Saturday, October 29, 2011

പാഠം 16 : പരീക്ഷ

                        മാക്രി മെമ്മോറിയൽ ഹൈ സ്ക്കൂളിൽ പരീക്ഷ ആരംഭിക്കുന്നദിവസമാണ്; വിദ്യാർത്ഥികൾക്ക് അറിയാത്ത സംഗതികൾ എന്തൊക്കെയാണെന്ന് അദ്ധ്യാപകരെ അറിയിക്കാനുള്ള സൂത്രപ്പണികൾ ചെയ്യുന്ന ദിവസം. റിനു മുയൽ അന്ന് പതിവിലും നേരത്തെ സ്ക്കൂളിലേക്ക് പുറപ്പെട്ടു. കാട്ടിലെ ഇടവഴിയിലൂടെ അല്പം നടന്നപ്പോഴാണ് ലാഡൻ പന്നിയെ കണ്ടത്. അവൻ പന്നിയോട് ചോദിച്ചു,
“എല്ലാം പഠിച്ചുകഴിഞ്ഞോ?”
“ഉം, പഠിക്കാനോ? ഞാനൊന്നും പഠിച്ചിട്ടില്ല, നമ്മൾ പഠിച്ചില്ലെങ്കിലും പാസ്സാവുമല്ലൊ”
“പഠിക്കാതെ പാസ്സാവാനോ? അതെങ്ങനെ?”
റിനു ആശ്ചര്യപ്പെട്ടു.
“നമ്മൾ പഠിച്ചില്ലെങ്കിലും എല്ലാവരെയും ജയിപ്പിക്കണമെന്നാണ് നിയമം. പിന്നെ തോൽക്കണമെങ്കിൽ എന്തെങ്കിലും സൂത്രം കണ്ടുപിടിക്കണം”
റിനു പോക്കറ്റിൽ നിന്നും കുറച്ച് നിലക്കടലയെടുത്ത് ലാഡന് നൽകി. നിലക്കടലയും തിന്ന് കൈകോർത്ത്‌പിടിച്ച് അവർ സ്ക്കൂളിലേക്ക് നടക്കുന്നതിനിടയിൽ ലാഡൻ പറഞ്ഞു,
“പിന്നെ നമ്മുടെ സൂത്രൻ കാക്കക്ക് ഇക്കൊല്ലം തോൽക്കണമെന്നൊരാശ; അവൻ പുതിയ എന്തോ സൂത്രം കണ്ടെത്തിയിട്ടുണ്ട്‌പോലും”
“പുതിയ സൂത്രമോ? അതെന്താ?” റിനുവിന് സംശയമായി.
“ഉത്തരക്കടലാസുകളിൽ അവൻ സിനിമാപാട്ടുകൾ എഴുതുമെന്നാ പറയുന്നത്”
“അപ്പോൾ ഉത്തരക്കടലാസ് നോക്കുന്നവർ വായിച്ചുനോക്കാതെ സിനിമാപാട്ടിന് മാർക്കിട്ടാലോ?”
റിനുവിന്റെ സംശയം കേട്ട ലാഡൻ മറുപടിയൊന്നും പറയാതെ വേഗം നടന്നു. അപ്പോഴേക്കും അവർ സ്ക്കൂളിൽ എത്തിയിരുന്നു.

                           പരീക്ഷ തുടങ്ങാനുള്ള മണിയടിച്ചു. വിദ്യാർത്ഥികളെല്ലാം നിവർത്തിയ കടലാസും തുറന്ന പേനയുമായി ചോദ്യക്കടലാസിനെയും പ്രതീക്ഷിച്ച് ഇരിപ്പായി. കോപ്പിയടിക്കാനായി കൊണ്ടുവന്ന തുണ്ടുകടലാസുകൾ ഒളിപ്പിച്ചത് അതാത് സ്ഥാനത്ത് തന്നെയുണ്ടെന്ന് എല്ലാവരും ഉറപ്പ് വരുത്തി.
                           നിമിഷങ്ങൾ ഓരോന്നായി ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കെ വിദ്യാർത്ഥികളെല്ലാം അസ്വസ്ഥരായി. അവരുടെ പേടിസ്വപ്നമായ ചോദ്യക്കടലാസുമായി അദ്ധ്യാപരാരും ക്ലാസ്സിലേക്ക് വരുന്നില്ല; എവിടെ അദ്ധ്യാപകർ? എവിടെ ചോദ്യക്കടലാസ്?
                           അവരുടെ ഉത്ക്കണ്ഠക്ക് അറുതിവരുത്തിയത് പ്യൂൺ തുരപ്പൻ പെരിച്ചാഴിയാണ്. അവൻ ഓരോ ക്ലാസ്സിലും പോയി അറിയിച്ചു,
“അദ്ധ്യാപകരെല്ലാം ചോദ്യത്തിന്റെ ഉത്തരം കണ്ടുപിടിച്ച് എഴുതുകയാണ്. അതുകഴിഞ്ഞ് അവർ വരുന്നതുവരെ അടങ്ങിയിരിക്കണം”

                           അതുവരെ അടങ്ങിയിരുന്നവർക്കെല്ലാം സംശയമായി, ‘ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് വിദ്യാർത്ഥികളല്ലെ? അതെങ്ങനെ അദ്ധ്യാപകർ ചെയ്യും?’. ചോദ്യക്കടലാസിനെയും പ്രതീക്ഷിച്ച് ഏറെനേരം ഇരിക്കുക,,, ബോംബ് ഭീഷണിയുണ്ടായ ദിവസം മുതൽ സ്ക്കൂളിനകത്ത് കൂടുതൽ നേരം ഇരിക്കാൻ കുട്ടികൾക്കെല്ലാം ഭയമാണ്. ചെന്നായ സാറിന്റെ അടിയുടെ ശബ്ദം കേട്ട് ബോംബാണെന്ന് തെറ്റിദ്ധരിച്ച് ഇറങ്ങിഓടിയവരുണ്ട്. സ്ക്കൂളിൽ എത്തിയാൽ എങ്ങനെയെങ്കിലും വീട്ടിലെത്തിയാൽ മതിയെന്ന് അവരെല്ലാം പ്രാർത്ഥിക്കും.

                           ഏറെ നേരത്തിനുശേഷം അദ്ധ്യാപകർ ഓരോരുത്തരായി ക്ലാസ്സിനകത്തേക്ക് പ്രവേശിച്ചപ്പോഴേക്കും പരീക്ഷാസമയം കഴിയാറായിരുന്നു. ചോദ്യക്കടലാസിന് പകരം അവർ വിദ്യാർത്ഥികൾക്ക് നൽകിയത് ഉത്തരക്കടലാസാണ്. ആശ്ചര്യപ്പെട്ട് ഉത്തരക്കടലാസ് തിരിച്ചും മറിച്ചും നോക്കുന്നത് കണ്ടപ്പോൾ താറാവമ്മ ടിച്ചർ പത്താം ക്ലാസ്സുകാരോട് പറഞ്ഞു, 
“ഇത്തവണ നിങ്ങളാരും ചോദ്യങ്ങൾക്ക് ഉത്തരം എഴുതേണ്ട, പുതിയ രീതിയിലുള്ള പരീക്ഷയാണ്. പരീക്ഷാ ദിവസങ്ങളിലെല്ലാം ഉത്തരക്കടലാസിൽ ഉത്തരങ്ങളെല്ലാം അദ്ധ്യാപകർ തന്നെ എഴുതിയിട്ട് നിങ്ങൾക്ക് തരും. പിന്നെ നിങ്ങൾ വിദ്യാർത്ഥികൾ ചെയ്യേണ്ടത് ഒന്നുമാത്രം, ‘എല്ലാവരും അവരവരുടെ പേരെഴുതിയിട്ട് ഉത്തരക്കടലാസ് തിരിച്ച് തരിക’.
                           കുട്ടികൾക്കുണ്ടായ സന്തോഷം പറയാനുണ്ടോ? ആ നശിച്ച ചോദ്യക്കടലാസ് ഇനി കാണുകയേ വേണ്ട, കോപ്പിയടിക്കേണ്ട, ഉത്തരം എഴുതേണ്ട; സുഖം പരമസുഖം.

                           പുതിയ രീതിയിലുള്ള പരീക്ഷ അദ്ധ്യാപകർക്ക് വളരെയധികം ഇഷ്ടപ്പെട്ടു. പതിവുപോലെ ഓരോ ഉത്തരവും വായിച്ചുനോക്കി മാർക്കിടേണ്ട, ശരിയായ ഉത്തരങ്ങൾ, എല്ലാ ഉത്തരത്തിനും മുഴുവൻ മാർക്കും കൊടുക്കാം, ശരി മാത്രം ഇട്ടാൽ മതി, എല്ലാവരും ജയിക്കും; സുഖം പരമസുഖം.

                         പരീക്ഷയിലുണ്ടായ മാറ്റത്തിൽ സന്തോഷിച്ച വിദ്യാർത്ഥികൾ ആർപ്പുവിളിച്ചുകൊണ്ട് വെളിയിലേക്കിറങ്ങി. അവർ കൂട്ടം കൂട്ടമായി മുദ്രാവാക്യം വിളിച്ച് കാട്ടിലുള്ള അവരുടെ വീടുകളിലേക്ക് നടന്നു,
“പുതിയ പരീക്ഷ,,, നീണാൾ വാഴട്ടെ,
മാക്രി മെമ്മോറിയൽ സ്ക്കൂൾ,,, ജയിക്കട്ടെ,
ചോദ്യക്കടലാസ്,,, വേണ്ടേവേണ്ട,
ഉത്തരക്കടലാസ്,,, വേണം വേണം,
വിദ്യാർത്ഥി ഐക്യം സിന്ദാബാദ്,”
(തുടരും)

1 comment:

  1. “പുതിയ പരീക്ഷ,,, നീണാൾ വാഴട്ടെ,

    ReplyDelete