Saturday, November 14, 2020

ഇൻബോക്സിൽ ഒരു പെണ്ണിന്റെ കഥ : 4 ഗ്യാസ് സിലിണ്ടറിന്റെ പിന്നിൽ

 

ഗ്യാസ് സിലിണ്ടറിന്റെ പിന്നിൽ

       ഉച്ചഭക്ഷണത്തിനുശേഷം മൊബൈലിൽ വാട്ട്‌സാപ് തുറന്ന് വിദേശത്തുള്ള മകനെയും കൊച്ചുമകനെയും നേരിട്ടുകണ്ട് സംസാരിച്ചതിനുശേഷമാണ് മെസെഞ്ജർ തുറന്നത്,,

ആശ്ചര്യം!

സ്ക്രീൻ നിറയെ രജനിയുടെ എഴുത്ത്,,

ഇവളെന്ത് ചരിത്രമാണ് എഴുതിയത്? 

പുതിയൊരു കഥയുടെ വിഷയമാക്കിയാലോ,,

തുടക്കം തന്നെ ചേച്ചിയെ വിളിച്ചാണ്,

“ചേച്ചീ,

രാത്രിയിൽ എന്നെ തനിച്ചാക്കി ഗുഡ്‌നൈറ്റ് പറഞ്ഞ് ചേച്ചി പോയപ്പോൾ എനിക്ക് ഉറക്കം വന്നതേയില്ല. അതുകൊണ്ട് ഇപ്പോൾ‌തന്നെ എഴുതുകയാണ്,

ചേച്ചിയോട് പലതും പറയണമെന്ന് വിചാരിച്ചാണ് ഇവിടെ വന്നത്. പക്ഷെ, പറയാൻ വിചാരിച്ചതൊന്നും പറഞ്ഞില്ല. മനസ്സിലെ വികാരങ്ങൾ അടക്കാനാവുന്നില്ല, എല്ലാ സ്ത്രീകൾക്കും ഇതുപോലെയാണോ ചേച്ചി?”

         ഈ കുട്ടിയോട് ഞാനെന്ത് പറയാനാണ്,, കെട്ടിയതു മുതൽ സ്വന്തം വീട്ടിൽ‌തന്നെ തീറ്റിയും കുടിയും ഉറക്കും പതിവാക്കിയ ആളാണ് എന്റെ ഭർത്താവ്,, അപ്പോൾ ഞാനെങ്ങിനെ പ്രവാസി ഭാര്യമാരുടെ വിഷമം തിരിച്ചറിയും?

നട്ടപാതിരക്ക് എഴുതിയതല്ലേ;

ഏതായാലും തുടർന്ന് വായിക്കാം,

“ചേച്ചി വിചാരിക്കുന്നുണ്ടാവും ഞാനൊരു മണ്ടിപ്പെണ്ണാണെന്ന്; ചിലനേരത്ത് ഞാൻ ചെയ്യുന്നതും പറയുന്നതും മണ്ടത്തരം തന്നെയാണ്. അല്ലാതെ നേരിട്ടു കാണാത്ത അകലെയുള്ള ഒരാളോട് ഇങ്ങനെ സ്വന്തം കാര്യം തുറന്നു പറയുമോ? എന്റെ സ്വന്തം സഹോദരി ആയി കണക്കാക്കിയാണ് ഞാനെന്റെ വിഷമങ്ങൾ തുറന്നു പറയുന്നത്”

       അവളുടെ കാര്യത്തിൽ എനിക്ക് പ്രയാസം തോന്നി. പാവം പെണ്ണ്. കുറ്റവാളിയെപ്പോലെ വീട്ടു തടങ്കലിൽ കഴിയുന്ന അവസ്ഥയിൽ ഇത്തിരി സ്നേഹത്തിനും ആശ്വാസത്തിനും വേണ്ടി കൊതിക്കുന്നവൾ എന്നിൽ വിശ്വാസം അർപ്പിച്ച് സ്വന്തം കഥ പറയുകയാണ്. നല്ലൊരു ശ്രോതാവായി മാറി അവൾക്കിത്തിരി ആശ്വാസം പകരാം.

അവൾ തുടരട്ടെ,

“ചേച്ചിക്ക് എന്നെ മനസ്സിലാവുമെന്ന് ഉറപ്പാണ്. അതുകൊണ്ടല്ലെ എന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ കഥയായി എഴുതാൻ കഴിഞ്ഞത്. എന്റെ ഉള്ളിൽ ചേച്ചിയുടെ മനസ്സ് പ്രവേശിച്ചിട്ടാണ് ആ കഥ ജനിച്ചത്. മാസങ്ങളായി ആണൊരുത്തന്റെ ചൂടറിയാതെ പരവേശം കൊള്ളുന്ന ഭാര്യയെയാണ് വിദേശത്തിരുന്നുകൊണ്ട് ഇല്ലാത്ത സംശയത്തിന്റെ പേരിൽ ഭർത്താവ് തളച്ചിടുന്നത്. ചങ്ങല ഇല്ലാതെ അവളുടെ ശരീരത്തിനും മനസ്സിനും വിലങ്ങുവെക്കുക; എന്തൊരു പീഡനമാണിത്. എവിടത്തെ ന്യായമാണ്?”

       ശരിയാണല്ലോ,, ന്യായം മാത്രം നടക്കുകയാണെങ്കിൽ ഭൂമിയിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാവും. പോലീസ്, കോടതി എല്ലാം പിരിച്ചുവിടേണ്ടി വരില്ലേ! അത് അങ്ങനെയാണ്, തെറ്റും ശരിയും കാണും, ഒരിടത്തെ ശരി മറ്റൊരിടത്ത് തെറ്റായി മാറും. ചരിത്രം നിറയെ ശരിയുടെയും തെറ്റുകളുടെയും ചൂതാട്ടമാണല്ലോ. ഏതായാലും അറിയാനും മനസ്സിലാക്കാനും ധാരാളമുണ്ട്.

ഞാൻ വായന തുടർന്നു,

“ചേച്ചീ, മുൻപ് ഞാൻ ആരോഗ്യമാസികയിൽ വായിച്ചിട്ടുണ്ട്, 30 വയസ്സിനുശേഷം പൊതുവേ സ്ത്രീകൾക്ക് സെക്സ് ഫീലിങ്ങ്‌സ് കൂടുതൽ ഉണ്ടാകും എന്ന്. സത്യം പറഞ്ഞാൽ ചിലദിവസങ്ങളിൽ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ വികാരം തോന്നിയിട്ട് ഞാനാകെ വിയർത്ത് നനയും ചേച്ചി. ഇതൊക്കെ പറയുന്നതിൽ എന്നോട് വിരോധമൊന്നും ഇല്ലല്ലോ”

ഒരു വിരോധവും ഇല്ല,

വായിച്ചപ്പോൾതന്നെ ഞാനാകെ വല്ലാതായി; എനിക്കും വിയർക്കുന്നുണ്ടോ?

“അടുത്ത കാലത്ത് വേറൊരു പ്രശ്നം ഉണ്ടാവുന്നു. ഏതെങ്കിലും ആണുങ്ങളെ കാണുമ്പോൾ പരിസരം മറന്ന് അവരെ നോക്കിപ്പോവുന്നു. ആ ശീലം തെറ്റാണെന്ന് എനിക്കറിയാമെങ്കിലും മാറ്റാൻ കഴിയുന്നില്ല. മനസ്സിലാകെ പ്രയാസം തോന്നുന്നു ചേച്ചി,,

ഇന്നു രാവിലെ നടന്ന കാര്യം കൂടി ചേച്ചിയോട് പറയാം. ഏതാണ്ട് പതിനൊന്ന് മണിയോടെ ഗ്യാസ് സിലിണ്ടർ സപ്ലൈ ചെയ്യാൻ ഒരാൾ വീട്ടിൽ വന്നു. ആ യുവാവ് സിലിണ്ടറുമായി വന്ന് തിരികെ ഒഴിഞ്ഞ കുറ്റിയുമായി പോകുന്നതുവരെ ഞാനവനെ കൊതിയോടെ നോക്കിനിന്നു. എന്തൊരു ബോഡീ ഷെയ്പാണ്? വിരിഞ്ഞ മാറിടവും തുളുമ്പുന്ന മസിലുകളും,, അവന്റെ ചുമലിലുള്ള ഗ്യാസ് സിലിണ്ടറിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലോ എന്ന് സങ്കല്പിച്ചുപോയി. അങ്ങനെ സങ്കല്പിക്കുന്നത് തെറ്റാണോ ചേച്ചീ”

സങ്കൽ‌പ്പിക്കുന്നത് തെറ്റല്ല മോളേ,,

ഈ പെണ്ണിനോട് ഞാനെന്താണ് പറയേണ്ടത്?

ഇവളൊരു ഗ്യാസ് സിലിണ്ടർ തന്നെ,,

മര്യാദക്ക് കത്തിത്തീരാത്തതുകൊണ്ട് പൊട്ടിത്തെറിക്കാൻ പാകത്തിലുള്ള ഗ്യാസ് സിലിണ്ടർ,,

(തുടരും)

 

No comments:

Post a Comment