Wednesday, December 1, 2010

പാഠം 3 : മിസ്സിസ്സ് രാജീ രാജ്

ആദ്യപാഠങ്ങൾ ഇവിടെയുണ്ട്,,,

ഇനി പുതിയ പാഠം പഠിക്കാം...
പാഠം 3 : മിസ്സിസ്സ് രാജീ രാജ്
“ആരെടാ ക്ലാസ്സിലിരുന്ന് ഉറക്കം തൂങ്ങുന്നത്? ഞാനങ്ങോട്ട് വന്നാലുണ്ടല്ലൊ; അടിച്ച് പുറം‌പൊളിച്ച്, തിന്നുകളയും ഞാൻ”,
ടീച്ചർ പറഞ്ഞതു കേട്ടപ്പോൾ സീരൻ‌കുരങ്ങൻ പൊട്ടിച്ചിരിച്ചുപോയി. ‘ഈ പുല്ലുതീനിയായ കലമാനെങ്ങനെയാണ് അവരെ തിന്നുന്നത്?’
                    സീരൻ ചിരിച്ചതോടെ ടീച്ചറെ ഭയപ്പെട്ട് ഇതുവരെ ചിരിക്കാതിരുന്നവരും ചേർന്ന് ചിരിക്കാൻ തുടങ്ങി. തുടർന്ന് പത്താം ക്ലാസ്സ് മുഴുവൻ ചിരി പടർന്ന്‌പിടിച്ച്, അതൊരു കൂട്ടച്ചിരിയായി മാറി. 

                    വിദ്യാർത്ഥികളുടെ ചിരി കൂടും‌തോറും അദ്ധ്യാപികയുടെ ദേഷ്യവും കൂടിക്കൂടിവന്നു. മുഖം ചുവന്ന് കൊമ്പുകൾ ഉയർത്തി വിറപ്പിച്ചുകൊണ്ട് അവർ ചൂരലെടുത്ത് മേശപ്പുറത്തടിച്ചു,
“നിർത്തെടാ,,,” 
പെട്ടെന്ന് ചിരിനിന്നു.
“ഉം,, ആരെടാ ചിരിച്ചത്? ഞാൻ നിങ്ങളുടെ മിസ്സ് ആയ,,, മിസ്സിസ്സ് രാജീ രാജ് കലമാൻ ആജ്ഞാപിക്കുന്നു, എഴുന്നേൽക്കെടാ,,,,,, നിന്നെയൊക്കെ ഞാൻ തിന്നുകളയും. സ്റ്റാന്റപ്പ്,,, ഹാൻസപ്പ്,,, ഉം ബഞ്ചിന്മേൽ‌ക്കയറി ഒറ്റക്കാലിൽ,,,”
കുട്ടികൾ ബഞ്ചിന്മേൽ‌കയറി കൈരണ്ടും ഉയർത്തി ഒറ്റക്കാലിൽ നിന്നു.
എല്ലാം ശാന്തമായപ്പോൾ സ്വന്തം കസാ‍രയിലിരുന്ന് ടീച്ചർ പതിവു ജോലികളിൽ മുഴുകി. 

                   ‘മിസ്സിസ്സ് രാജീ രാജ് കലമാൻ’ ടീച്ചർക്ക് ക്ലാസിലെത്തിയാൽ ചില പ്രത്യേക പതിവുകളുണ്ട്. കുട്ടികളുടെ ഹാജർ വിളിച്ചുകഴിഞ്ഞ ഉടനെ വിദേശത്തുള്ള ഭർത്താവ് രാജ് കലമാനിന് കത്തെഴുതും. പലതരം മൊബൈൽ ഫോൺ കൂടെ കൊണ്ടുനടക്കുന്നവളാണെങ്കിലും ക്ലാസ്സിലെത്തിയാൽ തന്റെ പൂർവ്വികർ ചെയ്ത അതിപുരാതനമായ കത്തെഴുത്ത് ശീലം കൈവെടിഞ്ഞിട്ടില്ല. കത്ത് പൂർണ്ണമായി എഴുതിതീരുന്നത് വരെ കുട്ടികളാരെങ്കിലും അനങ്ങിപ്പോയാൽ ബഹളമാണ്.
രണ്ട് കൈയും ഉയർത്തി ഒറ്റക്കാലിൽ നിൽക്കാൻ ലാഡൻ‌പന്നിക്കാണ് വലിയ വിഷമം. തടിച്ചുരുണ്ട അവനെങ്ങനെ ഒറ്റക്കാലിൽ നിൽക്കും? അതും എത്ര നേരമാണീ നില്പ്?
“നെസീ ഇങ്ങോട്ട് വാ, ഇതൊന്ന് പോസ്റ്റ് ചെയ്തിട്ട് എളുപ്പം വാ?”
കുട്ടികൾക്ക് ആശ്വാസമായി.കത്തെഴുതിക്കഴിഞ്ഞ് ടീച്ചർ നെസിയെ വിളിക്കുന്നത് കാത്തിരിക്കുകയാണവർ.
ഒട്ടിച്ച കവർ നെസിപ്രാവിനു കൊടുത്തപ്പോൾ അവൾ അതുമായി അകലെക്ക് പറന്നു. അവൾ അകലെ അപ്രത്യക്ഷമായശേഷം ടീച്ചർ വിദ്യാർത്ഥികളോടായി പറഞ്ഞു,
 “ഇനി എല്ലാവരും ഇരുന്നൊ”
ബഞ്ചിൽ‌നിന്നിറങ്ങി ഇരിപ്പിടം വൃത്തിയാക്കിയശേഷം എല്ലാവരും ഇരുന്നു.
“ഉം പാടിക്കൊ; ആദ്യം അക്കം ഒന്നല്ലെ
കുട്ടികൾ പാടാൻ തുടങ്ങി.
“ആദ്യം അക്കം ഒന്നല്ലെ;
നമുക്ക് ദൈവം ഒന്നാണ്.
ഒന്നും ഒന്നും രണ്ടല്ലെ,
ഇമ്മിണി ബെല്ല്യ ഒന്നല്ലെ.
രണ്ടും ഒന്നും മൂന്നല്ലെ,
രണ്ടിൽ ഒന്ന് രണ്ടല്ലെ.
മൂന്നും ഒന്നും നാലല്ലെ,
രണ്ടായി മുറിച്ചാൽ രണ്ടാണ്.
നാലും ഒന്നും അഞ്ചല്ലെ,
മാക്രിക്ക് കാലുകൾ നാലാണ്.
അഞ്ചും ഒന്നും വേണ്ടല്ലൊ,
അഞ്ചിന പരിപാടി ഉണ്ടല്ലൊ.
അപ്പോഴെക്കും ടീച്ചറുടെ സുന്ദരമായ കൺ‌പോളകൾ പതുക്കെ അടഞ്ഞു; മേശമേൽ തല ചായ്ച്ച് സുഖമായി ഉറങ്ങാൻ തുടങ്ങി.

“വാടാ നമുക്ക് കളിക്കാം”
മുട്ടനാസ് കഴുത സീരനെ വിളിച്ചു.
“കളിക്കാനൊ, ടീച്ചറുള്ളപ്പൊ?”
“ടീച്ചറിപ്പൊഴൊന്നും ഉണരില്ല; ഇന്നലെ റീനു മുയൽ പുതിയതായി റിലീസ് ചെയ്ത സിനിമകളുടെ മൂന്ന് സീഡികളാ ടീച്ചർക്ക് കൊടുത്തത്. അതെല്ലാം കാണാൻ, പുലരുന്നതുവരെ ഉറക്കമിളച്ചിട്ടുണ്ടാവും. പിന്നെ ഒരു കാര്യം പറയട്ടെ; ടീച്ചർ കേൾക്കാതെ അവരെ നമ്മൾ ‘മിസ്സിസ്സ് വേൾഡ്’ എന്നാ വിളിക്കുന്നത്”
“അങ്ങനെയാണെങ്കിൽ കളിക്കാൻ ഞാൻ റെഡി”

                    സീരനും മുട്ടൻ കഴുതയും ഓടിക്കളിക്കാൻ തുടങ്ങി, ലാഡനും കിറ്റിപ്പൂച്ചയും പുസ്തകത്തിൽ കളം വരച്ച് കളി തുടങ്ങി, ലില്ലി മയിലും വില്ലൻ കോഴിയും ചിറക് നിവർത്തി പേനെടുത്തുകൊണ്ട് പൊങ്ങച്ചം പറയാൻ തുടങ്ങി.
                   മുട്ടൻ സീരനെ തൊടാനായി ഓടിയെങ്കിലും അവനെ പിടിക്കാൻ കഴിഞ്ഞില്ല. സീരൻ ഓടിപ്പോയി ജനൽക്കമ്പി പിടിച്ച് മേലോട്ട് കയറി. അവിടെ പനയോലയും പുല്ലും മേഞ്ഞ മേൽക്കൂരയിലെ കഴുക്കോൽ പിടിച്ച് വാലിൽ തൂങ്ങി സർക്കസ് തുടങ്ങി. അവർ ഇതുവരെ കാണാത്ത രസകരമായ അഭ്യാസ പ്രകടനം. വിദ്യാർത്ഥികളെല്ലാം ചേർന്ന് കൈമുട്ടി കൂവാൻ തുടങ്ങി; പത്താം ക്ലാസ്സിൽ ആകെ ശബ്ദ കോലാഹലം.

                  ഈ ബഹളം കേട്ടപ്പോൾ ഒൻപതാം ക്ലാസ്സിൽ നിന്ന് വുൾഫൻ ചെന്നായസാർ ഓടിവന്ന് കുട്ടികളോടായി പറഞ്ഞു,
“ഉം പുറത്തുപോയി കളിക്കെടാ, വെറുതെ മര്യാദക്ക് മറ്റുള്ളവരെ പഠിപ്പിക്കാനും വിടില്ല , ശല്യങ്ങൾ”
അതോടെ ക്ലാസ്സ് മുറിയിൽ നിന്നും സ്വതന്ത്രരാക്കപ്പെട്ട വിദ്യാർത്ഥികൾ ആവേശത്തോടെ ആർത്തുവിളിച്ച് ഗ്രൌണ്ടിലേക്കിറങ്ങി. എല്ലാവരും പുറത്തു പോയപ്പോൾ മാസ്റ്റർ അത് കണ്ടു, ‘അവരെ പഠിപ്പിക്കേണ്ട അദ്ധ്യാപിക കസേരയിൽ ഇരുന്ന് മേശമേൽ തലചായ്ച്ച് സുഖമായി ഉറങ്ങുന്നു!!!’,
“ടീച്ചർ,, ടീച്ചർ, ഒന്നെഴുന്നേറ്റാട്ടെ; ഹേ ഇതെന്തുറക്കമാണ്? ദൈവമേ ആ ഹെഡ്‌മാഷെങ്ങാനും ഇത് കണ്ടാൽ???”
ചെന്നായ വിളിച്ചുണർത്തിയപ്പോൾ ടീച്ചർ ഞെട്ടിയെഴുന്നേറ്റു,
“ഹേ, ആരെടാ നീ? ഉറങ്ങുന്ന എന്നെ ശല്യപ്പെടുത്തിയാൽ, തിന്നുകളയും ഞാൻ,,,”
ഉറക്കം ഞെട്ടി കണ്ണു തുറന്നപ്പോൾ മിസ്സിസ്സ് രാജീ രാജ് കലമാനിന് മനസ്സിലായി; ‘താൻ തിന്നാൻ പോകുന്നത് ഒരു ചെന്നായയെ ആയിരുന്നു എന്ന്’.

1 comment:

  1. എന്തൊരു ടീച്ചറാ! ഇവരൊക്കെ പഠിപ്പിച്ചാ എന്താവും സ്ഥിതി?

    ReplyDelete