പാഠം8 : അദ്ധ്യാപക നിയമനം
“ഇന്ന് ഉച്ചക്ൿശേഷം ക്ലാസ്സില്ല, എല്ലാവർക്കും വീട്ടിൽ പോകാം”
വുൾഫൻ ചെന്നായസാർ എല്ലാ വിദ്യാർത്ഥികളോടും പറഞ്ഞു.
“സർ ഉച്ചക്കഞ്ഞി?” പലർക്കും അതാണ് വേണ്ടത്.
“ഉം, കഞ്ഞി,, പോടാ, പോ,, വീട്ടിൽ പോയി ചോറ് തിന്ന്”
കഞ്ഞി കുട്ടികൾക്കാർക്കും ഇഷ്ടമല്ല; സ്വന്തം വീടുകളിൽനിന്ന്, അവരെല്ലാം പലതരം ഭക്ഷണങ്ങൾ കഴിച്ച് ശീലിച്ചവരാണ്. എങ്കിലും ഉച്ചക്കഞ്ഞി കുടിക്കാത്ത ദിവസം അവർക്ക് എന്തോ മറന്നതുപോലെയാണ്.
രാവിലെ വന്നപ്പോൾ മുതൽ സ്ക്കൂളിൽ എന്തോ അത്ഭുതസംഭവം നടക്കുമെന്ന് എല്ലാവർക്കും തോന്നിയതാണ്, അവരുടെ സ്ക്കൂളിനു മുന്നിൽ ഒരു വലിയ കാറ് നിർത്തിയിട്ടിക്കുന്നു. കാട്ടിലെ ഏറ്റവും വലിയ പണക്കാരനായ മാക്രി മുതലാളി അതിരാവിലെ സ്ക്കൂളിൽ എത്തിയിട്ടുണ്ട്.
അവിടെ രണ്ട്പേർ വരുമ്പോഴാണ് അദ്ധ്യാപകരെല്ലാം പേടിച്ച് വിറക്കുന്നത്.
അവിടെ രണ്ട്പേർ വരുമ്പോഴാണ് അദ്ധ്യാപകരെല്ലാം പേടിച്ച് വിറക്കുന്നത്.
ഒന്ന് മാക്രിമുതലാളി; അദ്ദേഹം സ്ക്കൂളിന്റെ മാനേജറാണ്.
രണ്ടാമത്തേത് സ്ക്കൂൾ പരിശോധിക്കാൻ വരുന്ന ഓഫീസർ കോലൻ ചുണ്ടെലി.
മാക്രിമുതലാളി സ്ക്കൂളിൽ ഉള്ളത്കൊണ്ടായിരിക്കാം അന്ന് കൃത്യസമയത്ത് തന്നെ ബെല്ലടിച്ചു. കൃത്യസമയത്ത് അദ്ധ്യാപകർ ക്ലാസ്സിൽപോയി പഠിപ്പിച്ചു.പതിവായി ക്ലാസ്സിൽ ഉറങ്ങാറുള്ള രാജിടീച്ചർ പോലും അന്ന് ക്ലാസ്സിൽ ഉറങ്ങിയില്ല. അല്പമെങ്കിലും ഉറങ്ങാതെ ക്ലാസ്സെടുക്കാൻ കഴിയാത്താ ടീച്ചർ അന്ന് കുട്ടികളോട് പാട്ട്പാടാൻപോലും പറഞ്ഞില്ല. കുട്ടികളുടെ പാട്ട് കേട്ടാൽ ചിലപ്പോൾ ഉറങ്ങിപ്പോയാലോ? ഇടയ്ക്കിടെ കോട്ടുവായിട്ടശേഷം രാജി രാജ് കലമാൻ ടീച്ചറും നന്നായി പഠിപ്പിച്ചു.
സ്ക്കൂൾ വിട്ടത് അറിയിച്ച് വലിയ മണിമുഴങ്ങിയിട്ടും വിദ്യാർത്ഥികളെല്ലാം സ്ക്കൂൾ പരിസരത്ത്തന്നെ ചുറ്റിനടന്നു. അവർ നോക്കിയിരിക്കെ കാറുകൾ ഓരോന്നായി സ്ക്കൂൾ മുറ്റത്ത് കടന്നുവരാൻ തുടങ്ങി. അവരിൽ പലരും ഇത്രയധികം കാറുകളെ ഒന്നിച്ച് ആദ്യമായി കാണുകയാണ്.
കാറിൽനിന്ന് പുറത്തിറങ്ങിയവരെല്ലാം ഹെഡ്മാസ്റ്റർ മഞ്ഞക്കൊമ്പനാനയുടെ മുറിക്കുള്ളിലേക്ക് കടന്നു. അകത്തുകടന്നവരുടെ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ ഹെഡ്മാസ്റ്റർ, മാക്രിമുതലാളിയെ അവർക്ക് പരിചയപ്പെടുത്തി. ജിറാഫും മൂങ്ങയും കാണ്ടാമൃഗവും കാട്ടുപോത്തും കങ്കാരുവും ഒട്ടകവും കഴുതയും കുതിരയും മൈനയും ഓലേഞ്ഞാലിയും തുടങ്ങി സ്വദേശീയരും വിദേശീയരുമായ ഒട്ടനവധിപേർ അവിടെ എത്തിച്ചേർന്നിരുന്നു.
അകത്തു പ്രവേശിച്ചപ്പോൾതന്നെ മാക്രി മുതലാളിയെ ബഹുമാനിച്ചശേഷം ഹെഡ്മാസ്റ്റർ സ്വന്തം കസാര അദ്ദേഹത്തിന് നൽകിയിരുന്നു. അങ്ങനെ ഇരിപ്പിടം സ്ക്കൂൾ മാനേജർക്ക് ഒഴിച്ചുകൊടുത്ത ഹെഡ്മാസ്റ്റർ, ഇരിക്കാൻ മറ്റൊരിടവുമില്ലാതെ താണുവണങ്ങി നിൽക്കുകയാണ്.
ആന ഇരിക്കേണ്ടിടത്ത് അഹങ്കാരത്തോടെ ഗമയിൽ ഇരിക്കുന്ന മാക്രിമുതലാളി ഹെഡ്മാസ്റ്ററോട് ആജ്ഞാപിച്ചു,
“ഡേയ്,,, മഞ്ഞക്കൊമ്പാ, ഇവരൊക്കെ ആരാണെന്ന് പറഞ്ഞുതന്നാട്ടെ,,, ആ ലീയോൺ ചത്തതുകൊണ്ടല്ലെ ഇവരെല്ലാം മാഷാവാൻ വന്നത്,,,”
അത് കേട്ടപ്പോൾ ഹെഡ്മാസ്റ്റർ ഓരൊരുത്തരെയും കൂട്ടി മാനേജറുടെ മുന്നിൽ നിർത്തി;
ആദ്യം വന്നത് സീനു മൈനയാണ്,
“സാർ, ഇത് സീനു മൈനയാണ്; ഇവൾക്ക് മൃഗഭാഷാ പഠനത്തിൽ ഫസ്റ്റ് ക്ലാസ്സുണ്ട്”
പിന്നെ വന്നത് നിനാൻ അണ്ണാനാണ്.
“സാർ ഇത് നിനാൻ അണ്ണാനാണ്, നമ്മുടെ ഓഫീസറുടെ അകന്ന ബന്ധുവാണ്”
അടുത്തത് ജിങ്കി കങ്കാരുവാണ്,
“സാർ ഇവൾ ജിങ്കി കങ്കാരു, വിദേശരാജ്യങ്ങളിൽ പോയി ശിശുസംരക്ഷണത്തിൽ അനേകം ഡിഗ്രികൾ കരസ്ഥമാക്കിയവളാണ്”
“നിർത്തെടാ തന്റെയൊരു പരിചയപ്പെടുത്തൽ,,,”
മാക്രി മുതലാളി ഉച്ചത്തിൽ അലറുന്നത് കേട്ട് മറ്റുള്ളവരെല്ലാം ഞെട്ടി. ഹെഡ്മാസ്റ്ററായ ആനയെ സ്ക്കൂൾ മാനേജർ ആണെങ്കിലും വെറുമൊരു മാക്രി ഇങ്ങനെ ഭയപ്പെടുത്തേണ്ടതുണ്ടോ?
“എനിക്ക് ഇവന്മാരുടെ ഡിഗ്രിയും പഠിപ്പുമൊന്നും അറിയേണ്ട,, എത്ര തരുമെന്ന് വേഗം പറഞ്ഞുതൊലക്ക്. ഞാൻ വീട്ടിൽ പോയിട്ട്വേണം മാക്രിയമ്മാളിന് കണ്ടംകുളങ്ങരയിൽ നടക്കുന്ന സൌന്ദര്യമത്സരത്തിന് ഇതേ കാറിൽതന്നെ പോകാൻ; ഉം, എത്ര തരും?”
“ഒരു ലക്ഷം” മൈന ആദ്യംതന്നെ പറഞ്ഞു,
“പത്ത് ലക്ഷം” ആഫ്രിക്കയിൽ നിന്ന് പഠനം കഴിഞ്ഞെത്തിയ റോമി ജിറാഫ് പറഞ്ഞു,
“ഇരുപത് ലക്ഷം” നിനാൻ അണ്ണാൻ,
മുപ്പത്, അൻപത്, എൺപത്, ഓരോരുത്തരും മത്സരിച്ച് ലക്ഷങ്ങളുടെ ലേലംവിളി തുടർന്നു,
“ഒരു കോടി” ജിങ്കി കങ്കാരു വിളിച്ചുകൂവിയശേഷം മറ്റുള്ളവരെ നോക്കി കണ്ണിറുക്കി,
അല്പസമയത്തെ നിശബ്ദത,, മാക്രി മുതലാളി എല്ലാവരെയും നോക്കി, ഒടുവിൽ ചോദിച്ചു,
“ഇനി ആരെങ്കിലും?”
പെട്ടെന്ന് അതുവരെ മിണ്ടാതെയിരുന്ന ഒരുവൾ പതുക്കെ പറഞ്ഞു,
“പത്ത് കോടി”
എല്ലാവരും ആശ്ചര്യപ്പെട്ട് ശബ്ദം കേട്ട ഭാഗത്ത് നോക്കി, അവിടെ ഇരുണ്ട മൂലയിൽ ഇരിക്കുന്നുണ്ട്; അത് അവൾതന്നെ,,, പുള്ളിമൂങ്ങ,,,
മുതലാളിയുടെ കണ്ണുകൾ സന്തോഷംകൊണ്ട് തിളങ്ങി, അവ ഉരുണ്ടുയർന്ന് വെളിയിൽ വന്നു; ഇത്രയധികം പണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം എല്ലാവരെയും നോക്കി പ്രഖ്യാപിച്ചു,
“ലീയോൺ സിംഹത്തിന്റെ ഒഴിവിലേക്ക് പുള്ളിമൂങ്ങയെ ടീച്ചറായി നിയമിക്കുകയാണ്. ഡേയ്, മഞ്ഞക്കൊമ്പാ ഇവളെ നമ്മുടെ വിദ്യാലയത്തിൽ അദ്ധ്യാപികയായി നിയമിക്കുക,, ഒപ്പിടാൻ കടലാസുകൾ തയ്യാറാക്കി കൊണ്ടുവാ,,”
പുള്ളിമൂങ്ങക്ക് സന്തോഷം സഹിക്ക വയ്യാതായി; അവൾ മറ്റുള്ളവരുടെ ഇരുണ്ട മുഖങ്ങൾ ശ്രദ്ധിച്ചു. സ്ക്കൂളിലേക്ക് കാറിലിരുന്ന് പറക്കുമ്പോൾതന്നെ ഈ ജോലി തനിക്ക് കിട്ടുമെന്ന് ഉറപ്പാക്കിയതാണ്. കാരണം മറ്റുള്ളവരെക്കാൾ കൂടുതൽ പണം കൊടുക്കാൻ ഇന്ന് അവൾക്ക് മാത്രമേ കഴിയുകയുള്ളു. ഏകമകളായതിനാൽ മരിക്കുന്നതിനു മുൻപ് അച്ഛൻ സമ്പാദിച്ചത് മുഴുവൻ പൊന്നും പണവും ആക്കിമാറ്റിയിട്ട്, കാനന ബാങ്കിലെ ‘തേക്ക്മരം ലോക്കറിൽ’ അടച്ചുവെച്ചിട്ടുണ്ട്. കൂടാതെ സ്വന്തം പേരിലുള്ള ബാങ്ക് ഡപ്പൊസിറ്റ് പണവും പലിശയും വർദ്ധിച്ചുകൊണ്ടിരിക്കയാണ്.
പുള്ളി പോക്കറ്റിൽ നിന്ന് ചെക്ക് ബുക്കെടുത്ത്, അതിൽ ‘പത്ത് കോടി’ മാക്രി മുതലാളിയുടെ പേരിൽ എഴുതിയ കടലാസ് കൊടുത്തു. അങ്ങനെ ലീയോൺ സിംഹം മരിച്ചതുകൊണ്ട് വനമംഗലം സ്ക്കൂളിലുണ്ടായ ഒഴിവിലേക്ക് പുള്ളിമൂങ്ങയെ അദ്ധ്യാപികയായി ചേർത്തു.
പുള്ളിയെ ചേർത്ത് കഴിഞ്ഞപ്പോൾ ഹെഡ്മാസ്റ്റർ മഞ്ഞക്കൊമ്പനാനക്ക് പലതരം സംശയങ്ങൾ ഉയർന്നു. ‘പകൽ കണ്ണുകാണാത്ത ഈ പുള്ളി, ഒരു ടീച്ചറാവാൻ എങ്ങനെയാണ് പഠിച്ചത്? തന്റെ അറിവിൽ നിശാപാഠശാലകൾ ഒന്നുംതന്നെ വനമംഗലം കാട്ടിലോ കാനന മഹാരാജ്യത്തോ ഇല്ല. അത് മാത്രമാണോ പ്രശ്നം; പകൽ കണ്ണുകാണാത്ത ഈ ടീച്ചറെങ്ങനെ കുട്ടികളെ പഠിപ്പിക്കും? രാത്രി വിളക്ക് വെച്ച് ക്ലാസ്സ് നടത്താനും പറ്റില്ല; ഇരുട്ടത്ത് മാത്രം കണ്ണുകാണുന്നവളാണല്ലൊ ഈ പുള്ളീ!’
“മാനേജർ സാർ ഒരു സംശയം, പകല്‍ കണ്ണ് കാണാത്ത ഈ ടീച്ചറെങ്ങനെ പഠിപ്പിക്കും? പിന്നെ,,, ടീച്ചറുടെ പരീക്ഷകൾ പാസായ സർട്ടിഫിക്കറ്റുകളും ലഭിച്ച മാർക്കുകളും,,,”
ആന ഹെഡ്മാസ്റ്റർ മാക്രി മാനേജറുടെ മുന്നിൽ തലചൊറിഞ്ഞുകൊണ്ട് സംശയം ചോദിച്ചു.
“താൻ ഹെഡ്മാഷായി ഇവിടെയിരുന്ന് സർക്കാർ തരുന്ന ശമ്പളം വാങ്ങിയാൽ മതി. എന്റെ സ്ക്കൂളിൽ ആര് പഠിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. അല്ലെങ്കിലും ഈ സ്ക്കൂള് നടത്തുന്നത് വലിയ നഷ്ടത്തിലാണ്; ആരെങ്കിലും ചത്ത് കിട്ടിയാലാണ് ലാഭം. എത്ര കാലം കാത്തിരുന്നിട്ടാ ഒരുത്തൻ ചത്തിട്ട് ഒഴിവ് വരുന്നത്? എടി പുള്ളീ നീ നിന്റെ കടലാസുകളേതാണെന്ന് വെച്ചാ കൊടുത്തേക്കണം”
“ഏതൊക്കെ സർട്ടിഫിക്കറ്റും മാർക്ൿലീസ്റ്റുകളും വേണമെന്നറിയിച്ചാൽ ഇന്ന് രാത്രിതന്നെ സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിത്തരാം”
പുള്ളി ഹേഡ്മാസ്റ്ററെ അറിയിച്ചു,
“എന്നാലും സാർ ഈ ടീച്ചറെങ്ങനെ പകൽനേരത്ത് പഠിപ്പിക്കും? നമ്മുടെ കുട്ടികളുടെ കാര്യം?”
“താൻ മിണ്ടാതിരിക്കെടാ, ഈ മാക്രി മെമ്മോറിയൽ ഹൈസ്ക്കൂളിൽ പഠിക്കുന്ന കുട്ടികൾ നന്നാവണമെന്ന ആശയൊന്നും എനിക്കില്ല. പിന്നെ എന്റെ പിള്ളേരൊന്നും ഇവിടെ പഠിക്കുന്നില്ല. അവരെല്ലാം വനമംഗലം നീന്തൽകുളത്തിനടിയിൽ വിദേശികൾ നടത്തുന്ന ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലാണ്. ആരാന്റെ പിള്ളേരോട് പോയിതുലയാൻ പറ,,”
മാക്രി മുതലാളി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് പുറത്തിറങ്ങി കാറിനുനേരെ നടന്നപ്പോൾ ഹെഡ്മാസ്റ്റർ മഞ്ഞക്കൊമ്പനാന അദ്ദേഹത്തെ അനുഗമിച്ചു. ഡ്രൈവർ ചീറ്റ കാറിന്റെ ഡോർ തുറന്നുകൊടുത്തപ്പോൾ മാക്രി അകത്തുകയറി. മാനേജറുടെ കാർ അകന്നു പോകുന്നതുനോക്കി ഹെഡ്മാസ്റ്റർ ചിന്തിക്കാൻ തുടങ്ങി, ‘ഇങ്ങനെ പോയാൽ ഈ മാനേജർ അദ്ധ്യാപകർക്ക് വെഷംകൊടുത്ത് കൊല്ലുമല്ലൊ’.
(തുടരും)
"താൻ മിണ്ടാതിരിക്കെടാ, ഈ മാക്രി മെമ്മോറിയൽ ഹൈസ്ക്കൂളിൽ പഠിക്കുന്ന കുട്ടികൾ നന്നാവണമെന്ന ആശയൊന്നും എനിക്കില്ല. പിന്നെ എന്റെ പിള്ളേരൊന്നും ഇവിടെ പഠിക്കുന്നില്ല. അവരെല്ലാം വനമംഗലം നീന്തൽകുളത്തിനടിയിൽ വിദേശികൾ നടത്തുന്ന ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലാണ്. ആരാന്റെ പിള്ളേരോട് പോയിതുലയാൻ പറ,,"
ReplyDelete:)
ഒരു സമുദായ സ്കൂള്‍ മാനാജറോട് നേരിട്ട് ചോദിച്ചിട്ടുണ്ട്.. താങ്കള്‍ ചോദിച്ച തുക തരുവാന്‍ ഈ സമുദായത്തിലെ ആരെങ്കിലും തയ്യാറായി വരുമോ എന്ന്.... മറ്റൊരു മതത്തിലെ കക്ഷി ഇതില്‍ കൂടുതല്‍ തരുവാന്‍ തയ്യാറായി ക്യൂവില്‍ നില്‍പ്പുണ്ടെന്ന മറുപടിയാണ് എനിക്ക് കിട്ടിയത്...
വേറൊരിടത്ത് ഏതാണ്ട് മാക്രിച്ചന് പറഞ്ഞ പോലെയായിരുന്നു... കൊടുക്കുന്ന തുക എല്ലാവരും കേള്‍ക്കേ പറയേണ്ടതില്ല എന്ന വ്യത്യാസം... ഒരു പേപ്പറില്‍ പേരും നാളുമെഴുതി കൊടുക്കുവനുള്ള തുകയും എഴുതുക.. കൂടുതല്‍ എഴുതിയാള്‍ക്ക് ജ്വാലി ഉറപ്പ്...
@Manoj മനോജ്-,
ReplyDeleteമുൻപ് എഴുതിയ ഒരു കുട്ടിനോവൽ (കുട്ടികൾക്കായുള്ളത്) പൊടിതട്ടിയെടുത്ത് ഇവിടെ പോസ്റ്റുന്നതാണ്.
വളരെ നല്ല അഭിപ്രായം എഴുതിയതിന് വളരെ
നന്ദി.
അദ്ധ്യാപക നിയമനത്തെ കുറിച്ച് നടന്ന സംഭവങ്ങൾ ചേർത്ത് വെച്ച് എഴുതിയ ഒരു കഥ
ഇവിടെ വന്ന്
വായിക്കാം
ഇങ്ങനെയാണ് ടീച്ചറാകുന്നതെന്ന് എനിയ്ക്ക് മനസ്സിലായിട്ടുണ്ട്. എന്നിട്ട് അവര്‍ പഠിപ്പിച്ചതൊക്കെ കെങ്കേമമായി എന്ന് പറയുകയും വേണമായിരുന്നു.
ReplyDelete