Wednesday, November 3, 2010

വന വിദ്യാലയം, പാഠം 1 : മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ

ഞാൻ ചെമ്പരുന്ത്,
  അനന്തമായ ആകാശത്തിൽ ഒരു കാലത്ത് റാകിപ്പറന്ന ഒറിജിനൽ ചെമ്പരുന്ത്,
ഇപ്പോൾ തുരുമ്പ് പിടിച്ച് അഴികൾദ്രവിക്കാറായ കൂട്ടിലാണെങ്കിലും എന്റെ മനസ്സ് ബൂലോകം ചുറ്റുകയാണ്. എന്റെയും എന്റെ കൂട്ടുകാരുടെയും കഥകൾ നിങ്ങൾക്ക് കേൾക്കാം. എന്റെ കാടിന്റെ വിളി കേൾക്കാൻ വരിക,,, 
ഇനിയുള്ള നാളുകളിൽ ഈ ബൂലോകത്ത് ഞാൻ ഇടയ്ക്കിടെ വരും.

റാകിപ്പറക്കട്ടെ


പാഠം1: മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ

“സൂര്യനെക്കണ്ടു, ചന്ദ്രനെക്കണ്ടു,
താരങ്ങൾ തിങ്ങിയ ഗാലക്സി കണ്ടു”
“ശരി ഇനി താഴെയിറങ്ങാം; അങ്ങനെ പതുക്കെ, ശരി ശരി, ഉം കാല് നിലത്ത് മുട്ടിച്ചൊ; വെരിഗുഡ്, മിടുക്കി,,, ഇനി സ്ഥലത്ത് പോയിരുന്നോ”
നിലത്തിറങ്ങിയ ജയ ചിറകൊതുക്കി പിന്നെ തലയുയർത്തി കൂട്ടുകാരെ നോക്കി വലിയ അഹങ്കാരത്തോടെ പിൻ‌ബഞ്ചിൽ തന്റെ സ്ഥാനത്ത് പോയിരുന്നു.
                         കഴുകൻസാറിന്റെ ചൂരൽ‌പ്രയോഗത്തിന്റെ രുചിയറിയാത്ത ശരിക്കും മലർന്ന് പറക്കാൻ കഴിയുന്ന, ആ വിദ്യാലയത്തിലെ ഏക വിദ്യാർത്ഥിയാണ് ജയ ചെമ്പരുന്ത്. അതിലവൾക്ക് എന്തെന്നില്ലാത്ത അഭിമാനമാണ്.

                         കണ്ണട നേരെയാക്കിയ ശേഷം കഴുകൻ‌സാർ റജിസ്റ്റർ തുറന്ന് അടുത്ത പേരിനായി നോക്കി. ശിഷ്യഗണങ്ങൾ ഒരു നിമിഷം വീർപ്പടക്കി നിന്നു.
“നിമ്മിത്തത്ത”
പേര് വിളിച്ചത് കേട്ടപ്പോൾ നിമ്മി മാത്രമല്ല ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളും ഞെട്ടിവിറച്ചു. എല്ലാവരും മനസിലോർത്തു,
“പാവം’.

                        നിമ്മിക്ക് ചില പതിവുകളുണ്ട്. പേര് വിളിച്ചാലുടനെ ബെഞ്ചിനടിയിൽ താഴും. ആളെ കാണാതായാൽ സാറ് മേശപ്പുറത്ത് ചൂരൽ‌കൊണ്ട് അടിക്കുന്ന ശബ്ദം കേട്ട് ഞട്ടിയുയർന്ന് പറക്കും. അതോടെ എല്ലാം തെറ്റും. മലർന്ന് പറക്കേണ്ടതിനു പകരം അതിവേഗത്തിൽ കുത്തനെ പറക്കുന്ന അവൾ ചുമരിൽ തട്ടി താഴെവീഴും. അപ്പോൾ കിട്ടുന്ന അടി കാണാനാവാതെ സഹപാഠികൾ രണ്ട് കണ്ണും മുറുകെയടക്കും.
“ഠേ, ഠേ,,,”
പെട്ടെന്ന് നിമ്മിത്തത്ത ഞെട്ടിപ്പറന്നു. നാല് ചുമരുകളും ഓലമേഞ്ഞ മോന്തായവും ഉള്ള ക്ലാസ് മുറിയിൽ അവളെങ്ങനെ പറക്കാനാണ്?
                         തുറന്ന ആകാശത്തിൽ നേരാംവണ്ണം പറക്കാനാണെങ്കിൽ തത്തയെ ആർക്കും തോല്പിക്കാനാവില്ല. തല താഴെയാക്കി മണിക്കൂറുകൾ ആകാശത്ത് ചെലവഴിക്കാൻ അവൾക്ക് കഴിയും.
                         പെട്ടെന്ന് ഞെട്ടിപ്പറന്ന അവൾ മേൽക്കൂരയിൽ ഇടിച്ച് പമ്പരം പോലെ കറങ്ങിക്കറങ്ങി താഴോട്ട്, വാതിലും കടന്ന് ക്ലാസ്സിനു വെളിയിൽ പോയി വീണു.
അവൾ വീണതോ?
വാതിലിനു സമീപം പതുങ്ങിനിൽക്കുന്ന ഒരു കുട്ടിക്കുരങ്ങന്റെ തലയിൽ.
“അയ്യോ”
                        അവിചാരിതമായി തലയിലെന്തോ പതിച്ചപ്പോൾ കുട്ടിക്കുരങ്ങൻ പേടിച്ച് ഓടാൻ തുടങ്ങി. അതുകണ്ടപ്പോൾ അവനെ പിടിക്കാനായി ഒരു വലിയ കുരങ്ങനും പിന്നാലെ ഓടി. ഓടിയോടി സ്ക്കൂൾ മൈതാനത്തിന്റെ അറ്റത്തുള്ള വരിക്കപ്ലാവിന്റെ ഉച്ചിയിലുള്ള കൊമ്പിൽ കയറിയിരുന്ന് ചെറുക്കൻ താഴോട്ട് നോക്കി.
“എടാ കുരങ്ങാ നിന്നോട് താഴെയിറങ്ങാനാ പറഞ്ഞത്. നിന്റച്ഛനാ പറയുന്നത്; ഇറങ്ങെടാ താഴെ”
വലിയ കുരങ്ങൻ വിളിച്ച് പറയുന്നതോടോപ്പം കല്ലെടുത്ത് എറിയാനും തുടങ്ങി. എന്നാൽ സർക്കസിലെ കത്തിയേറ് പോലെ ഒന്നുപോലും ആ കുട്ടിക്കുരങ്ങന്റ്റെ ദേഹത്ത് കൊണ്ടില്ല.
“നീ താഴെ വരുന്നില്ലെങ്കിൽ ഞാനങ്ങോട്ട് കയറി വരും”
                       തന്തക്കുരങ്ങന്റെ ഭീഷണിയൊന്നും ഫലിക്കാതെ വന്നപ്പോൾ ഒടുവിൽ പറഞ്ഞത് പോലെ ചെയ്യേണ്ടി വന്നു. മരത്തിൽ വലിഞ്ഞ് കയറി ആ കുരുത്തം‌കെട്ട മകനെ താഴെയിറക്കി. അവൻ വീണ്ടും ഓടാതിരിക്കാനായി അവന്റെ രണ്ട് കൈകളും വാലും ചേർത്ത് മുറുകെ പിടിച്ചു.

                        നിലത്തിറങ്ങിയപ്പോഴാണ് ചുറ്റും നിൽക്കുന്നവരെ അവർ കണ്ടത്. കാക്ക, മൈന, വേഴാമ്പൽ തുടങ്ങി ആ സ്ക്കൂളിലെ പലതരം പക്ഷിവിദ്യാർത്ഥികൾ. അവരെ തള്ളിമാറ്റി കഴുകൻ സാർ ചൂരലുമായി മുന്നിൽ വന്നു,
“എല്ലാവരും പോയാട്ടെ; അടി തന്നാലുണ്ടല്ലൊ”
കഴുകൻ സാർ ചൂരൽ വീശിയപ്പോൾ ശിഷ്യന്മാർ അകന്നു പാറി.
“ഉം, എന്ത് പറ്റി? എന്ത് വേണം?”
“മാഷെ ഞാൻ സീരൻ കുരങ്ങനാ”
“അതെന്താ കുരങ്ങനെ കണ്ടാൽ‌പിന്നെ എനിക്കറിയില്ലെ?”
“ഇവനെന്റെ മകനാ നീലൻ; അവനെയൊന്ന് ഉസ്ക്കൂളിൽ ചേർക്കണം”
“റാസ്ക്കൽ ഉസ്ക്കൂളല്ല, സ്ക്കൂളെന്ന് പറയണം. താൻ ഞങ്ങളെയെല്ലാം പേടിപ്പിച്ചല്ലൊ. ഞാൻ ഈ സ്ക്കൂളിലെ എഫ്.ടി.ടി. നുവാട്ട്സൺ കഴുകൻ. ഇപ്പോൾ ഇവന്മാരെ മലർന്ന് പറക്കാൻ പഠിപ്പിക്കയാ. അമേരിക്കയിലെ ഒബാമയിലുള്ള ബിൻ‌ലാദൻ യൂനിവേർസിറ്റിയിൽ നിന്നാണ് ഞാൻ പറക്കാൻ പഠിച്ചത്. അവിടെവെച്ച് ഞാനെഴുതിയ പാമ്പുകൾക്ക് പറക്കാനാവില്ല എന്ന എന്റെ ഗവേഷണ പുസ്തകം താങ്കൾ വായിക്കണം.അതിന്റെ ഒരു കോപ്പി ഞാൻ തരാം; വില അഞ്ഞൂറ് പിന്നെ തന്നാൽ മതി”
“ഇപ്പൊ ഇവനെ ഉസ്ക്കൂളിൽ ചേർക്കണല്ലോ, മാഷെ”
“ഉസ്ക്കൂളെല്ലടാ റാസ്ക്കൽ സ്ക്കൂൾ, മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ. ഹേ ഒരുത്തനിങ്ങു വാ
പെട്ടെന്ന് പക്ഷികളെല്ലാം ഒന്നിച്ച് പറന്ന് വന്നു.
“റാസ്ക്കൽ‌സ് ഒരാൾ വരാൻ പറഞ്ഞാൽ
                       വന്നതുപോലെ എല്ലാവരും തിരിച്ചു പറന്നു; സൂത്രൻ കാക്ക ഒഴികെ,,,. അവന് കഴുകൻ സാറിനെ ഭയമില്ല. കാരണം, അവന്റെ കുടുംബത്തിൽ‌പ്പെട്ടവരെല്ലാം വർഷങ്ങളായി കഴുകൻ സാറിന്റെ വീട്ടിലെ വേലക്കാരാണ്.
“സൂത്രൻ നീ ഇവരെ ഓഫീസിൽ ഹെഡ്മാസ്റ്റരുടെ സമീപം എത്തിക്കണം”
                       
                       സൂത്രനുണ്ടായ സന്തോഷം! അവൻ പതുക്കെ മുന്നോട്ട് പറന്നു. തന്തക്കുരങ്ങനും കുട്ടിക്കുരങ്ങനും അവന്റെ പിന്നാലെ ഓടി. സൂത്രൻ സൂത്രത്തിൽ സ്ക്കൂളിനു പിൻ‌വശത്ത് കൂടി നടന്ന് നടന്ന് ഒടുവിൽ ഐസ്ക്രീം വിൽക്കുന്ന ലോലൻ പന്നിയുടെ പെട്ടിക്കടയെ സ്മീപിച്ച് മൂന്ന് ഐസ്ക്രീം ബാർ വാങ്ങി. അവർ മൂന്ന്‌പേർക്ക് കൂടി വാങ്ങിയതാണെങ്കിലും മൂന്നും തിന്നത് സൂത്രൻ തന്നെ.
തിരിച്ച് പോകാൻ നേരത്ത് പന്നി പറഞ്ഞു,
“പൈസ തരണം”
“പുതിയതായി സ്ക്കൂളിൽ വരുന്നവർ പൈസ കൊടുക്കണം”
സൂത്രൻ പറഞ്ഞത് കേട്ട് സീരൻ നൂറ് രൂപയുടെ പുതുപുത്തൻ നോട്ട് പന്നിക്ക് നൽകി,
“ബാക്കി പൈസ?”
“ബാക്കിയോ? ഇവിടെ ബാക്കി പൈസ കൊടുക്കുന്ന പരിപാടി ഇല്ല”
പന്നി അച്ഛനെയും മകനെയും കളിയാക്കി.
                           പിന്നെ അവർ മൂവരും നേരെ പോയത് സൂത്രന്റെ ബന്ധുവായ അവറാൻ കാക്കയുടെ ചായക്കടയിലാണ്. ചായയും ചപ്പാത്തിയും ചിക്കൻ കറിയും സൂത്രൻ കഴിച്ചപ്പോൾ കുരങ്ങന്മാർ രണ്ടും ഓരോ കട്ടൻ ചായ വീതം കഴിച്ചു.
സീരന്റെ പോക്കറ്റ് പതുക്കെ കാലിയാവാൻ തുടങ്ങി.
                           സ്ക്കൂൾ ചുറ്റി വരുന്നവഴിയിൽ ചീനച്ചട്ടിയിൽ മുട്ടിയും തട്ടിയും നിലക്കടല വറുത്തുകൊണ്ടിരിക്കുന്ന ശ്രീമതി ആനിയമ്മ പോത്തിനെ സമീപിച്ച് ഒരു കെട്ട് ചൂടുള്ള കടലാവാങ്ങി ഓരോന്നായി കൊറിച്ച്‌കൊണ്ട് സൂത്രൻ സ്ക്കൂൾ ഓഫീസിനു മുന്നിലെത്തി. സീരന്റെ പോക്കറ്റിന്റെ കനം കുറഞ്ഞെങ്കിലും സൂത്രന്റെ വയറും പോക്കറ്റും ഭക്ഷ്യവസ്തുക്കൾ കൊണ്ട് നിറഞ്ഞു.
“ഇതാ ഇവിടെയാണ് ഓഫീസ് മുറി, ഈ ചെറിയ വാതിലിലൂടെ നിങ്ങൾക്ക് അകത്ത് കടക്കാം. ആ വലിയ വാതിൽ ഹെഡ്‌മാസ്റ്റർക്ക് മാത്രമായിട്ടുള്ളതാണ്”
സൂത്രൻ അതും പറഞ്ഞ് പെട്ടെന്ന് പറന്ന് പോയി.

നീലൻ ഓഫീസിനു മുകളിൽ തൂങ്ങിയ ബോർഡ് വായിച്ചു;
“മഞ്ഞക്കൊമ്പൻ ആന
ഹെഡ്മാസ്റ്റർ
മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ
വനമംഗലം”
(ശേഷം ഭാഗങ്ങൾ അടുത്ത പോസ്റ്റിൽ തുടരും)

3 comments:

  1. ഞാൻ നാട്ടിലുള്ളപ്പോൾ പല വീടുകളിലേയും ചെറിയ കുട്ടികൾ എന്റെ കൂടെക്കൂടും. ‘പഞ്ചതന്ത്രം’കഥകളിലെ നുറുങ്ങുകളാണ്, അവരെ പാട്ടിലാക്കാൻ അധികവും ഉപയോഗിക്കാറുള്ളത്. ഇനിയിപ്പൊ ഈ കഥകൂടി വായിച്ചു കേൾപ്പിക്കാം, ഒരു പുതുമയുമായി. മാസികകളിൽ ചിത്രകഥാരൂപത്തിലാൻ പറ്റിയ എഴുത്ത്, കൊള്ളാം ബാക്കി പ്രതീക്ഷിക്കുന്നു. (അവിടുത്തെ എല്ലാ ബ്ലോഗിലും എത്തിപ്പെടാൻ സാധിച്ചില്ല, രണ്ടു വിഭാഗങ്ങൾ ഇന്നാണ് കണ്ടതുതന്നെ. ബ്ലോഗ്, ആഡ് ചെയ്യാൻ അറിവായിട്ടില്ല.)

    ReplyDelete
  2. ആദ്യം കണ്ണില്‍ പെട്ടത് രണ്ടാം ഭാഗമായതിനാല്‍ അതാണാദ്യം വായിച്ചത്.എന്തോ ഈ പുതിയ ശൈലി വായിക്കാനൊരു പ്രയാസമുള്ള പോലെ.പിന്നെ ഇതൊക്കെ ഓരോ പരീക്ഷണമല്ലെ?

    ReplyDelete
  3. aaha, ithushaaraanallo. appo oru novel vaichu kalayaam.

    pand zri A Vijayan ezhuthiya Ulsavam enna novel undaayirunnu. ingane mrugangal kathapaatrangalaittulla oru schoolinte katha thanneyaayirunnu athilum.

    novel thutarnnu vaikkatte.

    ReplyDelete