിളിച്ചുകൂവിയശേഷം മറ്റുള്ളവരെ നോക്കി കണ്ണിറുക്കി,
അല്പസമയത്തെ നിശബ്ദത,, മാക്രി മുതലാളി എല്ലാവരെയും നോക്കി, ഒടുവിൽ ചോദിച്ചു,
“ഇനി ആരെങ്കിലും?”
പെട്ടെന്ന് അതുവരെ മിണ്ടാതെയിരുന്ന ഒരുവൾ പതുക്കെ പറഞ്ഞു,
“പത്ത് കോടി”
എല്ലാവരും ആശ്ചര്യപ്പെട്ട് ശബ്ദം കേട്ട ഭാഗത്ത് നോക്കി, അവിടെ ഇരുണ്ട മൂലയിൽ ഇരിക്കുന്നുണ്ട്; അത് അവൾ‌തന്നെ,,, പുള്ളിമൂങ്ങ,,,
                          മുതലാളിയുടെ കണ്ണുകൾ സന്തോഷം‌കൊണ്ട് തിളങ്ങി, അവ ഉരുണ്ടുയർന്ന് വെളിയിൽ വന്നു; ഇത്രയധികം പണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം എല്ലാവരെയും നോക്കി പ്രഖ്യാപിച്ചു,
“ലീയോൺ സിംഹത്തിന്റെ ഒഴിവിലേക്ക് പുള്ളിമൂങ്ങയെ ടീച്ചറായി നിയമിക്കുകയാണ്. ഡേയ്, മഞ്ഞക്കൊമ്പാ ഇവളെ നമ്മുടെ വിദ്യാലയത്തിൽ അദ്ധ്യാപികയായി നിയമിക്കുക,, ഒപ്പിടാൻ കടലാസുകൾ തയ്യാറാക്കി കൊണ്ടുവാ,,”

                          പുള്ളിമൂങ്ങക്ക് സന്തോഷം സഹിക്ക വയ്യാതായി; അവൾ മറ്റുള്ളവരുടെ ഇരുണ്ട മുഖങ്ങൾ ശ്രദ്ധിച്ചു. സ്ക്കൂളിലേക്ക് കാറിലിരുന്ന് പറക്കുമ്പോൾ‌തന്നെ ഈ ജോലി തനിക്ക് കിട്ടുമെന്ന് ഉറപ്പാക്കിയതാണ്. കാരണം മറ്റുള്ളവരെക്കാൾ കൂടുതൽ പണം കൊടുക്കാൻ ഇന്ന് അവൾക്ക് മാത്രമേ കഴിയുകയുള്ളു. ഏകമകളായതിനാൽ മരിക്കുന്നതിനു മുൻപ് അച്ഛൻ സമ്പാദിച്ചത് മുഴുവൻ പൊന്നും പണവും ആക്കിമാറ്റിയിട്ട്, കാനന ബാങ്കിലെ ‘തേക്ക്മരം ലോക്കറിൽ’ അടച്ചുവെച്ചിട്ടുണ്ട്. കൂടാതെ സ്വന്തം പേരിലുള്ള ബാങ്ക് ഡപ്പൊസിറ്റ് പണവും പലിശയും വർദ്ധിച്ചുകൊണ്ടിരിക്കയാണ്.
                          പുള്ളി പോക്കറ്റിൽ നിന്ന് ചെക്ക് ബുക്കെടുത്ത്, അതിൽ ‘പത്ത് കോടി’ മാക്രി മുതലാളിയുടെ പേരിൽ എഴുതിയ കടലാസ് കൊടുത്തു. അങ്ങനെ ലീയോൺ സിംഹം മരിച്ചതുകൊണ്ട് വനമംഗലം സ്ക്കൂളിലുണ്ടായ ഒഴിവിലേക്ക് പുള്ളിമൂങ്ങയെ അദ്ധ്യാപികയായി ചേർത്തു.

                          പുള്ളിയെ ചേർത്ത് കഴിഞ്ഞപ്പോൾ ഹെഡ്‌മാസ്റ്റർ മഞ്ഞക്കൊമ്പനാനക്ക് പലതരം സംശയങ്ങൾ ഉയർന്നു. ‘പകൽ കണ്ണുകാണാത്ത ഈ പുള്ളി, ഒരു ടീച്ചറാവാൻ എങ്ങനെയാണ് പഠിച്ചത്? തന്റെ അറിവിൽ നിശാപാഠശാലകൾ ഒന്നും‌തന്നെ വനമംഗലം കാട്ടിലോ കാനന മഹാരാജ്യത്തോ ഇല്ല. അത് മാത്രമാണോ പ്രശ്നം; പകൽ കണ്ണുകാണാത്ത ഈ ടീച്ചറെങ്ങനെ കുട്ടികളെ പഠിപ്പിക്കും? രാത്രി വിളക്ക് വെച്ച് ക്ലാസ്സ് നടത്താനും പറ്റില്ല; ഇരുട്ടത്ത് മാത്രം കണ്ണുകാണുന്നവളാണല്ലൊ ഈ പുള്ളീ!’
 “മാനേജർ സാർ ഒരു സംശയം, പകല് കണ്ണ് കാണാത്ത ഈ ടീച്ചറെങ്ങനെ പഠിപ്പിക്കും? പിന്നെ,,, ടീച്ചറുടെ പരീക്ഷകൾ പാസായ സർട്ടിഫിക്കറ്റുകളും ലഭിച്ച മാർക്കുകളും,,,”
ആന ഹെഡ്‌മാസ്റ്റർ മാക്രി മാനേജറുടെ മുന്നിൽ തലചൊറിഞ്ഞുകൊണ്ട് സംശയം ചോദിച്ചു.
“താൻ ഹെഡ്‌മാഷായി ഇവിടെയിരുന്ന് സർക്കാർ തരുന്ന ശമ്പളം വാങ്ങിയാൽ മതി. എന്റെ സ്ക്കൂളിൽ ആര് പഠിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. അല്ലെങ്കിലും ഈ സ്ക്കൂള് നടത്തുന്നത് വലിയ നഷ്ടത്തിലാണ്; ആരെങ്കിലും ചത്ത് കിട്ടിയാലാണ് ലാഭം. എത്ര കാലം കാത്തിരുന്നിട്ടാ ഒരുത്തൻ ചത്തിട്ട് ഒഴിവ് വരുന്നത്? എടി പുള്ളീ നീ നിന്റെ കടലാസുകളേതാണെന്ന് വെച്ചാ കൊടുത്തേക്കണം”
“ഏതൊക്കെ സർട്ടിഫിക്കറ്റും മാർക്ൿലീസ്റ്റുകളും വേണമെന്നറിയിച്ചാൽ ഇന്ന് രാത്രിതന്നെ സൂപ്പർ‌മാർക്കറ്റിൽ നിന്ന് വാങ്ങിത്തരാം”
പുള്ളി ഹേഡ്‌മാസ്റ്ററെ അറിയിച്ചു,
“എന്നാലും സാർ ഈ ടീച്ചറെങ്ങനെ പകൽ‌നേരത്ത് പഠിപ്പിക്കും? നമ്മുടെ കുട്ടികളുടെ കാര്യം?”
“താൻ മിണ്ടാതിരിക്കെടാ, ഈ മാക്രി മെമ്മോറിയൽ ഹൈസ്ക്കൂളിൽ പഠിക്കുന്ന കുട്ടികൾ നന്നാവണമെന്ന ആശയൊന്നും എനിക്കില്ല. പിന്നെ എന്റെ പിള്ളേരൊന്നും ഇവിടെ പഠിക്കുന്നില്ല. അവരെല്ലാം വനമംഗലം നീന്തൽകുളത്തിനടിയിൽ വിദേശികൾ നടത്തുന്ന ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലാണ്. ആരാന്റെ പിള്ളേരോട് പോയിതുലയാൻ പറ,,”

                           മാക്രി മുതലാളി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് പുറത്തിറങ്ങി കാറിനുനേരെ നടന്നപ്പോൾ ഹെഡ്‌മാസ്റ്റർ മഞ്ഞക്കൊമ്പനാന അദ്ദേഹത്തെ അനുഗമിച്ചു. ഡ്രൈവർ ചീറ്റ കാറിന്റെ ഡോർ തുറന്നുകൊടുത്തപ്പോൾ മാക്രി അകത്തുകയറി. മാനേജറുടെ കാർ അകന്നു പോകുന്നതുനോക്കി ഹെഡ്‌മാസ്റ്റർ ചിന്തിക്കാൻ തുടങ്ങി, ‘ഇങ്ങനെ പോയാൽ ഈ മാനേജർ അദ്ധ്യാപകർക്ക് വെഷംകൊടുത്ത് കൊല്ലുമല്ലൊ’.
(തുടരും)

Wednesday, February 9, 2011

പാഠം7 അദ്ധ്യാപക നേതാവ്

                                               പാഠം7 അദ്ധ്യാപക നേതാവ്                         
                            സ്ക്കൂളിന്റെ അകത്ത് മേൽക്കൂരയിലെ കഴുക്കോലിൽ, നീണ്ട വാല്‌കൊണ്ട് ചുറ്റിപ്പിടിച്ച്, അദ്ധ്യാപകരെല്ലാം ഒന്നിച്ചിരിക്കുന്ന ആ മുറിയിലെ സംഭവങ്ങൾ ഓരോന്നായി സീരൻ കുരങ്ങൻ നിരീക്ഷിക്കുകയാണ്. അവിടെ, താഴെ അദ്ധ്യക്ഷസ്ഥാനത്ത് ഇരിക്കുകയാണ് ഹെഡ്മാസ്റ്റർ മഞ്ഞക്കൊമ്പനാന. അദ്ദേഹത്തിന്റെ ഉറക്കം ഞെട്ടിയതോടെ ചീവീടുകൾ കരച്ചിൽ നിർത്തി.
ഞെട്ടിയുണർന്ന അദ്ദേഹം പതിവുപോലെ മുന്നിലുള്ളവരെ ഭീഷണിപ്പെടുത്തി,
“ആരെടാമുന്നിൽ നിൽക്കുന്നത്? തന്നെ ഞാൻ ഡിസ്മിസ് ചെയും”
                           പഴം‌തിന്നപ്പോൾ ചെറുതായെങ്കിലും ഹെഡ്‌മാസ്റ്ററുടെ ചിഹ്നം വിളി കേട്ട് മുന്നിലിരിക്കുന്ന അദ്ധ്യാപരെല്ലാം ഒന്ന് ഞെട്ടി. പെട്ടെന്ന്‌തന്നെ അദ്ദേഹത്തിന് പരിസരബോധം വന്നതിനാൽ തുമ്പിക്കൈ ഉയർത്തി എല്ലാവരെയും അനുഗ്രഹിച്ചു.

“സർ, പരിപാടികളിൽ ആദ്യഇനം നന്ദിപ്രകടനമാണ്, അത് സാറാണ് ചെയ്യേണ്ടത്,”
ബോറൻ കരടിമാസ്റ്റർ, ഹെഡ്‌മാസ്റ്ററെ ഓർമ്മപ്പെടുത്തി.
                         ഇരിപ്പിടത്തിൽ നിന്ന് അനായാസം എഴുന്നേറ്റ്, ഒരു പശുവിന്റെ മാത്രം പലിപ്പമുള്ള ആ ആന, തുമ്പിക്കൈ ചുഴറ്റി ചെവികൾ വീശി തലകുലുക്കിക്കൊണ്ട് എല്ലാവരെയും നോക്കി പുഞ്ചിരിച്ചു. കഴിച്ച പഴത്തിന്റെ ശക്തിയാൽ ചെറുതായതിൽ അദ്ദേഹത്തിന് വളരെ സന്തോഷം തോന്നുന്നുണ്ട്. മറ്റുള്ള അദ്ധ്യാപകരെപോലെ ചെറുതാണെങ്കിലും ശരീരം നന്നായി ചലിപ്പിക്കാൻ കഴിഞ്ഞതിൽ ഹെഡ്‌മാസ്റ്ററായ ആനക്ക് വളരെ സന്തോഷം.
ഹെഡ്‌മാസ്റ്റർ പറഞ്ഞുതുടങ്ങി,
“എല്ലാവർക്കും നന്ദി, നമ്മുടെ കൂടെ വളരെക്കാലം ജോലി ചെയ്ത ലീയോൺ സിംഹത്തിന്റെ അകാലചരമത്തിൽ അനുമോദിക്കാനായി അത്യാഹ്ലാതപൂർവ്വം എത്തിച്ചേർന്ന എല്ലാ അദ്ധ്യാപകർക്കും നന്ദി. അപകടകാരിയായ ആ അദ്ധ്യാപകന്റെ അപകടമരണത്തിൽ തെളിവില്ലാതെ അറസ്റ്റ് ചെയ്യപ്പെട്ട ‘അപ്പുമുയലിന്’ അഭിനന്ദനങ്ങൾ ഇതോടൊപ്പം അറിയിക്കുന്നു. മരിക്കും വരെ ലീയോൺ സിംഹം ഈ സ്ക്കൂളിലെ അദ്ധ്യാപകസമാജം സെക്രട്ടറി ആയിരുന്നു. ആ ഒഴിവിലേക്ക് പുതിയ ഒരാളെ നിങ്ങളെല്ലാം ചേർന്ന് കണ്ടെത്തണം. ഹെഡ്‌മാസ്റ്റർ ആയ ഞാനാണ് സമാജം പ്രസിഡണ്ട്; ഞാൻ ഇല്ലാത്ത നേരത്ത് ഈ നേതാവിന് ഹെഡ്‌മാസ്റ്ററുടെ സ്ഥാനം വഹിക്കാം”

അപ്പോഴെക്കും മുന്നിലിരിക്കുന്ന അദ്ധ്യാപകരുടെ ഇടയിൽ ഒരു ഇളക്കം തുടങ്ങി. എല്ലാവരും ഒന്നിച്ചെഴുന്നേറ്റ് പറഞ്ഞു,
“ഞാൻ,,, ഞാൻ,, തന്നെ അടുത്ത നേതാവ്”
                       അതുകേട്ടപ്പോൾ ഹേഡ്മാസ്റ്റർ ഒന്ന് ഞെട്ടി. താനൊരാൾ പ്രസിഡണ്ടും മറ്റെല്ലാവരും സെക്രട്ടറിയും ആയാൽ എന്തായിരിക്കും അവസ്ഥ! ഒരു ആനയായിട്ടുപോലും തനിക്ക് ഒരു സെക്രട്ടറിയെ പൊറുപ്പിക്കാൻ വലിയ പാടാണ്. മരിക്കുന്നതുവരെ ആ സിംഹത്തിന് സെക്രട്ടറി എന്ന പേരിൽ എന്തൊരു അഹംഭാവം ആയിരുന്നു! അവനാണ് ഈ സ്ക്കൂൾ ഭരിക്കുന്നത് എന്ന് തോന്നും!!!
“അത് പറ്റില്ല, ഡിസ്മിസ് ചെയ്യും, ഡിസ്മിസ്,,, ഞാനൊരാൾ മാത്രം പ്രസിഡണ്ടായിരിക്കുമ്പോൾ ഒന്നിലധികം സെക്രട്ടറിയോ? പാടില്ല; ഒരു പ്രസിഡണ്ട് സമം ഒരു സെക്രട്ടറി”
“എന്നാലത് ഞാൻ തന്നെ”
മിസ്സിസ്സ് രാജീരാജ് കലമാൻ തന്റെ സുന്ദരങ്ങളായ കൊമ്പുകൾ കുലുക്കി എഴുന്നേറ്റ് നിന്ന് പറഞ്ഞതിനുശേഷം എല്ലാവരെയും ഒന്ന് നോക്കി.

                        മറ്റുള്ള അദ്ധ്യാപകരെല്ലാം ഇത്‌കേട്ട് ആശ്ചര്യപ്പെട്ടു, സാധാരണയായി ഒരു മീറ്റിംഗ് നടക്കുമ്പോൾ അതൊലൊന്നും ശ്രദ്ധിക്കാതെ ഉറങ്ങുന്ന രാജിമാൻ ടീച്ചറാണ് ഇന്ന് മീറ്റിംഗിൽ എഴുന്നേറ്റ് നിന്ന് സെക്രട്ടറിയാവാമെന്ന് പറയുന്നത്. പെട്ടെന്ന് എല്ലാവർക്കും കാര്യം മനസ്സിലായി, പുതിയ ഫോറിൻ ഉടുപ്പ്; അതൊന്ന് എല്ലാവരും കാണാൻ വേണ്ടിയാണ് ടീച്ചർ ധൈര്യപൂർവ്വം എഴുന്നേറ്റ് നിന്നതും സെക്രട്ടറിയാവാനുള്ള മോഹം പറഞ്ഞതും. അതുകേട്ടപ്പോൾ കരടിമാസ്റ്റർ വിളിച്ചു പറഞ്ഞു,
“വേണ്ട വേണ്ട പെണ്ണുങ്ങൾ നേതാവ് ആകാൻ പാടില്ല”
“എന്തുകൊണ്ടു പാടില്ല? പെണ്ണുങ്ങൾക്ക് പഠിപ്പിക്കാൻ കഴിയുമെങ്കിൽ വീട് മാത്രമല്ല, വിദ്യാലയവും ഭരിക്കാം”
താറാവമ്മ ടീച്ചർ പ്രതിഷേധത്തോടെ പറഞ്ഞ് ഉച്ചത്തിൽ ക്വാക്ക് വിളിച്ചു.
“മിണ്ടാതിരിക്കണം, മാഷന്മാരിങ്ങനെ പിള്ളേരെപ്പോലെയായാൽ ഞാൻ എല്ലാറ്റിനേം ഡിസ്മിസ് ചെയ്യും”
മഞ്ഞക്കൊമ്പൻ ഹെഡ്‌മാസ്റ്റർ തുമ്പിക്കൈ മേശമേൽ മുട്ടി ശബ്ദമുണ്ടാക്കിയിട്ട് പറഞ്ഞു,
“ഒരു കാര്യം ചെയ്യു, നിങ്ങൾ‌തന്നെ ആലോചിച്ച് ഒരാളുടെ മാത്രം പേര് നിർദ്ദേശിക്കുക”
“അതിലിത്ര ആലോചിക്കാനെന്താണുള്ളത്? നമ്മുടെ പട്ടിവർഗ്ഗത്തിന്റെ പ്രതിനിധിയായ ‘ടിങ്കൻ കടുവ’ അതായത് ഈ ഞാൻ തന്നെ നേതാവ്”
കടുവസാർ എഴുന്നേറ്റ് നിന്ന് അലറി.
“അത് പറ്റില്ല, പൂച്ചവർഗ്ഗത്തിൽ നിന്നും രാജിവെച്ച കരിങ്കാലിയായ ടിങ്കൻ വേണ്ടേ, വേണ്ട. ഇവിടെ പക്ഷിവർഗ്ഗത്തിലാണ് ഭൂരിപക്ഷം അദ്ധ്യാപകരും, അപ്പോൾ അവരുടെ പ്രതിനിധിയായ ഞാൻ തന്നെ സെക്രട്ടറി നുവാട്ട്സൺ”
കഴുകൻ സാർ എഴുന്നേറ്റ്‌നിന്ന് ചിറകുയർത്തി പറഞ്ഞു.

എല്ലാം കണ്ടപ്പോൾ ബോറൻ കരടിസാർ എഴുന്നേറ്റ്‌നിന്ന് എല്ലാവരെയും ശാന്തരാക്കി,
“ഒരു കാര്യം ചെയ്യാം, എല്ലാവർക്കും സെക്രട്ടറി ആവണമെന്നല്ലെ? അതുകൊണ്ട് ഓരോ അദ്ധ്യാപകരുടെയും പേരുകൾ ഓരോ കടലാസ്സിൽ എഴുതിയിട്ട് അതിൽനിന്ന് ഹെഡ്‌മാസ്റ്റർ ഒരാളെ നറുക്കെടുക്കട്ടെ. ആ വ്യക്തിയാവണം ഈ വർഷത്തെ നമ്മുടെ നേതാവ്”
“ശരി അങ്ങനെത്തന്നെ”
എല്ലാവരും ഒന്നിച്ച് സമ്മതം മൂളിക്കൊണ്ട് തലയാട്ടി.

                        ഇതെല്ലാം കേട്ട്‌കൊണ്ട് മോന്തായത്തിൽ തൂങ്ങിയിരിക്കുന്ന സീരൻ കുരങ്ങൻ വളരെ ശ്രദ്ധിച്ച് താഴോട്ട് നോക്കി. അവിടെ കരടി സാർ ഓരോ അദ്ധ്യാപകരുടെയും പേര് പറഞ്ഞുകൊണ്ട് എഴുതുകയാണ്,
ഒന്നാം കടലാസ്സ് തുണ്ടിൽ എഴുതി,, ബോറൻ കരടി.
രണ്ടാം കടലാസ്സിൽ എഴുതി,, ങേ, അതും ബോറൻ കരടി തന്നെ,
മൂന്നാം കടലാസ്സിൽ എഴുതി,, ബോറൻ കരടി,
നാലാം കടലാസ്സിൽ എഴുതി,, അതും ബോറൻ കരടി!
എഴുതുന്നതിന് മുൻപ് പറയുന്നത് മറ്റുള്ള അദ്ധ്യാപകരുടെ പേരാണെങ്കിലും എല്ലാ തുണ്ടുകളിലും ബോറൻ കരടിമാത്രം.  സീരന് കരടിമാഷിന്റെ സൂത്രമറിഞ്ഞ് ചിരിയടക്കാൻ പ്രയാസമായി. ചിരി പുറത്തു വരുമെന്ന ഘട്ടമായപ്പോൾ അവൻ കുപ്പായത്തിന്റെ മൂല ചുരുട്ടി സ്വന്തം വായിൽ തിരുകി.

                       അദ്ധ്യാപകരുടെ പേരെഴുതിയ (സ്വന്തം പേരെഴുതിയ) കടലാസ്സ് തുണ്ടുകൾ ഓരോന്നും ചുരുട്ടി ഒന്നിച്ച് കുലുക്കിയശേഷം കരടിസാർ ഹെഡ്‌മാസ്റ്ററുടെ മുന്നിലുള്ള മേശപ്പുറത്തിട്ടു. അതിലൊന്ന് ഹെഡ്‌മാസ്റ്റർ തുമ്പിക്കൈകൊണ്ട് എടുക്കുമ്പോൾ മറ്റുള്ള തുണ്ടുകൾ പറന്ന് താഴെവീണു. അങ്ങനെ താഴെവീണവയെല്ലാം സൂത്രത്തിൽ എടുത്ത കരടിസാർ,  ജനാലയിലൂടെ പുറത്തേക്കിട്ടു.
                        നറുക്കെടുത്ത ചുരുട്ടിയ കടലാസ് നിവർത്തിയപ്പോൾ തങ്ങളുടെ കൂട്ടത്തിൽ‌നിന്ന് നേതാവായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയെ അറിയാനായി എല്ലാവരും ആകാംക്ഷയോടെ ചെവി കൂർപ്പിച്ചു. ആ കടലാസ് തുണ്ട് നോക്കി  സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകന്റെ പേര് ഹെഡ്‌മാസ്റ്റർ വായിച്ചു,
“വുൾഫൻ ചെന്നായ”
പേരെഴുതിയ കരടിസാറും അത് കണ്ടുനിന്ന സീരൻ കുരങ്ങനും ഒന്നിച്ച് ഞെട്ടി,,,
ങെ,,, അതെങ്ങനെയാണ്? ഹെഡ്മാസ്റ്റർ എഴുതാത്ത പേരാണ് വായിക്കുന്നത്.
എങ്കിലും പറയാൻ പറ്റുമോ?

                        അതുവരെ ഒരക്ഷരവും മിണ്ടാത്ത വുൾഫൻ ചെന്നായയുടെ മനസ്സിൽ പുഞ്ചിരി വിടർന്നു. ‘ഇന്നലെ രാത്രി ഹെഡ്‌മാസ്റ്ററുടെ വീട്ടിൽ‌വെച്ച്, വെജിറ്റേറിയൻ പാർട്ടി നടത്താൻ ഒരു ചെന്നായക്ക് ഉണ്ടായ പ്രയാസം ഈ പഹയന്മാരെങ്ങനെ അറിയാനാണ്! എത്ര ഉരുളിയിലെ പായസമാണ് ഹെഡ്‌മാസ്റ്ററായ ഈ മഞ്ഞക്കൊമ്പനാന അകത്താക്കിയത്!’

“വുൾഫൻ ചെന്നായ നമ്മുടെ നേതാവായതിനാൽ ഇനി ഈ മീറ്റിംഗിന്റെ ഉദ്‌ഘാടനം നടത്താം”
ബോറൻ കരടിമാസ്റ്റർ വിളിച്ചു പറഞ്ഞു.
അതുകേട്ടപ്പോൾ വുൾഫൻ ചെന്നായ സദസിനു മുന്നിൽ വന്ന് പറയാൻ തുടങ്ങി,
“നിങ്ങളെല്ലാവരും ചേർന്ന് എന്നെ അദ്ധ്യാപകസമാജം സെക്രട്ടറി ആയി തെരഞ്ഞെടുത്തതിൽ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം നമ്മുടെയെല്ലാം പ്രീയങ്കരനായ ലീയോണിന്റെ അപ്രതീക്ഷിതമായ അപകട മരണത്തിൽ അനുമോദനവും,,,” പെട്ടെന്ന് ഒരു ഭീകര ശബ്ദത്തോടെ ഹെഡ്‌മാസ്റ്ററുടെ കസാര പൊട്ടാൻ തുടങ്ങി.
“ഠെ,,ഠെടെ,,,ഠ്‌റേ,,,ഡ്‌റേ,,,”
എല്ലാവരും പേടിച്ച് കൂവി,,, പേടി മാറിയതോടെ സംഭവം കണ്ട് ഓരോരുത്തരും പൊട്ടിച്ചിരിച്ചു.

                        മുറിക്കകത്ത് പ്രവേശിക്കാനായി ശക്തിയുള്ള മരുന്ന്‌പഴം കഴിച്ച് ചെറുതായ ആന, ആ മരുന്നിന്റെ ശക്തി കുറഞ്ഞപ്പോൾ ഒറിജിനൽ ആനയുടെ രൂപത്തിലായി മാറിയതാണ്. അപ്പോൾ ഒരു പശുവിന് മാത്രം ഇരിക്കാവുന്ന ഈ കൊച്ചു കസാരയിലെങ്ങനെ കൊമ്പനാന ഹെഡ്‌മാസ്റ്റർ ഇരിക്കും? കസാര പൊട്ടിത്തകർന്ന് അദ്ദേഹമതാ കിടക്കുന്നു,,, ഭൂമിയിൽ!!! അംഗരക്ഷകരായ കുറുക്കന്മാർ ആനയെ വലിച്ചുയർത്താൻ പാട്‌പെടുകയാണ്.

                         അദ്ധ്യാപകരെല്ലാം ആനഹെഡ്‌മാസ്റ്ററുടെ ദയനീയമായ അവസ്ഥ കണ്ട് പെട്ടെന്ന് ചിരി നിർത്തി. സാധാരണ മൃഗങ്ങളെപ്പോലെ ചിരിച്ചുപോയതിൽ അവർ പരിതപിച്ചു. എല്ലാവരും ചേർന്ന് ഹെഡ്‌മാസ്റ്ററെ ഉയർത്താൻ ശ്രമിച്ചപ്പോൾ ഒരു കുരങ്ങൻ മേൽക്കൂരയിൽ‌നിന്നും പിടിവിട്ട് താഴോട്ട് വീണു. അത് സീരൻ കുരങ്ങനായിരുന്നു, ആ വിദ്യാലയത്തിലെ പുതിയ വിദ്യാർത്ഥി. കുരങ്ങൻ വീണത് ഹെഡ്‌മാസ്റ്റർ മഞ്ഞക്കൊമ്പനാനയുടെ തലയിൽ‌തന്നെ ആയതിനാൽ അവനെ തിരിച്ചറിയും‌മുൻപ് അദ്ദേഹത്തിന്റെ ബോധം നഷ്ടപ്പെട്ടു.
(തുടരും)

Saturday, January 29, 2011

പാഠം 6 പുതിയ സൂത്രങ്ങൾ

പാഠം 1 റാകിപ്പറക്കട്ടെ,
പാഠം 2. സ്ക്കൂൾ അഡ്മിഷൻ
പാഠം 3 : മിസ്സിസ്സ് രാജീ രാജ്
പാഠം. 4. ശാസ്ത്രപുരോഗതി
പാഠം 5 സ്വർണ്ണമാലയുമായി ക്ലാസ്സിൽ

ഇനി പാഠം 6 തുടങ്ങാം :     പുതിയ സൂത്രങ്ങൾ

                        അദ്ധ്യാപകരെല്ലാം ഒന്നിച്ചിരിക്കുന്ന രംഗം മേൽക്കൂരയിലിരുന്ന് താഴോട്ട് നോക്കിയിരിക്കുകയാണ് സീരൻ കുരങ്ങൻ. പെട്ടെന്ന് എല്ലാവരുടെയും ശബ്ദം നിലച്ചു; അതുവരെ സംസാരിച്ചിരുന്നവരെല്ലാം ഭയത്തോടെ വാതിലിനു നേരെ നോക്കാൻ തുടങ്ങി. അവിടെ ഒരു തുമ്പിക്കൈ അകത്തേക്ക് നീളുന്നത് കണ്ടിട്ടായിരിക്കണം എല്ലാവരും ഒന്നിച്ച് എഴുന്നേറ്റ് നിന്നു. അകത്ത് പ്രവേശിച്ച ആ തുമ്പിക്കൈ സ്ക്കൂളിലെ ഹെഡ്‌മാസ്റ്റർ മഞ്ഞക്കൊമ്പൻ ആനയുടേതാണെന്ന് തിരിച്ചറിഞ്ഞ സീരൻ കുരങ്ങൻ മേൽക്കൂരയിലൂടെ അല്പം മുന്നോട്ട് വാതിലിനു സമീപം വന്നു.
ഇപ്പോൾ എല്ലാം വ്യക്തമായി കാണാം.

                                 ഹെഡ്‌മാസ്റ്ററുടെ കൂടെ അകമ്പടിക്കാരായി തോക്കേന്തിയ കുറുക്കന്മാരും ചീവീടുകളായ കുട്രൂ, ലുട്രൂ എന്നിവരെയും കൂടാതെ സഹായി ആയ ചിങ്കനാമയും പ്യൂൺ തുരപ്പൻ പെരിച്ചാഴിയും സമീപത്ത് ഹാജരുണ്ട്. എല്ലാവരും വാതിലിനു മുന്നിൽ വന്ന് അകത്തേക്ക് നോക്കി നിൽക്കുകയാണ്. അവിടെ ഒരു വലിയ പ്രശ്നം ഉണ്ടല്ലോ???
സീരന് ചിരിവന്നു, ‘ഇത്രയും വലിയ ഹെഡ്‌മാഷ് ഇത്രയും ചെറിയ വാതിലിലൂടെ എങ്ങനെ അകത്ത് കടക്കും? ആ വാതിലിലൂടെ കൊമ്പനാനക്ക് മാത്രമല്ല് ഒരു ആനക്കുട്ടിക്ക് പോലും അകത്ത് കടക്കാനാവില്ല. അദ്ദേഹം പുറത്തും അദ്ധ്യാപകർ അകത്തുമായി ഇരുന്നായിരിക്കണം മീറ്റിംഗ്’,,,

                                  അത്ഭുതങ്ങൾ സംഭവിക്കുന്നതിന് സാക്ഷിയാവാനായി സീരൻ കുരങ്ങൻ കഴുക്കോലിൽ വാലും കാലും ഉറപ്പിച്ച് താഴോട്ട് കണ്ണടക്കാതെ നോക്കി. അവരുടെ കൂട്ടത്തിൽ നിന്നും ചിങ്കനാമ പതുക്കെ നടന്ന് ഹെഡ്‌മാസ്റ്ററുടെ മുന്നിലെത്തി. അവൻ ഒരു ചെറിയ പെട്ടി തുറന്ന് അതിൽ നിന്ന് കറുപ്പ് നിറമുള്ള ഒരു പഴം പുറത്തെടുത്ത് ആനയുടെ തുമ്പിക്കൈയിൽ വെച്ചുകൊടുത്തു. കാട്ടിലെ മരം മുഴുവൻ കയറിയിട്ടും ഇതുവരെ സീരൻ കുരങ്ങൻ ഇങ്ങനെയൊരു കറുത്തപഴം കണ്ടിട്ടില്ല. ‘മണ്ണിനടിയിലെ പഴമായിരിക്കാം’ സീരൻ മനസ്സിൽ ഓർത്തു.

                                   തുമ്പിക്കൈ ചുരുട്ടി ഹെഡ്‌മാസ്റ്റർ പഴം വായിലിട്ട് ചവച്ചരച്ച് തിന്നാൻ തുടങ്ങിയതോടെ അതാ അത്ഭുതം സംഭവിക്കുന്നു,,, 
ആന ചെറുതാവുന്നു!!! 
ചെറുതായി ചെറുതായി ഒടുവിൽ ഒരു കാളയുടെ വലിപ്പമായി. തുടർന്ന് സ്ലിം ആയ സന്തോഷത്തോടെ രണ്ട് കൈയും തുമ്പിക്കൈയും വീശി തുറന്ന വാതിലിലൂടെ ‘ആ ആന’ അകത്ത് കടന്നു. പറഞ്ഞാൽ വിശ്വസിക്കാനാവാത്ത അത്ഭുതങ്ങൾ കാണുന്ന സീരൻ അടുത്ത അത്ഭുതത്തിനായി കാത്തിരുന്നു.

ശരീരം ചെറുതായെങ്കിലും ഹെഡ്‌മാസ്റ്ററെ മുന്നിൽ കണ്ടതോടെ അദ്ധ്യാപകരെല്ലാം ഒന്നിച്ച് പറഞ്ഞു,
“ഗുഡ്‌മോണിംഗ് സാർ”
“ഗുഡ്‌മോണിംഗ് ടീച്ചേർസ്, സിറ്റ്‌ഡൌൺ”
                                കസാരയിലിരുന്ന് ഹെഡ്‌മാസ്റ്റർ തുമ്പിക്കൈ വീശിയതോടെ അദ്ധ്യാപകരെല്ലാം സ്വന്തം സ്ഥലത്ത് ഇരുന്നു. തോക്കേന്തിയ കുറുക്കന്മാർ ഹെഡ്‌മാസ്റ്ററുടെ ഇരുവശത്തും തോക്ക് മേലോട്ടുയർത്തിക്കൊണ്ട് അറ്റൻഷനായി നിന്നു. അതിലൊരുത്തൻ പിടിച്ച തോക്കിന്റെ കുഴൽ മോന്തായം പിടിച്ച് തൂങ്ങുന്ന തന്റെ നേരെയാണെന്ന് കണ്ടപ്പോൾ സീരൻ ഞെട്ടിവിറച്ചു.

                    അദ്ധ്യാപകരുടെ കൂട്ടത്തിൽ നിന്ന് ബോറൻ കരടിമാസ്റ്റർ മുന്നോട്ട് വന്നു. അദ്ദേഹം അവിടെയുള്ള എല്ലാവരെയും നോക്കിയിട്ട് പറഞ്ഞു,
“ഹെഡ്‌മാസ്റ്റർ മഞ്ഞക്കൊമ്പൻ ആനക്കും എല്ലാ അദ്ധ്യാപകർക്കും സ്വാഗതം. ഈ പരിപാടിയുടെ ആദ്യത്തെ ഇനമായ നന്ദിപ്രകടനത്തിനാണ് ഞാനിവിടെ വന്നത്. ഇനി പരിപാടികൾ തുടങ്ങാനായി നമ്മുടെ ബഹുമാനപ്പെട്ട ഹെഡ്‌മാസ്റ്ററെ ക്ഷണിക്കുന്നു”
തുടർന്ന് കരടി മാസ്റ്റർ ഹെഡ്‌മാസ്റ്ററെ നോക്കിയപ്പോൽ മറ്റുള്ളവരും നോക്കി. അദ്ദേഹത്തിനിപ്പോൾ ആനയുടെ വലിപ്പമില്ലെങ്കിലും ആനയെപ്പോലെ ഉറങ്ങുകയാണ്.
കരടിമാസ്റ്റർ ചീവീടുകളെ നോക്കി പറഞ്ഞു,
“കുട്രൂ, ലുട്രൂ സാറിനെയൊന്നുണർത്ത്?”
                           കുട്രുവിനും ലുട്രുവിനും പതിവുപോലെ ആനച്ചെവിക്കുള്ളിൽ കയറേണ്ടി വന്നില്ല. അവർ അദ്ദേഹത്തിന്റെ ചുമലിൽ കയറിയിരുന്ന് പാട്ട് പാടാൻ തുടങ്ങി. അദ്ധ്യാപകരെല്ലാം ഉടനെ ചെവിക്കുള്ളിൽ പഞ്ഞി തിരുകി, പഞ്ഞിയില്ലാത്തവർ ഉടുവസ്ത്രത്തിന്റെ തുമ്പ് ചെവിയിൽ തിരുകി.
(തുടരും)

Friday, January 7, 2011

പാഠം 5 സ്വർണ്ണമാലയുമായി ക്ലാസ്സിൽ

ആദ്യപാഠങ്ങൾ ഇവിടെയുണ്ട്
പാഠം1: മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ

പാഠം 2. സ്ക്കൂൾ അഡ്മിഷൻ

പാഠം 3 : മിസ്സിസ്സ് രാജീ രാജ്

പാഠം. 4. ശാസ്ത്രപുരോഗതി 

ഇനി പുതിയ പാഠം തുടങ്ങാം

                                                പാഠം 5 സ്വർണ്ണമാലയുമായി ക്ലാസ്സിൽ
“അയ്യോ, എന്റെ മാല,,,”
റിനു മുയൽ കരഞ്ഞുകൊണ്ട് ഓരോ സഹപാഠികളെയും നോക്കി; ഒടുവിൽ മേലോട്ട്‌ചൂണ്ടി വില്ലൻ‌കോഴിയോട് അപേക്ഷിച്ചു,
“വില്ലൻ‌ചേട്ടാ ആ മരത്തിനിടയിൽ‌നിന്ന് എന്റെമാല ഒന്നെടുത്തുതാ,,”
“പോടാ, നിന്റെയൊരു മാല,,,വേണമെങ്കിൽ കയറിയെടുക്ക്; ഇഷ്ടം‌പോലെ ഫോറിൻ‌സ്വർണ്ണം വീട്ടിലുണ്ടെന്ന്‌വെച്ച് ആണായ നീ പെണ്ണിനെപ്പോലെ മാലയിട്ട് വരണോ,, കൊക്കരേ കൂ,,,”
വില്ലൻ‌കോഴി അവനെ കളിയാക്കി കൂവാൻ തുടങ്ങി.

                           റിനുവിന്റെ കരച്ചിലിന്റെ ശബ്ദം വർദ്ധിച്ചു; അങ്ങനെ കരഞ്ഞുകൊണ്ട് ഓരോ പക്ഷികളെയും അവൻ നോക്കിയെങ്കിലും അവരാരും‌തന്നെ അവനെ സഹായിക്കാൻ തയ്യാറായില്ല. എന്നും ഫോറിൻ ഡ്രസ്സ് അണിഞ്ഞ് സുഗന്ധം‌പൂശി വരുന്ന റിനുവിനോട് എല്ലാവർക്കും അസൂയയാണ്.
                           വീട്ടിൽ ഒരു കൊച്ചുവിപ്ലവം നടത്തിയിട്ടാണ് റിനുമുയൽ സ്വർണ്ണമാലയിട്ട് ക്ലാസ്സിൽ വന്നത്. തലേദിവസം രാത്രി ഉറങ്ങാൻ‌നേരത്ത് റിനു പാല് കുടിച്ചില്ല. അമ്മ നിർബന്ധിച്ചപ്പോൾ അവൻ ആവശ്യം പറഞ്ഞു, ‘ഇനിയുള്ള എല്ലാദിവസവും സ്വർണ്ണമാലയിട്ട് സ്ക്കൂളിൽ പോകാൻ അനുവദിക്കണം’.
                          ഒടുവിൽ ‘എന്റെ മോൻ സ്വർണ്ണമാലയിട്ട് സ്ക്കൂളിൽ പോയ്‌ക്കോ; വഴിയിലുള്ള കള്ളന്മാരെ ശ്രദ്ധിച്ചാൽ മതി’ എന്ന് അമ്മ ഉറപ്പുനൽകിയപ്പോൾ അവൻ പാല് കുടിച്ച് ഉറങ്ങാൻ കിടന്നു. അങ്ങനെ പിറ്റേന്ന് വട്ടക്കഴുത്തിൽ വീതികൂടിയ സ്വർണ്ണനെക്ൿലേസും അണിഞ്ഞാണ് അവൻ ക്ലാസ്സിൽ വന്നത്. മറ്റുള്ളവർ മാല ശ്രദ്ധിക്കാനായി ഷെർട്ടിന്റെ മുകളിലുള്ള രണ്ട് ബട്ടനുകൾ ഇളക്കിമാറ്റിയിരുന്നു.

                         റിനുമുയൽ സ്വർണ്ണത്തിളക്കവുമായി ക്ലാസ്സിൽ കാലെടുത്തു കുത്തിയ നിമിഷംതന്നെ ലാലുക്കുറുക്കൻ പരിഹസിച്ചു, “ഡ്യൂപ്ലിക്കേറ്റ് സ്വർണ്ണമാലയുമായി ഒരു മുയല് വന്നിട്ടുണ്ടേ,,,,, കൂ,,യി”
“ങെ,, ഇത് ഡ്യൂപ്ലിക്കേറ്റല്ല,, അസ്സൽ സ്വർണ്ണമാ,,, 24 ക്യാരറ്റ്,,, 916 പരിശുദ്ധി”
“പോടാ കാരറ്റ്‌തീനീ, ഇമിറ്റേഷൻ മാലാ,,, കൂ,,,,,യി”
“ഒന്ന് പരിശോധിച്ച് നോക്കിയിട്ട് പറയണം, അതിന് ഇതുവരെ സ്വർണ്ണം കാണാത്ത തനിക്കെങ്ങനെയാ ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തിരിച്ചറിയുന്നത്?”
“എന്നാൽ അതൊന്ന് നോക്കട്ടെ?”
അപ്പോഴെത്തെ വാശിക്ക് റിനു സ്വന്തം മാല അഴിച്ച് കുറുക്കന് നൽകി. മാല കിട്ടേണ്ടതാമസം അവനത് മേലോട്ടെറിഞ്ഞ് കളിക്കാൻ തുടങ്ങിയപ്പോൾ മോന്തായത്തിലെ ഓലകൾക്കിടയിൽ കുടുങ്ങി. അതിനുശേഷം ഒന്നും സംഭവിക്കാത്തമട്ടിൽ സ്വന്തം സ്ഥാനത്ത് പോയിരുന്നു.

“ഇതെന്താ ഇനിയും ബെല്ലടിച്ചില്ലെ?”
അല്പം ലെയിറ്റ് ആയതിനാൽ ക്ലാസ്സിലേക്ക് ഓടിവന്ന സീരൻ കുരങ്ങൻ എല്ലാവരോടുമായി ചോദിച്ചു.
“ഇന്നിപ്പഴൊന്നും മണിയടിച്ച് പാഠം തുടങ്ങില്ല, മാഷ്‌മ്മാരെല്ലാം ഒന്നിച്ചിരുന്ന് വർത്തമാനം പറയുകയാ,, മീറ്റിംഗ്”
കോലൻ കൊക്ക് പറഞ്ഞത് കേട്ടപ്പോൾ സീരൻ ആശ്വാസത്തോടെ സ്വന്തം സ്ഥലത്തിരുന്നു; ബെല്ലടിക്കുമല്ലോയെന്ന് പേടിച്ച് ഓടിയത് വെറുതെയായി.
“സീരൻ ചേട്ടാ ഒന്നാ മാലയെടുത്ത് താ”
റിനു മുയൽ മേലോട്ട് ചൂണ്ടിക്കൊണ്ട് സീരനോട് പറഞ്ഞു.
“മാലയോ? എവിടെ?”
“അതാ അവിടെ ഓലകൾക്കിടയിൽ കുടുങ്ങിയതാണ്, ആ ലാലു എറിഞ്ഞതാ,,”
“ഞാനെടുത്തുതരാം”
സീരൻ എഴുന്നേറ്റ് രണ്ട് കാലിൽ നിവർന്ന്നിന്ന് മേലോട്ട് നോക്കി; ക്ലാസ്സിലുള്ളവരിൽ ഏറ്റവും പ്രായംകുറഞ്ഞ റിനുവിനെ സീരന് വളരെ ഇഷ്ടമാണ്.
“ടോ,, സീരാ,,, അടങ്ങിയിരുന്നോളണം, നീയെങ്ങാനും അവനെ സഹായിച്ചാലുണ്ടല്ലൊ,,”
ലാലു ഭീഷണിപ്പെടുത്തി.
അപ്പോഴേക്കും സീരൻ ക്ലാസ്സിലെ ജനൽക്കമ്പി പിടിച്ച് മേലോട്ട് ചാടി മോന്തായത്തിലെ കഴുക്കോലിൽ പിടിച്ചു. ഓലകൾക്കിടയിൽ‌നിന്ന് മാലയെടുത്ത് റിനു മുയലിന്റെ കൈകളിൽ ഇട്ടു.
“നീയിങ്ങ് താഴെവാ, നിന്റെ എല്ല് സൂപ്പാക്കും ഞാൻ”
ലാലുവിന് ദേഷ്യം വന്ന് കണ്ണ് കാണാതായി. സീരനാണെങ്കിൽ അവിടെനിന്നും വാലിൽ‌തൂങ്ങിക്കൊണ്ട് ലാലുവിനെ നോക്കി കൊഞ്ഞനം കാട്ടിക്കൊണ്ട് പറഞ്ഞു,
“എടോ ലാലുവെ, നിന്റെ അപ്പൂപ്പൻ പണ്ടൊരുകാലത്ത് മുന്തിരി തിന്നാൻ കൊതിയായപ്പോൾ ചാടിയതല്ലെ, അപ്പോഴല്ലെ മൂപ്പർക്ക് മുന്തിരിങ്ങ കയ്ച്ചത്,,, അത്‌പോലെ നിനക്കും ചാടാമോ?”
കുരങ്ങന്റെ പരിഹാസം കേട്ടപ്പോൾ ലാലു മേലോട്ട് ചാടിയെങ്കിലും താഴേ മൂക്കുംകുത്തി വീണു. അത് കണ്ട് എല്ലാവരും ചിരിക്കാനും കൂവാനും തുടങ്ങി.

                           കൂട്ടുകാരുടെ ചിരി മുഴുവൻ കേൾക്കും‌മുൻപെ സീരൻ പത്താം തരത്തിലെ മോന്തായത്തിൽ നിന്നും കഴുക്കോൽ പിടിച്ച് ഒൻപതാം ക്ലാസ്സിലേക്ക് കടന്നു; പിന്നെ അതിനടുത്ത എട്ടാം ക്ലാസ്സിൽ. അങ്ങനെ സ്ക്കൂൾ കെട്ടിടത്തിന്റെ ഓലമേഞ്ഞ മേൽക്കൂരയിലെ കഴുക്കോൽ വാലുകൊണ്ടും കാലുകൊണ്ടും പിടിച്ച് സീരൻ ഓരോ ക്ലാസ്സുകളും പിന്നിട്ടു. അങ്ങനെയൊരു കുരങ്ങൻ അവരുടെ തലക്കുമുകളിലൂടെ സഞ്ചരിക്കുന്നത് താഴെയിരിക്കുന്ന വിദ്യാർത്ഥികളാരും അറിഞ്ഞതേയില്ല. അദ്ധ്യാപകരില്ലാത്ത നേരത്ത് എല്ലാ വിദ്യാർത്ഥികളുടെയും സ്വഭാവം ഒരുപോലെ തന്നെ; ആരും പഠിക്കുന്നില്ല, പുസ്തകം തൊടുന്നതേയില്ല. അടിപിടിയും ചിരിയും കരച്ചിലും ഓട്ടവും ചാട്ടവും, സർവ്വത്ര ബഹളമയം. അതിനിടയിൽ അവരാരും അറിയാതെ സീരൻ കുരങ്ങൻ പത്താം തരത്തിൽ നിന്ന് പതുക്കെ സഞ്ചരിച്ച്, ഒന്നാതരത്തിന് മുകളിലെത്തി.

                         പിന്നീട് സീരൻ ഒന്നാം‌ തരത്തിനപ്പുറം കടന്നു; അവിടം ഓലയും മുളയും ചൂരലും ചേർത്ത് ഉറപ്പുള്ള മേൽക്കൂരയാണ്. സീരൻ ആശ്ചര്യപ്പെട്ടു; അവിടം നിശബ്ദമാണ്, സൂചി വീണാൽ‌പോലും കേൾക്കാം. ആ മുറിയിൽ കടന്ന് താഴോട്ട് നോക്കിയ സീരന്റെ ശരീരം മുഴുവൻ വിറച്ചു. സ്ക്കൂളിലെ എല്ലാ അദ്ധ്യാപകരും ഒന്നിച്ചിരിക്കുന്ന ഭീകര രംഗമാണ് അവിടെ അവൻ ദർശിച്ചത്; അപ്പോൾ ഒടുവിൽ താൻ എത്തിച്ചേർന്നത് അദ്ധ്യാപകരുടേതായ മുറിയിലാണ്. ഒരുനിമിഷം പിടിവിട്ട് താഴെവീഴുമോ എന്നവൻ ഭയപ്പെട്ടു; അങ്ങനെ വീഴുകയാണെങ്കിൽ നേരെ താഴെയിരിക്കുന്ന കഴുകൻ‌സാറിന്റെ തലയിലായിരിക്കും. പിന്നത്തെ കഥ പറയാനുണ്ടോ? അവൻ വാലുകൊണ്ട് കഴുക്കോൽ ഒന്നുകൂടി മുറുകെ ചുറ്റിപ്പിടിച്ചു.
                       താഴെ വീണില്ലെങ്കിലും അവിടെ അങ്ങനെയിരിക്കുന്നത് അപകടമാണെന്ന് സീരന് തോന്നി. എന്തെങ്കിലും ശബ്ദമുണ്ടായാലോ? മറ്റുള്ളവരിൽ‌നിന്ന് രക്ഷപ്പെടാൻ മരം‌കയറിയും മതിലുകയറിയും ഓടാം. അതുപോലെയാണോ കഴുകൻസാർ? എവിടെ ഓടിയാലും പറന്ന്‌വന്ന് ശരിപ്പെടുത്തും.

                       എല്ലാ അദ്ധ്യാപകരെയും ഒന്നിച്ച് കാണാൻ കഴിയുന്ന സുരക്ഷിതമായ സ്ഥാനത്ത് ഉറപ്പിച്ചിരുന്നപ്പോൾ സീരൻ‌കുരങ്ങൻ ഓർത്തു; താൻ കഴുകൻ‌സാറിന്റെ പുറത്തുവീണാൽ,,, പിന്നെ എന്തെല്ലാം സംഭവിക്കാം???
‘അപ്പോഴെത്തെ അവിചാരിതമായ കോലാഹലത്തിൽ അദ്ധ്യാപകരെല്ലാം പേടിച്ച് ഓടും. പിന്നെ പുറം‌വേദന മാറാൻ കഴുകൻ‌സാർ ലീവെടുത്ത് വീട്ടിലിരുന്ന് കുരങ്ങ്‌രസായനം കഴിക്കും’.
(തുടരും)

Friday, December 10, 2010

പാഠം. 4. ശാസ്ത്രപുരോഗതി

 ആദ്യപാഠങ്ങൾ ഇവിടെയുണ്ട്,

പാഠം 1. റാകിപ്പറക്കട്ടെ, 

പാഠം 2. സ്ക്കൂൾ അഡ്മിഷൻ

പാഠം 3 : മിസ്സിസ്സ് രാജീ രാജ്

ഇനി പുതിയ പാഠം തുടങ്ങാം... 
                                               പാഠം. 4. ശാസ്ത്രപുരോഗതി
                        സ്ക്കൂളിലെ പൂന്തോട്ടത്തിലിരുന്ന് ബോറൻ കരടി മാസ്റ്റർ കരയാൻ തുടങ്ങി. കരടിമാഷ് കരയുന്നതു കണ്ടപ്പോൾ ചുറ്റും നിന്ന വിദ്യാർത്ഥികളും കരയാൻ തുടങ്ങി. കരയുന്നതിനിടയിലും അദ്ദേഹം ബക്കറ്റിലെ വെള്ളം കോരിയെടുത്ത് മണ്ണിൽ ഒഴിച്ചുകൊണ്ടിരിക്കുന്നുണ്ട്. അങ്ങനെ ഒഴിച്ചുകൊണ്ടിരിക്കുന്ന വെള്ളത്തോടോപ്പം അദ്ധ്യാപകന്റെയും വിദ്യാർത്ഥികളുടെയും കണ്ണുനീർ കൂടി ചേർന്നപ്പോൾ പൂന്തോട്ടത്തിലെ മണ്ണ് ആകെ നനഞ്ഞ് കുതിർന്നിരിക്കയാണ്.

                         നട്ടുച്ചസമയത്ത് കൂട്ടക്കരച്ചിൽ കേട്ട് പരിഭ്രമിച്ച് വാച്ച്‌മാൻ കൊമ്പൻ‌നായ തോട്ടത്തിലേക്ക് ഓടിയെത്തി. ‘ആരെങ്കിലും മരിച്ചുപോയോ? എന്തൊരു കരച്ചിലാണ്’; അവനാകെ സംശയമായി.
“എന്താ,,, എന്താ മാഷെ? എന്ത് പറ്റി?”
നായ കുട്ടികളെ തള്ളിമാറ്റി അദ്ധ്യാപകനെ സമീപിച്ച് കൈപിടിച്ച് ചോദിച്ചു,
“മാഷെ, മാഷെന്തിനാ കരയുന്നത്? കാര്യം പറ,,,”
പക്ഷെ കരച്ചിലിന്റെ വോളിയം കൂടിയതല്ലാതെ കുറഞ്ഞില്ല.
“മാഷ് കരയാതിരിക്ക്; എന്തായാലും നമുക്ക് ശരിപ്പെടുത്താം. ഇതാ ഈ കൊമ്പനാ പറയുന്നത്; മരിച്ച്‌പോയ എന്റച്ഛൻ ചെമ്പനാണെ സത്യം”
പെട്ടെന്ന് ബോറൻ അത്ഭുതത്തോടെ കൊമ്പനെ നോക്കി; പിന്നെ കണ്ണുകൾ തുടച്ചപ്പോൾ കൊമ്പൻ ചോദിച്ചു,
“എന്താ മാഷെ എന്താ കാര്യം?”
“എന്ത് പറയാനാ മോനെ; അടുത്ത പിരീഡ് എട്ടാംക്ലാസ്സിൽ ജീവശാസ്ത്രമാ പഠിപ്പിക്കേണ്ടത്. അതിൽ മാങ്ങയുടെ ഒരു പാഠമുണ്ട്; ജീവനുള്ള ഒരു മാങ്ങ മുറിച്ച് കുട്ടികളെ കാണിച്ച് പഠിപ്പിക്കണം. ഞാൻ കാടായ കാടൊക്കെ തപ്പിനോക്കിയപ്പോൾ മാവുമില്ല, മാങ്ങയുമില്ല; നീ പറ, ഞാനെങ്ങനെ പഠിപ്പിക്കും?”
“ഓ, ഇതാണോ കാര്യം? അതിന് മാഷെന്തിനാ തോട്ടത്തിൽ കുത്തിയിരുന്ന് കരയുന്നത്?”
“അത്, എന്റെ സങ്കടം കണ്ടപ്പൊ ആ തൊരപ്പന്റെ മോനൊരു മാങ്ങയണ്ടി കൊണ്ടത്തന്നു. അത് ഞാനിവിടെ കുഴിച്ചിട്ടിരിക്കയാ. അടുത്ത പിരീഡാകുമ്പോഴേക്കും വേഗം മുളച്ച് വളർന്ന് മാങ്ങയുണ്ടായിട്ട് വേണം എനിക്ക് പഠിപ്പിക്കാൻ. എന്നാലും എന്നോടിത് ചെയ്തല്ലൊ; ഈ കാടായ കാട്ടിലെ മാവായ മാവൊക്കെ മുറിച്ച് തീർത്തില്ലെ?,, ങ്,,ഹെ,,”
പെട്ടെന്ന് കൊമ്പൻ‌നായക്ക് ഒരു സൂത്രം തോന്നി; അവൻ പറഞ്ഞു,
“മാഷെ ഈ മാങ്ങയുടെ ചിത്രം കാണിച്ചുകൊടുത്ത് പഠിപ്പിച്ചാൽ പോരെ?”
“ഓ, അത് ശരിയാണല്ലൊ; എടാ കൊമ്പാ ഇതെന്താ ആദ്യമേ നമുക്ക് തോന്നാത്തത്? നീ മിടുക്കനാണ്; വാ വാ എല്ലാവരും ക്ലാസ്സില് വന്നോ,,, എന്റെ കൈയിൽ ഇഷ്ടം‌പോലെ മാങ്ങയുടെ ചിത്രം ഉണ്ട്”

                      അദ്ധ്യാപകന്റെ പിന്നാലെ വിദ്യാർത്ഥികളും ക്ലാസ്സിലേക്ക് ഓടിക്കയറി. ആദ്യം എത്തിയവർ പിന്നിലിരുന്നു. ഒടുവിൽ എത്തിയവർക്ക് പിൻ‌ബെഞ്ചിൽ സ്ഥലമില്ലാത്തതിനാൽ മുൻ‌ബെഞ്ചിലിരുന്നു.
“സ്റ്റാന്റപ്പ്, പ്രാർത്ഥന”
കുട്ടികൾ എഴുന്നേറ്റ് കൈ ഉയർത്തി പാടാൻ തുടങ്ങി.
“ഒന്നായ ഈ ലോകത്തെ പലതായിക്കണ്ടു
വീണ്ടും ഒന്നായിത്തീർന്നു, പിന്നെയും
പലതായിക്കണ്ടതുകൊണ്ടുള്ള നൊമ്പരം
പുനരാരോടും പറയാവതല്ല ശാസ്ത്രമേ,,”
“യെസ് സിറ്റ്‌ഡൌൺ,, ഈ ലോകം ഒന്നാണെന്ന് പറഞ്ഞ ശാസ്ത്രജ്ഞന്മാർ അടുത്ത നിമിഷം അനേകമാണെന്ന് പ്രഖ്യാപിച്ച് നമ്മളെ ആശ്ചര്യപ്പെടുത്തുകയാണ്. എന്നാൽ നമുക്കറിയാം ഈ ലോകം ഒന്ന് മാത്രമാണെന്ന്,
ഇനി എല്ലാവരും ശാസ്ത്രപുസ്തകമെടുത്ത് പതിമൂന്നാം പേജ് തുറന്ന് വായിച്ചാട്ടെ”
“സാറെ ഇതിൽ പതിമൂന്നാം പേജില്ല”, അലമ്പൻ കീരി വിളിച്ചുകൂവി.
“പതിമൂന്നില്ലെങ്കിൽ ഇരുപത്തിമൂന്ന് തുറക്ക്”,
കരടിസാർ ശിഷ്യരോടായി പറഞ്ഞു.
“സർ ഒരു അറിയിപ്പ്”,
പ്യൂൺ തുരപ്പൻ പെരിച്ചാഴി നോട്ടീസും കൊണ്ട് ക്ലാസ്സിനകത്ത് വന്നു. കരടി മാസ്റ്റർ അത് വായിച്ചു,
“ഇന്നുമുതൽ എല്ലാ പാഠപുസ്തകത്തിന്റെയും അവസാനത്തെ പാഠം ആദ്യം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യണമെന്ന് എല്ലാ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും അറിയിക്കുന്നു”
മാസ്റ്റർ വായിച്ച നോട്ടിസുമായി തുരപ്പൻ അടുത്ത ക്ലാസ്സിനെ ലക്ഷ്യമാക്കി നടന്നു. കരടിമാസ്റ്റർ ക്ലാസ്സ് തുടങ്ങി,
“ഇനി എല്ലാവരും പാഠപുസ്തകത്തിന്റെ ഒടുവിലത്തെ പാഠം തുറന്നാട്ടെ, അദ്ധ്യായം 17 സ്തനങ്ങൾ”
“മാഷേ പുസ്തകത്തിൽ സസ്തനങ്ങൾ എന്നാണ്” വിദ്യാർത്ഥികളെല്ലാം ഒന്നിച്ച് വിളിച്ചുകൂവി.
“ആരെടാ മാഷ് പറഞ്ഞത് തിരുത്തിപ്പറയുന്നത്? അദ്ധ്യാപകൻ പറയുന്നത് മാത്രമാണ് ശരി, സസ്തനങ്ങൾ. പുസ്തകം തുറക്ക്; അവസാനത്തെ അദ്ധ്യായം സ്തനങ്ങൾ”
“മാഷേ മാഷ്,,,”
“മിണ്ടാതിരിക്കെടാ,,,”
“സാർ നോട്ടീസ്,,,”,
പ്യൂൺ വീണ്ടും ക്ലാസ്സിലേക്ക് വന്ന് കൈയിലുള്ള നോട്ടീസ് സാറിന് നൽകി.
“നേരത്തേയുള്ള ഓർഡർ റദ്ദ് ചെയ്തിരിക്കുന്നു എന്നും എല്ലാവരും ഒന്നാമത്തെ പാഠം ആദ്യം പഠിക്കണമെന്നും അറിയിക്കുന്നു”
കരടിമാഷ് നോട്ടീസ് വായിച്ച് തുരപ്പനു കൊടുത്തതിനുശേഷം കുട്ടികളോടായി പറഞ്ഞു,
“ഇനി എല്ലാവരും ഒടുവിലത്ത പാഠം അടച്ചു വെച്ച്, ഒന്നാമത്തെ പാഠം തുറക്കുക”
“മാഷെ ഒന്നാമത്തെ പാഠം നമ്മൾ പഠിച്ചതാണ്”
“അതൊന്നും പറയാൻ പാടില്ല, പഠിച്ചതുതന്നെ വീണ്ടും പഠിക്കുക. ഒന്നാം പാഠം ‘കാട്’ തുറക്കുക”
“മാഷെ ഈ കാട്ടില് മാങ്ങകളുണ്ടോ?”
അമ്മുതത്തക്ക് സംശയമായി.
“എന്നാൽ ഇന്ന് നമുക്ക് മാങ്ങകളെപറ്റി പഠിക്കാം.  കുട്ടികളേ നിങ്ങൾ മാങ്ങ കണ്ടിട്ടുണ്ടോ? മാങ്ങ മരമായ മാവുകളിലാണ് മാങ്ങയുണ്ടാവുന്നത്. ഒരു കാലത്ത് നിറയെ മാങ്ങകൾ കായ്ച്ചു നിൽക്കുന്ന മാങ്ങമരങ്ങളെക്കൊണ്ട് നമ്മുടെ കാട് നിറഞ്ഞിരുന്നു. പണ്ട് കാലത്ത് ജീവിച്ചിരുന്ന അനേകം ജന്തുക്കളുടെ അവശിഷ്ടങ്ങൾ മണ്ണിനടിയിൽ നിന്ന് കുഴിച്ചെടുക്കുമ്പോൾ ധാരാളം മാവിന്റെയും മാങ്ങയുടെയും ഭാഗങ്ങൾ കൂടി ലഭിച്ചിട്ടുണ്ട്. ഈ മാങ്ങാമരമായ മാവ്”
“സാർ നോട്ടീസ്”
തുരപ്പൻ വീണ്ടും ക്ലാസ്സിലേക്ക് വന്നപ്പോൾ കുട്ടികൾ ചിരിക്കുന്നതിനിടയിൽ കരടിമാഷ് നോട്ടീസ് വായന തുടർന്നു,
“അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഇഷ്ടപ്രകാരം ഏത് പാഠവും ആദ്യമായി ക്ലാസ്സിൽ പഠിപ്പിക്കാമെന്ന് ഇതിനാൽ അറിയിക്കുന്നു”
ബോറൻ കരടി മാഷിന് വളരെ സന്തോഷമായി, അദ്ദേഹം തുടർന്നു,
“ശരി, നിങ്ങളെന്താ പഠിച്ചത്? പണ്ട്കാലത്തുള്ള ജീവികളെപറ്റിയല്ലെ? നമ്മുടെ ഈ ഭൂമിയിൽ ഒരു കാലത്ത് രണ്ട്കാലിൽ മാത്രം നടക്കുന്ന ഒരു വർഗ്ഗം ഉണ്ടായിരുന്നു, മനുഷ്യൻ. അവൻ എല്ലാ ജീവികളെയും കൊന്നൊടുക്കിയ കാലം ഉണ്ടായിരുന്നു, ഒടുവിൽ,,,”
“ഒടുവിൽ എന്ത് പറ്റി മാഷെ?”
ഒടുവിൽ അവർ അന്യോന്യം വഴക്കടിച്ച് കൊല്ലാൻ തുടങ്ങി, അങ്ങനെ അന്യോന്യം കൊന്ന് മനുഷ്യവർഗ്ഗം ഇല്ലാതായി. അവർ ജീവിച്ചിരുന്നപ്പോൾ നിർമ്മിച്ച പലതും നമുക്ക് കാടിനു വെളിയിൽ പോയാൽ കാണാൻ കഴിയും”
“സാർ”
തുരപ്പൻ വീണ്ടും വന്നപ്പോൾ ഇത്തവണ കുട്ടികൾ മാത്രമല്ല, ബോറൻ കരടി മാസ്റ്ററും ചിരിക്കാൻ തുടങ്ങി,
“ആദ്യത്തെ അക്കം ഒന്ന് ആയതിനാൽ എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒന്നാമത്തെ പാഠം ആദ്യമായി പഠിക്കണമെന്ന് ഇതിനാൽ അറിയിക്കുന്നു”
അവർ ഒന്നാമത്തെ പാഠം തുറക്കുന്നതിന് മുൻപ് ബെല്ലടിച്ചു, അതോടെ കുട്ടികൾ ഉച്ചഭക്ഷണം കഴിക്കാൻ മത്സരിച്ച് ഓട്ടമായി.
(തുടരും)