Saturday, November 14, 2020

ഇൻബോക്സിൽ ഒരു പെണ്ണിന്റെ കഥ : 3. വികാരവിചാരങ്ങൾ

 

വികാര വിചാരങ്ങൾ

         ഉറങ്ങാൻ കിടന്നപ്പോൾ തലയിൽ നിറയെ അവളായിരുന്നു,, പ്രൊഫൈൽ പിക്ചറിൽ തെളിയുന്ന നിഷ്കളങ്കമായ കണ്ണുകളുടെ ഒരിക്കൽ കണ്ടവർക്ക് മറക്കാനാവില്ല. മെസെഞ്ചറിൽ വന്ന് പതിവായി സുപ്രഭാതവും ശുഭരാത്രിയും പറയുന്ന സുഹൃത്തുക്കളെക്കാൾ ജന്മാന്തരബന്ധം ഞങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന തോന്നൽ,, ഒറ്റപ്പെടലിന്റെ കാണാക്കയത്തിലേക്ക് മുങ്ങിത്താഴുന്ന അവളുടെ കഥകൾ കേട്ടപ്പോൾ എന്റെ രാത്രിനിദ്രയും പകലുറക്കവും അകന്നുമാറി.

        ഉറക്കം വൈകിയപ്പോൾ സംശയത്തിന്റെ നൂലാമാലകൾ തലച്ചോറിലൂടെ കറങ്ങുകയാണ്. സ്വന്തം വീട്ടിലുള്ള അവിശ്വാസത്തിന്റെ നിഴലുകൾ മറ്റുള്ളവരോട് വിളിച്ചുപറയുന്നത് ശരിയാണോ? ഭർത്താവ് സംശയാലു ആവുന്നത് ഭാര്യയുടെ കൈയിലിരിപ്പ് ശരിയല്ലാത്തതുകോണ്ട് ആയിരിക്കില്ലേ. അവളുടെ ഐഡന്റിറ്റിയിൽ എനിക്ക് സംശയമായി,, ഇവളെന്റെ ഫ്രന്റ് ആണെങ്കിലും ഒരു പോസ്റ്റ് ഷെയർ ചെയ്ത പരിചയം പോലുമില്ല. ഫെയ്ക്കുകളുടെ കാലമാണ്. ഇന്റർ‌നെറ്റിൽ കടന്നാൽ മാതാപിതാക്കളെ മാത്രമല്ല, സ്വന്തം പേരിലും ഫോട്ടോയിലും ഐഡന്റിറ്റിയിലും ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും വരെ ഡ്യൂപ്ലിക്കേറ്റ് ലഭിക്കും. ഇത് ഏതായാലും അക്കൂട്ടത്തിൽ ഒന്നുതന്നെ,, ഫെയ്ക്ക് ആയാലും എനിക്ക് നഷ്ടമൊന്നും ഇല്ലല്ലോ,, മുന്നോട്ടു പോകാം.

        രാത്രിഭക്ഷണം നേരത്തെ ആക്കിയത് ഫെയ്സ്‌ബുക്കിൽ കടക്കാൻ തന്നെയാണ്. ആ നേരത്ത് കമ്പ്യൂട്ടറിന്റെ വലിയ സ്ക്രീനിലൂടെ ഇന്റർ‌നെറ്റിൽ പ്രവേശിക്കാം. തുറന്നപ്പോൾ തന്നെ കണ്ടു,

തലേദിവസത്തെ കക്ഷി ഹാജരുണ്ട്;                                                      

“ഹായ് ചേച്ചി”

“ഹായ് രജനി, യൂ ആർ വെൽക്കം”

“ചേച്ചി ധാരാളം കഥകൾ എഴുതിയിട്ടുണ്ടോ?”

“ധാരാളം എഴുതിയെങ്കിലും വാരികയിൽ ആദ്യമായാണ് അച്ചടിച്ചു വരുന്നത്. കഥ എങ്ങിനെയുണ്ട്?”

“ഇന്നലെ ചേച്ചീയുടെ കഥ വായിച്ചശേഷം വാരികയും പിടിച്ച് ഒത്തിരിനേരം ഞാനിരുന്നു. പിന്നെ വീണ്ടും വായിച്ച് അമ്മക്കു കൊടുത്തപ്പോഴേക്കും മകൻ സ്ക്കൂളിന്ന് വന്നു”

“അമ്മയും കഥ വായിച്ചോ?”

“ഭർത്താവിന്റെ അമ്മയാ,, വാരികയിലെ പാചകമൂല മാത്രമേ അവര് വായിക്കാറുള്ളൂ”

“അതെയോ, മകൻ പഠിക്കുന്നില്ലേ?”

“യൂ.കെ.ജി.യിൽ പഠിക്കുന്നു”

“നല്ലത്, മകനെ കളിപ്പിച്ചാൽ സമയം പോവുന്നത് അറിയില്ലല്ലോ”

“ചേച്ചീ, ‘ഇനി അവൾ ഉറങ്ങട്ടെ’ എന്റെയും കഥയാണ്. മോൻ ഉള്ളതുകൊണ്ട് ഞാൻ വല്ലപ്പോഴും ആണ് എഫ്.ബി. നോക്കുന്നത്. അതും മോൻ ഉറങ്ങുന്ന കുറച്ചുസമയം, അതുകൊണ്ടാണ് റിപ്ലൈ അയക്കാൻ ലെയ്റ്റ് ആകുന്നത്. ചേച്ചിക്ക് സുഖം തന്നെയാണോ?”

“സുഖമാണെന്ന് പറയാം, അപ്പോൾ പകൽനേരത്ത് കുട്ടി സ്ക്കൂളിൽ പോയാൽ ഫ്രീ ആണല്ലോ”

“അപ്പോൾ പറ്റില്ല,, അങ്ങേര് ഫോൺ‌ചെയ്യുമ്പോൾ ചോദിച്ചാൽ അമ്മ പറയും ഞാനെപ്പോഴും മൊബൈലിൽ ആണെന്ന്. പിന്നെ ലിവിംഗ് റൂമിലും കിച്ചണിലും ക്യാമറയുണ്ട്”

“ഭർത്താവിന്റെ അമ്മയാണോ?”

“അതെ ചേച്ചി, മകന് പറ്റിയ തള്ളയാണ്. എന്നെ നിരീക്ഷിക്കലാണ് അവരുടെ ഹോബി”

“വീട്ടിൽ നിങ്ങൾ മൂന്നുപേർ മാത്രം. അപ്പോൾ അത്യാവശ്യ കാര്യങ്ങൾ,, മാർക്കറ്റിംഗ്?”

“അതൊക്കെ അമ്മയും ഞാനും ഒന്നിച്ചുപോകും. ഒന്നിച്ചേ പോകാവൂ,,”

 

       എന്റെ മനസ്സിൽ അനുകമ്പയുടെ മുളകൾ തളിർക്കാൻ തുടങ്ങി. എന്തൊരു ദുരന്തമാണ്, വിരഹം പേറി ജീവിക്കുന്ന പെണ്ണിന്റെ മനസ്സും ശരീരവും തളച്ചിടുന്ന പുരുഷവർഗ്ഗം.

‘ഈവക ആണുങ്ങൾ ഭൂമീലുണ്ടോ?’

        അതിനിടയിൽ എഴുത്തിലുണ്ടായ ചെറിയൊരു മാറ്റം കാണാനിടയായി. ഇന്നലെ എഴുതിയത് മുഴുവൻ ഇം‌ഗ്ലീഷ് ഫോണ്ട്, ഇന്നാവട്ടെ പച്ചമലയാളം. ചാറ്റ് ചെയ്യുന്നവരെല്ലാം പ്രൊഫൈൽ നോക്കിയിട്ട് ടീച്ചർ എന്നാണ് വിളിക്കാറെങ്കിലും ഈ കുട്ടിക്ക് ഞാൻ ചേച്ചിയാണ്.

ഞാൻ ചോദിച്ചു,

“സംശയം എന്ന് പറയാൻ‌മാത്രം എന്താണുള്ളത്?”

“പത്ത് വർഷമായി വിവാഹം കഴിഞ്ഞിട്ട്,, സത്യം പറഞ്ഞാൽ ചിലപ്പോൾ ജീവിതം അർത്ഥശൂന്യം പോലെ തോന്നും. പിന്നെ കുടും‌ബത്തിനും സമൂഹത്തിലെ സ്റ്റാറ്റസിനും വേണ്ടി ഉള്ളിന്റെ ഉള്ളിൽ സഹിക്കുന്നു. ടീച്ചറുടെ കഥപോലെ കാരണം ഉണ്ടായിട്ടാണോ ഭാര്യയെ സംശയിക്കുന്നത്?”

“എന്റെയീ കഥ നാട്ടിൽ നടന്ന സംഭവമാണ്. ആദ്യഭാഗത്ത് കുറച്ചൊക്കെ എഴുതിച്ചേർത്തെങ്കിലും കഥാനായകൻ കിണറ്റിൽ ചാടി മരിച്ചതൊക്കെ നടന്ന സംഭവമാണ്. കഥ വായിച്ചിട്ട് എന്റെ ഭർത്താവ് ദേഷ്യപ്പെട്ടു, കാരണം ആ വീട്ടുകാർ ഇക്കാര്യം അറിഞ്ഞാലോ എന്നായിരുന്നു അദ്ദേഹത്തിന് ഭയം. അവസാനമുള്ള ക്ലൈമാക്സ് അതേപടി നടന്നതാണ്. ഭർത്താവ് മരിച്ച ആ സ്ത്രീ ഇപ്പോൾ പ്രശ്നമൊന്നും ഇല്ലാതെ സുഖമായി ജീവിക്കുന്നു. അവരുടെ വീട്ടിൽ നടന്നെത്താനുള്ള ദൂരമാണെങ്കിലും എന്നെ അവർക്ക് അറിയില്ല. അത് അവരുടെ വിധിയാണ്. എല്ലാം സഹിക്കുന്നു”

“അതേ ചേച്ചി എല്ലാം ഉള്ളിലൊതുക്കുന്നു. ഇപ്പോൾ എനിക്ക് 33 വയസ്സായി. ചില രാത്രികളിൽ ഉറക്കം വരാതെ കിടക്കുമ്പോൾ വല്ലാത്ത ഒറ്റപ്പെടൽ, വല്ലാത്ത ഫീലിംഗ്സ്. എല്ലാം പരമാവധി മനസ്സിൽ അടക്കി വെക്കാറാണ് പതിവ്; എങ്കിലും ഇപ്പോൾ സഹിക്കാനാവുന്നില്ല. വിവാഹത്തിനുമുൻപ് തോന്നുന്നതുപോലെ പലതും തോന്നുന്നു”

“എന്ത്?”

“ഞാനൊരു യുവതിയല്ലേ ചേച്ചി, വികാര വിചാരങ്ങളൊക്കെയുള്ള സ്ത്രീ. ആരോടും മിണ്ടാനും മനസ്സു തുറന്ന് സംസാരിക്കാനും കഴിയാതെ ആകെയൊരു വീർപ്പുമുട്ടൽ” 

       അവളുടെ വികാര വിചാരങ്ങൾ എന്നിലെക്ക് പടർന്നെങ്കിലും അമ്മൂമ്മവേഷം അണിഞ്ഞതോടെ വികാരങ്ങൾക്ക് വിലക്കേർപ്പെടുത്തിയ എന്റെ തലയിൽ നേരാം‌വണ്ണം കയറിയില്ല. ജീവിതത്തി‌ലുട‌നീളം മൃദുലവികാരങ്ങൾക്ക് പുറം തിരിഞ്ഞിരിക്കുന്ന എനിക്ക് വിരഹവേദനയോട് സഹതാപം മാത്രമാണ്. ഓമനിക്കാൻ കൊച്ചുകുട്ടി ഉള്ളപ്പോൾ ഇവളെന്തിന് മറ്റു വികാരങ്ങൾ ചിന്തിക്കണം,,

അവളുടെ എഴുത്തിലെ ആന്തരികമായ അർത്ഥങ്ങൾ നോക്കിയിരിക്കെ ഞാൻ വിരലനക്കിയില്ല.

അപ്പോൾ വീണ്ടും ചോദ്യം വന്നു,

“ചേച്ചിയുടെ വീട്ടിൽ ആരൊക്കെയാണ് ഉള്ളത്?”

“ഇപ്പോൾ ഞാനും ഹസ്ബന്റും, മക്കളൊക്കെ വിവാഹിതരായി, രണ്ട് പെണ്മക്കൾ”

“ഭാഗ്യമാണ് ചേച്ചി”

“എന്ത് ഭാഗ്യം?”

“ഭർത്താവിനോടൊപ്പം ജീവിക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം”

“അതിന് രജനിക്ക് ഭർത്താനോടൊപ്പം ഗൾഫിൽ പോകാമല്ലോ”

“അതൊന്നും നടക്കില്ല. ഇവിടെ വന്നാലും വഴക്കിടാനേ നേരം കാണൂ”

“വഴക്കിടാനോ, എന്തിന്?”

“അവരുടെ കൂടെ പോകുന്ന സമയത്ത് ആരെങ്കിലും എന്നോട് മിണ്ടുകയോ ചിരിക്കുകയോ ചെയ്താൽ കുഴപ്പമായി. സ്വന്തം അനുജനോട് പോലും എനിക്ക് മിണ്ടാൻ പറ്റില്ല”

“അയ്യോ ഈ കുട്ടി എന്തൊക്കെയാ പറയുന്നത്?”

“അതേ ചേച്ചി സംശയമാണ്. നാട്ടിൽ വന്ന് ഒന്നിച്ചു ജീവിക്കുമ്പോൾ കൂടുതൽ സംശയമാണ്”

“അതുകൊണ്ട്, അവരുടെ കൂടെ ജോലി സ്ഥലത്തേക്ക് പോകുന്നതല്ലേ നല്ലത്”

“അയ്യോ, എന്നെനോക്കി ആരെങ്കിലും ചിരിച്ചാൽ അവരെ മുന്നിലിട്ട് എന്നെ അടിക്കാനോ?,, ഇവിടെനിന്നും കൊള്ളുന്നത് പോരാഞ്ഞിട്ട്”

“മകനെയും നോക്കി നാട്ടിൽതന്നെ നിൽക്കുക, ഇനി നാളെ കാണാം, ഗുഡനൈറ്റ്”

“ചേച്ചിയുമായി സംസാരിക്കുമ്പോൾ ആശ്വാസമുണ്ട്. നാളെ ഞാൻ കാത്തിരിക്കും, ഗുഡ്‌നൈറ്റ്”

എനിക്ക് സംശയമായി,

‘സൌദിയാണ് രാജ്യം, ശരിയത്താണ് നിയമം, പർദ്ദകൊണ്ട് മൂടിയാൽ ആരു കാണാനാണ്?’

(തുടരും)

 

 

1 comment: