Saturday, January 29, 2011

പാഠം 6 പുതിയ സൂത്രങ്ങൾ

പാഠം 1 റാകിപ്പറക്കട്ടെ,
പാഠം 2. സ്ക്കൂൾ അഡ്മിഷൻ
പാഠം 3 : മിസ്സിസ്സ് രാജീ രാജ്
പാഠം. 4. ശാസ്ത്രപുരോഗതി
പാഠം 5 സ്വർണ്ണമാലയുമായി ക്ലാസ്സിൽ

ഇനി പാഠം 6 തുടങ്ങാം :     പുതിയ സൂത്രങ്ങൾ

                        അദ്ധ്യാപകരെല്ലാം ഒന്നിച്ചിരിക്കുന്ന രംഗം മേൽക്കൂരയിലിരുന്ന് താഴോട്ട് നോക്കിയിരിക്കുകയാണ് സീരൻ കുരങ്ങൻ. പെട്ടെന്ന് എല്ലാവരുടെയും ശബ്ദം നിലച്ചു; അതുവരെ സംസാരിച്ചിരുന്നവരെല്ലാം ഭയത്തോടെ വാതിലിനു നേരെ നോക്കാൻ തുടങ്ങി. അവിടെ ഒരു തുമ്പിക്കൈ അകത്തേക്ക് നീളുന്നത് കണ്ടിട്ടായിരിക്കണം എല്ലാവരും ഒന്നിച്ച് എഴുന്നേറ്റ് നിന്നു. അകത്ത് പ്രവേശിച്ച ആ തുമ്പിക്കൈ സ്ക്കൂളിലെ ഹെഡ്‌മാസ്റ്റർ മഞ്ഞക്കൊമ്പൻ ആനയുടേതാണെന്ന് തിരിച്ചറിഞ്ഞ സീരൻ കുരങ്ങൻ മേൽക്കൂരയിലൂടെ അല്പം മുന്നോട്ട് വാതിലിനു സമീപം വന്നു.
ഇപ്പോൾ എല്ലാം വ്യക്തമായി കാണാം.

                                 ഹെഡ്‌മാസ്റ്ററുടെ കൂടെ അകമ്പടിക്കാരായി തോക്കേന്തിയ കുറുക്കന്മാരും ചീവീടുകളായ കുട്രൂ, ലുട്രൂ എന്നിവരെയും കൂടാതെ സഹായി ആയ ചിങ്കനാമയും പ്യൂൺ തുരപ്പൻ പെരിച്ചാഴിയും സമീപത്ത് ഹാജരുണ്ട്. എല്ലാവരും വാതിലിനു മുന്നിൽ വന്ന് അകത്തേക്ക് നോക്കി നിൽക്കുകയാണ്. അവിടെ ഒരു വലിയ പ്രശ്നം ഉണ്ടല്ലോ???
സീരന് ചിരിവന്നു, ‘ഇത്രയും വലിയ ഹെഡ്‌മാഷ് ഇത്രയും ചെറിയ വാതിലിലൂടെ എങ്ങനെ അകത്ത് കടക്കും? ആ വാതിലിലൂടെ കൊമ്പനാനക്ക് മാത്രമല്ല് ഒരു ആനക്കുട്ടിക്ക് പോലും അകത്ത് കടക്കാനാവില്ല. അദ്ദേഹം പുറത്തും അദ്ധ്യാപകർ അകത്തുമായി ഇരുന്നായിരിക്കണം മീറ്റിംഗ്’,,,

                                  അത്ഭുതങ്ങൾ സംഭവിക്കുന്നതിന് സാക്ഷിയാവാനായി സീരൻ കുരങ്ങൻ കഴുക്കോലിൽ വാലും കാലും ഉറപ്പിച്ച് താഴോട്ട് കണ്ണടക്കാതെ നോക്കി. അവരുടെ കൂട്ടത്തിൽ നിന്നും ചിങ്കനാമ പതുക്കെ നടന്ന് ഹെഡ്‌മാസ്റ്ററുടെ മുന്നിലെത്തി. അവൻ ഒരു ചെറിയ പെട്ടി തുറന്ന് അതിൽ നിന്ന് കറുപ്പ് നിറമുള്ള ഒരു പഴം പുറത്തെടുത്ത് ആനയുടെ തുമ്പിക്കൈയിൽ വെച്ചുകൊടുത്തു. കാട്ടിലെ മരം മുഴുവൻ കയറിയിട്ടും ഇതുവരെ സീരൻ കുരങ്ങൻ ഇങ്ങനെയൊരു കറുത്തപഴം കണ്ടിട്ടില്ല. ‘മണ്ണിനടിയിലെ പഴമായിരിക്കാം’ സീരൻ മനസ്സിൽ ഓർത്തു.

                                   തുമ്പിക്കൈ ചുരുട്ടി ഹെഡ്‌മാസ്റ്റർ പഴം വായിലിട്ട് ചവച്ചരച്ച് തിന്നാൻ തുടങ്ങിയതോടെ അതാ അത്ഭുതം സംഭവിക്കുന്നു,,, 
ആന ചെറുതാവുന്നു!!! 
ചെറുതായി ചെറുതായി ഒടുവിൽ ഒരു കാളയുടെ വലിപ്പമായി. തുടർന്ന് സ്ലിം ആയ സന്തോഷത്തോടെ രണ്ട് കൈയും തുമ്പിക്കൈയും വീശി തുറന്ന വാതിലിലൂടെ ‘ആ ആന’ അകത്ത് കടന്നു. പറഞ്ഞാൽ വിശ്വസിക്കാനാവാത്ത അത്ഭുതങ്ങൾ കാണുന്ന സീരൻ അടുത്ത അത്ഭുതത്തിനായി കാത്തിരുന്നു.

ശരീരം ചെറുതായെങ്കിലും ഹെഡ്‌മാസ്റ്ററെ മുന്നിൽ കണ്ടതോടെ അദ്ധ്യാപകരെല്ലാം ഒന്നിച്ച് പറഞ്ഞു,
“ഗുഡ്‌മോണിംഗ് സാർ”
“ഗുഡ്‌മോണിംഗ് ടീച്ചേർസ്, സിറ്റ്‌ഡൌൺ”
                                കസാരയിലിരുന്ന് ഹെഡ്‌മാസ്റ്റർ തുമ്പിക്കൈ വീശിയതോടെ അദ്ധ്യാപകരെല്ലാം സ്വന്തം സ്ഥലത്ത് ഇരുന്നു. തോക്കേന്തിയ കുറുക്കന്മാർ ഹെഡ്‌മാസ്റ്ററുടെ ഇരുവശത്തും തോക്ക് മേലോട്ടുയർത്തിക്കൊണ്ട് അറ്റൻഷനായി നിന്നു. അതിലൊരുത്തൻ പിടിച്ച തോക്കിന്റെ കുഴൽ മോന്തായം പിടിച്ച് തൂങ്ങുന്ന തന്റെ നേരെയാണെന്ന് കണ്ടപ്പോൾ സീരൻ ഞെട്ടിവിറച്ചു.

                    അദ്ധ്യാപകരുടെ കൂട്ടത്തിൽ നിന്ന് ബോറൻ കരടിമാസ്റ്റർ മുന്നോട്ട് വന്നു. അദ്ദേഹം അവിടെയുള്ള എല്ലാവരെയും നോക്കിയിട്ട് പറഞ്ഞു,
“ഹെഡ്‌മാസ്റ്റർ മഞ്ഞക്കൊമ്പൻ ആനക്കും എല്ലാ അദ്ധ്യാപകർക്കും സ്വാഗതം. ഈ പരിപാടിയുടെ ആദ്യത്തെ ഇനമായ നന്ദിപ്രകടനത്തിനാണ് ഞാനിവിടെ വന്നത്. ഇനി പരിപാടികൾ തുടങ്ങാനായി നമ്മുടെ ബഹുമാനപ്പെട്ട ഹെഡ്‌മാസ്റ്ററെ ക്ഷണിക്കുന്നു”
തുടർന്ന് കരടി മാസ്റ്റർ ഹെഡ്‌മാസ്റ്ററെ നോക്കിയപ്പോൽ മറ്റുള്ളവരും നോക്കി. അദ്ദേഹത്തിനിപ്പോൾ ആനയുടെ വലിപ്പമില്ലെങ്കിലും ആനയെപ്പോലെ ഉറങ്ങുകയാണ്.
കരടിമാസ്റ്റർ ചീവീടുകളെ നോക്കി പറഞ്ഞു,
“കുട്രൂ, ലുട്രൂ സാറിനെയൊന്നുണർത്ത്?”
                           കുട്രുവിനും ലുട്രുവിനും പതിവുപോലെ ആനച്ചെവിക്കുള്ളിൽ കയറേണ്ടി വന്നില്ല. അവർ അദ്ദേഹത്തിന്റെ ചുമലിൽ കയറിയിരുന്ന് പാട്ട് പാടാൻ തുടങ്ങി. അദ്ധ്യാപകരെല്ലാം ഉടനെ ചെവിക്കുള്ളിൽ പഞ്ഞി തിരുകി, പഞ്ഞിയില്ലാത്തവർ ഉടുവസ്ത്രത്തിന്റെ തുമ്പ് ചെവിയിൽ തിരുകി.
(തുടരും)

1 comment:

  1. നല്ല ഭാവന! അസ്സലാകുന്നുണ്ട്.

    ReplyDelete