Thursday, November 14, 2013

ശ്ശ്,,ശ്ശ്,, മിണ്ടരുത്,,,

  
                   ബ്ലോഗ് എഴുതാൻ തുടങ്ങിയ കാലത്ത് ജീവിത അനുഭവങ്ങൾ ധാരാളം എഴുതിയിട്ടുണ്ട്; സ്ക്കൂൾ വിശേഷങ്ങളും യാത്രാ വിശേഷങ്ങളും. അങ്ങനെ 2009ൽ ഞാനെഴുതിയ യാത്രാവിശേഷം, ‘യാത്രക്കാരുടെ ശ്രദ്ധക്ക്’ അതേപടി ഇവിടെ പകർത്തുന്നു,,,
********************
ഓര്‍മ്മിക്കാൻ ഒരു ബസ്‌യാത്ര 
              വര്‍ഷങ്ങൾക്കുമുന്‍പ് നടന്ന ഒരു ബസ്സ്‌യാത്രയിലേ സംഭവം . ആഴ്ചയിൽ ആറു ദിവസം ജോലി ചെയ്യണം.,,, സര്‍ക്കാർ ജോലി.,,, നിത്യേന നാല് മണിക്കൂർ യാത്ര ചെയ്യണം.പയ്യന്നൂർ മുതൽ കണ്ണൂര് വരെയുള്ള യാത്രക്കിടയിലാണ് സംഭവം. 
             ഒരു വൈകുന്നേരം അഞ്ച് മണി സമയം. രാവിലെ മുതൽ കുട്ടികളോടും ഫയലുകളോടും പോരടിച്ച ശേഷം ആദ്യം കിട്ടിയ ബസ്സിൽ കണ്ണൂരിൽ വരാനായി സീറ്റ് പിടിച്ചിരിക്കയാണ് ഞങ്ങൾ കുറേ വനിതകൾ. ഇതിൽ അദ്ധ്യാപികമാരും ക്ലാര്‍ക്കുമാരും ഉണ്ട്. ഡ്രൈവറുടെ പിന്നിൽ നാലാമത്തെ സീറ്റിൽ ഞാനും എന്റെ സഹപ്രവര്‍ത്തകയും ഇരിക്കുന്നു. മൂന്നാമത്തെ സീറ്റിന്റെ അറ്റത്ത് എന്റെ സുഹൃത്തായ ഒരു ടീച്ചർ ഇരിക്കുന്നു. ബസ്സിൽ വലിയ തിരക്കില്ല. മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും മാത്രമാണ് നില്‍ക്കുന്നവർ.
               തളിപ്പറമ്പിൽ എത്തിയപ്പോഴാണ് അയാൾ ബസ്സിൽ കയറിയത്. ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞ പ്രായം. സീനിയർ സിറ്റിസൺ തന്നെ...പക്ഷെ ലേഡീസ്‌സീറ്റ് മാത്രമാണ് അക്കാലത്ത് റിസര്‍വേഷൻ. വികലാംഗരോ, സീനിയർ സിറ്റിസണോ ഇരിപ്പിടം ആവശ്യപ്പെടുകയാണെങ്കിൽ ഉദാരമതികളായ യാത്രക്കാർ എഴുന്നേറ്റ് ബഹുമാനിച്ച് സ്വന്തം ഇരിപ്പിടം നൽകുന്നതാണ് അന്നത്തെ പതിവ്.

             നമ്മുടെ കഥാനായകനായ മാന്യൻ നേരെ മൂന്നാമത്തെ സീറ്റിനു സമീപം വന്ന് നില്‍പ്പാണ്. നാലാം നമ്പർ സീറ്റിലിരിക്കുന്ന ഞങ്ങൾ അയാളെ നന്നായി ഒന്നു നോക്കി; നല്ല ഉയരം,, ബസ്സിന്റെ മേല്‍ത്തട്ടിന്റെ അത്ര വരും, അതോടൊപ്പം വണ്ണവും,,,,കറുത്ത പാന്റും വെള്ള ഷര്‍ട്ടും,,,,വലതു കൈയില്‍ പുസ്തകം,പേപ്പർ ഇവ ഉൾ‌ക്കൊള്ളാവുന്ന ഫയൽ. ഏതോ ഒരു ഓഫീസിലെ ജോലികഴിഞ്ഞുള്ള വരവ് ആയിരിക്കാം. ബസ്സിന്റെ ആട്ടവും കുലുക്കവും അവഗണിച്ച് അയാൾ നേരെ മുന്നോട്ടു നോക്കി നില്‍പ്പാണ്.

            അങ്ങനെ അയാളെ നിരീക്ഷിച്ചുവരുമ്പോഴാണ് ഒരു കാര്യം എന്റെ ശ്രദ്ധയിൽ‌പ്പെട്ടത്,,,ആ മാന്യന്റെ ഫയലുപിടിച്ച വലതുകൈയുടെ സ്വതന്ത്രമായ രണ്ട് വിരലുകൾ മൂന്നാമത്തെ സീറ്റിലിരിക്കുന്ന ടീച്ചറുടെ ചുമലിൽ തൊടുന്നു. ,,,ക്രമേണ ഞാനോന്നുമറിഞ്ഞില്ല എന്ന ഭാവത്തിൽ, ബസ്സിന്റെ ആട്ടത്തിനനുസരിച്ച് ഇടക്കിടെ തടവലായി മാറി. വെറും രണ്ടു വിരലല്ലേ, എന്നാലും റ്റീച്ചറെ അറിയിക്കെണ്ടേ,,,
പിന്നിലിരിക്കുന്ന ഞാൻ അവളെ വിളിച്ചു;
“എടോ.നിനക്കു ചൊറിയുന്നുണ്ടോ?, നിന്റെ ഇടതു ചുമലിൽ അടുത്ത് നില്‍ക്കുന്ന ആള്‍ ചൊറിഞ്ഞ് തരുന്നുണ്ട്”.
ഇതു പറഞ്ഞപ്പോഴേക്കും ടീച്ചർ തിരിഞ്ഞുനോക്കി. അതോടെ ചൊറിയുന്ന വിരലുകൾ പതുക്കെ പിൻ‌വലിഞ്ഞ്, അഞ്ച് വിരലുകളും ചേര്‍ത്ത് ഫയലിനെ മുറുകെ പിടിച്ചു.
ടീച്ചർ ആ മാന്യന്റെ ഫയല്‍ നോക്കി ബസ്സിലുള്ളവർ കേൾ‌ക്കെ ഉച്ചത്തിൽ വായിച്ചു,
“പ്രിന്‍സിപ്പാൾ …….....”
ബയോഡാറ്റ ബാക്കി കൂടി വായിച്ച ശേഷം തിരിഞ്ഞ് ഞങ്ങളോടായി പറഞ്ഞു,
“അല്ലാ നിങ്ങള്‍ക്ക് മനസ്സിലായോ, ഈയാള്‍ റിട്ടെയർ ചെയ്തശേഷം വയസ്സുകാലത്ത് ഏതോ പാരലൽ കോളേജിലെ പ്രിന്‍സിപ്പാളായതാ, ഏതായാലും ചൊറിയട്ടെ”

                     പിന്നെ സംഭവങ്ങൾ സ്ലോമോഷനിൽ നൊൺ‌സ്റ്റോപ്പായി നടന്നു, ബസ്സിനകത്തുകൂടി നടന്നുനടന്ന് മുന്നോട്ടു നീങ്ങിയ ആ ആള്‍ അടുത്ത സ്റ്റൊപ്പിൽ ബസ്സ് നിര്‍ത്തിയ ഉടനെ മുന്നിലെ വാതിൽ തുറന്ന് തിരിഞ്ഞുനോക്കാതെ ഇറങ്ങിനടന്നു.

പിൻ‌കുറിപ്പ്:
1. ബസ്സ് യാത്രയിൽ പീഠനങ്ങൾ നടക്കുന്നുണ്ടെങ്കിൽ പ്രതികരിക്കുന്ന ഒരു വിഭാഗം അന്നും ഇന്നും യാത്ര ചെയ്യാറുണ്ട്.
2. പ്രതികരിക്കുമ്പോൾ ഒറ്റപ്പെട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കുക.
3. ചൊറിച്ചിൽ തുടങ്ങുമ്പോള്‍തന്നെ പ്രതികരിക്കണം.
4. ചൊറിയുന്നത് എത്ര ഉന്നതനായാലും മുളയിലേ കരിച്ചു കളയണം.
5. ശാരീരിക ഉപദ്രവങ്ങള്‍ക്കെതിരായ പ്രതികരണം ജന്മനാ ലഭിക്കുകയില്ല. അത് തുടക്കത്തിലേ പരിശീലനം കൊണ്ട് നേടിയെടുക്കണം.
6. മാന്യതയില്ലാത്ത പെരുമാറ്റം കാണിക്കുന്ന വ്യക്തി ബന്ധുവാണോ, മാന്യനാണോ എന്ന് നോക്കാതെ വേണം പ്രതികരിക്കാൻ.
***************************

                  ‘ബസ്‌യാത്ര ചെയ്തവരിൽ ഏറ്റവും കൂടുതൽ സമയം ബസ്സിനകത്തിരുന്നത് ഞാനയിരിക്കും’ എന്ന് ഞാൻ വിശ്വസിക്കുന്നു. ബസ്‌യാത്ര വിഷമം‌പിടിച്ച പരിപാടിയാണെന്ന അഭിപ്രായം എനിക്കില്ല. കാരണം ഓരോ യാത്രയും ഞാൻ ആസ്വദിക്കുകയാണ്. ഓരോ ദിവസവും കാണുന്ന ദൃശ്യങ്ങളെല്ലാം മാറിക്കൊണ്ടിരിക്കയാണ്. ഒരു ദീർഘദൂരയാത്രക്കാരന് എത്രയെത്ര മാറ്റങ്ങളാണ് കണ്ട് ആസ്വദിക്കാനുള്ളത്! അതിനിടയിൽ എത്രയെത്ര ഞരമ്പ്‌രോഗങ്ങൾക്കാണ് എനിക്ക് സാക്ഷിയാവാൻ കഴിഞ്ഞത്. ഇന്നത്തെ പത്രവാർത്തകൾ കണക്കാക്കിയാൽ എത്രയോ തവണ പരാതി കൊടുക്കാനുള്ള സംഭവങ്ങൾ പലതും ഉണ്ടായിരുന്നു.
 അങ്ങനെ എനിക്കുണ്ടായ രണ്ട് അനുഭവങ്ങൾ ഇവിടെ പകർത്താം,

വർഷങ്ങൾക്കുമുൻപ്, ഒരു തിങ്കളാഴ്ച,,,
                 സ്ക്കൂളിൽ എത്തിച്ചേരാനായി കണ്ണൂർ ബസ്‌സ്റ്റാന്റിൽ (പഴയ മുൻസിപാൽ ബസ്‌സ്റ്റാന്റ്) പയ്യന്നൂർ ബസ്സ് പ്രതീക്ഷിച്ച് ഞാൻ നിൽക്കുകയാണ്. രാവിലെ പത്ത്‌മണി കഴിഞ്ഞ സമയമായതിനാൽ യാത്രക്കാർ കുറവാണ്. ഷിഫ്റ്റ്‌സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമായതിനാൽ 12.30 കഴിഞ്ഞ് ആരംഭിക്കുന്ന രണ്ടാം ഷിഫിറ്റിലെ ഹൈസ്ക്കൂൾ കുട്ടികളെ പഠിപ്പിക്കേണ്ടതുകൊണ്ട് അതിരാവിലെയുള്ള തിരക്കിനിടയിൽ എനിക്ക് യാത്ര ചെയ്യേണ്ടതില്ല. ഇന്നത്തെപോലെ പലഭാഗത്തേക്ക് പോവുന്ന ബസ്സുകൾ അന്ന് ഇഷ്ടം‌പോലെ ഉണ്ടായിരുന്നില്ല. എങ്കിലും ഒരേ സമയത്തെയും ഒരേ ബസ്സിലേയും യാത്രക്കാർ തമ്മിൽ പരസ്പരബന്ധം പുലർത്തിയിരുന്ന കാലമായതിനാൽ തിരക്കിനിടയിലും അർദ്ധാസനം നൽകിയിട്ട് യാത്ര സുഗമമാക്കാൻ കഴിഞ്ഞിരുന്ന കാലം.
                                                          
                  അങ്ങനെ ബസ്സിനെയും പ്രതീക്ഷിച്ച് ഞാനും മറ്റൊരു യാത്രക്കാരിയും സംസാരിക്കുകയാണ്. അവർ എവിടത്തുകാരിയെന്നോ പേരെന്താണെന്നോ എനിക്കറിയില്ലെങ്കിലും നമുക്കിടയിൽ സംഭാഷണവിഷയമുണ്ട്; ബസ്‌യാത്ര. അങ്ങനെ അഭിമുഖമായി നിന്ന് സംസാരിക്കുന്നതിനിടയിൽ അൻപതുവയസ്സിനുമുകളിൽ പ്രായം‌തോന്നുന്ന രണ്ടു പുരുഷന്മാർ നടന്നുവന്ന് അവളെയും കടന്ന് മുന്നോട്ടുപോയി. സ്ലോമോഷനായിട്ടുള്ള ആ പോക്കിൽ ഒരുത്തൻ ഇടതുകൈ നിവർത്തി വീശിയിട്ട് അവളുടെ മുൻ‌വശത്ത് വയറ്റത്ത് നന്നായൊന്ന് അമർത്തിതടവി. പെട്ടെന്നുള്ള സംഭവത്തിൽ ഞെട്ടിയ ചെറുപ്പക്കാരി ‘അല്ല, ഇയ്യാളെന്താ ചെയ്യുന്നത്?’ എന്ന് പറഞ്ഞെങ്കിലും അത് കേൾക്കാതെ ഒന്നും സംഭവിക്കാത്തമട്ടിൽ അന്താരാക്ഷ്ട്രകാര്യങ്ങൾ ചർച്ച ചെയ്യുന്ന മട്ടിൽ രണ്ടുപേരും നടന്ന് മുന്നോട്ടുപോയി.
                  അവൾ പറഞ്ഞ പരാതി ഞാൻമാത്രം കേട്ടു, ചാനലുകാരെയോ പത്രക്കാരെയോ വിളിച്ച് കരഞ്ഞുപറയാൻ അവൾക്ക് പറ്റിയില്ല. പോലീസിനെ വിളിച്ച് പരാതികൊടുക്കാനും കഴിഞ്ഞില്ല. അഥവാ കൊടുത്താലോ?,,, അങ്ങനെയുള്ള പീഢനവാർത്തകളും സംഭവങ്ങളും കേൾക്കാത്തതും അറിയാത്തതുമായ ആ കാലത്ത് പോലീസും കോടതിയും ഇക്കാര്യത്തിൽ എന്ത് ചെയ്യുമെന്ന് അറിയില്ല.
                  എന്നാൽ അന്നുമുതൽ ഒരുകാര്യം ഞാൻ തിരിച്ചറിഞ്ഞു, ‘പെണ്ണായാൽ പിന്നിലും ഒരു കണ്ണ് വേണം’; എവിടെനിന്ന് എപ്പോഴാണ് അവന്റെ വൃത്തികെട്ട കൈ നീളുന്നത് എന്ന് പറയാനാവില്ല. കൂടാതെ ബസ്‌സ്റ്റാന്റിലോ മറ്റുസ്ഥലങ്ങളിലോ ഒറ്റയ്ക്ക് നിൽക്കുമ്പോൾ പിന്നിലെന്താണ് എന്ന് ശ്രദ്ധിക്കാനും തുടങ്ങി.

ആദ്യത്തെ സംഭവം കഴിഞ്ഞ് പത്ത് വർഷത്തിനുശേഷം,
                  പഠിപ്പിക്കുന്ന വിദ്യാലയം തൊട്ടടുത്ത പഞ്ചായത്തിൽ, പഠനസമയം പത്ത് മുതൽ നാല് മണിവരെ. ബസ് യാത്ര വെറും പത്ത് മിനിട്ടാണെങ്കിലും ബസ്സിൽ തിരക്കോട് തിരക്ക്. നാലുമണിയായി ബെല്ലടിച്ചാൽ പത്ത് മിനിട്ട് നടന്ന് റോഡിലെത്തി ആദ്യം കാണുന്ന ബസ്സിൽ കയറിപറ്റുന്നതാണ് ശീലം. ബസ്സിലാണെങ്കിൽ പലപ്പോഴും അകത്തുകയറാൻ പറ്റാത്ത അത്രക്ക് ആളുകൾ ഉണ്ടെങ്കിലും കണ്ടക്റ്റരും കിളിയും ചേർന്ന് കയറാൻ വരുന്നവരെയെല്ലാം ഉള്ളിലെക്ക് തിരുകി കയറ്റി വാതിലടക്കും.

അങ്ങനെ ഒരുദിവസം,,,,
                   തിരക്കിലൂടെ കയറിപറ്റിയ ബസ്സിൽ നിന്ന് ഞാൻ തിരക്കിട്ട് ഇറങ്ങുകയാണ്. ഇറങ്ങേണ്ടത് വീടിനടുത്തുള്ള കൊച്ചുപട്ടണത്തിലായതിനാൽ ബസ്സിലുള്ള പകുതിയോളം ആളുകൾ അവിടെഇറങ്ങും, പകരം അത്രയും ആളുകൾ അകത്ത് കയറുകയും ചെയ്യും. അങ്ങനെ തിക്കിതിരക്കി ഇറങ്ങുന്നതിനിടയിൽ ആളുകൾക്കിടയിലൂടെ ഏതോ ഒരുകൈ നീണ്ടുവന്ന് എന്റെ കാലിൽ നന്നായൊന്ന് നുള്ളി. വേദനിച്ച ഞാൻ ചുറ്റുംനോക്കുമ്പോൾ വീണ്ടും അതേ സ്ഥാനത്ത് ഒരു നുള്ള്. ‘അയ്യോ ഇതെന്താണ്’, എന്ന് പറയാൻ തോന്നിയെങ്കിലും വാക്കുകൾ വെളിയിൽ വരുന്നതിനു മുൻപ് യാത്രക്കാരുടെ തള്ളലിൽ കുടുങ്ങിയ ഞാൻ ബസ്സിൽ നിന്ന് തനിയെ വെളിയിലായി.
             സംഗതി നടത്തിയ ആ കറുത്തകൈ ആരുടേതെന്ന് എനിക്കിന്നും അറിയില്ല. ആ ഞരമ്പുരോഗി തിരക്കിലൂടെ കൈകടത്തി നുള്ളുന്നതിനിടയിൽ ആരെയാണ് നുള്ളുന്നത് എന്ന് അറിയാനിടയില്ല. പിന്നെന്തിന് അവനങ്ങിനെ ചെയ്തു? ഇത്തരം കൈക്രീയ അവൻ ആദ്യമായി ചെയ്യുന്നതായിരിക്കില്ല. അതാണ് അവന്റെ വൈകൃതം. 

              മറ്റുള്ളവരുടെ ദേഹത്ത് അനുവാദമില്ലാതെ തൊട്ടുകളിക്കുന്നത് ശിക്ഷാർഹമാണെന്ന് കോടതി പറയുന്നുണ്ട്. അനുവാദമുണ്ടെങ്കിലും പൊതുസ്ഥലത്ത് പാലിക്കേണ്ട നിയമങ്ങളൊക്കെയുണ്ട്. അങ്ങനെ പറയുമ്പോൾ ഇന്നത്തെ ഓരോ ബസ്സിലും നടക്കുന്ന ‘പീഢനങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്യാനും സാക്ഷിയാവാനും പീഢനക്കാരെ അറസ്റ്റ് ചെയ്യാനുമായി’ മൊബൈൽ പീഢനസ്ക്വാഡ് രൂപികരിക്കുന്നതാണ് ഉത്തമം. മനസ്സമാദാനത്തോടെ യാത്രചെയ്യാം ഒപ്പം ഏതാനും പേർക്ക് തൊഴിലാവുകയും ചെയ്യും.

യാത്രക്കിടയിലെ രസകരമായ പ്രതികരണവും അനുഭവവും വായിക്കാൻ  ‘യാത്രക്കിടയിൽ കണ്ടതും കേട്ടതും’ 

22 comments:

  1. എന്നാലും എന്റെ റ്റീച്ചറെ. ഇതുപോലെ എഴുതാൻ തുടങ്ങിയാൽ ഓരോരുത്തർക്കും ഉണ്ടാകും രാമയണവും മഹാഭാരതവും

    ഒരിക്കൽ ഞാൻ കോഴിക്കോട് നിന്ന് പോരുന്ന വഴി. വളരെകാലം മുൻപാണ്
    ട്രാൻസ്പോർറ്റ് ബസ് ആണ്. വലതുവശത്ത് വിൻഡൊ സീറ്റ് കിട്ടി. തൃശൂർ  വരെ ഉള്ള ബസ് ആണ്.
    വഴിയിൽ നിന്ന് പലരും കയറുന്നുണ്ട് , ഇറങ്ങുന്നും ഉണ്ട്.

    എനിക്കാണെങ്കിൽ സാധാരണ ബസിൽ കയറിയാൽ അപ്പോൾ മുതൽ ഉറങ്ങുന്ന സ്വഭാവം. പക്ഷെ ഈ ബസ് ഇടയ്ക്കിടക്ക് നിർത്തുന്നത് കൊണ്ട് ഉറക്കം ശരിയാകുന്നില്ല

    മുന്നിലത്തെ സീറ്റിന്റെ പടിയിൽ കൈകൾ പിണച് വച്ച് അതിൽ തല താങ്ങി ആണുറങ്ങുന്നത്

    പക്ഷെ ഒരിടത്ത് നിന്നും ഇതുപോലെ കയറിയ ഒരു വിദ്വാൻ എന്റെ ഇടത് വശത്ത് ഇരുന്നു. മുന്നിലത്തെ സീറ്റിൽ മൂന്നും സ്ത്രീകളാണ്.

    ഇദ്ദേഹവും പതിയെ മുന്നിലെ സീറ്റിലേക്ക് കൈവച്ച് പതുക്കെ ഒരു വിരൽ കൊണ്ട് ആ സ്ത്രീയുടെ പിങ്കഴുത്തിൽ ചൊറിയാൻ തുടങ്ങി.
     ഞാൻ പെട്ടെന്ന് തന്നെ അപകടം മണത്ത് എന്റെ സീറ്റിലേക്ക് തന്നെ ചാരി ഇരുന്നു എന്റെ കൈകൾ ഇങ്ങെടൂത്തു. ഇനി അടി കിട്ടുകയാണെങ്കിൽ ചിലപ്പോൽ എനിക്കായിപ്പോകും എന്ന് പേടിച്ചാണ് കേട്ടൊ.

    ഏതായാലും അയാൾ സാരിയുടെ അറ്റം, മാറ്റിവച്ച് ചൊറിയുന്നത് വരെ ആ സ്ത്രീ അറിഞ്ഞില്ല എന്ന് തോന്നുന്നു. 

    പക്ഷെ ആ സ്ത്രീ ഒന്നു തിരിഞ്ഞു നോക്കിയതെ ഉള്ളു - എന്റെ സഹയാത്രികൻ പെട്ടെന്ന് തന്നെ ഉറക്കമായി.

    ഇത് ഒരു വശം 
    പക്ഷെ ഇതിന് മറ്റൊരു വശം കൂടി ഉണ്ട്. 
     അടുത്തിരുന്നിട്ട് എന്താ കയ്യും കാലുമൊന്നും ഇല്ലെ  എന്നു ചോദിച്ച സഹയാത്രികയും ഉണ്ടായിട്ടുണ്ട്

    ലോകം ഇങ്ങനെ ഒക്കെയാ

    ReplyDelete
    Replies
    1. ആദ്യമായി വിശദമായ കമന്റിട്ട ഇൻഡ്യാഹെറിറ്റേജിന് നന്ദി. ബസ്സിൽ വെച്ച് ചൊറിഞ്ഞവന്റെ ചെരിപ്പ് പിടിച്ചപ്പോൾ സംശയിച്ചവന്റേതല്ല, പകരം സ്ക്കൂൾ പയ്യനായത് മുൻപ് നർമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ‘ഒരു ചെരിപ്പും രണ്ടു കാലുകളും’. യാത്രയുടെ മടുപ്പ് മാറാൻ ഇത്തരം സംഭവങ്ങൾ ശ്രദ്ധിച്ചാൽ മതിയാവും. അതുപോലെ തിരക്കുള്ള ബസ്സിൽ വെച്ച് മുന്നിൽ നിൽക്കുന്നവളടുട കഴുത്തിൽ ചുമ്പനം നടത്തുന്ന രംഗവും കാണാനിടയായിട്ടുണ്ട്.

      Delete
  2. അതെ, ഇത് വായിക്കുന്നവര്ക്ക്, ഇതുപോലുള്ള കാര്യങ്ങൾ എഴുതാൻ ഒരുപാട് ഉണ്ടാകും. മുമ്പ്, ഒരു രസികൻ എഴുതിയ ലേഖനത്തിലെ ഒരു ഡയലോഗ് ഞാൻ ഇപ്പോഴും ഓര്ക്കുന്നു: ഗര്ഭാധാരണം മുതൽ പ്രസവം വരെ നടക്കാവുന്ന ബസ്സിൽ......... ഇതിൽ എല്ലാം ഒതുങ്ങി. പിന്നെന്താ? നാട്ടിലെ, ബസ് യാത്ര പോലെതന്നെയാണ്, മുംബൈ മുതലായ നഗരങ്ങളിലെ തീവണ്ടി യാത്ര. ലേഡീസ് കമ്പാർട്ട്മെന്റിൽ വിടാതെ, കുടുംബമായി ജനറൽ കമ്പാർട്ട്മെന്റിൽ കേറിയാൽ, തീര്ന്നു പണി.

    ReplyDelete
    Replies
    1. യാത്രക്കിടയിലെ അനുഭവങ്ങൾ എഴുതാൻ ധാരാളം ഉണ്ടാവും. മുൻപ് നമ്മുടെ യൂനിവേഴ്സിറ്റി ജീവനക്കാരിക്ക് ബസ്സിൽ ഉണ്ടായ അനുഭവം പരാതികൊടുത്ത് കേസാക്കിയപ്പോൾ പത്രങ്ങൾ ആഘോഷമാക്കി. ആ കേസ് പിന്നീറ്റ് വകുപ്പ് മാറി മറിഞ്ഞതും നമ്മൾ കണ്ടതാണ്. അഭിപ്രായം എഴുതിയ ഡോക്റ്റർക്ക് വളരെ നന്ദി.

      Delete
  3. ഈ എഴുതിയതൊന്നും ആ സി ബി ഐ ഡയറക്റ്റര്‍ വായിക്കേണ്ട. എതിര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ ആസ്വദിച്ചോളൂ എന്ന് പറയും!

    ReplyDelete
    Replies
    1. @ajith-,
      അദ്ദേഹത്തിന് പരിചയമുള്ളവരെല്ലാം ആസ്വദിക്കുന്നുണ്ടാവണം, നമ്മുടെ നാടൻ ബസ്സിലൊന്നും ഇതുവരെ കയറാനുള്ള ഭാഗ്യം അയാൾക്കില്ലാതെപോയി. അഭിപ്രായം എഴുതിയതിന് വളരെ നന്ദി.

      Delete
  4. സ്ത്രീകൾ നിർബന്ധമായും ഒരു സെയ്ഫ്റ്റിപിൻ കൈയിൽ കരുതുന്നത്‌ യാത്രാവേളയിൽ ഉപകാരപ്പെടും

    ReplyDelete
    Replies
    1. Madhusudhanan Pv-,
      അങ്ങനെ പിൻ പ്രയോഗിച്ചപ്പോഴുണ്ടായ സംഭവം ഇവിടെയുണ്ട്,,, http://mini-kathakal.blogspot.in/2012/04/blog-post.html

      Delete
  5. ടീച്ചർ,
    യാത്ര വിവരണം നന്നായിട്ടുണ്ട്.
    ശശി, നർമവേദി

    ReplyDelete
  6. ബസ്സ്‌ അനുഭവങ്ങള്‍ എത്രയുണ്ട്..... ഒരുപാട് പേര്‍ പ്രതികരിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്... യാതൊരു ദുരുദ്ദേശവും ഇല്ലാത്തവര്‍ വെറുതെ പീഡിപ്പിക്കപ്പെടുന്നതും കണ്ടിട്ടുണ്ട്.....

    ReplyDelete
  7. Anubhavangalkku vendiyulla yaathrakalum ...!!!

    Manoharam Chechy, Ashamsakal...!!!

    ReplyDelete
  8. കേരളത്തില്‍ ഞരമ്പുരോഗികളുടെ എണ്ണം കൂടി കൂടി വരികയാണ്‌ ഈ അടുത്ത കാലത്ത്‌. ചെറുത്തുനില്‍പും കൂടുന്നുണ്ട്‌ എന്നുള്ളത്‌ നല്ല കാര്യം തന്നെ. പണ്ടും ഇതുണ്ടായിരുന്നു എന്ന്‌ ടീച്ചറുടെ കുറിപ്പ്‌ കാണിച്ചുതരുന്നു.

    ReplyDelete
  9. പണ്ട് ഇതൊക്കെ ധാരാളമുണ്ടായിരുന്നെങ്കിലും ആരും പ്രതികരിക്കയോ പുറത്തു പറയുകയോ ചെയ്യാറില്ലായിരുന്നു. അതു കൊണ്ട് തന്നെ ഇന്നത്തെപ്പോലെ പബ്ലിസിറ്റിയും കിട്ടിയിരുന്നില്ല. അധികമാര്‍ക്കുംകാര്യം പിടി കിട്ടിയിരുന്നുമില്ല. ന്യൂസ് പേപ്പര്‍ ,ബാഗ് ,ഉറക്കം ഇതൊക്കെയായിരുന്നു കലാകാരന്മാര്‍ മറയായി ഉപയോഗിച്ചിരുന്നത്.കണ്ടക്ടര്‍മാരും മോശമായിരുന്നില്ല അന്നൊക്കെ. ഇപ്പോള്‍ കാലം മാറി കഥ മാറി. ഇപ്പോഴാണെങ്കില്‍ സ്ലൊമോഷനില്‍ ചാനലില്‍ കാണാം ചുവന്ന വൃത്തത്തിനുള്ളില്‍ ദൃശ്യങ്ങള്‍....!

    ReplyDelete
  10. ബസ് യാത്രാനുഭവങ്ങൾ ഓരോരുത്തർക്കും വിവരിക്കാനുണ്ടാവും. ചില സ്ത്രികൾ പ്രതികരിക്കും ഒരു നോട്ടം കൊണ്ട്, ഒരു വാക്കു കൊണ്ട്.. അത് മതി ഇങ്ങിനെയുള്ളവർ തടി തപ്പാൻ..

    ReplyDelete
  11. പീഡനങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്.പ്രതികരങ്ങളും ..ഡല്ഹി കൂട്ട മാനഭംഗം
    ഒരു ഒറ്റപ്പെട്ട സംഭവും അല്ല .ഉത്തര ഇന്ത്യയില പലയിടത്തും ഇതിലും
    ക്രൂരം ആയ സംഭവങ്ങൾ അരങ്ങേറുന്നുണ്ട്...

    പണ്ടത്തെ അപേക്ഷിച്ച് ഇന്നുള്ള ഒരു മെച്ചം പ്രതികരിക്കുന്ന സ്ത്രീകളെ
    സപ്പോർട്ട് ചെയ്യാൻ എങ്കിലും കുറച്ചു പേരെ കിട്ടുന്നു എന്നതാണ്.മുമ്പൊക്കെ
    അത് പറയുന്നവരെ പരിഹസിക്കുന്ന രീതി ആയിരുന്നു ..കുടുംബത്തില പിറന്ന
    പെണ്ണുങ്ങള ഇത് പുറത്തു പറയില്ല എന്ന ഒരു attitude.(ഈയിടെയും ഇങ്ങനെ
    ഒന്ന് കേട്ടു. മാറ്റം ഇനിയും പൂരണം ആയിട്ടില്ല എന്ന് സാരം)

    ReplyDelete
  12. ശ്വേതാമേനോൻ പിന്നിലേക്ക് ഒരു നോട്ടം ആദ്യം തന്നെ നോക്കിയിരുന്നെങ്കിൽ തുടർന്നുള്ള ഘോഷങ്ങളുണ്ടാകുമായിരുന്നില്ല. .(അതു ചെയ്യാതിരുന്നതെന്ത് എന്നത് ഇപ്പോഴും ദുരൂഹം!) ടിവിക്കാർക്ക് രണ്ടുദിവസത്തെ ചർച്ചയും പത്രക്കാർക്ക് അഞ്ചുപത്ത് പുറം ഗോസ്സിപ്പുകളും കിട്ടിയെന്നല്ലാതെ എന്തു കാര്യം? ജീർണ്ണതകൾ ചർച്ച ചെയ്ത് പുതുതലമുറയെ തെറ്റിദ്ധരിപ്പിക്കാതിരിക്കുന്നതാണ് ഗുണം ചെയ്യുക.

    ReplyDelete
  13. ഞരമ്പ്‌ രോഗികള്‍ സമൂഹത്തില്‍ ഒരു പ്രശ്നമാണ് ടീച്ചറെ. പ്രതികരണവും ശരിയായ വിദ്യാഭ്യാസവും ഒരു പരിഹാരമാകും എന്ന് കരുതാം.

    ReplyDelete
  14. അടി തന്നെ പരിഹാരം

    ReplyDelete
  15. സമൂഹത്തില്‍ ഇത്തരം പ്രവണതകള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ ഏറ്റവും കൂടുതല്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്നത് മാധ്യമങ്ങള്‍ തന്നെയാണ്. മാധ്യമങ്ങളാണ് സ്ത്രീയെ തെറ്റായരീതിയില്‍ അവതരിപ്പിക്കുന്നതും സമൂഹമനസ്സിലേക്ക് വിഷം കുത്തിവയ്ക്കുന്നതും. മാധ്യമത്തില്‍ പരസ്യമാധ്യമങ്ങളും, ദൃശ്യ,ശ്രാവ്യ,അച്ചടി,ഇ- മാധ്യമങ്ങള്‍ ഏല്ലാം പെടും. നല്ല കുറിപ്പ്. ആശംസകള്‍.

    ReplyDelete
  16. ധീരമായ പ്രതികരണം തന്നെയാണ് ആദ്യത്തെ പോംവഴി.. വിഷയം വളരെ നന്നായി അവതരിപ്പിച്ചു.

    ReplyDelete
  17. ഇന്ത്യയിലെ മിക്കവാറും എല്ലായിടത്തും ഇത് നടക്കുന്നുണ്ട്. മനോഭാവം മാറാതെ ഇത് അവസാനിക്കാന്‍ പോകുന്നില്ല. ടീച്ചര്‍ ഭംഗിയായി എഴുതി.

    ReplyDelete