ഇവിടെ തുറന്നാൽ ആദ്യപാഠങ്ങൾ പഠിക്കാം.
പാഠം 2. സ്ക്കൂൾ അഡ്മിഷൻ
അച്ഛനും മകനും ചേർന്ന് ആ ബോർഡ് ഒന്നുകൂടി വായിച്ചു;
“മഞ്ഞക്കൊമ്പൻ ആന
ഹെഡ്മാസ്റ്റർ
മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ
വനമംഗലം”
മകനെ മുന്നിൽ നടത്തിക്കൊണ്ട് വനദൈവങ്ങളെ മനസ്സിലോർത്ത് നീലൻ കുരങ്ങൻ മാക്രീ മെമ്മോറിയൽ ഹൈസ്ക്കൂളിന്റെ ഓഫീസ് മുറിയിലേക്ക് ഇടതുകാൽ വെച്ചു. പെട്ടെന്ന് എവിടെ നിന്നോ ഒരു പെരുച്ചാഴി ചാടിവീണ് അവരെ പിടിച്ച് പുറത്താക്കി,
“എന്താ, ഹേ കണ്ണു കാണുന്നില്ലെ? ഞാനാണ് ഇവിടത്തെ പ്യൂൺ തുരപ്പൻ പെരുച്ചാഴി. എന്നെ വേണ്ട വിധത്തിൽ കാണാതെ അകത്തു കടക്കാനോ? ദൈവം തമ്പുരാൻ നേരിട്ട് വന്നാൽപോലും ഞാൻ അനുവദിക്കില്ല”
“സർ ഞങ്ങൾ പാവങ്ങളാണ്. ഈ ചെക്കൻ മരംകയറി നേരം കളയുന്നതിനു പകരം രണ്ടക്ഷരം പഠിക്കട്ടെയെന്ന് വിചാരിച്ചാ ഞാനിവിടെ വന്നത്. എന്താ വേണ്ടതെന്നറീല്ല..”
തുരപ്പൻ നീലന്റെ പോക്കറ്റ് തപ്പി. നാല് രൂപയും മുപ്പത്തിഏഴ് പൈസയും കിട്ടി. അത് സ്വന്തം പോക്കറ്റിലിട്ട് പെരുച്ചാഴി പറഞ്ഞു,
“ദരിദ്രവാസികൾ എന്തിനാണ് ഇവനൊക്കെ പഠിക്കുന്നത്?”
“സാറേ തിരിച്ച്‌പോകാനുള്ള വണ്ടിക്കൂലിയാ”
“ഇത്രേം ഗതിയില്ലാത്ത നീയെങ്ങനാടാ മോനെ സ്ക്കൂളിൽ പഠിപ്പിക്കുന്നത്! ഉം പോ?”
തൊരപ്പൻ രണ്ട്‌പേരെയും പിടിച്ച് അകത്തേക്ക് തള്ളി.
അകത്ത് കടന്ന അച്ഛനും മകനും പേടിച്ച് വിറച്ചു. പേടി കാരണം സീരന്റെ കാലുകൾ നനഞ്ഞു. അവൻ അച്ഛനെ നോക്കിയപ്പോൾ; അച്ഛന്റെ പാന്റും നനഞ്ഞിരിക്കുന്നു!
അവിടെ ഹെഡ്മാസ്റ്റർ ‘മഞ്ഞക്കൊമ്പൻ ആന’ ഒരു വലിയ കസാരയിൽ നിവർന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ നീണ്ട് വളഞ്ഞ് കൂർത്ത മഞ്ഞക്കൊമ്പുകളും ഉരലുപോലുള്ള പിൻകാലുകളും മുന്നിലുള്ള മേശമേൽ വിശ്രമിക്കുകയാണ്. മുൻകാലുകൾ രണ്ടും കസേരയുടെ ഇരുവശത്തും തൂക്കിയിട്ടിരിക്കുന്നു. മുറം പോലുള്ള ചെവികളും തൂണുപോലുള്ള തുമ്പികൈയും ഇടയ്ക്കിടെ ആട്ടിക്കൊണ്ട്, ഫാനിന്റെ ഇളംകാറ്റേറ്റ് അദ്ദേഹമങ്ങനെ ഉറങ്ങിക്കിടപ്പാണ്.
പക്ഷെ അവരെ ഭയപ്പെടുത്തിയത് ഇതൊന്നുമല്ല. ആനകളെയവർ സാധാരണ കാണാറുള്ളതാണ്. ആ പോലീസ് വേഷക്കാരായ രണ്ട് കുറുക്കന്മാർ! ഹെഡ്മാസ്റ്ററുടെ ഇരുവശത്തും നിന്ന ‘അവരുടെ തോക്കിന്റെ ഉന്നം’ വാതിലിനു മുന്നിൽ നിൽക്കുന്ന അച്ഛന്റെയും മകന്റെയും നേരെയാണ്.
എന്തുചെയ്യണമെന്നറിയാതെ അവർ കുഴങ്ങി. മുന്നോട്ടോ പിന്നോട്ടോ പോകാനാവാത്ത അവസ്ഥ. തിരിച്ച് കാട്ടിലേക്ക് ഓടണമെന്നുണ്ട്; എന്നൽ അതിനിടയിൽ അവർ വെടിവെച്ചാലോ?,,,
“ഉം, എന്ത് വേണം?”
രണ്ട് കുറുക്കന്മാരും ഒന്നിച്ച് ചോദിച്ചു.
“ഹെഡ്,,,മാഷെ കാണാനാ,,,; മോനെ ചേർ,,ക്കണം”
നീലൻ വിറച്ചുകൊണ്ട് അത്രയും പറഞ്ഞു.
“ഡേയ്,, കുട്രൂ, ലുട്രൂ സാറിനെയുണർത്ത്?”
കുറുക്കന്മാർ വിളിച്ച് കൂവി.
ഉടനെ അടുത്ത മുറിയിൽനിന്ന് രണ്ട് വെളുത്ത ചീവീടുകൾ പറന്ന് വന്നു. ഒരടി നീളമുള്ള ചീവീടുകളെ കണ്ടപ്പോൾ നീലൻ പതുക്കെ പറഞ്ഞു, ‘ഫോറിൻ’
ചീവീടുകൾ ആനയുടെ ഓരോ ചെവിയിലും ചാടിക്കയറി. പെട്ടെന്ന് എട്ട്ദിക്കും പൊട്ടുന്നത് പോലുള്ള ശബ്ദം മുഴങ്ങി. അതിന്റെ തീവ്രത കാരണം മേശപ്പുറത്തുള്ള കടലാസുകളെല്ലാം പറന്നു പൊങ്ങി. അലമാരയിലെ പുസ്തകങ്ങളും ചുമരിലെ ഫോട്ടൊകളും കലണ്ടറും മറിഞ്ഞ് വീണു. കുറുക്കന്മാർ ചെവിയിൽ പഞ്ഞി വെച്ചപ്പോൾ നീലനും സീരനും ചെവിപൊത്തി.
ഹെഡ്മാസ്റ്റർ ഞട്ടിയുണർന്നതോടെ ശബ്ദം നിലച്ചു; ചീവീടുകൾ അകത്തേക്ക് പറന്നുപോയി. മേശപ്പുറത്തുള്ള ആനക്കാൽ താഴ്ത്തി; മുൻകാലുകൾ ഉയർത്തി തുമ്പിക്കൈ വീശി. ഇരിപ്പിടം വിട്ടുയർന്ന് വീണ്ടും ഇരുന്ന് അദ്ദേഹം കണ്ണുകൾ പതുക്കെ തുറന്നു. നോക്കിയപ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ രണ്ട് കുരങ്ങന്മാർ.
“റാസ്ക്കൽസ് രണ്ടിനേം ഞാൻ ഡിസ്മിസ് ചെയ്യും.ഇതാ എന്റെ കാലിലെ ഷൂ കണ്ടോ; ഇരുപത്തി എട്ടായിയിരത്തി അഞ്ഞൂറിന്റേതാ, ഒരു ചവിട്ട് തന്നാലുണ്ടല്ലൊ,,”
നീലൻ കുരങ്ങൻ അന്ന് കണികണ്ടവനെ ശപിച്ചു; ഇവിടെ ഇങ്ങനെയൊക്കെയാണെന്ന്, അറിഞ്ഞെങ്കിൽ ഈ ചെറുക്കനെ പഠിക്കാനയക്കാതെ മരംചാടി നടക്കാൻ വിട്ടാൽ മതിയായിരുന്നു.
“ഉം, എന്ത് വേണം? പറഞ്ഞ് തൊലക്കെടാ?”
ആനവായിൽ നിന്ന് ചോദ്യം പുറത്ത് വന്നു.
“സാർ, എന്റെ മോനെ ഇവിടെ ചേർക്കണം”
“ഓ ഇതാണോ കാര്യം? എത്ര പൈസ ഉണ്ട്? രണ്ട് മാസമായല്ലൊ സ്ക്കൂൾ തുറന്നിട്ട്? എന്നിട്ട് ഇപ്പോഴാണോ പഠിക്കാൻ തോന്നിയത്?”
“സാറെ അവൻ ഇത്രയും കാലം അമ്മയുടെ കാട്ടിലായിരുന്നു. ഇന്നലെയാ അവൻ തിരിച്ച് വന്നത്”
“ആരെടാ അവിടെ? ആ അഡ്‌മിഷൻ രജിസ്റ്ററെടുക്ക്”
തുരപ്പൻ ഓടിവന്ന് അലമാരയുടെ മുകളിൽ കയറി ഏറ്റവും വലിയ പുസ്തകം എടുത്ത് താഴെയിറങ്ങി. ഹെഡ്മാസ്റ്ററുടെ മുന്നിൽ മേശപ്പുറത്ത് റജിസ്റ്ററിന്റെ അവസാന പേജ് തുറന്ന്‌വെച്ചു.
“കുട്ടിയുടെ പേര് പറയു” മഞ്ഞക്കൊമ്പൻ ഹെഡ്‌മാസ്റ്റർ എഴുതാൻ പേന തുറന്നശേഷം അവരോട് ചോദിച്ചു.
“സീരൻ കുരങ്ങൻ”
“അച്ഛന്റെ പേര്?”
“നീലൻ കുരങ്ങൻ”
“അമ്മയുടെ പേര്?”
“അമ്മയുടെ പേര്,,, അത് പിന്നെ,,, എടാ ചെക്കാ നീ നിന്റെ അമ്മയുടെ പേര് പറഞ്ഞുകൊടുക്ക്” തന്റെ ഭാര്യക്ക് ഒരു പേരുണ്ടെന്ന് നീലൻ ഇതുവരെ ഓർത്തിരുന്നില്ല.
“അത് പിന്നെ അച്ഛൻ വിളിക്കുന്ന പേരാണോ, അതോ ശരിക്കുള്ള പേരാണോ?” മകന് സംശയമായി.
“ഇവിടെ ശരിക്കുള്ള പേര് തന്നെ പറഞ്ഞാൽ മതി” ഹെഡ്മാസ്റ്റർ കല്പിച്ചു.
“വാനര സുന്ദരിയമ്മ”
അമ്മയുടെ പേര് മകൻ പറഞ്ഞതു കേട്ടപ്പോൾ നീലൻ വിശ്വാസം വരാതെ വാ പൊളിച്ച് ആശ്ചര്യത്തോടെ മകനെ നോക്കി. ഇത്രയും സുന്ദരമായ പേരുള്ളവളെയാണോ താൻ ‘തലതിരിഞ്ഞവളെ, എടി മുടിഞ്ഞവളേ’ എന്നൊക്കെ വിളിക്കുന്നത്!
“ഇവന്റെ ജനന തീയതി വേണം” ഹെഡ്മാസ്റ്റർ അടുത്ത വരി പൂരിപ്പിക്കാനായി ചോദിച്ചു.
“ഇവൻ ജനിച്ചത് ഫിബ്രവരി മുപ്പതാം തീയ്യതിയാണ് സാറെ”
“അപ്പോൾ ഇവനെ ഈ സ്ക്കൂളിൽ ചേർക്കാനാവില്ല. ഇവിടെ പഠിക്കുന്നവരെല്ലാം ഏപ്രിൽ ഒന്നാം തീയ്യതി ജനിച്ചവരാ” ഹെഡ്മാസ്റ്റർ പേന താഴെവെച്ചു.
“അത് ഇവൻ ഏപ്രിൽ ഒന്നിനുതന്നെ ജനിച്ചവനാ. ഫിബ്രവരിയിൽ പിറന്നത് എന്റെ ഇളയ മകളാണ്” നീലൻ പറഞ്ഞത്‌കേട്ട് ആനക്ക് വളരെ സന്തോഷമായി.
“എന്നാപിന്നെ ഇവിടെ അഡ്മിഷൻ നൽകാം. ശരി ഫീസ് എത്ര തരും?”
“എത്ര വേണം?”
“ഉള്ളത് മുഴുവനും”
നീലൻ പോക്കറ്റിൽ തപ്പിയപ്പോൾ കിട്ടിയ നൂറുരൂപ മേശപ്പുറത്ത് വെച്ചു. അത്‌കണ്ട് സീരന് സന്തോഷമായെങ്കിലും ഹെഡ്മാസ്റ്റർ പറഞ്ഞു,
“ഇത്രയെ ഉള്ളോ, ഇത്‌കൊണ്ട് പത്താം ക്ലാസ്സിൽ മാത്രമല്ലെ ചേർക്കാൻ പറ്റത്തുള്ളു. കൂടുതൽ പണം തന്നാൽ ഒന്നിലോ രണ്ടിലോ ചേർക്കാം”
“എന്റെ മകനെ പത്തിൽ ചേർത്താൽ മതി; ഒരു കൊല്ലമെങ്കിലും അവൻ പഠിക്കട്ടെ”
“അങ്ങനെയാണെങ്കിൽ അങ്ങനെ; രക്ഷിതാവ് ഇവിടെ പേരെഴുതി ഒപ്പിടൂ”
ഹെഡ്മാസ്റ്റർ കാണിച്ച സ്ഥാനത്ത് നീലൻ ഒപ്പിട്ടപ്പോൾ അദ്ദേഹം പ്യൂണിനെ വിളിച്ചു,
“ഡേയ് പ്യൂൺ പെരുച്ചാഴി; ഇവനെ പത്താം ക്ലാസ്സിൽ പൊണ്ടുപോയി ഇരുത്തിയാട്ടെ”
മകൻ പെരുച്ചാഴിയുടെ കൂടെ പോകുന്നത്, നീലൻ നോക്കി നിന്നു. അവർ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ അല്പം പ്രയാസത്തോടെ സ്ക്കൂളിന്റെ പടികളിറങ്ങി തോട്ടത്തിലൂടെ പുറത്തേക്ക് നടന്നു.
അങ്ങനെ നടക്കുമ്പോൾ പിന്നിൽനിന്നും ആരോ നീലന്റെ കോളറിൽ പിടിച്ചു. പിടി വിടുവിക്കാൻ ശ്രമിച്ചപ്പോൾ ദേഹത്തിന്റെ പലഭാഗങ്ങളിലും ആരോ ചുറ്റിപ്പിടിക്കുന്നു.
“ആരെടായിത്?”
നീലൻ കൈവീശി തിരിഞ്ഞുനിന്നപ്പോൾ രണ്ട് കൈയും ചേർത്ത് മുറുകെ ചുറ്റിപ്പിടിച്ച അവനെ കണ്ടു;
ഒരു ‘കള്ളിമുൾച്ചെടി’.
ഏറെ നേരം കുരങ്ങനും കള്ളിച്ചെടിയും തമ്മിൽ മൽപ്പിടുത്തം നടന്നു. ഇതുകണ്ട് വാച്ച്മാൻ കൊമ്പൻനായ ഓടി വന്ന് പരിഹാരം നിർദ്ദേശിച്ചു,
“ഹേ കിളവാ, അതിന് വല്ലതും കൊടുക്ക്,”
എല്ലാ പോക്കറ്റും സേർച്ച് ചെയ്തപ്പോൾ ഒളിപ്പിച്ച്‌വെച്ച ഒരു അൻപത് രൂപയുടെ നോട്ട് കിട്ടി. മനസ്സില്ലാമനസ്സോടെ അവനത് ചുരുട്ടിയിട്ട് കള്ളിച്ചെടിയുടെ ചുവട്ടിലുള്ള മാളത്തിൽ ഇട്ടു. അതോടെ മുള്ളുകൾ പിൻവലിഞ്ഞ് സ്വാതന്ത്ര്യം കിട്ടിയ നീലൻകുരങ്ങൻ, രക്ഷപ്പെട്ട് ഓടുമ്പോൾ വിളിച്ചുപറഞ്ഞു,
“ഈ വനമംഗലത്തെ സ്ക്കൂളിൽ പഠിക്കുന്ന പിള്ളേരുടെ കാര്യം കഷ്ടംതന്നെ”
{തുടരും}