Saturday, November 14, 2020

ഇൻബോക്സിൽ ഒരു പെണ്ണിന്റെ കഥ : 2, കോഴിക്കൂട്ടിലെ പാമ്പ്

 കോഴിക്കൂട്ടിലെ പാമ്പ്

       അവളുടെ ചോദ്യം എന്റെ മനസ്സിൽ അനേകം ചിന്താശകലങ്ങൾ ഉയർത്തി, ഉത്തരം പറയാനാവാതെ ഞാൻ ചിന്തിച്ചു; ഏതൊരു ഭാര്യയെയും ചിന്തിപ്പിക്കുന്ന ചോദ്യം,

‘കഥയിൽ പറയുന്നതുപോലെ ചേച്ചിയുടെ ഭർത്താവ് സംശയാലുവാണോ?’

‘ഇല്ല, എന്റെ ജീവിതത്തിൽ അങ്ങിനെയൊരു അനുഭവം ഇല്ല. ആൺ പെൺ വ്യത്യാസം കണക്കിലെടുക്കാതെ മറ്റുള്ളവരുമായി ഇടപെടാനുള്ള പൂർണ്ണസ്വാതന്ത്ര്യം എനിക്കുണ്ട്. കഥ വേറെ, അനുഭവം വേറെ; കഥാകാരിക്ക് അനുഭവം വേണമെന്നില്ലല്ലോ’, പക്ഷെ?

അവിടെയൊരു പക്ഷെ ഉണ്ട്;

        കഥ എഴുതുന്നത് പുരുഷനാണെങ്കിൽ അതെല്ലാം ഭാവനയിൽ നിന്നും വിടരുന്നത്, ആണെന്ന് വായനാസമൂഹം വിധിക്കും. എഴുതുന്നത് സ്ത്രീ ആണെങ്കിൽ,

അവർക്ക് ഭാവനയും ചിന്തയും ഇല്ലാത്തതിനാൽ എഴുതുന്നതെല്ലാം സ്വന്തം അനുഭവം തന്നെ,,’

       പെണ്ണായവർ എഴുതുന്നതെല്ലാം അനുഭവമാണെന്ന ‌ധാരണയിലാണ് അവളുടെ കഥ തുറക്കുന്നത്. സ്വന്തം അനുഭവമാണോ,, എന്ന ചോദ്യം കഥ എഴുതാനായി കീബോർഡിൽ വിരലു തൊട്ടപ്പോൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ്. 

 

       കുടുംബജീവിതത്തിന്റെ അടിത്തറ ഉറപ്പിക്കുന്നതിൽ ഭാര്യക്കും ഭർത്താവിനും തുല്യ പങ്കുണ്ട്. ഒരാൾ മറ്റൊരാളോട് മത്സരിക്കുകയോ ഇടിച്ചു താഴ്ത്തുകയോ ചെയ്താൽ അടിത്തറ തകരും. പരസ്പരം വിശ്വാസമുള്ള ഭാര്യാഭർത്താക്കന്മാർ എന്നത് വലിയ നേട്ടമാണെങ്കിലും എല്ലാ വീട്ടിലും വിശ്വാസം കാണാറില്ല. ഈ വിശ്വാസമില്ലായ്മയും സംശയരോഗവും ഇരുപക്ഷങ്ങളിലോ ഏകപക്ഷീയമായോ ഉണ്ടാവാം. രണ്ടും ഒരുപോലെ അപകടം പിടിച്ചതിനാൽ ഏറെ വൈകാതെ കുടുംബം തകരും. ചിലപ്പോൾ മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ ശത്രുക്കളെപ്പോലെ ഇരുധ്രുവങ്ങളിൽ ജീവിച്ച് മുന്നോട്ട് പോയെന്നും വരാം.

       ഏകപക്ഷീയമായ സംശയരോഗത്തിന്റെ കൂടാരത്തിൽ നിന്നുകൊണ്ട് പുറം‌ലോകം കൊട്ടിയടച്ച ഭർത്താവിന്റെ ദുരന്ത കഥയാണ് ആഴ്ചപ്പതിപ്പിൽ വന്നത്. സംശയരോഗം രൂക്ഷമായ ഭർത്താവ് ആത്മഹത്യയിൽ അഭയം തേടിയ സാധാരണ പൈങ്കിളിക്കഥ. കഥ ഏതായാലും എന്റെ കഥ എനിക്ക് ആവേശമാണ്;

‘കാക്കക്കും തൻ‌കുഞ്ഞ് പൊൻ‌കുഞ്ഞ്’.

 

       ഞാൻ മറുപടി എഴുതാത്തതു കൊണ്ടാവണം അവൾ വീണ്ടും മെസേജ് അയച്ചു.

മം‌ഗ്ലീഷ് തന്നെ,

“ഗുഡ് ഈവിനിംഗ് മാം,,

പരിചയപ്പെട്ടതിൽ സന്തോഷം”

“തേങ്ക്സ്, അയാം കെ.എസ് മിനി, ഫ്രം കണ്ണൂർ”

“ഇത്രയും സ്ട്രസ്ഫുൾ ലോകത്തിലേക്കു ഒരു ചെറുപുഞ്ചിരി എല്ലാവരിലും ഉണ്ടാക്കാൻ മാമിന്റെ സ്റ്റോറിസിന് കഴിയുന്നു എന്നതു ഒരുപാട് സന്തോഷം ഉണ്ടാക്കുന്നു, മനസ്സിൽ”

“ഓക്കെ, നൈസ് റ്റു സീ യുവർ വേഡ്സ്”

“വെൽക്കം മാം,, എന്റെ ഹൌസ് തൃശ്ശൂർ കുഞ്ഞിപ്പള്ളി, ഞാൻ ഹൌസ്‌വൈഫ് ആണു. ഹസ്‌ബന്റ് സൌദിയിൽ ജോലി ചെയ്യുന്നു. ഒരു മകൾ, ഇപ്പോൾ 4ഇയേർസ് ഓൾഡ് ആയി”

“ഗുഡ്, ഇറ്റ് ഈസ് ബെറ്റർ റ്റു ടോക്ക് ഇൻ മൈ ഫോൺ,, മൈ നമ്പർ 98474669 കോൾ അറ്റ് എനി ടൈം”

“തേങ്ക് യൂ സോ മച്ച് മാം,, എന്റെ ഹസ്ബന്റ് നല്ല ഡൌട്ട്‌ഫുൾ ആണ് മാം. എന്റെ മൊബൈൽ നമ്പറിലെ കോൾ ഡിറ്റെയിത്സ് ഗൾഫിൽ ഇരുന്നുകൊണ്ട് എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്,,”

“അതിന് ഞാൻ വിളിച്ചാൽ പോരെ,, പകൽ നേരത്ത് വിളിക്കാം. നമ്പർ തരൂ,”

“അത് പറ്റില്ല മാം,,, ന്യൂ നമ്പർ കോൾ ഇങ്ങോട്ടു വന്നാലും പിന്നെ അതിന്റെ പേരിലാകും 2ദിവസം കുറ്റപ്പെടുത്തലുകൾ”

“സോറീ, ഐആം ഫ്രീ ഇൻ ദിസ്. ഐആം ഗ്രാന്റ്‌മദർ ഓഫ് 3 ചിൽഡ്രൻ”

“തേങ്ക് യൂ സോ മച്ച് ഫോർ അണ്ടർസ്റ്റാന്റിംഗ് മൈ സിറ്റുവേഷൻ മാം,, ഞാൻ തുറന്നു സംസാരിക്കുന്നതിൽ എന്നോട് ഇഷ്ടക്കേട് ഉണ്ടോ?”

“ഐ ലൈക്ക് ഇറ്റ്, യൂ ആർ വെൽക്കം അറ്റ് എനി ടൈം”

“ചേച്ചിയുടെ നല്ല മനസ്സിനു ഒത്തിരി നന്ദി,, എന്റെ ഇങ്ങനെയുള്ള വിഷമങ്ങൾ എന്റെ അടുത്തുള്ള കൂട്ടുകാരോടുപോലും പറയാറില്ല മാം,, എല്ലാം മനസ്സിൽ അടക്കി വെക്കുകയാണ് പതിവ്”

“സന്തോഷം,, കുട്ടിക്ക് എന്തു വേണമെങ്കിലും പറയാം,, അല്ല എഴുതാം. വിദേശത്തുള്ളവരുടെ ഭാര്യമാർ അനുഭവിക്കുന്ന വിഷമങ്ങൾ എനിക്ക് മനസ്സിലാവും”

“എന്നെപ്പോലെ വിഷമം എല്ലാവർക്കും ഉണ്ടാവില്ല മാം. സൌദിയിൽ ഇരുന്നാലും ഞാൻ ചെയ്യുന്നതൊക്കെ ഹസ്‌ബന്റ് അറിയും”

“അതെങ്ങിനെ?”

“വീടിന്റെ നാലുവശത്തു കൂടാതെ അകത്തും ക്യാമറ ഉണ്ട്,,”

“അത് നല്ല കാര്യമല്ലേ,, കള്ളന്മാരുള്ള ഇക്കാലത്ത് സുരക്ഷിതത്വം കൂടുമല്ലോ”

“ക്യാമറ വെച്ചത് കള്ളന്മാരെ പിടിക്കാനല്ല”

“പിന്നെന്തിന്?”

“എന്നെ ഒബ്സേർവ് ചെയ്യാനാണ്, ഈ വീട്ടിലെ എല്ലാകാര്യവും ഹസ്‌ബന്റ് അവിടെന്ന് നോക്കും”

“അതിനുമാത്രം എന്ത്?”

“എന്നെ സംശയമാണ് ചേച്ചി. ആരുമായും മിണ്ടരുത്, വീട്ടിൽ ആരും വരരുത്. ഇന്നലെ ഉണ്ടായ കാര്യം ചേച്ചിക്ക് അറിയണോ?”

“പറഞ്ഞോളൂ”

“ഇന്നലെ വൈകിട്ട് സൌദീന്ന് ഫോൺ വിളിച്ച് ഉഗ്രൻ വഴക്ക്,,?”

“എന്തിന്”

“വടക്കെപ്പുറത്തുള്ള കോഴിക്കൂടിൽ ചേര കയറിയതിന്”

“കോഴിക്കൂട്ടിൽ ചേരയോ? സൌദിയിൽ ചേരയുണ്ടോ?”

“ഹസ്‌ബന്റ് ഉച്ചക്ക് ഫുഡ് കഴിക്കുന്ന നേരത്ത് മൊബൈലിൽ നോക്കിയപ്പോൾ ഈ വീടിലെ കോഴിക്കൂടിന്റെ അടുത്ത് പാമ്പിനെ കണ്ടു. അത് ശ്രദ്ധിക്കാത്തതിനു എന്നോട് വഴക്ക്” 

      അവളുടെ വീട്ടിലെ അടുക്കളപ്പുറത്ത് വന്ന ചേര എന്റെ മനസ്സിലൂടെ കറങ്ങാൻ തുടങ്ങി. ഇങ്ങനെയും മനുഷ്യരുണ്ടോ? ഞാൻ എഴുതിച്ചേർത്തു,

“കുട്ടീ, ഇതുപോലെയുള്ള മനുഷ്യരുടെയും ഇടയിലാണ് നമ്മൾ ജീവിക്കേണ്ടത്, നേരം ഒരു പാട് ആയി. ബാക്കി നാളെ,, ഗുഡ് നൈറ്റ്”

“ഗുഡ് നൈറ്റ്,, എനിക്ക് ചേച്ചിയെ പരിചയപ്പെട്ടപ്പോൾ വളരെ ആശ്വാസം തോന്നുന്നു”

“ഓക്കെ, ബൈ”

എന്റെ മനസ്സിന്റെ ആശ്വാസം നഷ്ടപ്പെട്ടു,,

പെട്ടെന്നുതന്നെ മൊബൈൽ ഓഫാക്കി. ഇനിയും തുറന്നുവെക്കാൻ പറ്റില്ല,,

(തുടരും)


Wednesday, November 4, 2020

ഇൻബോക്സിൽ ഒരു പെണ്ണിന്റെ കഥ 1

 


ഇൻബോക്സിൽ ഒരു പെണ്ണിന്റെ കഥ

#ഒന്നാം ദിവസം

1, ഇനി അവൾ ഉറങ്ങട്ടെ

       മലയാളി മങ്കമാർ വായിക്കാൻ ഇഷ്ടപ്പെട്ടിരുന്ന പൈങ്കിളി വാരികയിൽ എന്റെ ചെറുകഥ ആദ്യമായി അച്ചടിച്ചു വന്നപ്പോൾ മനസ്സിലാകെ പൂത്തിരി കത്തി. അന്നു വൈകുന്നേരം ചക്കരക്കല്ല് ടൌണിലെ സൂപ്പർ‌മാർക്കറ്റിൽനിന്നും ഷോപ്പിംഗ് കഴിഞ്ഞ് വരുന്നവഴിയിൽ എന്റെ കഥ ഒളിപ്പിച്ച വാരികകൾ മിൽമ ബൂത്തിൽ തൂങ്ങിക്കിടന്ന് എന്നെ നോക്കി ചിരിച്ചു. അപ്പോൾ‌തന്നെ പത്തെണ്ണം ഒന്നിച്ച് വാങ്ങി പണം കൊടുക്കുമ്പോൾ ബൂത്തുടമ രമേശൻ പറഞ്ഞു,

“ടീച്ചറെന്തിനാ എല്ലാ ആഴ്ചപ്പതിപ്പും വാങ്ങുന്നത്? മറ്റുള്ളവർക്കൊന്നും വായിക്കണ്ടേ?”

“മറ്റുള്ളവർക്ക് വേറെ വാങ്ങിക്കൊടുത്തോ, ഇതിനകത്ത് എന്റെ കഥ വന്നിട്ടുണ്ട്”

“അതയോ, ടീച്ചറിത് ആദ്യമേ പറഞ്ഞെങ്കിൽ കുറേയെണ്ണം ഞാൻ വാങ്ങുമായിരുന്നില്ലേ; ടീച്ചറ് കോളടിച്ചല്ലോ”

       കൂടുതൽ പറയാൻ നിൽക്കാതെ അവന് പണം കൊടുത്തശേഷം സമീപത്തുള്ള ഓട്ടോപിടിച്ച് വീട്ടിലേക്ക് പുറപ്പെട്ടു. അപ്പോൾ മൊബൈൽ ശബ്ദിച്ചു, അനുജന്റെ ഭാര്യയാണ്,

“ഏച്ചിയുടെ കഥയുള്ള ആഴ്ചപ്പതിപ്പ് ചാലോട് ടൌണിൽ കിട്ടാനില്ല. അവിടെ ഉണ്ടെങ്കിൽ ഒരു കോപ്പി എനിക്കും വേണം“

“ഇവിടെയൊരു ഷോപ്പിലുള്ള പത്തെണ്ണം വാങ്ങി. വീട്ടിൽ വരുമ്പോൾ എടുക്കാം”

    വീടിനുമുന്നിൽ നിർത്തിയ ഓട്ടോയിൽ‌നിന്നും ഇറങ്ങാൻ നേരത്ത് വീണ്ടും മൊബൈൽ ശബ്ദിച്ചു; അനുജത്തിയാണ്,

“ഏച്ചീ എഴുതിയ കഥ വായിച്ചു, പെണ്ണുങ്ങളുടെ ജീവിതം ഇതുപോലെ തന്നെയാണ്. കഥ വായിച്ചിട്ട് ഏട്ടനെന്താ പറഞ്ഞത്?”

“അതിന് അങ്ങേര് കഥ വായിച്ചില്ല; പറയുന്നത് എന്തായാലും പറയട്ടെ. ഞാനിപ്പൊൾ ടൌണിന്ന് വരുന്നതേയുള്ളൂ”

“അതെയോ, പിന്നെ വിളിക്കാം”

വീട്ടിലെത്തിയപ്പോൾ ബാഗിൽ‌നിന്നും പത്ത് വാരികകൾ അദ്ദേഹം കാൺ‌കെ മേശപ്പുറത്ത് നിരത്തിവെച്ച് പറഞ്ഞു,

“ഏത് വായിച്ചാലും ഒരേ കഥയാണ്, വായിച്ച് അഭിപ്രായം പറയണം”

“ഒരു കഥ അച്ചടിച്ചുവന്നതിന് ഇങ്ങനെ ചാടേണ്ട, വേഗം പോയി ചായവെക്ക്”

    ഇതാണ് പെണ്ണിന് വിധിച്ചത്, ഏത് കൊമ്പത്ത് കയറിയാലും അവളെ തളച്ചിടാൻ അടുക്കള ഉണ്ടല്ലോ,, ഞാനാണെങ്കിൽ സന്തോഷം വന്നിട്ട് ഇരിക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥയിലാണ്. ആഴ്ചപ്പതിപ്പിൽ എന്റെ കഥ അച്ചടിച്ചുവരുന്നത് ആദ്യമായിട്ടാണ്. കേരളത്തിലങ്ങോളമിങ്ങോളം ലക്ഷക്കണക്കിന് വായനക്കാരുണ്ടെന്ന് അവകാശപ്പെടുന്ന ഒരു പ്രസിദ്ധികരണത്തിൽ വരിക എന്നത് വലിയൊരു ഭാഗ്യമല്ലാതെ മറ്റെന്താണ്. കഥകൾ എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും ആദ്യമായിട്ടൊന്നും അല്ല. ബ്ലോഗിൽ ഫെയ്സ്‌ബുക്കിൽ, വാട്ട്‌സാപ്പിൽ കൂടാതെ അനേകം മാസികകളിൽ, സ്മരണികകളിൽ എത്രയെത്രയാണ് കഥകളും ലേഖനങ്ങളും ഒക്കെ വന്നതാണ്. സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. കൂട്ടത്തിൽ മികച്ചത് ഈ രചന തന്നെ, വാരിക തുറന്നപ്പോൾ ഞാനെഴുതിയ കഥ മുന്നിൽ, പേര് വായിച്ചു,

‘ഇനി അവൾ ഉറങ്ങട്ടെ’

      ഫെയ്സ്‌ബുക്കിലും വാട്ട്‌സാപ്പിലും ചാറ്റ് ചെയ്യാൻ പറ്റിയ നേരം രാത്രിയാണ്. മിണ്ടിയും പറഞ്ഞും ഇരിക്കാനാവില്ല എന്നേയുള്ളൂ; ഒച്ചകേട്ടാൽ അടുത്ത മുറിയിൽ കിടന്നുറങ്ങുന്ന ഭർത്താവ് എഴുന്നേറ്റുവരും,

“നട്ടപ്പാതിര ആയിട്ട് നിനക്കൊന്നും ഉറങ്ങാനായില്ലേ?”

         മക്കളും ചെറുമക്കളും ഉപേക്ഷിച്ചുപോയി ഏതാണ്ട് വൃദ്ധസദനം പോലെയായ വീട്ടിൽ തിന്നലും കുടിയും കുളിയും മാത്രമായിട്ട് നാളുകൾ ഏറെയായി. അതിനിടയിൽ ഇത്തിരി സാഹിത്യം തലക്കു പിടിച്ചത് അങ്ങേർക്ക് സഹിക്കുന്നില്ല.  

        ഫെയ്സ്‌ബുക്കിൽ ഇന്നത്തെ പോസ്റ്റ് സ്പെഷ്യലാണ്. രാവിലെതന്നെ വാരികയുടെ മുഖചിത്രം വെച്ച് പോസ്റ്റ് ഇട്ടതാണ്. കമന്റും ലൈക്കും നിറഞ്ഞുകവിഞ്ഞിരിക്കും; ഏതായാലും തുറന്നു നോക്കട്ടെ,,

തുറന്നപ്പോൾ ഞാനാകെ ഞെട്ടി,, ആകെ പതിനെട്ട് ലൈക്കും ആറ് കമന്റും.

ദരിദ്രവാസികൾ, നന്ദിയില്ലാത്ത വർഗ്ഗം,,

    വായനക്കാർ ഇങ്ങനെ ആയതിൽ ഞാനെന്ത് പിഴച്ചു! അപ്പോഴാണ് മെസെഞ്ജറിൽ പച്ചവെളിച്ചം തെളിഞ്ഞത്,, ആരോ വന്നിട്ടുണ്ട്, മംഗ്ലീഷിൽ ഏതാനും വാക്കുകൾ,

“ചേച്ചി എഴുതിയ കഥ വായിച്ചു, സൂപ്പർ; ഇന്ന് കിട്ടിയ ആഴ്ചപ്പതിപ്പ് ഞാൻ സൂക്ഷിച്ചിട്ടുണ്ട്”

ഹോ,, എന്റെ ദേഹമാസകലം കുളിരുകോരി, ഒരാളെങ്കിലും എന്നെ അം‌ഗീകരിച്ചല്ലോ. ലൈക്ക് ചെയ്തശേഷം പേര് വായിച്ചു, രജനി വിനോദ്’, ഞാൻ മറുപടി എഴുതി,

“ഹായ് സന്തോഷം, താങ്കളുടെ കമന്റ് എന്റെ എഫ്.ബി. പേജിൽ ഇട്ടുകൂടെ?”

“അധികമൊന്നും ഞാൻ എഫ്,ബി,യിൽ എഴുതാറില്ല, വായിക്കാറാണ് പതിവ്. പിന്നെ ചില പോസ്റ്റുകൾ ഷെയർ ചെയ്യും”

പെട്ടെന്ന് മറുപടി വന്നപ്പോൾ എനിക്ക് സന്തോഷമായി. ആള് ഓൺലൈനിൽ ഉണ്ടല്ലോ,, പെട്ടെന്ന് ഞാൻ എഴുതി,

“വായിക്കുന്നത് നല്ലതാണ്, ഏതാനും കഥകളുടെ ലിങ്ക് അയച്ചുതരാം”

“വേണ്ട ചേച്ചി, എനിക്ക് അധികസമയം ഇവിടെ വരാൻ പറ്റില്ല. ചേച്ചിയുടെ കഥ പോലെയാണ് എന്റെ ജീവിതം, ക്ലൈമാക്സ് നടന്നില്ല എന്നേയുള്ളൂ. അതിൽ പറയുന്ന വീട്ടമ്മ പ്രീയ ഞാൻ തന്നെയാണ്”

       അവളങ്ങിനെ പറഞ്ഞപ്പോൾ എന്റെയുള്ളിൽ സന്തോഷം പതഞ്ഞുപൊങ്ങി. എഴുത്തു‌‌കാരി എന്ന നിലയിൽ എനിക്ക് ലഭിച്ച ആദ്യത്തെ അംഗീകാരം. കഥാനായികയുടെ ജീവിതം തന്റേത് കൂടിയാണെന്ന് ഒരു വായനക്കാരിയിൽ നിന്നും കേൾക്കുക, ഇതിലധികം എന്തുവേണം!

“താങ്കൾ പറയുന്നത് വലിയൊരു അവാർഡായി ഞാൻ കണക്കാക്കുന്നു”

“കഥയിൽ പറയുന്നതുപോലെ ചേച്ചിയുടെ ഭർത്താവ് സംശയാലുവാണോ?”

അവളുടെ ചോദ്യം കേട്ട് ഉത്തരം കണ്ടെത്താനാവാതെ ഞാനിരുന്നു. അടുത്ത മുറിയിൽ സമാധാനത്തോടെ കൂർക്കം വലിച്ച് ഉറങ്ങുന്ന ആൾ എന്റെ ഓർമ്മയിൽ കടന്നുവന്നു.

(തുടരും)

Friday, July 3, 2020

ഓർമ്മകളിലെ തെറിവിളികൾ


     ടീവിയും മൊബൈലും മാത്രമല്ല, വൈദ്യുതിപോലും ഇല്ലാതിരുന്ന കാലത്ത് എന്റെ ഗ്രാമത്തിലുള്ളവരുടെ പ്രധാന വിനോദമാണ് വഴക്കുകൂടലും ചീത്തപറച്ചിൽ അഥവാ തെറിവിളിയും. ഈ വിനോദം പങ്കാളികൾ ആകുന്നവർക്ക് മാത്രമല്ല, കാണുന്നവർക്കും കേൾക്കുന്നവർക്കും കൂടി രസകരമാണ്. വഴക്കുകൂടൽ വീട്ടിലുള്ളവർ തമ്മിലും അയൽ‌ക്കാർ തമ്മിലും ബന്ധുക്കൾ തമ്മിലും ആവാം. ഒറ്റയായും ഗ്രൂപ്പായും വഴക്ക് കൂടുമ്പോൾ കാണികളായി ഒളിഞ്ഞും തെളിഞ്ഞും ധാരാളം മനുഷ്യർ ഒത്തുകൂടും. കാണികളുടെ എണ്ണം കൂടുന്തോറും വഴക്കാളികളുടെ ആവേശം കൂടിയിട്ട് തെറിവിളിയുടെ ഗ്രെയ്ഡ് വർദ്ധിക്കും.
      ചില കാലത്ത് തെറിവിളികൾക്ക് പ്രായ ലിംഗ ബന്ധ സ്ഥാന ജാതി മത രാക്ഷ്ട്രിയ വിദ്യാഭ്യാസ സാമ്പത്തികനില ഒന്നും പ്രശ്നമല്ല. അതൊരു ആഗോള പ്രതിഭാസമാണ്. അക്ഷരം അറിയുന്ന കുഞ്ഞു മുതൽ സെഞ്ച്വറി ആവാനിരിക്കുന്ന സീനിയർ സിറ്റിസൺസ് വരെ സാഹചര്യം വന്നാൽ തെറിവിളിക്കും. എല്ലാ ജാതിയിലും മതത്തിലും ജനിക്കുന്ന മിക്കവാറും സ്ത്രീകളും പുരുഷന്മാരും തെറിവിളിക്കാറുണ്ട്. ബന്ധങ്ങളുടെ അടുപ്പം പോലെതന്നെ അവർ തമ്മിലുള്ള തെറിവിളിയുടെ ആഴവും കൂടും. ഏത് വലിയ ഓഫീസറായാലും ആയിരങ്ങളെ നയിക്കുന്ന നേതാവാ‍യാലും വഴക്കുണ്ടാവുമ്പോൾ ആവശ്യം വന്നാൽ തെറിവിളിക്ക് ഒരു ക്ഷാമവും ഉണ്ടാവില്ല. അതുപോലെ തെരുവിൽ ജീവിക്കുന്നവരും കൊട്ടാരത്തിലെ മതിൽ‌ക്കെട്ടിനകത്ത് ജീവിക്കുന്നവരും തെറിവാക്കുകൾക്ക് ക്ഷാമം കാണിക്കാറില്ല. മദ്യലഹരിയിലെ തെറിവിളി ആണെങ്കിൽ കേട്ടുനിൽക്കുന്നവർ സ്ഥലം വിടും. പിന്നെ രാക്ഷ്ട്രിയത്തിലെ തെറിവിളി,, അത് എല്ലാ ദിവസവും നമ്മുടെ സ്വീക്കരണമുറിയിൽ ഇരുന്ന് കാണുന്നുണ്ടല്ലോ,,
     വഴക്കിന്റെ ആദ്യഘട്ടമാ‍യ തെറിവിളി നിർത്താതെ പോയി കൈയ്യേറ്റത്തിൽ എത്തുന്നതിനു മുൻപ് ശാരീരിക ഗോഷ്ടികൾ അരങ്ങേറും. ഈ ഗോഷ്ടികൾ മുഖം കൊണ്ടുള്ള നവരസങ്ങളോടൊപ്പം കൈയും ഉടലും ചേർത്ത കഥകളിമുദ്രകളായി രൂപാന്തരപ്പെടും. അടുത്ത ഘട്ടത്തിൽ സ്വന്തം ഉടുതുണിയിൽ പിടിക്കും. ഇക്കാര്യത്തിൽ ആണും പെണ്ണും വ്യത്യാസമില്ല. അവൻ തുണിപൊക്കി പിൻ‌വാതിൽ കാണിക്കുമ്പോൾ അവൾ ഉമ്മറം തുറന്നുകാട്ടും. ശേഷം തുണിയഴിച്ചാൽ കാണികളുടെ ഹർഷാരവങ്ങൾ ഉച്ചസ്ഥായിയിൽ എത്തിയിരിക്കും.
       അടുത്ത ഘട്ടം കൈയ്യേറ്റമാണെങ്കിലും പണ്ടുകാലത്ത് പലപ്പോഴും അങ്ങനെയൊന്നും ഉണ്ടാവാറില്ല. അപ്പോഴേക്കും ഇരുവശവും തളർന്ന് ക്ഷീണിച്ചിരിക്കും. അല്ലെങ്കിൽ മൂന്നമതൊരു മുതിർന്ന ആൾ വന്ന് തർക്കം തീർത്ത് ഇരുവശത്തേയും അനുനയിപ്പിക്കും. മാന്യതയുടെ ഏറ്റക്കുറച്ചിൽ ഉള്ളപ്പോൾ നാണക്കേട് കൊണ്ട് ഒരുവശത്തുള്ള ആൾ സ്ഥലം വിട്ടെന്നുവരാം. പലരും അവസാനമായൊരു പച്ചത്തെറി പറഞ്ഞ് കൈകൊണ്ടും മുഖം തിരിച്ചും ഗോഷ്ഠി കാണിച്ചിട്ടായിരിക്കും സ്ഥലം കാലിയാക്കുന്നത്.
        ഇങ്ങനെയുള്ള അവസരങ്ങളിൽ പറയുന്ന തെറിവാക്കുകൾ ചേർത്ത് പ്രത്യേക ഡിക്ഷ്നറി തന്നെ നിർമ്മിക്കാം. ആന മുതൽ ഉറുമ്പ് വരെയുള്ള ജന്തുക്കളുടെ പേരുവെച്ച് ആദ്യം തുടങ്ങുന്നു. ബന്ധങ്ങളുടെയും ബന്ധുക്കളുടേയും പേരുകൾ അരങ്ങേറും. തലമുറകൾക്ക് മുന്നേ മരിച്ചു മണ്ണടിഞ്ഞ അപ്പൂപ്പന്മാരുടെയും അമ്മൂമ്മമാരുടെയും ഓർമ്മ പുതുക്കൽ കൂടിയാണ് ഇത്തരം തെറിവിളികൾ. ഒടുവിൽ ലൈം‌ഗികതയുടെ അപാരമായ ലോകം തെറിവിളികൾക്കായി തുറക്കപ്പെടും. മലയാളത്തിലെ മാന്യമായ പദങ്ങളിൽ ചിലത് തെറിവിളിക്കാൻ മാത്രമായി സം‌വരണം ചെയ്യപ്പെട്ടതാണ്. അതിനാൽ ശരീരശാസ്ത്രം പഠിപ്പിക്കാൻ നേരത്ത് എന്നെപ്പോലുള്ളവർ ഇം‌ഗ്ലീഷിന്റെയും സം‌സ്കൃതത്തിന്റെയും സഹായം തേടാറുണ്ട്. എന്റെ തലമുറയിൽ ഉൾപ്പെട്ട മുതിർന്ന പൌരസമൂഹം എല്ലായിനം വഴക്കും തെറിവിളിയും കേട്ടും അറിഞ്ഞും വളർന്നവരാണ്. അതുകൊണ്ട് എനിക്ക് ലേശം ഉളുപ്പ് കുറവാണ്.
      വഴക്കിന്റെയും തെറിവിളിയുടെയും ചരിത്രവും മനഃശാസ്ത്രവും അന്വേഷിച്ച് നമ്മൾ വളരെദൂരം സഞ്ചരിക്കേണ്ടി വരും. പുരാതന മനുഷ്യൻ ആധുനിക മനുഷ്യനായി പരിണമിക്കുന്ന കാലത്ത് കൊന്നും കൊലവിളിച്ചും നടക്കുമ്പോൾ പിറവിയെടുത്ത വാക്കുകളോളം പഴക്കം തെറിവിളികൾക്ക് ഉണ്ടാവണം. അക്ഷരങ്ങളും വാക്കുകളും കൊണ്ട് ആശയവിനിമയം നടത്താൻ പഠിച്ച മനുഷ്യന്റെ അന്യോന്യ വഴക്കുകളിൽ കടന്നുവന്ന ഭാഷ മൂർച്ചയേറിയ ആയുധമായി രൂപാന്തരപ്പെട്ടു.
   ഇങ്ങനെ തെറിവിളിച്ചവർ തമ്മിൽ സ്നേഹബന്ധം ഉണ്ടാവുന്ന അതിമഹത്തായ കാഴ്ചകളും നമുക്ക് ചിലപ്പോൾ കാണാം. അത്തരം ബന്ധത്തിന് ആഴം കൂടും. ചിലനേരത്ത് വഴക്കാളികൾ തമ്മിൽ യോജിക്കുമ്പോൾ വഴക്ക് തീർക്കാൻ വന്നവനെ ആക്രമിക്കുന്നതും കാണാം. അന്യോന്യം പൊരുതുമ്പോൾ നമ്മളഞ്ചും അവർ നൂറും,, അന്യർ വന്ന് ആക്രമിക്കുമ്പോൾ നമ്മൾ നൂറ്റഞ്ച് പേരായി മാറുന്ന സംഭവവും വഴക്കുകളുടെ മഹത്തായ പരിണാമം ആണ്.
     തെറിവിളികളുടെ പിന്നിലെ മനഃശാസ്ത്രം അന്വേഷിച്ചാൽ ചെന്നെത്തുന്നത് അടിമ ഉടമ ബന്ധത്തിന്റെയും ആണത്വത്തിന്റെയും അവകാശം സ്ഥാപിക്കലും ആയിരിക്കും. ഉടമക്ക് അതായത് മേൽ‌തട്ടിലുള്ളവർക്ക് അവരുടെ സ്ഥാനം ഉറപ്പിക്കൽ കൂടിയാണ് ഈ തെറിവിളി. എങ്കിലും നാട്ടിൻ‌പുറത്ത് നടക്കുന്ന തെറിവിളികൾ മനസ്സിന്റെ ഉള്ളറകളിലുള്ള പിരിമുറുക്കത്തിന്റെ ബഹിർ‌ഗമനം ആയിട്ടാണ് എനിക്ക് തോന്നിയത്, വെറും ടെൻഷൻ റിലീസിംഗ്. പറയേണ്ടത് പറയേണ്ടതുപോലെ പറഞ്ഞപ്പോൾ ലഭിക്കുന്ന ആശ്വാസം, അത്രതന്നെ,,
അല്ലെങ്കിൽ ഞാനും ശൈലയും ചേർന്ന് അറബിക്കടലിനെ സാക്ഷിയാക്കി അന്യോന്യം തെറിവിളിക്കുമോ?
       കടപ്പുറത്തെ സ്വന്തം വരപ്പറമ്പിൽ തേങ്ങ പറിപ്പിക്കാൻ അമ്മാവനോടൊപ്പം ഞങ്ങളും പോയി. ഞങ്ങൾ എന്നുവെച്ചാൽ പത്ത് വയസ്സുകാരി ഞാൻ, ബന്ധുവും അയൽക്കാരിയും ആയ ഒൻപത് വയസ്സുകാരി ശൈല. രാവിലെമുതൽ രാമാട്ടനും കൊട്ടാട്ടനും തെങ്ങിന്മേൽ കയറി തേങ്ങ പറിക്കുമ്പോൾ നാല് പെണ്ണുങ്ങൾ വട്ടക്കൂട്ടയിൽ തേങ്ങ കൊണ്ടുപോകുന്നു. അവർക്കിടയിൽ ഓലപ്പീപ്പി ഉണ്ടാക്കിയും ഇളനീർ കൂടിച്ചും തേങ്ങ പൊറുക്കിക്കൂട്ടിയും ഞങ്ങൾ നടന്നു. ചെങ്കൽ പാറകൾക്കിടയിലുള്ള മണ്ണിൽ വളരുന്ന തെങ്ങുകളെല്ലാം നിറയെ തേങ്ങയുമായി കടൽക്കാറ്റിൽ ഇളകിയാടുകയാണ്. ഉച്ചയാവാറായപ്പോഴാണ് വലിയമ്മാവൻ കല്പിച്ചത്, കുന്നിനു താഴെ ഇറങ്ങിയിട്ട് കടപ്പുറത്ത് വീണുകിടക്കുന്ന തേങ്ങകൾ പെറുക്കാൻ,, ഞങ്ങൾ ഇറങ്ങിനടന്നു.
   വെളുത്ത പൂഴിമണലിൽ വീണുകിടക്കുന്ന പച്ചതേങ്ങകൾ ഒന്നും രണ്ടുമായി എടുത്ത് മുകളിലേക്ക് നടന്ന് ഒരുമിച്ച് കൂട്ടിയിടുന്ന കഠിനപ്രയത്നം തുടങ്ങി. അങ്ങിനെ വെളുത്ത പൂഴി കാലുകൊണ്ട് തെറിപ്പിച്ച് നടക്കുന്നതിനിടയിൽ അവൾ ശൈല,
“എണെ നിനക്ക് ചീത്തപറയാൻ അറിയോ?”
“ചീത്ത പറയാനോ? കേട്ടിട്ടുണ്ടെങ്കിലും പറഞ്ഞിട്ടില്ല”
“എന്നാൽ നമ്മൾക്ക് തുടങ്ങാം ഈടയാവുമ്പോൾ ആരും കേൾക്കില്ല”
“നീ തുടങ്ങ്”
“തുടക്കം ഞാൻ തന്നെ,, നായീന്റെ മോനേ”
“നായീന്റെ മോളേ”
ഞാനും വിട്ടുകൊടുത്തില്ല,,
  അറബിക്കടലിനെ സാക്ഷിയാക്കി ഞങ്ങൾ രണ്ടുപേരും അന്യോന്യം തെറിവാക്കുകൾ പറയാൻ തുടങ്ങി. ആദ്യമൊക്കെ ചെറുതാനെങ്കിലും പിന്നീട് ഡോസ് കൂട്ടിക്കൂട്ടി നമ്മൾ രണ്ടുപേർക്കും അറിയാവുന്നതൊക്കെ വിളിച്ചുപറഞ്ഞു. വളരെ ഉച്ചത്തിൽ പറഞ്ഞെങ്കിലും അതെല്ലാം അറബിക്കടലിന്റെ അലർച്ചയിൽ മുങ്ങിത്താണു. ഒടുവിൽ ശൈല പറഞ്ഞു,
“മതിയെണേ നിർത്താം”
“അനക്കും മതിയായി”
“ഇങ്ങനെ ചീത്ത പറയുമ്പോൾ എന്തൊരു രസമാണ്”
“ആകെയൊരു സന്തോഷം തോന്നുന്നു.  എന്തൊരു ആശ്വാസം, ഇനി നമ്മക്ക് പോകാം”
പൂഴി ചവിട്ടിത്തെറിപ്പിച്ചുകൊണ്ട് രണ്ടുപേരും കുന്നിന്റെ മുകളിൽ കയറാൻ തുടങ്ങി.

*******           

Sunday, February 2, 2020

പാദുകപൂജ



“ശബരിമലക്ക് മാഷ് പോകുമ്പോൾ തനിച്ച് വീട്ടിൽ നിൽക്കാൻ എനിക്ക് പേടിയൊന്നും ഇല്ല്ല. കെട്ട്‌നിറ കഴിഞ്ഞ് ഇറങ്ങിയ ഉടനെ അങ്ങേരുടെ പഴയ ഒരുജോഡി ചെരിപ്പെടുത്ത് വീടിന്റെ മുന്നിൽ മുറ്റത്തുവെക്കും”
വിദ്യാലയത്തിലെ സ്റ്റാഫ്‌റൂമിൽ‌വെച്ച് കായിക അദ്ധ്യാപികയുടെ വാക്കുകൾ കേട്ടപ്പോൾ മലയാളം മാസ്റ്റർക്ക് സംശയം,
“അതെന്താ ടീച്ചറെ ഭർത്താവ് ശബരിമലക്ക് പോകുമ്പോൾ ഭാര്യ പാദുകപൂജ ചെയ്യേണ്ടതുണ്ടോ?”
“അത് വീട്ടിൽ ആണുങ്ങളില്ല എന്ന് മനസ്സിലായാൽ വഴിയെ പോകുന്ന ഭിക്ഷക്കാരും കച്ചവടക്കാരും ഒഴിഞ്ഞുപോവുകയില്ല. അടയാളമായി ആണുങ്ങളുടെ ചെരിപ്പ് വീടിന്റെ മുന്നിലുണ്ടെങ്കിൽ ശല്യം കുറയും.
 കേട്ടിരിക്കുന്നവർക്ക് തമാശയായി തോന്നിയെങ്കിലും അദ്ധ്യാപികയുടെ മറുപടി ഗൌരവമുള്ളതായിരുന്നു. അവിടെ കൂടിയിരിക്കുന്നവർക്ക് ചിന്തിക്കാനും ചർച്ച ചെയ്യാനും ഒരു വിഷയമായി. സ്വന്തം വീടിനുമുന്നിൽ പുരുഷന്റെ ചെരിപ്പുകൾ കണ്ടാൽ ‘ഇവിടെ ചോദിക്കാനും പറയാനും ഒരുത്തൻ ഉണ്ട്’ എന്ന് മനസ്സിലാക്കിയ അപരിചിതർ കൂടുതൽ നേരം ആവിട്ടിൽ നിന്ന് ശല്യം ചെയ്യാറില്ല്ല, എന്ന് ഉദാഹരണസഹിതം അദ്ധ്യാപിക വിവരിച്ചുതന്നു,
“നമ്മുടെ വീട്ടിൽ പുരുഷന്മാരില്ല എന്നും വീട്ടുകാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണെന്നും തിരിച്ചറിഞ്ഞാൽ വഴിയെ പോകുന്ന വില്പനക്കാരനും സഹായം ചോദിച്ചുവരുന്നവരും അണ്ണാച്ചികളും വീട്ടിൽ‌നിന്ന് ഒഴിഞ്ഞുപോവുകയില്ല. നമ്മുടെ വിലയേറിയ സമയം ഇവരെ പറഞ്ഞുവിടാൻ ചെലവഴിക്കണം. എന്നാൽ ആണുങ്ങളായി ഭർത്താവോ മകനോ അച്ഛനോ വീട്ടിലുണ്ടെന്നറിഞ്ഞാൽ അവരെ പെട്ടെന്ന് പറഞ്ഞുവിടാൻ കഴിയും എന്നാണ് എന്റെ അനുഭവം”
 വിദ്യാർത്ഥികളെയും ചിലപ്പോൾ അദ്ധ്യാപകരെയും ‘നേരെയാക്കുന്ന’ നമ്മുടെ കായിക അദ്ധ്യാപികക്ക് ആരെയും ഭയമില്ല എന്ന് നമുക്കെല്ലാം അറിയാം.
അപ്പോൾ എനിക്കൊരു സംശയം?
നമ്മുടെ സഹോദരങ്ങൾക്കെന്ത് പറ്റി? ആൺ‌തുണയില്ലാത്ത പെണ്ണ് പുറം‌പോക്ക് ഭൂമിപോലെ ആർക്കും കൈയ്യേറി കുടില്‌കെട്ടാൻ പറ്റുന്നതാണെന്ന ധാരണ ആണിന്റെ ജീനുകളിൽ അടയാളപ്പെടുത്തിയിട്ടുണ്ടോ?
അതുപോലെ,,
   പെൺ‌കുട്ടികൾ ദൂരയാത്രകൾ ചെയ്യുമ്പോൾ ‘തൊട്ടടുത്ത് ഇരിക്കുന്ന സ്ത്രീകളെ ഒരിക്കലും വിശ്വസിക്കരുത്’ എന്നാണ് എന്റെ മകളുടെ അനുഭവം. അവൾക്ക് വളരെയധികം കളവുകൾ പറയേണ്ട അവസരങ്ങൾ ദൂരയാത്രകളിൽ ഉണ്ടാവാറുണ്ട്. ഉപരിപഠനത്തിനായി കണ്ണൂരിൽ നിന്ന് അന്യ ജില്ലകളിൽ യാത്ര ചെയ്യുമ്പോൾ തൊട്ടടുത്തിരിക്കുന്ന സ്ത്രീകൾ പലപ്പോഴും ചോദിക്കും,
‘എവിടെക്കാണ് പോകുന്നത്?, വീട് എവിടെയാണ്?, എവിടെ പഠിക്കുന്നു?’.
യാത്രയുടെ  മടുപ്പ് ഒഴിവാക്കാൻ ഇതുപോലുള്ള പരിചയപ്പെടലുകൾക്കെല്ലാം മകൾ കൃത്യമായി ഉത്തരം നൽകും. എന്നാൽ ഒടുവിൽ ഒരു ചോദ്യമുണ്ട്, ‘ഒറ്റക്കാണോ യാത്ര?’
അതിന്‌മാത്രം അവൾ പച്ചക്കള്ളം പറയും, ‘അല്ല കൂടെ ചേട്ടനുണ്ട്’
   സ്വന്തമായൊരു സഹോദരൻ ഇല്ലെങ്കിലും കൂടെ സഹോദരനുണ്ട്’ എന്ന് പറഞ്ഞ് മകൾ യാത്രയിൽ സുരക്ഷിതത്വം ഉറപ്പിക്കുകയാണ്. അത് അനുഭവത്തിൽ നിന്ന് പഠിച്ചതാണ്,
ഒരിക്കൽ,
  കണ്ണൂരിൽ നിന്ന് ഏറണാകുളത്തേക്കുള്ള യാത്രാവേളയിൽ തൊട്ടടുത്ത് പ്രായമുള്ള സ്ത്രീ. അവർ പരിചയപ്പെട്ട് സംസാരിച്ചപ്പോൾ നാടും വീടും പറഞ്ഞുകൊടുത്തു. എന്നാൽ ആ സ്ത്രീ പരിചയപ്പെടുത്തിയതെല്ലാം സമീപത്തുള്ള മദ്യഷാപ്പുകളുടെ അഡ്രസുകൾ പറഞ്ഞിട്ട് ആയിരുന്നു. കോഴിക്കോട് ബസ് നിർത്തിയപ്പോൾ അവർ മകളോട് പറഞ്ഞു,
“ഇവിടെനിന്നും ബസ്‌പുറപ്പെടാൻ പതിനഞ്ച് മിനിട്ട് കഴിയും; അതിനിടയിൽ നമുക്ക് അടുത്തുള്ള ഹോട്ടലിൽ നിന്ന് ചായകുടിച്ച് ഒന്ന് ഫ്രഷ് ആവാം”
കേട്ടപ്പോൾ ആദ്യമൊന്ന് ഞെട്ടിയശേഷം പറഞ്ഞു,
“എന്റെ കൂടെ ചേട്ടനുണ്ട്, ഞാൻ ചേട്ടന്റെ കൂടെ പോയിട്ട് ചായ കുടിക്കും”
അതുവരെ നിർത്താതെ സംസാരിച്ച ആ സ്ത്രീ ബസിൽ നിന്നും ഇറങ്ങുന്നതുവരെ പിന്നീടൊന്നും പറഞ്ഞില്ല.
   യാത്രവേളകളിൽ സ്ത്രീകൾ ജാഗ്രത പാലിക്കണം. ചുറ്റുപാടുമുള്ളവരുടെ കണ്ണുകൾ അവളെ നിരീക്ഷിക്കുന്നുണ്ടെന്ന ചിന്തയോടുകൂടി യാത്രചെയ്താൽ അപകടമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം. പക്ഷേ,,
അവിടെയും ആൺ‌തുണയുടെ പേര് പറയേണ്ടി വരുന്നു. ഒറ്റക്ക് യാത്ര ചെയ്യുന്നവളെ എന്തും ചെയ്യാമെന്ന ചിന്ത മലയാളികളായ ആണിന്റെ മാത്രമല്ല, പെണ്ണിന്റെ ജീനിലും കലർന്നിട്ടുണ്ട്.  
ഇനി ആദ്യത്തേതിലേക്ക് വരാം,, 
പാദുകപൂജ,,
    മലയാളി പെണ്ണുങ്ങളുടെ ജീനുകളിൽ പാരമ്പര്യമായി കയറിപ്പറ്റിയ ശീലമാണ് ചെരിപ്പ് പ്രദർശനം. ആണൊരുത്തന്റെ ചെരിപ്പ് വീടിനുമുന്നിൽ ഉണ്ടാവുന്നത് ഒറ്റപ്പെടുന്ന സ്ത്രീകൾക്ക് ധൈര്യം നൽകുന്നു, എന്നതാണ് അനുഭവം ഗുരു. ഇത് പെണ്ണിനെക്കുറിച്ചുള്ള ആൺ‌ധാരണ കാരണം ഉണ്ടായതല്ലേ? റേഷൻ കാർഡിന്റെ ഉടമ ആയെങ്കിലും പെണ്ണ് ഭരിക്കപ്പെടാനും ആണ് ഭരിക്കാനും ഉള്ളവരാണെന്ന് ചിന്തിക്കുന്ന ആൺകൊയ്മയുടെ പ്രകടനമല്ലേ ഇത്. രാത്രി അടുത്തവീട്ടിലേക്ക് പോകുന്ന എന്നോട് വഴിയിലുള്ളവർ ചോദിക്കും,
“രാത്രീയിൽ ഏടിയാ ഒറ്റക്ക് പോന്നത്?”
ഈ ചോദ്യം ആണായ ഒരുത്തനും അഭിമുഖികരിക്കേണ്ടി വരാറില്ലല്ലോ,,, 
 പണ്ട് കുലസ്ത്രീകളുടെ ഗ്രെയ്ഡ് കണക്കാക്കിയത് രാവിലെ നോക്കുമ്പോൾ വീട്ടുമുറ്റത്ത് പതിഞ്ഞ പുരുഷ കാല്പാടുകളും കെടുത്തിയ ഓലച്ചൂട്ടിന്റെ എണ്ണവും നോക്കിയിട്ട് ആയിരുന്നു, എന്നാണ് ചരിത്രഭാഷ്യം. അന്നും അകത്താളുണ്ട് എന്നറിയിക്കാൻ വാതിലിനു മുന്നിൽ പാദുകം ഉണ്ടായിരുന്നു. അത്തരം ചിന്താഗതിയിൽ നിന്നും കേരളം എന്നാണ് മുക്തരാവുക?
ഇനി നമുക്ക്
രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’യിലേക്ക് വരാം,,
  കഴിഞ്ഞ തലമുറ ജീനിന്റെ വിളിയാൽ ആൺ‌തുണയില്ലാതെ? മകനോടൊപ്പം താമസ്സിക്കുന്ന കല്യാണിക്ക് ആലക്കത്തെ കൈശുമ്മയോട് ആണുങ്ങളുടെ ചെരിപ്പിന് ചോദിക്കുന്നു. അവർ മകളായ ആയിശയുടെ കെട്ടിയോൻ അബൂബക്കറിന്റെ പഴയ ചെരിപ്പ് കൊടുക്കുന്നു. സവിശേഷതയുള്ള ആ ചെരിപ്പ് കല്യാണി സ്വന്തം വീടിന്റെ അടഞ്ഞ വാതിലിനു മുന്നിൽ വെക്കുന്നു. ഇത് രാത്രി സഞ്ചാരക്കാർ കാണുകയും അപവാദം പ്രചരിക്കുകയും ചെയ്യുമ്പോൾ ചെരിപ്പിന്റെ ഉടമയായ അബൂബക്കറിന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
ഇവിടെ ചെരിപ്പാണ് വില്ലൻ    
 ആണിന്റെ തന്റേടവുമായി ജീവിക്കുന്ന കഥാപാത്രം കല്യാണി സുരക്ഷിതത്വത്തിനായി ആണടയാളമായ ചെരിപ്പ് ഉപയോഗിക്കുന്നു.
അപ്പോൾ മനസ്സിലായില്ലേ?
ഇപ്പോൾ ഒരു സംശയം,,
ആണിന്റെ ചെരിപ്പിന്റെ ഉറപ്പിലാണോ വീടിനകത്തുള്ള പെണ്ണിന്റെ മനസ്സമാധാനം?
******* 

Thursday, January 30, 2020

പതിനൊന്നിലേക്ക്


എന്റെ ആദ്യപുസ്തകം പ്രകാശനം ചെയ്തത് 2013 ൽ, ഇപ്പോൾ പതിനൊന്നാമത്തെ പുസ്തകത്തിൽ എത്തിനിൽക്കുന്നു. 2008 മാർച്ച് 31ന് അദ്ധ്യാപന ജോലിയിൽ നിന്നും വിരമിച്ചശേഷമാണ് ഇതെല്ലാം സ്വന്തമാക്കിയത്. എല്ലാവർക്കും നന്ദി.

മിനിയുടെ പുസ്തകങ്ങൾ
1, ടെറസ്സിലെ കൃഷിപാഠങ്ങൾ, സി.എൽ.എസ്. ബുക്സ് തളിപ്പറമ്പ് 2013ൽ പ്രകാശനം
ടെറസ്സിലെ കൃഷിപാഠങ്ങൾ (രണ്ടാം പതിപ്പ്): സി.എൽ.എസ്. ബുക്ക്സ്,
2, അനിയൻബാബു ചേട്ടൻബാബു (ഹാസ്യകഥകൾ): പായൽ ബുക്ക്സ്, കണ്ണൂർ. 70 രൂപ
3, മനസ്സിൽ ലഡ്ഡുപൊട്ടുമ്പോൾ (ഹാസ്യകഥകൾ): പായൽ ബുക്ക്സ് കണ്ണൂർ. 80 രൂപ.
4, മിനിനർമകഥകൾ (ഹാസ്യകഥകൾ): സി.എൽ.എസ്. ബുക്ക്സ്, തളിപ്പറമ്പ്. 100 രൂപ.
5, മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ(ബാലസാഹിത്യം): കൈരളി ബുക്ക്സ്, കണ്ണൂർ. 80 രൂപ.
മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ (രണ്ടാം പതിപ്പ്): കൈരളി ബുക്ക്സ്, കണ്ണൂർ.
6, പുട്ടും കടലയും (ഹാസ്യകഥകൾ): കേരള ബുക്ക് ട്രസ്റ്റ്, കോഴിക്കോട്. 95 രൂപ.
7, പുരനിറഞ്ഞ പുരുഷൻ: പേരക്ക ബുക്ക്സ് കോഴിക്കോട്. 80 രൂപ
8, എട്ടുസുന്ദരികളും ഒരു സിനിമയും (കഥകൾ): കൈരളി ബുക്ക്സ്, കണ്ണൂർ. 130 രൂപ
9, ടെറസിലെ കൃഷികൾ(കാർഷികം): പൂർണ്ണ പബ്ലിക്കേഷൻസ്, കോഴിക്കോട്. 95 രൂപ
10. കാക്കക്കുയിലേ ചൊല്ലൂ ((ബാലസാഹിത്യം): മെയ്‌ഫ്ലവർ ബുക്ക്സ്, കണ്ണൂർ. 70 രൂപ
11. കുട്ടിയമ്മയുടെ ആണി (ഹാസ്യകഥകൾ): കൈരളി ബുക്ക്സ്, കണ്ണൂർ. 110 രൂപ.


Thursday, January 31, 2019

കുട്ടൻ പല്ലിയുടെ കാഴ്ചകൾ


                പുലരുന്നതിനുമുൻപ് ഉണരുന്ന വീട്ടമ്മ അടുക്കളയിൽ വന്നിട്ട് റഫ്രിജറേറ്റർ തുറന്നപ്പോൾ തലേദിവസം അതിനകത്ത് കുടുങ്ങിയ കുട്ടൻ‌പല്ലി പെട്ടെന്ന് വെളിയിലിറങ്ങി. ചുറ്റുപാടും പരന്ന വൈദ്യുത ബൾബിന്റെ തീവ്രമായ വെളിച്ചം കണ്ണിൽ പതിച്ചതോടെ അവൻ അടുക്കളയിൽ അങ്ങോട്ടും ഇങ്ങോട്ടുമായി ഓടാൻ തുടങ്ങി. നിർത്താതെ ഓടുന്ന കുട്ടനെ കണ്ടപ്പോൾ മറ്റു പല്ലികൾക്കെല്ലാം ആശ്ചര്യമായി. അവർ ചോദിച്ചു,
“എന്ത് പറ്റി കുട്ടാ? നീയെന്തിനാ വാലിന് തീപ്പിടിച്ചതുപോലെ ഓടുന്നത്?”
ചോദ്യം കേട്ടപ്പോഴാണ് കുട്ടൻ‌പല്ലി വാലിന്റെ കാര്യം ഓർത്തത്. തന്റെ അതി‌മനോഹരമായ വാൽ എവിടെയോവെച്ച് നഷ്ടപ്പെട്ടിരിക്കുന്നു,,
അവനാകെ സങ്കടത്തിലായെങ്കിലും ചിന്തിച്ചത് മറ്റൊന്നാണ്,,,
വാല് പോയാലും ജീവൻ പോയില്ലല്ലൊ,,,
              കൂട്ടുകാർ പറയുന്നതൊന്നും ശ്രദ്ധിക്കാതെ കുട്ടൻ‌പല്ലി ഓട്ടം തുടരുകയാണ്. അവൻ തെക്കോട്ടോടി വടക്കോട്ടോടി കിഴക്കോട്ടോടി പടിഞ്ഞാറോട്ടും ഓടി. ഓടിയോടി തളർന്ന് അടുക്കളവാതിലിന്റെ കതകിനുപിന്നിൽ കിടന്നെങ്കിലും കൈയ്യും കാലും തലയും വിറക്കുകയാണ്. ആ നേരത്ത് അവന്റെ കൂട്ടുകാരെല്ലാം അടുത്തുവന്നു. അക്കൂട്ടത്തിൽ പല്ലികൾ മാത്രമല്ല, പാറ്റകളും ചിലന്തികളും ഉറുമ്പുകളും ഒക്കെയുണ്ട്. എല്ലാവരേയും നോക്കിയശേഷം കുട്ടൻ പറഞ്ഞു,
“ഞാൻ കണ്ടൂ”
“നീയെന്താണ് കണ്ടത്?”
“ഞാൻ കണ്ടു,, ഞാൻ മാത്രമാണ് കണ്ടത്,,”
“എന്റെ കുട്ടാ,, നീ കണ്ടത്, എന്താണെന്ന് പറയൂ,,”
“അയ്യോ, എന്റെ കൂട്ടുകാരെ ഇന്നലെ രാത്രിയിലാ ഞാനതിൽ കുടുങ്ങിയത്”
“ഫ്രിഡ്ജിലോ? എന്നിട്ട്?”
“എന്നിട്ട് അതിന്റെ വാതിലടഞ്ഞപ്പോൾ,, എന്റമ്മോ,,, ആകെയൊരു കൂരിരുട്ട്”
“കൂരിരുട്ടോ?”
“അതേ,, ശരിക്കും അന്ധകാരം,, അമാവാസി നാളിലെ നട്ടപ്പാതിരനേരം പോലുള്ള അന്ധകാരം,,”
“എന്നിട്ടോ?”
“അല്പനേരം കഴിഞ്ഞപ്പോൾ ആ ഇരുട്ടിൽ കുറച്ചൊക്കെ എനിക്ക് കാണാമെന്നായി. നോക്കിയപ്പോൾ,,”
“നോക്കിയപ്പോൾ?”
“അതിനകത്ത് എന്തെല്ലാം സാധനങ്ങളാണപ്പാ,,, കത്രിക്ക, മുരിങ്ങ, വെള്ളരി, താലോരി, വെണ്ടക്ക, ചീര, പയറ്, തക്കാളി, കയ്പക്ക, ക്യാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ ഒരു വശത്ത്,, പിന്നെ,,,”
“പിന്നെ?”
“ആപ്പിൾ, ഓറഞ്ച്, മാമ്പഴം, വാഴപ്പഴം, ചക്കപ്പഴം തുടങ്ങിയ പഴങ്ങൾ ഒരു ഭാഗത്ത്”
“പിന്നെ?”
“പിന്നെയുള്ളത്,,, അലുവ, കെയ്ക്ക്, ബിസ്‌ക്കറ്റ്, മഞ്ച്, കിന്റർ‌ജോയ്, കിണ്ണത്തപ്പം, കലത്തപ്പം, ഉണ്ണിയപ്പം അങ്ങിനെ അനവധി പലഹാരങ്ങൾ”

“തീർന്നോ?”
“തീരാനോ? ഇതൊക്കെ ഒരു മൂലയിൽ,, വാതിൽ തൊറന്നാൽ കാണുന്നിടത്ത് ചോറ്, കറികൾ, പായസം, ഉപ്പുമാവ്, അച്ചാർ, അവിയൽ, ഉപ്പേരി അങ്ങിനെയൊരു വക”
“എന്നിട്ട് കുട്ടാ നിനക്കതൊക്കെ തിന്നാൻ കഴിഞ്ഞോ?”
“അതൊക്കെ തിന്നിട്ട് വയറു ചീത്തയാക്കാനൊന്നും ഞാനില്ല. എനിക്കിവിടത്തെ പാറ്റയെയും ഈച്ചയെയും കൊതുകിനെയും ഒക്കെ ഫ്രഷായിട്ട് തിന്നാൽ മതി”
“പിന്നെ നീയെന്തിനാടാ കരഞ്ഞുവിളിച്ച് ഓടിയത്?”
“അത്,, ഞാനതിന്റെ ഉള്ളിലെ അറയിലൊരു ഭയങ്കര കാഴ്ച കണ്ടു”
“ഭയങ്കര കാഴ്ചയോ? അതെന്താണ്?”
“രണ്ട് കോഴികളെ തോലുപൊളിച്ചശേഷം അലങ്കരിച്ച് കിടത്തിയിരിക്കുന്നു,,”
“രണ്ട് കോഴികളോ?”
“അല്ല,,, രണ്ട് കോഴീന്റെ ശവം”
“ശവമോ?”
“ഒരു ശവപ്പെട്ടിക്കുള്ളിലാണ് കയറിയതെന്ന് അറിഞ്ഞപ്പോൾ ഞാനാകെ പേടിച്ചുവിറച്ചുകൊണ്ട് ഒരു മൂലയിൽ ചുരുണ്ടുകൂടിയപ്പോഴാണ് വാതിൽ തുറന്നത്. ആ നേരത്ത് ഓടിയിതാ‍,, ഇതാ ഇപ്പോഴും എന്റെ വിറയൽ മാറിയിട്ടില്ല. എന്നാലും എനിക്കാകെയൊരു സം‌ശയം,,”
“എന്ത് സംശയം?”
“ജീവനുള്ള കോഴി കിടക്കുന്നത് വൃത്തിയില്ലാത്ത കൂട്ടിൽ,,, എന്നിട്ടത് ശവമായാൽ കിടത്തുന്നത് എല്ലാ സൌകര്യവുമുള്ള പെട്ടിയിൽ. എനിക്ക് ചോദിക്കാനുള്ളത്,,,
ചത്ത കോഴിക്കെന്തിനാ ഇത്രയും വലിയ എയർ‌കണ്ടീഷൻ ചെയ്ത ശവപ്പെട്ടി?”
*******
പിൻ‌കുറിപ്പ്: കേരള ബുക്ക് ട്രസ്റ്റ് പ്രസിദ്ധികരിക്കുന്ന എന്റെ ബാലസാഹിത്യം,,, ‘ചിപ്പിയമ്മയും കുഞ്ഞുങ്ങളും’ എന്ന  കഥാ‍സമാഹാരത്തിൽ ഉൾപ്പെടുത്തിയ കഥ,